Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻഷി വേണുവിനെ മരണശേഷം മതം മാറ്റി! ഡിവൈൻ ധ്യാനകേന്ദ്രത്തിനെതിരെ ആരോപണവുമായി 'ജന്മഭൂമി' ദിനപത്രം; വൃക്ക രോഗത്താൽ അവശനായി അഭയം തേടിയെത്തിയപ്പോൾ ജോൺ ജോർജ്ജാക്കിയത് അർദ്ധ ബോധാവസ്ഥയിലെന്ന്; അവശ്യഘട്ടത്തിൽ തിരിഞ്ഞു നോക്കാത്തവർ നടന്റെ മതത്തിന്റെ പേരിൽ തർക്കിക്കുമ്പോൾ...

മുൻഷി വേണുവിനെ മരണശേഷം മതം മാറ്റി! ഡിവൈൻ ധ്യാനകേന്ദ്രത്തിനെതിരെ ആരോപണവുമായി 'ജന്മഭൂമി' ദിനപത്രം; വൃക്ക രോഗത്താൽ അവശനായി അഭയം തേടിയെത്തിയപ്പോൾ ജോൺ ജോർജ്ജാക്കിയത് അർദ്ധ ബോധാവസ്ഥയിലെന്ന്; അവശ്യഘട്ടത്തിൽ തിരിഞ്ഞു നോക്കാത്തവർ നടന്റെ മതത്തിന്റെ പേരിൽ തർക്കിക്കുമ്പോൾ...

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാ മതങ്ങളും മനുഷ്യനന്മയ്ക്ക് വേണ്ടി എന്നാൽ പൊതുവിൽ ഓരോരുത്തരും അവരുടെ മതത്തെ കുറിച്ച് പറയാറ്. എന്നാൽ ഒരുവന്റെ ജീവിതത്തിലെ അവശനായ ഘട്ടത്തിൽ വിശ്വസിക്കുന്ന മതം കൊണ്ട് ഒരു ഉപകാരവും ഉണ്ടായില്ലെങ്കിൽ പിന്നെ എന്താണ് ആ മതത്തിൽ വിശ്വസിക്കുന്നതിൽ അർത്ഥമുള്ളത്? സ്വർഗ്ഗരോഗ സങ്കൽപ്പമെല്ലാം നൽകി എല്ലാ മതപുരോഹിതരും വിശ്വാസികളെ പിടിച്ചു നിർത്താൻ ശ്രമിക്കാറുണ്ട്. എങ്കിലും ബൗദ്ധിക ജീവിതത്തിലെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് മനുഷ്യന്റെ പ്രാർത്ഥനകൾ. അടുത്തിടെ അന്തരിച്ച നടൻ മുൻഷി വേണുവിന്റെ പേരിലാണ് ഇപ്പോൾ മതവിഭാഗക്കാരുടെ വാഗ്വാദം. ഹിന്ദുമത വിശ്വാസിയായിരുന്ന മുൻഷി വേണുവിനെ അവസാന കാലത്ത് ക്രിസ്ത്യാനിയാക്കി മതം മാറ്റിയെന്ന ആരോപണം ഉന്നയിച്ച് രംഗത്തു വന്നത് ബിജെപി മുഖപത്രമായ 'ജന്മഭൂമി'യാണ്. മുരിങ്ങൂറുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിനെതിരെയാണ് പത്രത്തിന്റെ ആരോപണം.

ജീവകാര്യണ്യ പ്രവർത്തനത്തിന്റെ മറവിൽ നടക്കുന്ന മതം മാറ്റത്തിന് ഒരു ഇരകൂടി എന്നു പറഞ്ഞാണ് പത്രം ഡിവൈൻ ധ്യാനകേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ജോൺ ജോർജ്ജ് എന്ന പേരു നൽകിയാണ് വേണുവിനെ മതം മാറ്റിയത്. അദ്ദേഹത്തിന്റെ മരണശേഷം പള്ളിയിൽ സംസ്‌ക്കരിച്ചതോടയാണ് വേണു മതം മാറിയെന്ന വിവരം പലരും അറിയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിർബന്ധിത മതപരിവർത്തനമെന്ന ആരോപണവുമായി ബിജെപി പത്രം രംഗത്തെത്തിയിരിക്കുന്നത്. വൃക്കരോഗത്തെ തുടർന്ന് അർദ്ധബോധാവസ്ഥയിൽ വേണു കഴിയുന്ന വേളയിലാണ് അദ്ദേഹത്തെ മതം മാറ്റിയതെന്നും ജന്മഭൂമി ആരോപിക്കുന്നു.

ജന്മഭൂമിയിലെ വാർത്ത ഇങ്ങനെയാണ്:

ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ നടക്കുന്ന മതംമാറ്റത്തിന് ഒരു ഇരകൂടി. കഴിഞ്ഞദിവസം അന്തരിച്ച മുൻഷിവേണു എന്ന കലാകാരനാണ് ഒടുവിൽ ഈ ക്രൂരതക്ക് ഇരയായത്. ജീവിതസായാഹ്നത്തിൽ ആശ്രയമറ്റ് ചികിത്സതേടി മുരിങ്ങൂരിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിലെത്തിയ മുൻഷി വേണു എന്ന വേണു നാരായണനെ ഡിവൈൻ ധ്യാനകേന്ദ്രം അധികൃതർ മതംമാറ്റി. ജോൺ ജോർജ്ജ് എന്ന പേരും നൽകി. അർദ്ധബോധാവസ്ഥയിലാണ് മുൻഷി വേണുവിനെ മതപരിവർത്തനത്തിന് വിധേയനാക്കിയത്.

ഇരുവൃക്കകളും തകരാറിലായതിനെത്തുടർന്ന് ആശ്രയമറ്റാണ് വേണു ഡിവൈൻ ധ്യാനകേന്ദ്രത്തിലെത്തിയത്. ഇവിടെ പ്രവേശിപ്പിക്കണമെങ്കിൽ മതംമാറണമെന്ന് അധികൃതർ വേണുവിനെ നിർബന്ധിച്ചിരുന്നു. ആദ്യം ഇതിന് വഴങ്ങിയില്ലെങ്കിലും മറ്റുഗതിയൊന്നും ഇല്ലാതായതോടെ വേണു സമ്മതിക്കുകയായിരുന്നു. അടുത്ത ചില സുഹൃത്തുക്കൾക്കുമാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്.

വേണുവിന്റെ സംസ്‌കാരം നടത്തിയത് ആലുവ തോട്ടക്കാട്ടുകര മലങ്കര സെന്റ് ജോർജ്ജ് പള്ളിസെമിത്തേരിയിലാണ്. ക്രിസ്തുമതാചാരപ്രകാരം തന്നെയായിരുന്നു സംസ്‌കാരം. ധ്യാനകേന്ദ്രത്തിൽ താമസിക്കുമ്പോൾ സിനിമയിൽ അഭിനയിക്കാനാവില്ല എന്ന് കർശന നിർദ്ദേശം നൽകിയിരുന്നതായും സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു. ഇതിൽ വേണു നിരാശനായിരുന്നു.

വേണുവിന്റെ മരണത്തെത്തുടർന്ന് ധ്യാനകേന്ദ്രം അധികൃതർ സ്ഥാപിച്ച ഫ്ളക്സ് ബോർഡിലും വേണുവിന്റെ ചിത്രത്തിന് താഴെ ജോൺജോർജ്ജ് എന്ന പേരാണ് നൽകിയിരുന്നത്. മതപരിവർത്തനം നടത്തുന്നതിന്റെ പേരിൽ വിദേശഫണ്ട് സ്വീകരിക്കുന്നതായും ധ്യാനകേന്ദ്രത്തിനെതിരെ ആരോപണമുണ്ട്. ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ കീഴിലുള്ള അനാഥാലയങ്ങളിലും മറ്റും താമസിക്കുന്ന അന്യമതസ്ഥരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് പതിവാണ്. സേവനത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം തന്നെയാണ് നടക്കുന്നത്.

രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് ഷാലി മുരിങ്ങൂറിന്റെ പേരിൽ ബിജെപി പത്രം ഇത്തരമൊരു വാർത്ത പുറത്തുവിട്ടത്. മരണ ശേഷം ഇത്തരമൊരു വാർത്ത പുറത്തുവിട്ടതിന് പിന്നിലെ ഉദ്ദേശ്യം ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിട്ടുണ്ട്. ജീവിതത്തിലെ അവശഘട്ടത്തിൽ സഹായിക്കാൻ അദ്ദേഹത്തിന്റെ മതത്തിലെ ആരും തന്നെ ഉണ്ടായിരുന്നില്ല. ബിജെപിയുടെ ആൾക്കാർ പോലും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയിരുന്നില്ല. ഈ ഘട്ടത്തിലാണ് അദ്ദേഹത്തിന് ഡിവൈൻ ധ്യാനകേന്ദ്രം സഹായവുമായി എത്തിയത്. അതുകൊണ്ട് അദ്ദേഹം അവരുടെ മതത്തിൽ വിശ്വസിക്കുന്നതിൽ എന്താണ് തെറ്റെന്ന ചോദ്യമാണ് സോഷ്യൽ മീഡിയിയൽ നിരവധി പേർ ഉന്നയിക്കുന്നത്. എന്നാൽ, രോഗാവസ്ഥയെ മുതലെടുത്ത് മതം മാറ്റിയത് തെറ്റാണെന്നും നിരവധി പേർ വാദിക്കുന്നു.

ഗുരുതരമായ വൃക്ക രോഗം ബാധിച്ച ചാലക്കുടിയിലെ പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണു അവിവാഹിതനാണ്. പത്തുവർഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. ഇതിനിടെയാണ് വൃക്കരോഗം തിരിച്ചറിഞ്ഞത്. സിനിമയിൽ നിന്നും കിട്ടിയ കയ്യിലുണ്ടായിരുന്ന തുക മുഴുവൻ ചികിത്സക്കായി ചെലവഴിച്ച വേണു അവസാനകാലത്ത് സുമനസുകളുടെ സഹായത്താലാണ് ജീവിതം തള്ളി നീക്കിയത്. രോഗം പിടിപ്പെട്ടതോടെ അഭിനയിക്കാൻ ആരും വിളിക്കാതായി. ദുരിതത്തിലായ ഇദ്ദേഹത്തെ സഹായിക്കാൻ ഒടുവിൽ മെഗാ സ്റ്റാർ മമ്മൂട്ടിയും നടൻ രാജീവ് പിള്ളയും മാത്രമാണ് ഉണ്ടായത്. ഇവരാണ് ചികിത്സാ സഹായവും നൽകിയത്. ഈ കാരുണ്യത്തിൻ ഏറെ നാൾ വേണു തള്ളി നീക്കി.

സിനിമ സംഘടനയായ അമ്മയിൽ അംഗത്വമില്ലാത്തതിനാൽ സംഘടനയുടെ സഹായവും ലഭിച്ചില്ല. മുറിവാടക കൊടുക്കാനില്ലാത്തപ്പോൾ കടത്തിണ്ണയിൽയിലായിരുന്നു വേണുവിന്റെ അന്തിയുറക്കം. സിനിമയിലെ അവസരങ്ങൾ നിലച്ചതോടെയാണ് വേണു തീർത്തും പ്രതിസന്ധിയിലായിരുന്നു. രണ്ടു വർഷത്തോളം മുൻഷിയിലൂടെ സ്വീകരണ മുറികളിലെ സാന്നിദ്ധ്യമായിമാറിയ വേണുവിന് മുൻഷി വലിയ ആശ്വാസമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP