Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണവാളനൊപ്പം എത്തിയ കൂട്ടുകാർ വധൂഗൃഹത്തിൽ അഴിഞ്ഞാടിയപ്പോൾ സ്ത്രീകളടക്കം ബോധംകെട്ടു; വധുവിന്റെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്തു പൊലീസ്; മലാബാറിലെ വിവാഹാഭാസങ്ങൾ കലാശിക്കുന്നത് അടിപിടിയിലും ദമ്പതികളുടെ വേർപിരിയലിലും വരെ; വയോധികന്റെ മരണം വരെ സംഭവിച്ചിട്ടും കാടൻ തമാശകൾക്ക് അവസാനമില്ല

മണവാളനൊപ്പം എത്തിയ കൂട്ടുകാർ വധൂഗൃഹത്തിൽ അഴിഞ്ഞാടിയപ്പോൾ സ്ത്രീകളടക്കം ബോധംകെട്ടു; വധുവിന്റെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്തു പൊലീസ്; മലാബാറിലെ വിവാഹാഭാസങ്ങൾ കലാശിക്കുന്നത് അടിപിടിയിലും ദമ്പതികളുടെ വേർപിരിയലിലും വരെ; വയോധികന്റെ മരണം വരെ സംഭവിച്ചിട്ടും കാടൻ തമാശകൾക്ക് അവസാനമില്ല

എംപി. റാഫി

മലപ്പുറം: വിവാഹ ധൂർത്തുകളേക്കാൾ അപകടകാരമാകുകയാണ് വിവാഹച്ചടങ്ങുകളിലെ ആഭാസങ്ങൾ. ന്യൂജെൻ ഫാഷനുകളായി അവതരിപ്പിക്കുന്ന വിവാഹ ആഭാസങ്ങൾ പലപ്പോഴും വധു വരന്മാരെ വേർപിരിക്കുന്നതിലേക്കും ഇരു വീട്ടുകാർ തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കമായും മാറാറുണ്ട്. വിവാഹ ആഭാസങ്ങളെ തുടർന്ന് വഴക്കും വക്കാണവുമായി വിവാഹ ചടങ്ങ് പര്യവസാനിക്കുന്നത് മലബാറിലെ പലയിടങ്ങളിലേയും സ്ഥിരം കാഴ്ചയാണ്. വരന്റെ കൂട്ടുകാർ കാട്ടുന്ന പേക്കൂത്തുകൾ കാരണം മരണം വരെ ഈയിടെ സംഭവിക്കുകയുണ്ടായി. ഇത്തരം സംഭവങ്ങളിൽ പരാതി ഇല്ലാതാക്കി കേസ് ഒതുക്കി തീർക്കുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ ദിവസം വിവാഹ ചടങ്ങിൽ വധുവിന്റെ വീട്ടിലെത്തിയ വരന്റെ കൂട്ടുകാർ അഴിഞ്ഞാടിയതോടെ ഇരു വീട്ടുകാർ തമ്മിൽ ഏറ്റു മുട്ടുന്ന സ്ഥിതിയുണ്ടായി. തുടർന്ന് പെൺ വീട്ടുകാരുടെ പരാതിയെ തുടർന്ന് ചെറുക്കന്റെ കൂട്ടുകാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മലപ്പുറം എടപ്പാളിനടത്ത് മണൂരിലെ വിവാഹ വീട്ടിലാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്.

വരന്റെ സുഹൃത്തുക്കളുടെ ആക്രമണത്തിൽ വധുവിന്റെ വീട്ടുകാരും ബന്ധുക്കളുമായ നിരവധി കുട്ടികൾക്കും സ്ത്രീകൾക്കും പരിക്കേറ്റിരുന്നു. മണവാട്ടിയുടെ വീട്ടിൽ മണവാളന്റെ കൂട്ടുകാർ അഴിഞ്ഞാടിയതോടെ സ്ത്രീകൾ ബോധരഹിതരാവുകയായിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുതുമണവാളനൊപ്പം എത്തിയ സുഹൃത്തുകളാണ് മണവാട്ടിയുടെ വീട്ടിൽ അഴിഞ്ഞാട്ടം നടത്തിയത്. ആക്രമണത്തിൽ വധുവിന്റെ അഞ്ച് ബന്ധുക്കൾക്ക് പരിക്കേറ്റു. മാതൃ സഹോദരി വളാഞ്ചേരി സ്വദേശി കുന്നത്ത് ആമിനക്കുട്ടി, കുന്നത്ത് ബീയ്യാത്തുട്ടി, ഒൻപതു വയസുകാരി ഫാത്തിമ ശബാന, ആമിനക്കുട്ടിയുടെ മകൻ ഷബീബ്, ബന്ധു ശിബിലാൽ എന്നിവർക്കാണ് പരുക്കേറ്റത്. വധുവിന്റെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് സംഭവത്തിൽ വരന്റെ സുഹൃത്തുക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പുതുമണവാട്ടിയുമായി പുറപ്പെട്ട വാഹനത്തിന് ബൈക്കുകളിൽ പിന്തുടർന്ന സുഹൃത്തുക്കൾ കാട്ടിയ ആഭാസങ്ങൾ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്ത വധുവിന്റെ മാതൃസഹോദരിയേയും ബന്ധുക്കളേയും യുവാക്കൾ ആക്രമിക്കുകയായിരുന്നു. അഴിഞ്ഞാട്ടം അതിരുവിട്ടതോടെ കാഴ്ചക്കാരായ പല സ്ത്രീകളും ബോധരഹിതരായി. ഒടുവിൽ സഹികെട്ട നാട്ടുകാർ യുവാക്കളെ കൈകാര്യം ചെയ്യാൻ രംഗത്ത് ഇറങ്ങിയതോടെ ബൈക്കുകളിൽ കയറി എല്ലാവരും രക്ഷപെട്ടു. പരുക്കേറ്റവരുടെ പരാതിയെ തുടർന്ന് പരാക്രമം കാട്ടിയ യുവാക്കൾക്കെതിരെ പൊന്നാനി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്കായി അന്വേഷണം നടത്തി വരികായണെന്ന് പൊന്നാനി പൊലീസ് പറഞ്ഞു.

വിവാഹ ദിവസത്തെ ആഭാസങ്ങളെ തുടർന്ന് സംഘട്ടനങ്ങളും പ്രശ്നങ്ങളും ഉണ്ടാവാറുണ്ടെങ്കിലും മുതിർന്നവർ ഇടപെട്ട് പ്രശ്നം തീർക്കുകയാണ് ചെയ്യുക. എന്നാൽ ആദ്യമായാണ് വരന്റെ കൂട്ടുകാരുടെ പേക്കൂത്തുകളെ തുടർന്ന് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത്തരും സംഭവങ്ങൾ പതിവാണെങ്കിലും കർശന നടപടിയോ നിയന്ത്രണമോ ഇല്ല. വിവാഹ ധൂർത്തിനെക്കാൾ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ് വിവാഹ ആഭാസങ്ങൾ. മണവാളനെ ആനയിച്ചു കൊണ്ടുള്ള ബൈക്ക് റാലി, പടക്കം പൊട്ടിക്കൽ, മണവാളനെ വേഷം കെട്ടിക്കൽ, മണിയറ തകർക്കൽ, ഡിജെ ഡാൻസ്, വധു വരന്മാരെ സെക്കിളിലോ കൈവണ്ടിയിലോ അറബാനയിലോ ആനയിക്കൽ, മണവാളനെ തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ പ്രാകൃത വിനോദങ്ങളാണ് വിവാഹ വീടുകളിൽ കണ്ടു വരുന്ന ഐറ്റങ്ങൾ.

വരന്റെ സുഹൃത്തുക്കൾ മണിയറയിൽ കയറി അതിക്രമണം കാണിച്ചത് ചോദ്യം ചെയ്ത വീട്ടിലെ വയോധികനുമായുണ്ടായ വാക്കേറ്റത്തിൽ കുഴഞ്ഞു വീഴുകയും വിവാഹ വീട് മരണ വീടായി മാറുകയും ചെയ്ത സംഭവം നടന്നത് കാസർകോഡ് ജില്ലയിലായിരുന്നു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ മലബാർ പ്രദേശങ്ങളിൽ വിവാഹങ്ങളുടെ പേരിൽ ഇത്തരം ആഭാസങ്ങൾ തലപൊക്കിയിട്ടുണ്ട്.

വിവാഹ നാളിൽ രാത്രി വധൂഗൃഹത്തിൽ എത്തേണ്ട വരനെ കാറിൽ പിടിച്ചുകയറ്റി അസമയത്ത് നഗരത്തിൽ ചുറ്റിക്കറങ്ങിയ സംഘത്തെ പൊലീസ് ഈയിടെ പിടികൂടിയിരുന്നു. പിന്നീട് പരാതിയില്ലാത്തതിനെ തുടർന്ന് ഇവരെ വിട്ടയക്കുകയായിരുന്നു. വരനെ തട്ടിക്കൊണ്ടു പോയി വധു വീട്ടിൽ നിന്നും പണം വാങ്ങിയ സംഭവങ്ങളുമുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് സജ്ജീകരിച്ച ഫർണിച്ചറും അലങ്കാര വസ്തുക്കളും മണിയറയിൽ കയറി തകർത്ത് അലങ്കോലമാക്കുകയാണ് വരനോടൊപ്പം എത്തുന്നവരുടെ മറ്റൊരു പ്രധാന വിനോദം. സുഹൃത്തുക്കളുടെ വിവാഹങ്ങളിൽ പോയി ഇതുപോലുള്ള പെർഫോമൻസ് പതിവാക്കുന്നയാളാണ് വരനെങ്കിൽ കൂട്ടൂകാർ കൂടി ആസൂത്രണം ചെയ്തായിരിക്കും തിരിച്ചും പണിയൊപ്പിക്കുക. എന്നാൽ ഇത്തരം തമാശകൾ വലിയ അപകടത്തിലേക്കും വിവാഹ ബന്ധം വേർപെടുത്തുന്നതിലേക്കും വരെ എത്താറുണ്ടെന്ന് ഇവർ തിരിച്ചറിയുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP