Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്യാൻസർ ഇല്ലാത്തവരെ ശസ്ത്രക്രിയ നടത്തിയെന്നും പരീക്ഷണ ചികിത്സ നടത്തിയെന്നും ആരോപിച്ച് പരാതി നൽകിയത് 130 രോഗികൾ; ഇമ്പറാസിങ് ബോഡീസ് എന്ന പ്രോഗ്രാമിലൂടെ സായിപ്പന്മാർക്കിടയിൽ താരമായപ്പോൾ ബ്രിട്ടനിലെ മലയാളി ഡോക്ടറ ഒതക്കാൻ എൻഎച്ച്എസ് നടത്തിയ കള്ളക്കളിക്കൊടുവിൽ കുറ്റക്കാരനല്ലെന്ന് വിധിച്ച് ജിഎംസി; മൂന്നു കൊല്ലം നീണ്ട വേട്ടയാടലിൽ നിന്നും മോചനം കിട്ടിയ ആശ്വാസത്തിൽ ലണ്ടനിലെ മലയാളി ഡോക്ടർ

ക്യാൻസർ ഇല്ലാത്തവരെ ശസ്ത്രക്രിയ നടത്തിയെന്നും പരീക്ഷണ ചികിത്സ നടത്തിയെന്നും ആരോപിച്ച് പരാതി നൽകിയത് 130 രോഗികൾ; ഇമ്പറാസിങ് ബോഡീസ് എന്ന പ്രോഗ്രാമിലൂടെ സായിപ്പന്മാർക്കിടയിൽ താരമായപ്പോൾ ബ്രിട്ടനിലെ മലയാളി ഡോക്ടറ ഒതക്കാൻ എൻഎച്ച്എസ് നടത്തിയ കള്ളക്കളിക്കൊടുവിൽ കുറ്റക്കാരനല്ലെന്ന് വിധിച്ച് ജിഎംസി; മൂന്നു കൊല്ലം നീണ്ട വേട്ടയാടലിൽ നിന്നും മോചനം കിട്ടിയ ആശ്വാസത്തിൽ ലണ്ടനിലെ മലയാളി ഡോക്ടർ

മറുനാടൻ ഡസ്‌ക്

ലണ്ടൻ: ബ്രിട്ടീഷുകാർക്കിടയിൽ താരമായി മാറുന്ന പല മലയാളികളേയും അടിച്ച് മൂലയ്ക്കിരുത്തുന്ന സ്വഭാവം സ്വദേശികളായ വെള്ളക്കാർക്കുണ്ട്. അവരേക്കാളും മുന്നിലുള്ള കുടിയേറ്റക്കാരോട് അവർക്ക് കട്ടക്കലിപ്പാണ്. സൂപ്പർ മാർക്കറ്റുകളിലും ഫാക്ടറികളും ഒക്കെ പണി എടുത്തു മാനേജരോ സൂപ്പർവൈസറോ ആകാൻ അവസരം കിട്ടിയ പല മലയാളികളും വംശീയമായ ഒറ്റപ്പെടുത്തൽ മടുത്ത് പണി ഉപേക്ഷിച്ച ചരിത്രമുണ്ട്. അത്തരം ഒരു പോരാട്ടത്തിന്റെയും വിജയത്തിന്റെയും കഥയാണ് ലണ്ടനിലെ മലയാളി ഡോക്ടർ മനു നായർക്ക് പറയാനുള്ളത്.

ക്യാൻസർ ഇല്ലാത്തവരെ ശസ്ത്രക്രിയ നടത്തിയെന്നും പരീക്ഷണ ചികിത്സ നടത്തിയെന്നും ആരോപിച്ച് 130 രോഗികൾ പരാതിയുമായി രംഗത്തെത്തിയതായിരുന്നു മനുവിനെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ ഈ പരാതി ഇപ്പോൾ ജിഎംസി തള്ളിയതിന്റെ ആശ്വാസത്തിലാണിപ്പോൾ 53കാരനായ ഈ യൂറോളജിസ്റ്റ്. ഇതിന്റെ ഭാഗമായി ട്രിബ്യൂണലിന് മുന്നിൽ ഈ ഡോക്ടർ ഹാജരാവേണ്ടെന്നും ജിഎംസി നിർദ്ദേശിച്ചിട്ടുണ്ട്. ഷൈൻ ചെയ്യുന്ന കുടിയേറ്റ മിടുക്കരെ മൂലക്കിരുത്തുന്ന എൻഎച്ച്എസ് പരിപാടിയുടെ ഇരയായ ഈ മിടുക്കൻ ഡോക്ടർക്ക് ഏതായാലും ഈ വിധിയിലൂടെ അതിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചിരിക്കുകയാണ്. മൂന്നു കൊല്ലം നീണ്ട വേട്ടയാടലിൽ നിന്നുമുള്ള മോചനവും കൂടിയാണ് മനുവിനെ സംബന്ധിച്ചിടത്തോളം ഈ വിധി. ഇതിനെ തുടർന്ന് അദ്ദേഹത്തിന് എൻഎച്ച്എസിൽ ജോലി ചെയ്യുന്നത് തുടരാനും സാധിക്കും.

വെസ്റ്റ് മിഡ്ലാൻഡ്സിലെ നാല് ഹോസ്പിറ്റലുകളിൽ മനു നടത്തിയ ശസ്ത്രക്രിയകളെ തുടർന്ന് രോഗികൾക്ക് വന്ധ്യത വന്നുവെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ വന്നുവെന്നുമുള്ള ആരോപണങ്ങളായിരുന്നു മനുവിനെതിരെ ഉയർന്ന് വന്നിരുന്നത്. തങ്ങൾക്ക് പ്രോസ്റ്റേറ്റ് കാൻസർ ഇല്ലാതിരുന്നിട്ടും അനാവശ്യമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്ന ആരോപണവുമായി ചിലർ രംഗത്തെത്തുകയും ചെയ്തിരുന്നു. ക്ലിനിക്കൽട്രയലുകൾക്ക് പുറത്ത് ഇതുവരെ ഉപയോഗിക്കാത്ത ട്രീറ്റ്മെന്റ് പോലും അദ്ദേഹം രോഗികളിൽ പരീക്ഷിച്ചുവെന്ന ആരോപണങ്ങൾ പോലും ലോയർമാർ ഉന്നയിച്ചിരുന്നു.

സോളിഹുളിലെ സ്പിറെ പാർക്ക് വേ, സ്പിറെ ലിറ്റിൽ അസ്റ്റൺ, എഡ്ഗ്ബാസ്റ്റണിലെ ബിഎംഐ പ്രിയറി, ബെർമിങ്ഹാമിലെ ഹെർട്ട്ലാൻഡ്സ് എൻഎച്ച്എസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ മനു നടത്തിയ ശസ്ത്രക്രിയകളെ ചൊല്ലിയായിരുന്നു ആരോപണം ഉന്നയിക്കപ്പെട്ടത്. എന്നാൽ ഈ പ്രശ്നം മുൻനിർത്തി ജിഎംസി മൂന്ന് വർഷം നടത്തിയ അന്വേഷണത്തിനൊടുവിൽ മനു ഇതിന്റെ പേരിൽ ട്രിബ്യൂണിലിന് മുന്നിൽ വിശദീകരണം നൽകേണ്ടെന്നാണ് ജിഎംസി തീരുമാനിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് മനുവിന് എൻഎച്ച്എസിൽ ജോലി ചെയ്യാമെങ്കിലും പ്രൈവറ്റ് ആയി ജോലി ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ലോ ഫേമായ ഇർവിൻ മിച്ചെൽ 60ൽ അധികം പേരെയും തോംപ്സൻ സോളിസിറ്റേർസ് 70 പേരെയുമായിരുന്നു മനുവിനെതിരെ നിയമനടപടിയെടുക്കാൻ സഹായിച്ചിരുന്നത്. നിലവിൽ മനു എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ജിഎംസി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സിറ്റി ഹോസ്പിറ്റൽസ് സന്ദലാൻഡ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ മനു കഴിഞ്ഞ മൂന്ന് വർഷക്കാലമായി ജിഎംസി അന്വേഷണത്തിന് വിധേയനാകുമ്പോഴും എൻഎച്ച്എസിൽ ജോലി ചെയ്ത് വരുകയായിരുന്നു.

സൗത്ത് പോർട്ട് ആൻഡ് ഓർമ്സ്‌കിർട്ട് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റ്, മെയ്ഡ്സ്റ്റോൺ ആൻഡ് ടുൻബ്രിഡ്ജ് വെൽസ് എൻഎച്ച്എസ് ട്രസ്റ്റ് എന്നിവിടങ്ങളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഒരു കാലത്ത് ചാനൽ 4ലെ ഡോക്ടറോട് ചോദിക്കാം പരിപാടിയായ ഇമ്പറാസിങ് ബോഡീസ് എന്ന പ്രോഗ്രാമിലൂടെ സായിപ്പന്മാർക്കിടയിൽ താരമായ ഡോക്ടറാണ് മനു. ഹിറ്റായ മെഡിക്കൽ ഷോയിൽ ഒരു വിദഗ്ധനെന്ന നിലയിലായിരുന്നു കാൻസർ സർജനായ മനു നായർ അതിലേക്ക് വിളിക്കുന്നവർക്ക് വൈദ്യോപദേശം നൽകിയിരുന്നത്. ഈ ഡോക്ടർ തന്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ലേസർ ട്രീറ്റ്‌മെന്റ് നടത്തിയതിന് ശേഷം തനിക്ക് ലൈംഗികശേഷി നശിച്ചുവെന്ന് പരാതിപ്പെട്ടും ഒരു രോഗി രംഗത്തെത്തിയിരുന്നു.

മറ്റുള്ള ചില രോഗികൾക്ക് ഹൈ ഇന്റൻസിറ്റി ഫോക്കസ്ഡ് അൾട്രാസൗണ്ട് (എച്ച്എഫ്‌ഐയു) എന്ന ലേസർ ട്രീറ്റ്‌മെന്റ് നൽകിയെന്ന ആരോപണവും മനുവിന് നേരെ ഉയർന്നിരുന്നു. ഡ്രഗ്‌സ് നിരീക്ഷണസമിതിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലിനിക്കൽ എക്‌സലൻസിന്റെ അംഗീകാരം ലഭിക്കാത്ത ഈ ട്രീറ്റ്‌മെന്റ് നിരവധി രോഗികളിൽ പരീക്ഷിച്ച ഡോക്ടറുടെ നടപടി ഗുരുതരമായ കുറ്റമായും ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമായിരുന്നുവെന്നാണ് പുതിയ ജിഎംസസി വിധിയിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

പ്രോസ്റ്റേറ്റ് കാൻസർ രോഗികൾക്ക് ഈ ഡോക്ടർ നൽകിയ ചികിത്സകളുടെ പേരിൽ സംശയം ഉയർന്നതിനെ തുടർന്ന് സോളിഹുൾ എൻഎച്ച്എസ് ആശുപത്രിയിൽ നിന്ന് മനുവിനെ 2015ൽ സസ്‌പെൻഡ് ചെയ്തിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയായ സ്‌പൈർ പാർക്ക് വേ ഹോസ്പിറ്റലിൽ 2014ൽ സെക്കൻഡ് ഡോക്ടറെന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ സേവനത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. മനു നടത്തിയ ശസ്ത്രക്രിയകളിലുണ്ടായ പിഴവുകളെപ്പറ്റി അദ്ദേഹത്തിന്റെ സഹപ്രവർത്തകർ തന്നെ ആശുപത്രി മേലാളന്മാരോട് സംശയം പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു നടപടിയുണ്ടായത്. എന്തായാലും ജിഎംസിയുടെ ഇപ്പോഴത്തെ വിധിയിലൂടെ മനുവിന് കൈപ്പിഴകളൊന്നും പറ്റിയിട്ടില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP