Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാനൽ ലേഖിക കാലുവാരിയതോടെ കുഴപ്പത്തിലായത് പ്രതിചേർക്കപ്പെട്ട മംഗളം ചാനൽ ജീവനക്കാർ; വാർത്ത സത്യമാണെന്ന് കരുതി സംപ്രേഷണം ചെയ്ത അവതാരകർ അടക്കമുള്ളവർക്ക് ആശങ്ക; സിബിഐ അന്വേഷണം വരെ ആവശ്യപ്പെട്ട് എസ് വി പ്രദീപ് രംഗത്ത്; ഇരു കൂട്ടരേയും തള്ളിപ്പറയാതെ അജിത് കുമാർ; ശശീന്ദ്രൻ കേസ് തീരുമ്പോഴും മംഗളം പ്രതിസന്ധിയിൽ തന്നെ

ചാനൽ ലേഖിക കാലുവാരിയതോടെ കുഴപ്പത്തിലായത് പ്രതിചേർക്കപ്പെട്ട മംഗളം ചാനൽ ജീവനക്കാർ; വാർത്ത സത്യമാണെന്ന് കരുതി സംപ്രേഷണം ചെയ്ത അവതാരകർ അടക്കമുള്ളവർക്ക് ആശങ്ക; സിബിഐ അന്വേഷണം വരെ ആവശ്യപ്പെട്ട് എസ് വി പ്രദീപ് രംഗത്ത്; ഇരു കൂട്ടരേയും തള്ളിപ്പറയാതെ അജിത് കുമാർ; ശശീന്ദ്രൻ കേസ് തീരുമ്പോഴും മംഗളം പ്രതിസന്ധിയിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാനൽ സംപ്രേഷണം തുടങ്ങി മണിക്കൂറുകൾക്ക് അകം തന്നെ ഒരു മന്ത്രി രാജിവച്ചു. അതിഗംഭീരമായിരുന്നു മംഗളത്തിന്റെ തുടക്കം. തേൻകണിക്ക് പുതിയ ഭാഷ്യം നൽകി പെൺകെണി. പക്ഷേ ആദ്യദിവസത്തിന് ശേഷം മംഗളത്തിന് തൊട്ടതെല്ലാം പിഴച്ചു. വീട്ടമ്മയുടെ പരാതിയെന്ന് ആവർത്തിച്ച ചാനലിനെ പിണറായി സർക്കാർ പൂട്ടി. അശ്ലീലം പറഞ്ഞവർ ആരും അഴിക്കുള്ളിലായില്ല. എന്നാൽ ചാനൽ സിഇഒ അടക്കം ആറുപേർ ദിവസങ്ങളോളം സബ് ജയിലിലായി. പുറത്തിറങ്ങിയെങ്കിലും കേസും നൂലാമാലകളും വിട്ടൊഴിഞ്ഞില്ല. ശശീന്ദ്രനെതിരെ നൽകിയ പീഡന പരാതി മാത്രമായിരുന്നു ഏക പ്രതീക്ഷ. ഒടുവിൽ അത് ചാനൽ ലേഖിക തന്നെ പിൻവലിച്ചു. ഇതോടെ ശശീന്ദ്രൻ കുറ്റവിമുക്തനായി. മന്ത്രിസഭയിൽ തിരിച്ചെത്താൻ ചർച്ചകളും നടക്കുന്നു. അപ്പോഴും മംഗളം പ്രതിസന്ധിയിലാണ്.

ലേഖിക പരാതിയിൽ നിന്ന് പിൻവലിഞ്ഞതോടെ കേസിൽ പ്രതിചേർക്കപ്പെട്ട മംഗളത്തിലെ ജീവനക്കാരെല്ലാം വലിയ പ്രതിസന്ധിയിലായി. ശശീന്ദ്രന്റേത് എന്ന അവകാശവാദവുമായി അശ്ലീല ശബ്ദം ചാനൽ പുറത്തു വിട്ടിരുന്നു. ചാനൽ ലേഖികയുമായുള്ള സംഭാഷണമെന്നായിരുന്നു അവസാനം ചാനൽ ഇതിന് നൽകിയ വിശദീകരണം. ശബ്ദം എഡിറ്റ് ചെയ്താണ് നൽകിയത്. ഇതിന്റെ ഒർജിനൽ നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ലേഖിക ചുവടു മാറിയത് ചാനലിലെ ജീവനക്കാർക്ക് തിരിച്ചടിയാണ്. ശശീന്ദ്രനെ കുടുക്കാൻ ബോധപൂർവ്വം നടത്തിയ കള്ളക്കളിയായി ഇതിനെ വ്യാഖ്യാനിക്കും. പ്രതികൾക്ക് ശിക്ഷയും ഉറപ്പ്. ചാനൽ സിഇഒയായ ആർ അജിത് കുമാറാണ് കേസിലെ പ്രധാന പ്രതി. ഇദ്ദേഹമാണ് ഈ വിഷയത്തിൽ നിലപാട് എടുക്കേണ്ടത്. അജിത് കുമാർ ഒന്നും മിണ്ടുന്നില്ലെന്നതും ജീവനക്കാരെ അസ്വസ്ഥരാക്കുന്നു.

ശശീന്ദ്രന് അനുകൂലമായി കോടതിയിൽ മൊഴി നൽകിയ ചാനൽ ലേഖികയെ തള്ളിപ്പറയാൻ അജിത് കുമാർ തയ്യാറാകുന്നില്ല. മറ്റ് വിഷയങ്ങളിലും പ്രതികരണമില്ല. ഈ സാഹചര്യത്തിൽ സ്വന്തം വഴിക്ക് നീങ്ങാനാണ് കേസിൽ പ്രതിചേർക്കപ്പെട്ട മറ്റ് മാധ്യമ പ്രവർത്തകരുടെ നീക്കം. സീനിയർ ന്യൂസ് എഡിറ്ററായ എസ് വി പ്രദീപിന്റെ നേതൃത്വത്തിൽ മറ്റ് നിയമവഴികൾ തേടുന്നുണ്ട്. സംപ്രേഷണം ചെയ്തത് ശശീന്ദ്രന്റെ ശബ്ദമാണെന്ന് ഏർക്കും അറിയാം. ഈ സാഹചര്യത്തിൽ ശബ്ദം ശശീന്ദ്രന്റേതാണെന്ന ശാസ്ത്രീയ പരീക്ഷണമാണ് ഏകവഴി. ഇതിനായി ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. ശശീന്ദ്രൻ മന്ത്രിയാകുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തിൽ മംഗളത്തിലെ കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പ്രദീപിന്റേയും കൂട്ടരുടേയും ആവശ്യം. ഇതിനോട് മംഗളം മാനേജ്‌മെന്റ് ഇതുവരെ നിലപാട് എടുത്തിട്ടില്ല.

ഇതു സംബന്ധിച്ച് പ്രദീപ് ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് മംഗളത്തിന് തലവേദനയാണ്. ഫോൺ കെണിയിൽ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടപ്പെട്ട വ്യക്തി ആണ് അങ്ങ്. അങ്ങേയ്‌ക്കെതിരെ തിരുവനന്തപുരം സി ജെ എം കോടതിയിൽ സ്ത്രീ പീഡനത്തിൽ നിലനിന്ന കേസ് പരാതിക്കാരി ഒത്തുതീർപ്പാക്കിയതിനെ തുടർന്ന് അങ്ങ് കറ്റവിമുക്തനാക്കപ്പട്ടു. 'പരാതിക്കാരി'യുടെ പുതിയ നിലപാട് പ്രകാരം അങ്ങേയ്‌ക്കെതിരായ വാർത്ത 'കള്ള വാർത്ത' ആണ് എന്നെ അന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത് പ്രകാരം ഞാൻ അവതരിപ്പിച്ചത് 100% സത്യസന്ധമായ വാർത്ത. എന്നാൽ പുതിയ സാഹചര്യത്തിൽ അത് 'കള്ള വാർത്ത' ആയി മാറിയിരിക്കുന്നു. ഇനി അങ്ങ് മന്ത്രി ആകുമായിരിക്കും. അങ്ങ് മന്ത്രി ആകണമെന്ന് ഞാനും അതിയായി ആഗ്രഹിക്കുന്നു കാരണം ഒരു മന്ത്രിക്ക് നീതി ലഭ്യമാക്കാൻ വളരെ വളരെ എളുപ്പമാണ്.-ഇങ്ങനെയാണ് പ്രദീപിന്റെ പോസ്റ്റ് തുടങ്ങുന്നത്.

സത്യസന്ധമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച വാർത്ത അവതരിപ്പിച്ച ഞാൻ കേസിൽ പ്രതി ആക്കപ്പെട്ടു. അങ്ങേയ്ക്കും കുടുബത്തിനും എന്ന പോലെ എനിക്കും കൂടുംബത്തിനും ഒരുപാട് കഷ്ട നഷ്ടങ്ങൾ ഉണ്ടായി. നീതികേട് ഉണ്ടായി.. പരാതിക്കാരി പരാതി പിൻവലിച്ച് പോകുമ്പോൾ ചരിത്രത്തിൽ 'കള്ള വാർത്ത'യുടെ പേറ്റന്റ് ചുമക്കുന്നത് ശരിയാണോ സർ?? യഥാർത്ഥ ഉത്തരവാദികൾ പുറത്തുവരട്ടെ സർ. അതിന് അങ്ങ് അങ്ങയാൽ കഴിയുന്ന എന്ത് നടപടി സ്വീകരിക്കും? വളരെ ഏറെ കാര്യങ്ങൾ നേരിട്ട് അറിയാവുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് ഇന്ന് പലയിടത്തു നിന്നും ജീവന് ഭീഷണി ഉണ്ട്, മന്ത്രി ആകുന്ന അങ്ങ് എനിക്ക് വേണ്ടത്ര സുരക്ഷ ഒരുക്കുമോ?-ഇങ്ങനെയാണ് പ്രദീപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ജീവനക്കാരുടെ പ്രതിഷേധമാണ് ഇതിൽ നിഴലിക്കുന്നത്. ഇത് മംഗളത്തെ പ്രതിസന്ധിയിലെത്തിക്കുകയാണ്.

മാസങ്ങൾക്ക് മുമ്പ് ശമ്പളം മുടങ്ങിയതുമായി ബന്ധപ്പെട്ട് മംഗളത്തിലെ ജീവനക്കാർ സമരം നടത്തിയിരുന്നു. ഇത് വാർത്താ സംപ്രേഷണത്തെ പോലും ബാധിച്ചു. സിഒഒ ആയിരുന്ന സുനിതാ ദേവദാസിന്റെ രാജിയിലേക്കും കാര്യങ്ങളെത്തിച്ചു. ഇതിന് പിന്നാലെയാണ് പുതിയ പ്രതിസന്ധിയും ചാനലിനെ തേടിയെത്തുന്നത്. ഫോൺ കെണി കേസിൽ, ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടും മംഗളത്തിന് എതിരാണ്. കമ്മീഷൻ റിപ്പോർട്ടിൽ 16 ശുപാർശകളാണുള്ളത്. ഇവ പരിശോധിച്ച് ആവശ്യമായ നടപടിക്ക് മന്ത്രിസഭായോഗം തീരുമാനിച്ചു.മംഗളം ചാനലിന്റെ ലൈസൻസ് റദ്ദാക്കുക, ചാനൽ സി ഇ ഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യുക,ഫോൺ സംഭാഷണം സംപ്രേഷണം ചെയ്തതിന്റെ രാഷ്ട്രീയ മാനങ്ങൾ അന്വേഷിക്കുക തുടങ്ങിയവയാണ് പ്രധാന ശുപാർശകൾ.

ഫോൺകെണിയുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ് സംപ്രേഷണം ചെയ്ത മംഗളം ടെലിവിഷൻ ചാനലിന്റെ ലൈസൻസ് റദ്ദാക്കുന്നതിന് കേന്ദ്ര ഇൻഫൊർമേഷൻ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് ശുപാർശ ചെയ്യണം. റിപ്പോർട്ടിന്റെ പകർപ്പ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് നൽകണം. വോയ്‌സ് ക്ലിപ്പിങ് സംപ്രേഷണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗൂഢാലോചനയിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകണം. മംഗളം ചാനൽ സിഒഒ ആർ.അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചതായും റിപ്പോർട്ടിലെ ശുപാർശകളിൽ തുടർനടപടിയെടുക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ശശീന്ദ്രന് അനുകൂലമായി ചാനൽ ലേഖിക നിലപാട് മാറ്റിയത് ചാനലിന് വലിയ പ്രതിസന്ധിയാണ്.

ചാനലിന്റെ ലോഞ്ചിങ് ദിവസം റേറ്റിങ് കൂട്ടാനുള്ള ഗൂഢാലോചനയാണ് ശബ്ദശകലം സംപ്രേഷണം ചെയ്തതിന് പിന്നിലെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. ശബ്ദശകലം മന്ത്രിയുടേതാണെന്ന് തെളിഞ്ഞിട്ടില്ല. ചാനലിനതിരെ ഐടി ആക്റ്റ് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും നടപടിയടുക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു.ഐടി ആക്ടിലെ സെക്ഷൻ 67 എ, 84ബി, 85 പ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120ബി,201,294,463,464,469,470,471 പ്രകാരവും കേസെടുക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP