Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറസ്റ്റ് ചെയ്തത് അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഐടി നിയമം ഉപയോഗിച്ച്; ക്രിമിനൽ ഗൂഢാലോചനാ കേസിൽ അറസ്റ്റിന് വകുപ്പില്ല; സിഇഒ അജിത് കുമാറിന്റേതൊഴികെ നാല് മാധ്യമ പ്രവർത്തകരുടേയും അറസ്റ്റ് നിയമവിരുദ്ധം; ആപത്തിൽ സഹായിക്കേണ്ട മാധ്യമ പ്രവർത്തകർ ആഹ്ലാദത്തിൽ; ചാനൽ ഉടമയെ അറസ്റ്റ് ചെയ്യാൻ പൊലീസ് കോട്ടയത്തേക്ക് പോയേക്കും

അറസ്റ്റ് ചെയ്തത് അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഐടി നിയമം ഉപയോഗിച്ച്; ക്രിമിനൽ ഗൂഢാലോചനാ കേസിൽ അറസ്റ്റിന് വകുപ്പില്ല; സിഇഒ അജിത് കുമാറിന്റേതൊഴികെ നാല് മാധ്യമ പ്രവർത്തകരുടേയും അറസ്റ്റ് നിയമവിരുദ്ധം; ആപത്തിൽ സഹായിക്കേണ്ട മാധ്യമ പ്രവർത്തകർ ആഹ്ലാദത്തിൽ; ചാനൽ ഉടമയെ അറസ്റ്റ് ചെയ്യാൻ പൊലീസ് കോട്ടയത്തേക്ക് പോയേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മംഗളം ടിവിയിലെ ഫിറോസ് സാലി മുഹമ്മദിനെ എന്തിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്? ആർക്കും ഉത്തരമില്ലാത്ത ചോദ്യം. പഞ്ചാരക്കെണിയുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണത്തിന്റെ ഗൂഢാലോചനയിൽ ഈ മാധ്യമ പ്രവർത്തകന് ഒരു പങ്കുമില്ല. എന്നിട്ടും ഫിറോസിനെ അറസ്റ്റ് ചെയ്തു. വാർത്ത വായിച്ച ലക്ഷ്മി മോഹനനും കേസിൽ പ്രതി. ഇത് ചോദ്യം ചെയ്യാൻ പോലും കേരളത്തിലെ പത്രസമൂഹം തയ്യാറല്ല. അതുകൊണ്ട് മാത്രമാണ് നിയമവിരുദ്ധമാണെന്ന് ഉറപ്പായിട്ടും മംഗളം ടിവിയിലെ നാല് ജേർണലിസ്റ്റുകളെ പൊലീസ് പഞ്ചാരക്കെണി വിവാദത്തിൽ അറസ്റ്റ് ചെയ്തത്. മംഗളം റിപ്പോർട്ടർ ജയചന്ദ്രൻ, എംബി സന്തോഷ്, എസ് വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ് എന്നിവരുടെ അറസ്റ്റ് തീർത്തും നിയമ വിരുദ്ധമാണ്. എന്നാൽ ബാക്കി മൂന്ന് പേരെ കൂടി ജയിലിലടച്ചാലേ ജയചന്ദ്രനെ അകത്തിടാൻ കഴിയൂ. ഈ തന്ത്രത്തിന്റെ ഭാഗമായാണ് അജിത് കുമാറിനൊപ്പം ഇവരേയും റിമാൻഡ് ചെയ്യിക്കാൻ പൊലീസ് തീരുമാനിച്ചത്.

പഞ്ചാരക്കെണിയിൽ മംഗളം നടത്തിയത് അവിശുദ്ധ നീക്കമായിരുന്നു. എന്നാൽ പൊതു പ്രവർത്തകനും മന്ത്രിയുമായി എ കെ ശശീന്ദ്രന്റെ സ്ത്രീ വിഷയത്തിലെ താൽപ്പര്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള നീക്കമാണ് നടത്തിയത്. ഇതിന് പിന്നിൽ മന്ത്രിയുടെ മാനഹാനിയെന്ന പ്രശ്‌നമില്ലെന്നും പൊതു താൽപ്പര്യം മാത്രമേ ഉള്ളൂവെന്നുമാണ് പൊതു വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഈ കേസിൽ ഗൂഢാലോചനാ വാദം നിലനിൽക്കില്ല. മംഗളം ചാനലിന്റെ പ്രവർത്തകരായ 1 മുതൽ 8 വരെ പ്രതികളും 9-ാം പ്രതിയും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി ചാനലിന്റെ മാർക്കറ്റിങ്ങിന് വേണ്ടിയും അതിലൂടെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നഎ കെ ശശീന്ദ്രന് മാനഹാനി വരുത്തണമെന്നു ഉദ്ദേശത്തോടും കരുതലോടും കൂടി ടി മംഗളം ടെലിവിഷൻ ചാനലിലൂടെ 26-03-2017 പകൽ 11 .00നും 11.30നും ഇടയ്ക്കുള്ള സമയം ലൈംഗിക ചുവയുള്ള അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തും അന്നേ ദിവസം 5.46നു മംഗളം ടെലിവിഷൻ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ പബ്ലിഷ് ചെയ്തും പൊതുജനങ്ങൾ കാണുന്നതിനും ഷെയർ ചെയ്യുന്നതിനും ഇടയാക്കിയിരിക്കുന്നു എന്നുള്ളതാണ് എഫ് ഐ ആർ.

ഇതു പ്രകാരം ഗൂഢാലോചനവാദം നിലനിൽക്കില്ല. എന്നാൽ ലൈംഗിക ചുവയുള്ള അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തുവെന്നത് ജാമ്യമില്ലാ കുറ്റമാണ്. ഐടി ആക്ട പ്രകാരം തടവിലാക്കുകയും ചെയ്യാം. എന്നാൽ ഐടി ആക്ടിലെ 67 എ അനുസരിച്ച് ലൈംഗികമായ എന്തെങ്കിലും ഒരു ഇലക്ട്രോണിക് മാധ്യമത്തിലൂടെ സംപ്രേഷണം ചെയ്താൽ അഞ്ചു വർഷം വരെ തടവ് കിട്ടും. ശശീന്ദ്രനുമായുള്ള സംഭാഷണം തികഞ്ഞ അശ്ലീലം ആയിരുന്നതിനാൽ ഈ വകുപ്പ് ചാർജ്ജ് ചെയ്യുന്നതിന് പൊലീസിനെ കുറ്റം പറയാൻ സാധിക്കില്ല. എന്നാൽ ആർക്കെതിരെയാണ് ഇതു ചാർജ് ചെയ്യാൻ പറ്റുന്നത്. ചാനലിന്റെ സംപ്രേഷണത്തിന് ഉത്തരവാദിത്വമുള്ളവർക്കെതിരെ മാത്രമാണ് ഇതു സാധിക്കുന്നത്. ഉടമ എന്ന നിലയിൽ സാജൻ വർഗ്ഗീസിനെതിരെയും സംപ്രേഷണത്തിന്റെ ഉത്തരവാദിത്വം ഉള്ളയാൾ എന്ന നിലയിൽ അജിത് കുമാറിനെതിരെയും മാത്രം ചാർജ്ജ് ചെയ്യുന്ന വകുപ്പാണ് വാർത്ത വായിച്ചവരടക്കമുള്ള ഒൻപത് പേർക്കെതിരെ ചാർജ്ജ് ചെയ്തിരിക്കുന്നത്.

ഐപിസി 120 (ബി) എന്നത് കുറ്റകരമായ ഗൂഢാലോചന എന്ന കുറ്റമാണ്. ഏതെങ്കിലും ഒരു കുറ്റകൃത്യം ചെയ്യാൻ വേണ്ടി രണ്ടോ അതിലധികമോ പേരോ ഗൂഢോലോചന നടത്തുന്നതിനെയാണ് ഈ വകുപ്പിൽ പെടുത്തുന്നത്. ഇവിടെ പ്രധാനപ്പെട്ട കാര്യം ഒരു കുറ്റം ചെയ്യാൻ വേണ്ടി ഗൂഢോലോചന നടത്തി എന്നതാണ്. എഫ്ഐആറിൽ തന്നെ പറയുന്നുണ്ട് ഇവരിത് സംപ്രേഷണം ചെയ്തത് മാധ്യമത്തിന്റെ മാർക്കറ്റിങ്ങിനു വേണ്ടിയാണ് എന്ന്. ആ പിശക് തിരുത്താൻ വേണ്ടി പിന്നീട് പറയുന്നത് മന്ത്രിക്ക് മാനഹാനിയുണ്ടാക്കാൻ വേണ്ടി ഗൂഢാലോചന നടത്തി എന്നാണ്. മാനഹാനി എന്നത് സിവിലും ക്രിമിനലുമായ കുറ്റം ആണെങ്കിലും പൊലീസിന് നേരിട്ട് കേസ് എടുക്കാനാവില്ല. ഒരു പരാതി കിട്ടിയാൽ പോലും കേസ് എടുക്കാൻ അവകാശം ഇല്ല. മാനഹാനി വന്നവനാണ് സിവിൽ ആയി വേണമോ, ക്രിമിനലായി വേണമോ എന്നു തീരുമാനിച്ച് കോടതിയെ സമീപിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇവിടെ പൊലീസിന് ഇടപെടാൻ ഒരു അധികാരവും ഇല്ല. എന്നു മാത്രമല്ല ഇവിടെ ഒരു പരാതിക്കാരനേയില്ല.മാനഹാനി എന്നത് സിവിലും ക്രിമിനലുമായ കുറ്റം ആണെങ്കിലും പൊലീസിന് നേരിട്ട് കേസ് എടുക്കാനാവില്ല. ഒരു പരാതി കിട്ടിയാൽ പോലും കേസ് എടുക്കാൻ അവകാശം ഇല്ല.

ഗൂഢാലോചനാ വാദം നിലനിൽക്കാത്തതിനാൽ ഐടി വകുപ്പ് പ്രകാരമാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് പ്രകാരം സാജൻ വർഗ്ഗീസിനെ അറസ്റ്റ് ചെയ്തിട്ടുമില്ല. പൊലീസ് ആസ്ഥാനത്ത് എത്താത്തതാണ് ഇതിന് കാരണം. ഈ പ്രത്യേക സാഹചര്യത്തിൽ സാജൻ വർഗ്ഗീസിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് കോട്ടയത്തേക്ക് പോകും. അതിനിടെ സാജൻ വർഗീസിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ ചാനൽ ഉടമകളുടെ സംഘടന സജീവമായി ഇടപെടുന്നുണ്ട്. എന്നാൽ ഈ ഇടപെടൽ പോലും കേരളാ പത്രപ്രവർത്തക യൂണിയനോ മുതിർന്ന മാധ്യമ പ്രവർത്തകരോ ചെയ്തില്ല. മറിച്ച് എല്ലാവരും അജിത്തിനേയും ജയചന്ദ്രനേയും ജയിലിലടച്ചതിന്റെ ആഹ്ലാദം പങ്കുവയ്ക്കുകയായിരുന്നു. തിരുവനന്തപുരത്തെ മാധ്യമ ലോകത്ത് അജിത് കുമാറിന് ഇനി സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് കരുതുന്നവരുമുണ്ട്. പ്രസ് ക്ലബ്ബിന്റേയും പത്രപ്രവർത്തക യൂണിയനിലേയും തെരഞ്ഞെടുപ്പിൽ നിർണ്ണായകമായിരുന്നു എന്നും അജിത്ത് കുമാറിന്റെ നിലപാട്. രണ്ടിടത്തും തെരഞ്ഞെടുപ്പിൽ ജയം ആഗ്രഹിക്കുന്ന ലോബിയും ഇതിന് പിന്നിൽ പ്രവർത്തിച്ചുവെന്നാണ് സൂചന.

മാധ്യമ പ്രവർത്തകരെ ചോദ്യം ചെയ്ത് വിട്ടയയ്ക്കാൻ പൊലീസ് തയ്യാറായിരുന്നു. എന്നാൽ അറസ്റ്റ് കൂടിയേ തീരുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള മാധ്യമ പ്രവർത്തകർ തീരുമാനിക്കുകയും അത് നടപ്പാക്കുയുമായിരുന്നു. ഇവർക്ക് പത്രപ്രവർത്തക യൂണിയനിലും നല്ല സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ ആരും അറസ്റ്റിനെതിരെ പ്രതിഷേധിക്കാൻ പോലും തയ്യാറായില്ല. ഇതോടെ വാർത്തകളുടെ പേരിൽ ആരേയും പൊലീസ് അറസ്റ്റ് ചെയ്യുമെന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇത് ആദ്യമായാണ് മാധ്യമ സ്ഥാപനത്തിനെതിരെയുള്ള പൊലീസ് നീക്കത്തിൽ പത്രപ്രവർത്തക യൂണിയൻ തികഞ്ഞ നിസംഗത പ്രകടിപ്പിക്കുന്നത്. യൂണിയൻ പ്രതികരിച്ചിരുന്നുവെങ്കിൽ അജിത്ത് ഒഴികെയുള്ള മാധ്യമ പ്രവർത്തകർക്കെങ്കിലും അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ കഴിയുമായിരുന്നു.

അധാർമ്മികമായ ഒരു പ്രവർത്തിക്കെതിരെ ശബ്ദം ഉയർത്തുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഒരു മാധ്യമത്തിനെതിരെ നിയമവിരുദ്ധമായ പ്രവർത്തി നടത്താൻ ഭരണകൂടങ്ങൾ ശ്രമിക്കുമ്പോൾ എതിർക്കേണ്ടതും. വാർത്ത വായിക്കുന്നവർക്കെതിരെയൊക്കെ കേസ് എടുക്കാൻ തുടങ്ങിയാൽ എങ്ങനെയാണ് സ്വതന്ത്രമായ മാധ്യമപ്രവർത്തനം സാധ്യമാകുന്നത്? വാർത്ത വായിക്കാൻ ഇരിക്കുമ്പോൾ പ്രോംപ്റ്ററിൽ തെളിയുന്നതുവരെ ഏതു വാർത്തയാണ് വായിക്കുന്നത് എന്നു പോലും അവതാരകർക്ക് അറിയില്ല എന്നതു പോലും പത്രപ്രവർത്തക യൂണിയൻ സംസാരിക്കുന്നില്ല. ഇപ്പോൾ കുറ്റകരമായ മൗനം പാലിച്ചാൽ നാളെ പൊലീസ് കേരളത്തിലെ ഓരോ പത്രഓഫീസുകളിലും ചാനൽഓഫീസുകളിലും കയറി നിരന്തരം മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കും. അതൊഴിവാക്കാൻ നിയമവിരുദ്ധമായ പൊലീസ് നടപടിക്കെതിരെ കേരളത്തിലെ പത്രസമൂഹം ഒരുമിച്ചുനിന്നു പോരാടേണ്ടതായിരുന്നുവെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ ഇതിന് നേതൃത്വം ഏറ്റെടുക്കാൻ ആരും തയ്യാറല്ല.

മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് പോലും ചെറിയ പ്രതിഷേധമെങ്കിലും ഉണ്ടാകുമെന്ന് കരുതി. അതുകൊണ്ട് തന്നെ രാത്രിയിലും വലിയൊരു സംഘം പൊലീസ് പ്രവർത്തകർ ഡിജിപി ഓഫീസിന് മുമ്പിൽ നിലയുറപ്പിച്ചു. എന്നിട്ടും ചെറിയൊരു പ്രതിഷേധവുമായി പോലും ആരും എത്തിയില്ല. ശശീന്ദ്രന്റെയോ ശശീന്ദ്രന്റെ സ്വഭാവദൂഷ്യത്തിനിരയായ യുവതിയുടെയോ മൊഴി രേഖപ്പെടുത്താതെ നേരത്തേ തയാറാക്കിയ തിരക്കഥപ്രകാരമായിരുന്നു പകവീട്ടലെന്ന് മംഗളം ആരോപിക്കുന്നു. കേസിൽ മൊഴി നൽകാനെത്തിയ മംഗളം ടെലിവിഷൻ എം.ഡി: ആർ. അജിത്കുമാർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെയാണ് ഉന്നതതലസമ്മർദത്തേത്തുടർന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കോ ഓർഡിനേറ്റിങ് എഡിറ്റർ എം.ബി. സന്തോഷ്, ന്യൂസ് എഡിറ്റർമാരായ ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ്, ചീഫ് റിപ്പോർട്ടർ ആർ. ജയചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

മംഗളം ടെലിവിഷന്റെ ബിഗ് ബ്രേക്കിങ് വാർത്തയിൽ വിറളിപൂണ്ട് അപകീർത്തിപ്രചാരണം നടത്തിയ മറ്റു മാധ്യമങ്ങളും ഗൂഢാലോചനയുടെ ഭാഗമായി. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം പോലും മറികടന്നായിരുന്നു പൊലീസ് നീക്കമെന്നാണ് മംഗളം പറയുന്നു. മംഗളം ചാനലിനെ തകർക്കാൻ ലക്ഷ്യമിട്ട മാധ്യമ സിൻഡിക്കേറ്റും ഇതിനു കൂട്ടുനിന്നുവെന്നും മംഗളം ആരോപിക്കുന്നു. എ.കെ. ശശീന്ദ്രൻ തരംതാണ ഭാഷയിൽ ഒരു സ്ത്രീയോട് സംസാരിക്കുന്ന ശബ്ദരേഖ മംഗളം ടെലിവിഷൻ കഴിഞ്ഞ 26-നു പുറത്തുവിട്ടിരുന്നു.

അറസ്റ്റ് വിഷയത്തിൽ മംഗളത്തിന്റെ വിശദീകരണം ഇങ്ങനെ

സ്ത്രീകൾ ഏറ്റവും കൂടുതൽ അരക്ഷിതരും പീഡിതരുമാകുന്ന സന്ദർഭത്തിൽ സംസ്ഥാനം ഭരിക്കുന്ന മന്ത്രി ഒരു സ്ത്രീയോട് എങ്ങനെ പെരുമാറുന്നുവെന്നതിന്റെ നേർസാക്ഷ്യമായിരുന്നു അത്. ഒരു ഭരണാധികാരി എങ്ങനെ പെരുമാറിക്കൂടാ എന്നതിന്റെ ഉദാഹരണവും. എന്തുവേണമെങ്കിലും ചെയ്തുതരാമെന്നു പറയുന്ന മന്ത്രി ചെയ്തതു സത്യപ്രതിജ്ഞാലംഘനമാണെന്ന് ബോധ്യപ്പെട്ടിട്ടും മറ്റു മാധ്യമങ്ങൾ അതു ചർച്ചയാക്കിയില്ല. പകരം, മംഗളത്തെ കുരിശിലേറ്റാനാണു ശ്രമിച്ചത്. എന്നാൽ, നടന്നതെന്തെന്ന് ബോധ്യമുള്ള മന്ത്രി രാജിവച്ചു. പിന്നിടുണ്ടായത് മാധ്യമ സിൻഡിക്കേറ്റിന്റെ ഏറ്റവും വലിയ ഗൂഢാലോചനയായിരുന്നു.

തങ്ങളേക്കാൾ ഉയരെ മംഗളം എത്തുമെന്ന് ബോധ്യപ്പെട്ട മറ്റു ചാനലുകൾ എതിർപ്രചാരണം ഏറ്റെടുത്തു. മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ തന്നോട് മോശമായി പെരുമാറിയെന്ന് കാട്ടി മാധ്യമപ്രവർത്തക ഡി.ജി.പിക്കു നൽകിയ പരാതിപോലും ഉന്നതർ ഇടപെട്ട് മുക്കി. ഈ കേസിൽ ഏറ്റവും കൂടുതൽ കുറ്റാരോപിതനായ എ.കെ.ശശീന്ദ്രന്റെ മൊഴി പോലും രേഖപ്പെടുത്താൻ പൊലീസ് തയാറായില്ല. ശശീന്ദ്രനുമായി സംസാരിച്ച യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയില്ല. മൊഴി നൽകാൻ ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദ്ദേശം അനുസരിച്ച മംഗളത്തിന്റെ മാധ്യമ പ്രവർത്തകരെ ആസൂത്രിതമായി കുടുക്കാനാണു പൊലീസ് ശ്രമിച്ചത്.

വാർത്ത പുറത്തുവിട്ടപശ്ചാത്തലത്തിൽ ഉണ്ടായ വിവാദങ്ങളെത്തുടർന്ന് തെളിവെടുപ്പിനായി അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരായപ്പോഴാണു മംഗളം സിഇഒ: ആർ. അജിത്കുമാർ ഉൾപ്പെടെ അഞ്ചു മാധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒൻപതുപേരാണ് അന്വേഷണസംഘത്തിനു മുന്നിൽ തെളിവെടുപ്പിനായി ഹാജരായത്. ചോദ്യം ചെയ്തശേഷം നാലുപേരെ വിട്ടയച്ചു. ചാനൽ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ മന്ത്രിയുടെ സ്ത്രീവിരുദ്ധ ചെയ്തികളും സ്വഭാവദൂഷ്യങ്ങളും ഉൾപ്പടെ പുറത്തുവന്നിരുന്നെങ്കിലും അതൊന്നു പരിഗണിക്കാതെ, മാധ്യമപ്രവർത്തകർക്കെതിരേ മാത്രം പൊലീസ് നടപടിയെടുക്കുകയായിരുന്നു.

ഇതിനു മുമ്പു ദൃശ്യമാധ്യമങ്ങൾ നടത്തിയ പല സ്റ്റിങ് ഓപ്പറേഷനുകളും മാധ്യമസ്വാതന്ത്ര്യമായി അംഗീകരിച്ച ഇടതുമുന്നണിതന്നെയാണ് ഇപ്പോൾ മാധ്യമപ്രവർത്തരുടെ അറസ്റ്റിനു നേതൃത്വം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP