Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിടിച്ചു മാറ്റിയതെന്ന് കൃഷ്ണദാസ്; തല്ലിയതെന്ന് ആശുപത്രി ജീവനക്കാരും; പാലക്കാട്ടെ നേഴ്‌സിന് കിട്ടിയ മർദ്ദനം സിപിഎമ്മിന് തലവേദനയാകും; മുൻ എംപിക്കെതിരെ കേസെടുക്കാതെ പൊലീസും

പിടിച്ചു മാറ്റിയതെന്ന് കൃഷ്ണദാസ്; തല്ലിയതെന്ന് ആശുപത്രി ജീവനക്കാരും; പാലക്കാട്ടെ നേഴ്‌സിന് കിട്ടിയ മർദ്ദനം സിപിഎമ്മിന് തലവേദനയാകും; മുൻ എംപിക്കെതിരെ കേസെടുക്കാതെ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ നേഴ്‌സിനെ മുൻ എംപി എൻ.എൻ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ മർദ്ദിച്ചുവെന്ന് പരാതിയിൽ രാഷ്ട്രീയമുണ്ടോ? അതെയെന്നാണ് സിപിഐ(എം) പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൽ വ്യാജ ആരോപണം ഉണ്ടാക്കുന്നതെന്നാണ് സിപിഐ(എം) നിലപാട്. എന്നാൽ രാഷ്ട്രീയമില്ലെന്നും ജില്ലാ ആശുപത്രിയിലെ ജീവനക്കാരനായ പ്രസാദ് (27) മർദ്ദനത്തിൽ പരുക്കേറ്റ് അതീവ ഗുരുതരവാസ്ഥയിലാണെന്ന് ആശുപത്രിയിലെ ജീവനക്കാരും പറയുന്നു.

നെഞ്ചിനും തലക്കും പരുക്കേറ്റ പ്രസാദിന് ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്. ഇന്റൻസീവ് കെയർ യൂണിറ്റിലാണ് പ്രസാദുള്ളത്. ഇതിൽ രാഷ്ട്രീയം ആരോപിക്കുന്നത് സംഭവത്തെ ഗൗരവം കുറച്ച് കാണാനാണെന്നാണ് ആക്ഷേപം. വിക്ടോറിയ കോളെജ് ക്യാംപസിലുണ്ടായ വിദ്യാർത്ഥി സംഘട്ടനത്തിൽ പരുക്കേറ്റ രണ്ടു വിദ്യാർത്ഥികളെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളാണ് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

അത്യാഹിത വിഭാഗത്തിൽ ആ സമയത്ത് അവിടെ 10ഓളം രോഗികൾ വേറെയുമുണ്ടായിരുന്നു. മുൻ ഡി.വൈ.എഫ്. ഐ നേതാവായ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ഒരു സംഘം പാർട്ടിപ്രവർത്തകർ ഇവരെ സന്ദർശിക്കാനായി മുറിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. വളരെ ചെറിയ ഒരു മുറിയാണ് കാഷ്വാലിറ്റി. തിരക്കു വർദ്ധിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നതുകൊണ്ട് പുറത്തു കാത്തുനിൽക്കാൻ പ്രസാദ് അവരോട് ആവശ്യപ്പെട്ടതിനെ തുടർന്ന് മർദ്ദിച്ചെന്നാണ് പരാതി. ഇക്കാര്യം ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അബൂബക്കർ സ്ഥിരീകരിക്കുന്നുമുണ്ട്.

താൻ മുൻ ലോക്‌സഭാ അംഗമാണെന്ന് പറഞ്ഞുകൊണ്ട് പ്രസാദിനെ അദ്ദേഹം തല്ലുകയായിരുന്നുസി.എം.ഒ. ആരോപിച്ചു. ഇത് പ്രസാദും ശരിവയ്ക്കുന്നു. 'എംപി. ആണ് ആദ്യം എന്നെ തല്ലിയതും അടിച്ചതും. പിന്നെ കൂട്ടം ചേർന്നും മർദിച്ചു' പ്രസാദ് പറഞ്ഞു. താൻ വളരെ മാന്യമായാണ് ചോദിച്ചത്. ഒരാൾ നിന്നാൽ പോരേ. ഇത്രയും പേരു വേണോ എന്ന്. സംഭവവുമായി ബന്ധപ്പെട്ട് നാല് പാർട്ടി പ്രവർത്തകർക്ക് നേരെ പൊലിസ് കേസെടുത്തിട്ടുണ്ട്. എന്നാൽ കൃഷ്ണദാസിനെതിരെ നടപടിയെടുത്തിട്ടുമില്ല. പാർട്ടി പ്രവർത്തകർ പ്രസാദിനെ മർദിക്കുന്നത് കൃഷ്ണദാസ് കൈയും കെട്ടി നോക്കിനിന്നുവെന്നും സി.എം.ഒ. ആരോപിച്ചു.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ കൃഷ്ണദാസ് നിഷേധിച്ചു. താൻ തല്ലിയിട്ടില്ലെന്നും തല്ലാൻ ശ്രമിച്ചവരെ പിടിച്ചുമാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മുൻ എംപി.യും സിപിഐ(എം) നേതാവുമായ എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. താൻ പ്രസാദിനെ തല്ലിയിട്ടില്ല. പ്രസാദ് താൻ ഉൾപ്പെടെയുള്ള സംഘത്തോട് മോശമായി പെരുമാറിയപ്പോൾ ഉന്തും തള്ളുമുണ്ടായി. അയാൾ താഴെ വീഴുകയും ചെയ്തു. കൂടെയുണ്ടായിരുന്നവർ തല്ലാൻ ശ്രമിച്ചപ്പോൾ താൻ പിടിച്ചു മാറ്റുക മാത്രമാണ് ചെയ്തത്. മറ്റൊന്നും സംഭവിച്ചിട്ടില്ല. എന്തായാലും അതും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും കൃഷ്ണദാസ് പറയുന്നു.

പാലക്കാട്ടുള്ള ആരോട് വേണമെങ്കിലും എന്നെക്കുറിച്ച് അന്വേഷിച്ചുനോക്കൂ..ഇതിന്റെയൊക്കെ പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങളാണ്. എന്റെ പേര് ആവശ്യമില്ലാതെ വലിച്ചിഴയ്ക്കുകയാണ്. എന്റെ സുഹൃത്തുക്കളായ അവിടത്തെ ഡോക്ടർമാർ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും പ്രസാദ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP