Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശശീന്ദ്രൻ ഒരു പെണ്ണുപിടിയൻ ആണെന്ന് വരുത്തി തീർക്കാൻ മംഗളം പ്രത്യേകം താൽപര്യം എടുക്കുന്നുണ്ടോ? നാടമുറിക്കൽ ചടങ്ങിൽ പെൺകുട്ടിയും മന്ത്രിയും പരസ്പരം നോക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് മംഗളം സിഇഓയും ജീവനക്കാരും; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

ശശീന്ദ്രൻ ഒരു പെണ്ണുപിടിയൻ ആണെന്ന് വരുത്തി തീർക്കാൻ മംഗളം പ്രത്യേകം താൽപര്യം എടുക്കുന്നുണ്ടോ? നാടമുറിക്കൽ ചടങ്ങിൽ പെൺകുട്ടിയും മന്ത്രിയും പരസ്പരം നോക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് മംഗളം സിഇഓയും ജീവനക്കാരും; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെ ലൈംഗിക വിവാദത്തിൽ കുടുക്കുകയും രാജിയിലേക്ക് നയിക്കുകയും ചെയ്ത വാർത്തയുടെ തുടർച്ചയായി ശശീന്ദ്രനും ഒരു പെൺകുട്ടിയും ഒരു ഉദ്ഘാടന ചടങ്ങിൽ നിൽക്കുന്ന ചിത്രം പ്രചരിപ്പിച്ച മംഗളം സിഇഒയുടേയും ജീവനക്കാരുടെയും നടപടി വിവാദമാകുന്നു. ഇതോടെ ശശീന്ദ്രനെ ഒരു പെണ്ണുപിടിയനും ആഭാസനുമായി ചിത്രീകരിക്കാൻ മനപ്പൂർവം മംഗളം പ്രചരണം നടത്തുകയാണെന്ന് ആരോപണം ഉയരുകയാണ്.

മംഗളം സിഇഓ ആർ അജിത്കുമാറാണ് പത്രപ്രവർത്തകരുടെ വാട്‌സ്ആപ് ഗ്രൂപ്പായ ഇന്നത്തെ പരിപാടി എന്ന ഗ്രൂപ്പിലേക്ക് ഈ ചിത്രങ്ങൾ അയച്ചത്. ഒരു ഉദ്ഘാടന ചടങ്ങിൽ നാടമുറിക്കാനായി കത്രികയുമായി നിൽക്കുന്ന മുന്മന്ത്രി എകെ ശശീന്ദ്രന്റേയും താലവുമായി നിൽക്കുന്ന പെൺകുട്ടിയുടേയും ചിത്രമാണ് പ്രചരിപ്പിക്കുന്നത്.

പെൺകുട്ടിയും ശശീന്ദ്രനും പരസ്പരം നോക്കുന്ന ചിത്രമാണിത്. ഇത് മംഗംളം സിഇഒ അജിത് ബോധപൂർവം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ചിത്രങ്ങൾ സന്ദേശമായി ലഭിച്ച പത്രപ്രവർത്തകരും അഭിപ്രായപ്പെടുന്നുണ്ട്. പലരും ഇക്കാര്യം ചാറ്റിലൂടെതന്നെ വ്യക്തമാക്കുകയും ചെയ്തു.

മന്ത്രി ശശീന്ദ്രന്റേതെന്ന് പറയുന്ന സ്വകാര്യ സംഭാഷണം പുറത്തുവിട്ടത് തന്നെ വലിയ വിവാദമാകുകയും അത് മാധ്യമ ധാർമ്മികതയല്ലെന്ന് വലിയ വിമർശനം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് ഒരു പെൺകുട്ടിയുടെ ചിത്രം മുഖംപോലും മറയ്ക്കാതെ പ്രചരിപ്പിക്കുന്നത്. അജിത് ചിത്രം ഷെയർ ചെയ്തതിന് പിന്നാലെ ഇത് പുറത്ത് മറ്റു ചിലരിലും എത്തി.

അതോടെ സോഷ്യൽ മീഡിയയിലും ചിത്രം പ്രചരിച്ചു. മംഗളം ചാനൽ ന്യൂസ് എഡിറ്റർ എസ് വി പ്രദീപും ഇത് ഷാർപ് ഐ എന്ന മറ്റൊരു വാട്‌സ് ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഇതോടെ പ്രദീപിന്‌ എതിരെയും അജിത്തിനെതിരെയും ചിത്രം ഷെയർ ചെയ്ത മംഗളം ചാനലിലേയും മറ്റും ജീവനക്കാർക്കെതിരെയും വൻ പ്രചരണമാണ് നടക്കുന്നത്.

മന്ത്രിയെ അധിക്ഷേപിക്കാൻ മനപ്പൂർവമാണ് ഇത്തരമൊരു ചിത്രം പുറത്തുവിട്ടതെന്നാണ് സൂചന. മന്ത്രിയെ കുടുക്കാൻ ഹണി ട്രാപ്പ് ഒരുക്കി എന്നതുൾപ്പെടെ മംഗളത്തിനെതിരെ വിമർശനം ഉയർന്നതോടെ മുഖം രക്ഷിക്കാൻ ഇത്തരമൊരു ചിത്രം പുറത്തുവിടുകയായിരുന്നു എന്നും ശശീന്ദ്രനും പെൺകുട്ടിയും മോശക്കാരാണെന്ന് വരുത്തുകയും ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും ആണ് ആരോപണം ഉയരുന്നത്.

  • മംഗളം സിഇഓ അജിത്കുമാറും ന്യൂസ് എഡിറ്റർ എസ് വി  പ്രദീപും

മന്ത്രിയെ കുടുക്കാൻ മനപ്പൂർവമാണ് ശ്രമം ഉണ്ടായതെന്നും ഗൂഢാലോചനയുണ്ടായെന്നും ആരോപണം ഉയർന്നതോടെ ഇക്കാര്യത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ചാനലിനും പ്രവർത്തകർക്കുമെതിരെ നടപടിയുണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതിനിടയിലാണ് മന്ത്രിയുടേയും പെൺകുട്ടിയുടേയും ചിത്രം പുറത്തുവിട്ട് അടുത്തൊരു വിവാദത്തിൽ കൂടി മംഗളം സിഇഓയും ചാനൽ പ്രവർത്തകരും അകപ്പെടുന്നത്.

ചാനലിന്റെ മുഖം രക്ഷിക്കാനായാണ് പ്രചരണം നടത്തുന്നതെങ്കിലും ഇത് തിരിഞ്ഞു കടിക്കുകയാണ് മംഗളത്തേയും സിഇഓ അജിത്തിനേയും. സ്‌ക്രീൻ ഷോട്ടെടുത്ത് പലരും ചിത്രം പ്രചരിപ്പിക്കുമ്പോഴും മുഖം മറച്ചാണ് നൽകുന്നത്. ശശീന്ദ്രനുമായി ബന്ധപ്പെട്ട വാർത്ത ചാനലിൽ വിചാരണ ചെയ്തത് പ്രദീപ് ആയിരുന്നു. പരാതിക്കാരി ആരെന്ന ചോദ്യത്തിന് ഇതുവരെ ചാനൽ മറുപടിയും നൽകിയിട്ടില്ല. ഒരു പരാതിക്കാരിയുമായാണ് മന്ത്രി സല്ലപിച്ചതെന്നാണ് മംഗളം ആരോപിച്ചിട്ടുള്ളത്. എന്നാൽ അവരുടെ മറ്റു വിവരങ്ങളോ ശബ്ദമോ പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടയിലാണ് ശശീന്ദ്രൻ ഒരു ഉദ്ഘാടന ചടങ്ങിൽ അടുത്തുനിൽക്കുന്ന പെൺകുട്ടിയുടെ മുഖത്തുനോക്കുന്ന ചിത്രം പ്രചരിപ്പിക്കുന്നത്.

എന്തു ധാർമികതയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു പെൺകുട്ടിയുടെ ചിത്രം ഷെയർ ചെയ്തതെന്ന ചോദ്യമുയർത്തി ശക്തമായാണ് മാധ്യമപ്രവർത്തകരിൽ പലരും അജിത്ത് ചിത്രം പ്രചരിപ്പിച്ചതിനോട് പ്രതികരിച്ചിട്ടുള്ളത്. ഇതോടെ വിഷയം വലിയ ചർച്ചയായി മാറുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ചിത്രം പ്രചരിച്ചതോടെ മംഗളത്തിനെതിരെ പൊങ്കാലയിടുകയാണ് ഫേസ്‌ബുക്കിലും മറ്റും.

ഒരു ഉദ്ഘാടന ചടങ്ങിനിടെ ഫോട്ടോഗ്രാഫർക്ക് ഇത്തരം നിരവധി മുഹൂർത്തങ്ങൾ ലഭിക്കാറുണ്ടെന്നും എന്നാൽ അത്തരത്തിൽ ലഭിച്ച ഒരു പെൺകുട്ടിയും മന്ത്രിയും മുഖത്തോടുമുഖം നോക്കുന്ന ചിത്രം ഇത്തരമൊരു സന്ദർഭത്തിൽ ദുരുപയോഗം ചെയ്തത് ന്യായീകരിക്കാനാവില്ലെന്നും പലരും കമന്റുകൾ നൽകിയിട്ടുണ്ട. ഇത്തരമൊരു ചിത്രം പ്രചരിപ്പിക്കുന്നതിന്റെ ഗുഢോദ്ദേശ്യം എല്ലാവർക്കും മനസ്സിലാകുമെന്നും ചിത്രം ഷെയർ ചെയ്ത അജിത്തും കൂട്ടരും ഇക്കാര്യം വിശദീകരിക്കണമെന്നും ഗ്രൂപ്പിലും ആവശ്യമുയർന്നുകഴിഞ്ഞു. ഇത്തരത്തിൽ ചിത്രമിട്ട് ആനന്ദം കണ്ടെത്തുന്ന ചിലരുടെ വികലമായ മനസ്സാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും വിമർശമം ഉയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP