Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുസ്ലീമിന് പശുവിനെ വളർത്താൻ പോലും ആകാത്ത വിധം ഇന്ത്യ മാറിയോ? ഫാം തുടങ്ങാനായി പശുവിനെ വാങ്ങി കൊണ്ട് പോയ അക്‌ബറിനെ തല്ലിക്കൊന്നത് പശുക്കടത്ത് ആരോപിച്ച്; അഫ്‌സൽ രക്ഷപ്പെട്ടത് ഓടി കൃഷി ഇടത്തിൽ ശ്വാസം അടക്കി പതുങ്ങിയിരുന്ന്; അൽവറിൽ നടന്നത് പശു കടത്തിന്റെ പേരിൽ ഈ വർഷം നടക്കുന്ന ഒൻപതാമത്തെ ആക്രമണം; ആൾക്കൂട്ട കൊലപാതകികളായി ഗോരക്ഷകർ മാറുമ്പോൾ വെട്ടിലാകുന്നത് പാവം കർഷകരും

മുസ്ലീമിന് പശുവിനെ വളർത്താൻ പോലും ആകാത്ത വിധം ഇന്ത്യ മാറിയോ? ഫാം തുടങ്ങാനായി പശുവിനെ വാങ്ങി കൊണ്ട് പോയ അക്‌ബറിനെ തല്ലിക്കൊന്നത് പശുക്കടത്ത് ആരോപിച്ച്; അഫ്‌സൽ രക്ഷപ്പെട്ടത് ഓടി കൃഷി ഇടത്തിൽ ശ്വാസം അടക്കി പതുങ്ങിയിരുന്ന്; അൽവറിൽ നടന്നത് പശു കടത്തിന്റെ പേരിൽ ഈ വർഷം നടക്കുന്ന ഒൻപതാമത്തെ ആക്രമണം; ആൾക്കൂട്ട കൊലപാതകികളായി ഗോരക്ഷകർ മാറുമ്പോൾ വെട്ടിലാകുന്നത് പാവം കർഷകരും

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: ലോക്‌സഭയിലെ മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഈ ചർച്ചയിൽ പ്രതിപക്ഷം സർക്കാരിനെ അടിക്കാൻ ആയുധമാക്കിയത് ആളക്കൂട്ട കൊലപാതകങ്ങളായിരുന്നു. ഗോമാതാവിന്റെ പേരിൽ നടക്കുന്ന ക്രൂരതകളെ സർക്കാർ കണ്ണുമടച്ച് പിന്തുണയ്ക്കുന്നുവെന്നായിരുന്നു ആരോപണം. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പോലും ആകാത്ത ഫാസിസം ചിലർ ചുണ്ടിക്കാട്ടി. ഇതെല്ലാം അവസാനിപ്പിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അക്രമങ്ങളെ അപലപിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും കേൾക്കേണ്ടവർ കേട്ടില്ല. അങ്ങനെ രാജ്യത്ത് വീണ്ടും പശുക്കടത്ത് ആരോപിച്ചു ആൾക്കൂട്ടക്കൊലപാതകം നടന്നു.

ഇവിടെ പശുവിനെ കൊല്ലാനായിരുന്നില്ല വാങ്ങിയത്. മറിച്ച് പശുവിനെ വളർത്താനായിരുന്നു. മുസ്ലീമാണെങ്കിൽ പശുവിനെ വളർത്താൻ പോലും സമ്മതിക്കാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്. പശുവിനെ വളർത്താനുള്ള മോഹമാണ് അക്‌ബർ ഖാന്റെ ജീവനെടുത്തത്. രാജസ്ഥാനിലെ അൽവർ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് അക്‌ബർ ഖാൻ കൊല്ലപ്പെട്ടത്. ആൾക്കൂട്ടവിധികൾ തടയാൻ പ്രത്യേക നിയമനിർമ്മാണം വേണമെന്നു സുപ്രീം കോടതി നിർദ്ദേശം വന്നു ദിവസങ്ങൾക്കകമാണു കൊല. പശുക്കടത്തിന്റെ പേരിൽ കഴിഞ്ഞ ആറുമാസത്തിനിടെ നടക്കുന്ന ഒൻപതാമത്തെ അക്രമസംഭവമാണിത്. അതുകൊണ്ട് തന്നെ രാജ്യം മുഴുവൻ പ്രതിഷേധം അലയടിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് രാജസ്ഥാൻ കടക്കുകയാണ്. അതുകൊണ്ട് ബിജെപി സർക്കാരിന് കടുത്ത വെല്ലുവിളിയായി മാറികുയാണ് ഈ സംഭവം.

ഹരിയാനയോടു ചേർന്ന അൽവറിലെ ലാലാവൻഡിക്കു സമീപം രാംഗഡിലാണ് അക്‌ബർ ഖാൻ, അസ്‌ലം എന്നിവർ ആക്രമിക്കപ്പട്ടത്. രണ്ടു പശുക്കളുമായി നടന്നുപോകുകയായിരുന്ന ഇവരെ അഞ്ചംഗസംഘം പിടികൂടി മർദിക്കുകയായിരുന്നു. അസ്‌ലം ഓടിരക്ഷപ്പെട്ടു. പൊലീസെത്തി അക്‌ബറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർ പശുക്കടത്തുകാരായിരുന്നുവെന്നതിനു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഹരിയാനയിലെ മേവാഡ് ജില്ലയിൽ ഫിറോസ്പുർ സ്വദേശിയാണ് അക്‌ബർ. രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. ഇരുവരും പശുവിനെ വളർത്താനായിരുന്നു വാങ്ങി കൊണ്ട് പോയത്.

തങ്ങളുടെ ഗ്രാമത്തിലേക്കു രണ്ടു പശുക്കളുമായി പോകുമ്പോഴാണ് അഞ്ചുപേർ ഇവരെ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചതെന്ന് ജയ്പുർ റേഞ്ച് എ.ഡി.ജി.പി. ഹേമന്ത് പ്രിയദർശി മാധ്യമങ്ങളോടു പറഞ്ഞു. വിവരമറിഞ്ഞു പൊലീസ് സംഘമെത്തുമ്പോൾ മർദനമേറ്റ അക്‌ബർ ചെളിയിൽ കിടക്കുകയായിരുന്നു. ലാഡ്പുരിൽനിന്ന് വാങ്ങിയ പശുക്കളുമായി നാട്ടിലേക്കു പോകുകയായിരുന്നുവെന്നും പശുക്കടത്തുകാരെന്നു തെറ്റിദ്ധരിച്ച് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും അക്‌ബർ പൊലീസിനു മൊഴിനൽകി. പൊലീസ് ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊലീസെത്തുമ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന ധർമേന്ദ്ര യാദവ്, പരംജീത് സിങ് സർദാർ എന്നിവരെയാണ് അറസ്റ്റുചെയ്തത്. മറ്റുപ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ഇതിനു മുമ്പും പശുക്കടത്താരോപിച്ചുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്ക് അൽവർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണു അൽവറിലെ ബെഹ്‌റൂരിൽ ക്ഷീരകർഷകനായ പെഹ്‌ലു ഖാനെ പശുക്കടത്ത് ആരോപിച്ച് അടിച്ചുകൊന്നത്. പശുഫാം നടത്തിയിരുന്ന കുടുംബത്തിനു പിന്നീട് അത് ഉപേക്ഷിക്കേണ്ടിവന്നു. ഖാന്റെ മകൻ കൂലിവേലയ്ക്കു പോയാണ് ഇപ്പോൾ എട്ടംഗ കുടുംബത്തെ പോറ്റുന്നത്. കഴിഞ്ഞവർഷം നവംബറിൽ ഉമർ ഖാനെ റെയിൽപാളത്തിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലും ഗോരക്ഷകരാണെന്നു പരാതി ഉയർന്നിരുന്നു. അതായത് മുസ്ലിംങ്ങൾ പശുവിനെ വളർത്തിയാൽ പോലും ആക്രമിക്കപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. ഇത് രാഷ്ട്രീയമായി തന്നെ രാജസ്ഥാനിൽ ചർച്ചയാകുന്നുണ്ട്.

അച്ഛൻ നഷ്ടപ്പെട്ട ഏഴ് മക്കളെയും ചേർത്തുപിടിച്ച് അക്‌ബറിന്റെ ഭാര്യ അസാമിന ചോദിക്കുന്നത് പാൽ ചുരത്തുന്ന പശുവിനെ വാങ്ങിക്കൊണ്ട് വന്നതിൽ എന്താണ് തെറ്റ് എന്നാണ്. കുടുംബത്തെ അനാഥമാക്കിയ പ്രവർത്തിയിലൂടെ ഗോരക്ഷകർ എന്താണ് നേടിയതെന്ന് അക്‌ബറിന്റെ പിതാവ് സുലൈമാനും ചോദിക്കുന്നു. വെള്ളിയാഴ്‌ച്ചയാണ് കാൺപൂരിലെ ഗ്രാമത്തിൽ നിന്ന് 60,000 രൂപയ്ക്ക് പശുവിനെ വാങ്ങി അക്‌ബറും സുഹൃത്ത് അസ്ലമും ആൽവാറിലേക്ക് വന്നത്. ഇതിനിടെ പശു ഇവരിൽ നിന്ന് രക്ഷപെടുകയായിരുന്നു. പശുവിനെ തിരഞ്ഞ് പരുത്തിപ്പാടത്തേക്ക് ഇറങ്ങിയ ഇരുവരെയും ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നു. പരിക്കുകളോടെ രക്ഷപെടാൻ അസ്ലമിന് സാധിച്ചു. എന്നാൽ, അക്‌ബറിന് ജീവൻ നഷ്ടമായി.

കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കണമെന്നാണ് അസാമിന ആവശ്യപ്പെടുന്നത്. തങ്ങളുടെ ജീവിതമാണ് അവർ ഇല്ലാതാക്കിയതെന്നും അസാമിന പറയുന്നു. ദമ്പതികളുടെ ഏഴു മക്കളിൽ മൂത്തവളായ സാഹിലയ്ക്ക് 14 വയസ് മാത്രമാണ് പ്രായം. ഏറ്റവും ഇളയവൾ അഷേറ രണ്ടു വയസ്സുകാരിയാണ്. തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് അക്‌ബറിന്റെ പിതാവ് സുലൈമാൻ പറയുന്നു. അക്‌ബറും അസ്ലമും പശു കടത്തലിൽ ഉൾപ്പെട്ടതായി നേരത്തെ കണ്ടെത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നതായാണ് വിവരം. എന്നാൽ, ഗ്രാമവാസികൾ പറയുന്നത് ഇത്തരത്തിൽ അക്രമം നടത്തുന്ന ഗോരക്ഷകർ അതേ പശുക്കളെ പിന്നീട് കടത്തിക്കൊണ്ടുപോവുകയും വിൽക്കുകയും ചെയ്യുന്നു എന്നാണ്.

സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി വസുന്ധര രാജെ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് അറിയിച്ചു. അതേസമയം, ബിജെപി ഭരിക്കുന്ന സംസ്ഥാനത്തു പശുവിന്റെ പേരിൽ നിരപരാധികളെ കൊല്ലുന്നതു നിത്യസംഭവമായെന്നു മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റും കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP