Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദിവസവും 20 മണിക്കൂർ ജോലി; ജോലിക്കിടെ പിന്നിൽ നിന്ന് വന്ന് തൊഴിക്കും; കുറ്റമൊന്നും ചെയ്തില്ലെങ്കിലും ശിക്ഷയായി മാസമുറക്കാലത്ത് പോലും 30 കിലോ ഭാരം ചുമപ്പിക്കും; ദിവസങ്ങളോളം പട്ടിണിക്കിടും; വിശപ്പ് സഹിക്കാൻ വയ്യാതെ ഞാൻ ഉച്ഛിഷ്ടം മാത്രമല്ല ചവർ പോലും കഴിച്ചിട്ടുണ്ട്; ചതിയിൽ പെട്ട് സൗദിയിൽ അറബിയുടെ വീട്ടുജോലിക്കാരിയായെത്തി ക്രൂരപീഡനങ്ങൾക്കിരയായ മഞ്ജുഷയ്ക്ക് സമ്പാദ്യം കടങ്ങൾ മാത്രം

ദിവസവും 20 മണിക്കൂർ ജോലി; ജോലിക്കിടെ പിന്നിൽ നിന്ന് വന്ന് തൊഴിക്കും; കുറ്റമൊന്നും ചെയ്തില്ലെങ്കിലും ശിക്ഷയായി മാസമുറക്കാലത്ത് പോലും 30 കിലോ ഭാരം ചുമപ്പിക്കും; ദിവസങ്ങളോളം പട്ടിണിക്കിടും; വിശപ്പ് സഹിക്കാൻ വയ്യാതെ ഞാൻ ഉച്ഛിഷ്ടം മാത്രമല്ല ചവർ പോലും കഴിച്ചിട്ടുണ്ട്; ചതിയിൽ പെട്ട് സൗദിയിൽ അറബിയുടെ വീട്ടുജോലിക്കാരിയായെത്തി ക്രൂരപീഡനങ്ങൾക്കിരയായ മഞ്ജുഷയ്ക്ക് സമ്പാദ്യം കടങ്ങൾ മാത്രം

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: 38 കാരിയായ മഞ്ജുഷ പാലോട് ഗ്രാമത്തിൽ മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ്. പക്ഷേ, സൗദി അറേബ്യയിൽ അനുഭവിക്കേണ്ടി വന്ന കടുത്ത പീഡനങ്ങൾ പേടിസ്വപ്‌നം പോലെ അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ആ മുറിവുകൾ ഉണങ്ങാൻ സമയമെടുക്കും.

ഒരു ദിവസം 20 മണിക്കൂർ വരെയായിരുന്നു സൗദിയിൽ ജോലി.പട്ടിണിക്കിടുന്നതിന് പുറമേ കടുത്ത മർദ്ദനവും. ഈ മാസം 12 ന് നാട്ടിൽ മടങ്ങിയെത്തിയ മഞ്ജുഷ ആണയിട്ട് പറയുന്നു, ഇനി ഒരുകാരണവശാലും ജന്മനാട് വിട്ടൊരു യാത്രയില്ല.ഈ വർഷം മാർച്ചിലാണ് മഞ്ജുഷ സൗദിയിലേക്ക് പോയത്. രണ്ടുപെൺമക്കളുടെ ഭാവിയെ കരുതിയായിരുന്നു 38 ാം വയസിൽ ജോലി തേടിയുള്ള വിദേശയാത്ര.

' എട്ട് വർഷം മുമ്പ് എന്റെ ഭർത്താവ് മരിച്ചു.കഴിഞ്ഞ അഞ്ച് വർഷമായി ഒരുകടയിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു. മാസം 5000 രൂപയായിരുന്നു ശമ്പളം. രണ്ടുപെൺമക്കളെ സ്‌കൂളിലയയ്ക്കാനും, ദൈനംദിനചെലവുകൾക്കുമായി ആ തുച്ഛമായ തുക ഒന്നിനും മതിയാവില്ലായിരുന്നു.അതുകൊണ്ടാണ് സൗദിയിൽ ജോലിക്കുള്ള അവസരം വന്നപ്പോൾ മറ്റൊന്നും ആലോചിക്കാതെ പെൺമക്കളുടെ ഭാവിക്കായി അൽപം പണം സമ്പാദിക്കാൻ ഞാൻ സൗദിയിലേക്ക് പോയത്'

പക്ഷേ ദുരനുഭവങ്ങൾ മാത്രമാണ് അവിടെ മഞ്ജുഷയെ കാത്തിരുന്നത്. അത്രയേറെ മാനസികവും, ശാരീരികവുമായ മുറിവുകളാണ് ആ യാത്ര അവളിൽ ഏൽപ്പിച്ചത്. ഇപ്പോൾ കുന്നുകൂടിയ കടം വീട്ടാൻ ചെങ്ങന്നൂരിൽ ഒരുവീട്ടിൽ ആയയായി ജോലി നോക്കുകയാണ്. കുറച്ചെങ്കിലും കടം അങ്ങനെ വീട്ടാമല്ലോ.

സൗദിയിലേക്ക് പോകാനുള്ള ശ്രമങ്ങൾക്ക് ആദ്യം മുതലേ തടസ്സങ്ങളായിരുന്നു.കുറെ റിക്രൂട്ട്‌മെന്റ് ഏജൻസികളെ സമീപിച്ചെങ്കിലും അവസരങ്ങളൊന്നും കിട്ടിയില്ല.ആ സമയത്താണ് കൊല്ലംകാരനായ മണിലാലിനെ മഞ്ജുഷ പരിചയപ്പെട്ടത്. സൗദിയിൽ താൻ ഡ്രൈവറായി ജോലി നോക്കുന്ന വീട്ടിൽ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് അയാൾ അറിയിച്ചു.ഇതിനെ തുടർന്ന് തിരുവനന്തപുരത്തെ ഒരു റിക്രൂട്ട്‌മെന്റ് ഏജൻസിയെ സമീപിച്ച് വിസയും മറ്റുകാര്യങ്ങളും ശരിയാക്കുന്നതിനായി സമീപിച്ചു.

രണ്ടുതവണ കൊച്ചി വിമാനത്താവളം വഴി സൗദിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ടിക്കറ്റും വിസയുമൊക്കെ കിട്ടിയെങ്കിലും മതിയായ കരാർപത്രം ഇല്ലെന്ന കാരണം പറഞ്ഞ് എമിഗ്രേഷൻ അധികൃതർ യാത്രയ്ക്ക് അനുമതി നിഷേധിച്ചു. വിദേശത്തേക്ക് പോകാനുള്ള മോഹം ഉപേക്ഷിച്ച സമയത്താണ് മംഗലാപുരം വിമാനത്താവളം വഴി പോകാൻ സഹായിക്കാമെന്ന് റിക്രൂട്ട്‌മെന്റ് ഏജൻസി അറിയിച്ചത്.

മംഗളൂരുവിൽ, ഭക്ഷണം പോലും കിട്ടാതെ നാലുദിവസം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ മാർച്ച് 20 നാണ് സൗദിയിലേക്ക് വിമാനം കയറിയത്.ദമാം വിമാനത്താവളത്തിൽ എത്തിയപ്പോൾ പറഞ്ഞുറപ്പിച്ച പോലെ മണിലാൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒപ്പം മഞ്ജുഷയുടെ സ്‌പോൺസറായ അറബിയും.എന്നാൽ, വിമാനത്താവളത്തിൽ നിന്നുള്ള യാത്രാമധ്യേ മണിലാൽ പെട്ടെന്ന കാറിൽ നിന്ന് ഇറങ്ങി സ്ഥലം കാലിയാക്കി.അപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും, മണിലാൽ ജോലി ചെയ്യുന്ന വീട്ടിലല്ല തനിക്ക് ജോലിയെന്നുമുള്ള സത്യം മഞ്ജുഷയ്്്ക്ക് മനസ്സിലായത്.

' ഭയം എന്റെ നെഞ്ചിലേക്ക് ഇരച്ചുകയറി. അയാൾ പറഞ്ഞത് കള്ളമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒരുകൂറ്റൻ മൂന്ന് നില കെട്ടിടത്തിലേക്കാണ് എന്നെ കൂട്ടിക്കൊണ്ടുപോയത്. 32 പേരാണ് ആ വീട്ടിൽ താമസിച്ചിരുന്നത്. 16 കുട്ടികളുണ്ടായിരുന്നു ആ വീട്ടിൽ.എന്നെ കൂടാതെ മറ്റുവീട്ടുജോലിക്കാരൊന്നും അവിടെ ഉണ്ടായിരുന്നില്ല.16 കുട്ടികളെ നോക്കണം, അവരുടെ വസ്ത്രങ്ങൾ കഴുകണം, ആ കൂറ്റൻ വീട് വൃത്തിയാക്കണം, അവിടെയുള്ള മറ്റുവീട്ടുജോലികൾ എല്ലാം ചെയ്യണം. രാവിലെ 6 മണിക്ക് ജോലി തുടങ്ങും. അടുത്ത ദിവസം രാവിലെ രണ്ടിനോ മൂന്നിനോ ആണ് ജോലി തീരുന്നത്. വീണ്ടും 6 മണിക്ക് ജോലി തുടങ്ങണം.20 മണിക്കൂറാണ് ഞാൻ ജോലി ചെയ്തത്'

തന്റെ കുട്ടികൾക്ക് വേണ്ടി എന്തും ചെയ്യാൻ അവൾ ഒരുക്കമായിരുന്നു. എന്നാൽ,ശമ്പളത്തിന്റെ കാര്യം വന്നപ്പോൾ അവൾക്ക് മനസ്സിലായി തന്റേത് വെറും പാ്‌ഴ് വേലയായിരുന്നുവെന്ന്. നേരത്തെ പറഞ്ഞുറപ്പിച്ച തുക നൽകാൻ വീട്ടുടമകൾക്ക് ഒരുഉദ്ദേശ്യവുമുണ്ടായിരുന്നില്ല.മാസം 24,200 രൂപയാണ് കേരളത്തിൽ നിന്നും പോകുമ്പോൾ വാഗ്ദാനം ചെയ്ത ശമ്പളം.എന്നാൽ 20,800 മാത്രമേ തരാൻ കഴിയുകയുള്ളുവെന്ന് അറബി ഉറപ്പിച്ചുപറഞ്ഞു.ആദ്യമാസം അവർ ശമ്പളം തന്നില്ല. രണ്ടാം മാസം അച്ഛന്റെ അക്കൗണ്ടിലേക്ക് 17,000 രൂപ അയച്ചു.രണ്ടുമാസം കൂടി കഴിഞ്ഞപ്പോൾ, ഞാൻ കരഞ്ഞ് കാല് പിടിച്ചപ്പോൾ, 20000 രൂപ കൂടി തന്നു. ആറു മാസം കിട്ടിയ ആകെ ശമ്പളം.

ശമ്പളത്തിന്റെ കാര്യം മറക്കാമെന്ന് വച്ചാലും മറക്കാൻ വയ്യാത്ത ശാരീരിക,മാനസിക പീഡനങ്ങളാണ് ആ വീട്ടുകാർ അവളോട് കാട്ടിക്കൂട്ടിയത്.
' 20 മുതൽ 30 കിലോ വരെ ഭാരം ചുമക്കാൻ എല്ലാ ദിവസവും ആവശ്യപ്പെടും. മാസമുറക്കാലത്ത് പോലും അതുനിർബന്ധിച്ച് ചെയ്യിക്കും.ആ നാളുകളിൽ 15 മുതൽ 20 ദിവസം വരെ എനിക്ക് ബ്ലീഡിങ്ങുണ്ടാകുമായിരുന്നു. ഒരിക്കലും എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അവർ കൂട്ടാക്കിയില്ല. ഇതെല്ലാം സാധാരണമെന്നായിരുന്നു അവരുടെ വ്യാഖ്യാനം.

ശക്തമായ ബ്ലീഡിങ്ങുള്ളപ്പോഴും, 20 മണിക്കൂർ ജോലിയിൽ ഒരുകുറവും ഉണ്ടായില്ല.' ഞാൻ ഒരിക്കൽ ആത്മഹത്യ ചെയ്യാൻ പോലും ശ്രമിച്ചു. ചിലപ്പോൾ ഞാൻ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരുകാരണവും കൂടാതെ പിന്നിൽ നിന്ന് തൊഴിക്കും.ചിലപ്പോഴൊക്കെ ഞാൻ താഴെ വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു,'കരഞ്ഞുകൊണ്ട് പറയുന്നു മഞ്ജുഷ

ഇതുകൂടാതെ തന്നെ വീട്ടുകാർ മന: പൂർവം പട്ടിണിക്കിടുമായിരുന്നു.' ദിവസങ്ങളോളം ഭക്ഷണം തരാതെ പട്ടിണിക്കിടും.ഒന്നും കിട്ടാതെ വിശപ്പ് കയറിയപ്പോൾ, പ്ലേറ്റുകളിൽ അവശേഷിക്കുന്ന ഉച്ഛിഷ്ടം കഴിക്കും. ജീവിക്കാൻ വേണ്ടി മാലിന്യത്തിൽ നിന്നുപോലും ഞാൻ കഴിച്ചു. എനിക്ക് വീട്ടിൽ പോകാമല്ലോ, കുട്ടികളെ കാണാമല്ലോയെന്ന് പ്രതീ്ക്ഷിച്ച്.രണ്ടുതവണ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. രണ്ടുതവണയും പിടിക്കപ്പെടുകയും ചെയ്തു. രണ്ടുതവണയും ക്രൂരമായ മർദ്ദനമേൽക്കേണ്ടിയും വന്നു.

രണ്ടാം തവണ പിടിക്കപ്പെട്ടപ്പോൾ അറബി അവളെ കൊണ്ട് നിർബന്ധിച്ച് ഒരുപേപ്പറിൽ ഒപ്പിടീച്ചു. തന്റെ ശമ്പളക്കുടിശിക എല്ലാം തന്നുതീർത്തുവെന്നാണ് ആ കടലാസിൽ എഴുതിയിരുന്നതെന്ന് പിന്നീടാണ് മഞ്ജുഷയ്ക്ക് മനസ്സിലായത്.മൂന്നാം തവണ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, ഭാഗ്യം അവൾക്കൊപ്പം നിന്നു.' അവിടെ ഇന്ത്യാക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരുസർക്കാരിതര സംഘടനയെ ബന്ധപ്പെട്ട ശേഷമാണ് രക്ഷപ്പെട്ടത്.ശക്തമായ ബ്ലീഡിങ്ങുണ്ടായിരുന്നതുകൊണ്ട് ആദ്യം അടുത്തുള്ള ആശുപത്രിയിൽ പോയി. പൊലീസിൽ അറിയിച്ചതിനെ തുടർന്ന് തന്നെ ഒരു ഷെൽറ്റർ ഹോമിലാക്കി. മൂന്നാഴ്ച അവിടെ കഴിഞ്ഞ ശേഷമാണ് വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞത്.

നാട്ടിൽ മടങ്ങിയെത്തിയെങ്കിലും മഞ്ജുഷയ്ക്ക് സന്തോഷിക്കാനുള്ള വകയൊന്നുമില്ല.സൗദി യാത്ര സമ്മാനിച്ചത് പെരുകിയ കടം മാത്രം. ചെങ്ങന്നൂരിൽ ആയയാി ജോലി ചെയ്യുന്നതുകൊണ്ട് വീട്ടിൽ നിന്ന് അകന്ന കഴിയേണ്ടി വരുന്നു. ഏതായാലും കടം വീട്ടാൻ ജോലി ചെയ്‌തേ മതിയാവൂ.അവിടെ ജോലി ചെയ്ത സമയത്ത് ഞാൻ ആകെ സമ്പാദിച്ചത് കൂറ്റൻ കടവും, മനസ്സിനും,ശരീരത്തിനുമേറ്റ മുറിവുകളും മാത്രം, തകർന്ന മനസ്സോടെ പറയുന്നു മഞ്ജുഷ.

സൗദിയിൽ ജോലി ചെയ്തതിന്റെ ശമ്പളം കിട്ടാൻ സർക്കാരിതര സംഘടന വഴി കേസ് കൊടുത്തിട്ടുണ്ട്.നഷ്ടപരിഹാരം കിട്ടിയില്ലെങ്കിലും 20 മണിക്കൂർ ജോലി ചെയ്തതിന്റെ കൂലി കിട്ടണമെന്നാണ് മഞ്ജുഷയുടെ ആവശ്യം.ശമ്പളകുടിശിക കിട്ടിയാൽ ഭീമമായ കടങ്ങളെങ്കിലും വീട്ടാമല്ലോ. വ്യാജസ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ വലയിൽ പെട്ട് ഇത്തരത്തിൽ ദുരിതത്തിലാകുന്ന അനേകം സ്ത്രീകളിൽ ഒരുദാഹരണം മാത്രമാണ് മഞ്ജുഷ എന്നതാണ് സത്യം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP