Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഊഹാപോഹങ്ങളിലും കുപ്രചരണങ്ങളിലും ഭീതി; പൊലീസിന്റെ നടപടികളിൽ മനംമടുപ്പ്; അന്വേഷണത്തിനിടെ കഴിയുന്നതും തന്റെ സാന്നിദ്ധ്യം ഒഴിവാക്കാൻ കനിവുണ്ടാവണം എന്ന് താരത്തിന്റെ അഭ്യർത്ഥന; സമാനതകളില്ലാത്ത ക്രൂരതയുടെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് ഇനിയും മോചിതയാകാതെ നടി

ഊഹാപോഹങ്ങളിലും കുപ്രചരണങ്ങളിലും ഭീതി; പൊലീസിന്റെ നടപടികളിൽ മനംമടുപ്പ്; അന്വേഷണത്തിനിടെ കഴിയുന്നതും തന്റെ സാന്നിദ്ധ്യം ഒഴിവാക്കാൻ കനിവുണ്ടാവണം എന്ന് താരത്തിന്റെ അഭ്യർത്ഥന; സമാനതകളില്ലാത്ത ക്രൂരതയുടെ നടുക്കുന്ന ഓർമ്മകളിൽ  നിന്ന് ഇനിയും മോചിതയാകാതെ നടി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: പരക്കെ പ്രചരിക്കുന്ന ഊഹാപോഹങ്ങളിലും കുപ്രചരണങ്ങളിലും ഭീതി. പൊലീസിന്റെ നടപടികളിൽ മനംമടുപ്പ്. പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമാനതകളില്ലാത്ത ആക്രമണത്തെത്തുടർന്ന് പൊലീസ് നടപടിക്കിറങ്ങിയ നടി കടുത്ത മാനസീക സംഘർഷത്തിൽ.

ആക്രമണത്തെ തുടർന്ന് മാനസീകവും ശാരീരികവുമായി അവശതയിലായ സാഹചര്യത്തിൽ അന്വേഷക സംഘം നടത്തിവരുന്ന ചോദ്യം ചെയ്യലും തെളിവെടുപ്പുമറ്റും തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് താരം അടുപ്പക്കാരുമായി പങ്കുവച്ച വിവരം. ഇതേത്തുടർന്ന് പൊലീസ് നടപടികളിൽ കഴിയുന്നതും തന്റെ സാന്നിദ്ധ്യം ഒഴിവാക്കാൻ കനിവുണ്ടാവണമെന്ന് താരം അന്വേഷക സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥനോട് അഭ്യർത്ഥിച്ചതായിട്ടാണ് പുറത്തായ വിവരം.

കേസ് ശക്തമായി നീങ്ങുന്ന സാഹചര്യത്തിൽ അക്രമിക്കുന്ന അവസരത്തിൽ പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ പുറത്തുവരുമോ എന്ന ആശങ്ക നടിക്കുണ്ടെന്നും ഇതാണ് ഇവരെ ഇപ്പോൾ മാനസീക സംഘർഷത്തിലെത്തിച്ചിരിക്കുന്നതെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. പുറത്തുവന്നതിനപ്പുറമാണ് നടിക്കുനേരെയുണ്ടായ ആക്രമണമെന്ന് ഊഹാപോഹങ്ങൾ വ്യാപകമാണ്. ഡൽഹിയിൽ നിർഭയ നേരിട്ടതിനേക്കാൾ ഭീകരമായ ആക്രമണമാണ് നടിക്കുനേരെ ഉണ്ടായതെന്ന് കൊച്ചിയിൽ സംവിധായകൻ ലാലിന്റെ വീട്ടിൽ സംഭവദിവസം രാത്രി നടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ പി ടി തോമസ്സ് എം എൽ എ യുടെ വെളിപ്പെടുത്തൽ ഇത്തരം പ്രചാരണങ്ങൾക്ക് വിശ്വാസ്യത വർദ്ധിക്കുന്നുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

സംഭവത്തിലുൾപ്പെട്ട പ്രതികളിൽ ഒട്ടുമിക്കവരും പിടിയിലായെങ്കിലും അപകടകാരിയായ സുനി ഇപ്പോഴും വെളിയിലാണെന്നത് ശരിക്കും ഭയക്കേണ്ട അവസ്ഥതന്നെയാണെന്നാണ് ഇയാളെ കുറിച്ചറിയുന്നവർ നടിയെ ധരിപ്പിച്ചിട്ടുള്ളത്. ക്രിമിനൽ സംഘങ്ങളുമായി ഇയാൾക്കുള്ള ബന്ധം സിനിമാക്കാർക്കിടയിൽ പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിൽ സുനിയെ പിടികൂടിയാലും ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്തുവരുന്നതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലന്നാണ് സിനിമാക്കാർക്കിടയിലെ സംസാരം. ഇതുകൊണ്ടുതന്നെ കേസ് ഒത്തുതീർപ്പിലൂടെ പരിഹരിക്കണമെന്നാണ് ഒരുവിഭാഗത്തിന്റ ആവശ്യം. എന്നാൽ ഇക്കൂട്ടർ ഇതു സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് ഇനിയും തയ്യാറായിട്ടില്ല.

സിനിമ രംഗത്തെ പകയാണ് ആക്രണത്തിന് കാരണമെന്നാണ് ഇതുവരെ വ്യക്തമാക്കപ്പെട്ട വിവരം. എന്നാൽ എന്താണ് പകയ്ക്ക് കാരണമെന്നോ ആരാണ് ആക്രമണത്തിന്റെ സൂത്രധാരൻ എന്നോ ഉള്ള വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. തങ്ങൾ ക്വട്ടേഷൻ ഏറ്റെടുത്തതാണെന്ന് ആക്രമിച്ചവർ തന്നോട് പറഞ്ഞതായി താരം വെളിപ്പെടുത്തിയിരുന്നു.പൾസർ സൂനിയെ പിടികൂടിയാൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാൻ സാധിക്കുമെന്നാണ് പൊലീസിന്റെ കണക്കൂട്ടൽ. കൃത്യത്തിന്റെ സൂത്രധാരനെ വെളിച്ചത്തുകൊണ്ടുവരികയെന്നുള്ളതാണ് ഇപ്പോൾ അന്വേഷക സംഘത്തിന്റെ മുന്നിലുള്ള പ്രധാനവെല്ലുവിളി.

ആക്രമണത്തിന് കൊട്ടേഷൻ നൽകിയത് പ്രമുഖനടനാണെന്ന് വ്യപകമായി പ്രചാരണമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് ഇനിയും തയ്യാറായിട്ടില്ല. കൃത്യം നടത്തുന്നതിന് കൂടെനിന്നാൽ 30 ലക്ഷം രൂപ നൽകാമെന്ന് പൾസർ സുനി വാക്കുനൽകിയിരുന്നെന്നാണ് പിടിയിലായ പ്രതികളിലൊരാൾ പൊലീസിനെ അറിയിച്ച വിവരം. അപ്പോൾ ഈ സംഭവത്തിന് പിന്നിൽ സുനിയുടെ നേട്ടം ഇതിന്റെ പലമടങ്ങായിരിക്കാമെന്നാണ് പരക്കെയുള്ള വിലയിരുത്തൽ. ഇക്കാര്യം ശരിയെങ്കിൽ ഇത്രയും തുകമുടക്കി നടിയെ ആക്രമിക്കാൻ കരാർ ഏൽപ്പിച്ചയാൾക്ക് നടിയുമായി ഉണ്ടായിരുന്നത് നിസ്സാര പ്രശ്‌നത്തെത്തുടർന്നുള്ള ശത്രുത ആയിരിക്കാൻ ഇടയില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

പിടിയിലായ പ്രതികളെ പൊലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി എടുപ്പിച്ചിരുന്നെന്നും ഇവർ എല്ലാവരും നടിയെ ആക്രമിച്ചത് സുനിയാണെന്നാണ് മൊഴിയിൽ സൂചിപ്പിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. ഇരയുടെ വെളിപ്പെടുത്തലും ശാസ്ത്രീയ തെളിവുകളും ആധാരമാക്കിയായിരിക്കും കേസ് മുന്നോട്ടുപോകുക. കാര്യശേഷിയുള്ള ആഭിഭാഷകനെ കേസ് ഏൽപ്പിച്ചാൽ പ്രതികൾക്ക് ദിവസങ്ങൾക്കുള്ളിൽ ജാമ്യം ലഭിക്കുമെന്നും ശക്തമായ തെളിവുകൾ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും ഹാജരാക്കിയില്ലങ്കിൽ പ്രതികൾ കേസിൽ നിന്നും തലയൂരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP