Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറസ്റ്റ് ചെയ്ത് തടവിലാക്കേണ്ട മംഗളം ഉടമയെ ചോദ്യം ചെയ്ത് വിട്ടയിച്ചു; വാർത്ത വായിച്ചതിനും അവതരിപ്പിച്ചതിനും റിമാൻഡ് ചെയ്തത് പത്രപ്രവർത്തകരെ: വാദിക്കാൻ അഭിഭാഷകർ എത്തിയതുമില്ല; മാധ്യമ പ്രവർത്തകർ തമ്മിൽ തല്ലി സ്വയം കുഴിയിൽ ചാടിയത് ഇങ്ങനെ

അറസ്റ്റ് ചെയ്ത് തടവിലാക്കേണ്ട മംഗളം ഉടമയെ ചോദ്യം ചെയ്ത് വിട്ടയിച്ചു; വാർത്ത വായിച്ചതിനും അവതരിപ്പിച്ചതിനും റിമാൻഡ് ചെയ്തത് പത്രപ്രവർത്തകരെ: വാദിക്കാൻ അഭിഭാഷകർ എത്തിയതുമില്ല; മാധ്യമ പ്രവർത്തകർ തമ്മിൽ തല്ലി സ്വയം കുഴിയിൽ ചാടിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്മന്ത്രി എ.കെ. ശശീന്ദ്രനെ ഫോൺവിളിച്ച് കുടുക്കിയ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത അഞ്ചുപേരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെല്ലാം മാധ്യമ പ്രവർത്തകരാണ്. കേസിൽ ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ അശ്ലീല സംഭാഷണം പ്രക്ഷേപണം ചെയ്ത കുറ്റം മാത്രമേ നിലനിൽക്കൂ. ഐടി ആക്ട് പ്രകാരമാണ് ഇവരെയെല്ലാം പൊലീസ് റിമാൻഡ് ചെയ്യിപ്പിച്ചതും. ഈ വകുപ്പ് പ്രകാരം രണ്ട് പേർക്കെതിരെ മാത്രമേ കേസ് നിലനിൽക്കൂ. ചാനൽ മുതലാളിയായ സാജൻ വർഗ്ഗീസിനെതിരേയും മംഗളം ചാനൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ. അജിത് കുമാറിനെതിരേയും.

ഇതിൽ അജിത് കുമാറിനെ റിമാൻഡ് ചെയ്തു. മാധ്യമ പ്രവർത്തനത്തിലൂടെ മംഗളത്തിന്റെ എല്ലാമെല്ലാമായ അജിത് കുമാറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. അജിത് കുമാറിന് പുറമേ സ്റ്റിങ് ഓപ്പറേഷന് നേതൃത്വം നൽകിയ ആർ. ജയചന്ദ്രൻ (എസ്. നാരായണൻ), കോ-ഓർഡിനേറ്റിങ് എഡിറ്റർ എം.ബി. സന്തോഷ്, ന്യൂസ് എഡിറ്റർമാരായ എസ്.വി. പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, എന്നിവരെയാണ് ബുധനാഴ്ച രാത്രി റിമാൻഡ് ചെയ്തത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മൂന്നിന്റെ വസതിയിലാണ് പ്രതികളെ ഹാജരാക്കിയത്. ഇവർക്ക് വേണ്ടി ഹാജരാകാൻ തിരുവനന്തപുരത്തെ അഭിഭാഷകർ ആരും തയ്യാറായതുമില്ല.

മംഗളത്തിൽ പൊലീസ് നടപടി തുടങ്ങിയപ്പോൾ മാധ്യമ പ്രവർത്തകർ രണ്ടു പക്ഷത്തായി. ഇത് തന്നെയാണ് അഞ്ചു പേരുടെ റിമാൻഡിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാൽ മംഗളം ഉടമയെ പിടികൂടാനാകില്ലെന്ന് നിലപാട് ചാനൽ ഉടമകൾ എടുത്തു. മാധ്യമ മുതലാളിമാർ എല്ലാം ഒത്തു നിന്നപ്പോൾ സാജൻ വർഗ്ഗീസ് രക്ഷപ്പെട്ടു. മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോൾ ഒരു ചെറിയ പ്രതിഷേധ പ്രകടനം പോലും സംഘടിപ്പിക്കാൻ പത്രപ്രവർത്തക യൂണിയൻ തയ്യാറായില്ല. ഇത് തന്നെയാണ് മാധ്യമ പ്രവർത്തകരുടെ ജയിൽ വാസത്തിന് അവസരമൊരുക്കിയത്. മംഗളം' ന്യൂസ് ചാനലിനെതിരായ ഹണി ട്രാപ് കേസിൽ നിരപരാധികളായ ജേണലിസ്റ്റുകളെയും പ്രതിചേർത്ത് ദ്രോഹിക്കാനുള്ള പൊലീസിന്റെ അമിതാവേശം സർക്കാറിന്റെ പ്രതിച്ഛായക്കുതന്നെ കളങ്കം ചാർത്തുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി സി. നാരായണൻ എന്നിവർ പ്രസ്താവിച്ചു. ഇതും ഏറെ വൈകി വന്ന വിവേകമായിരുന്നു.

മാധ്യമ പ്രവർത്തകരുടെ അറസ്റ്റിന് വീണ്ടും കരുനീക്കം നടത്തിയത് ചില പത്രപ്രവർത്തകർ തന്നെയാണ്. ഇവർക്ക് വേണ്ടി യൂണിയൻ നിശബ്ദമായി. റിമാൻഡിലായപ്പോൾ പ്രസ്താവനയും വന്നു. ഇത് ഇരട്ടത്താപ്പാണെന്ന വാദം സജീവമാണ്. ആർ. അജിത്കുമാർ, ആർ. ജയചന്ദ്രൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷയും ക്രൈംബ്രാഞ്ച് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ തങ്ങളെ 48 മണിക്കൂർ കസ്റ്റഡിയിൽ വച്ചതാണെന്നും ഇനി പൊലീസിന് വിട്ടുകൊടുക്കരുതെന്നും ജയചന്ദ്രനും അജിത് കുമാറും മജിസ്‌ട്രേട്ടിനെ അറിയിച്ചു. ഇന്ന് കോടതി ഇക്കാര്യം പരിഗണിക്കും. ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത മൊബൈൽഫോൺ, ലാപ്ടോപ്പ്, പെൻഡ്രൈവ് എന്നിവ കണ്ടെത്തേണ്ടതുണ്ട്. ഇത് വീണ്ടെടുക്കുന്നതിനായാണ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ഈ അപേക്ഷയിൽ ജയചന്ദ്രനും അജിത്തിനും സ്വയം വാദിക്കേണ്ടി വരും. അഭിഭാഷകർ ബഹിഷ്‌കരണം തുടരുന്നതിനാലാണ് ഇത്.

പ്രതികളെ പകൽ കോടതിയിൽ ഹാജരാക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ പദ്ധതി. അഭിഭാഷകർ മാധ്യമ പ്രവർത്തകരെയും ഇവർക്ക് വക്കാലത്തെടുക്കാൻ എത്തുന്നവരെയും കൈയേറ്റംചെയ്യുമെന്ന പൊലീസ് റിപ്പോർട്ടിനെത്തുടർന്ന് പ്രതികളെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. ചൊവ്വാഴ്ച 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനുശേഷം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ഇവരെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചു. വ്യാഴാഴ്ച വീണ്ടും ഇവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്തു. കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി അന്വേഷണസംഘത്തിന് സംശയമുണ്ട്. കൂടുതൽ ചോദ്യംചെയ്യലിനുശേഷം മാത്രമേ അക്കാര്യം വ്യക്തമാകൂ.

ഫോൺ സംഭാഷണം സംപ്രേഷണം ചെയ്ത മാർച്ച 26-ന് രാവിലെയാണ് സംഭാഷണമടങ്ങിയ പെൻഡ്രൈവ് ചാനൽ ആസ്ഥാനത്തുകൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതുവരെ വളരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു ഇക്കാര്യം. പ്രതികളെ വെവ്വേറെ ചോദ്യംചെയ്തതിൽ നിന്നാണ് ഇക്കാര്യം അന്വേഷണസംഘത്തിന് മനസ്സിലായത്. ഓപ്പറേഷനിൽ നേരിട്ട് ബന്ധമില്ലെന്ന് തോന്നിയ നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിലൊരാളാണ് മംഗളം ചീഫ് എഡിറ്ററായ സാജൻ വർഗ്ഗീസ്. അശ്ലീല സംഭാഷണം പുറത്തുവിട്ട കുറ്റത്തിൽ സാജൻ വർഗ്ഗീസിന് ഒഴിഞ്ഞ് നിൽക്കാൻ കഴിയില്ല. എന്നാൽ മാധ്യമ മുതലാളിമരാുടെ ഇടപെടൽ കാരണം സാജൻ വർഗ്ഗീസിനെ വെറുതെ വിട്ടു. ഇവിടെയാണ് മാധ്യമ പ്രവർത്തകരിലെ ഗ്രൂ്പ്പിസം ചർച്ചയാകുന്നതും.

ഈ സംഭവത്തിൽ ഒരു തരത്തിലുള്ള പങ്കും ഇല്ലാത്ത വാർത്ത വായനക്കാരിയായ യുവതിയെവരെ പൊലീസ് കഴിഞ്ഞ 48 മണിക്കൂറായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ഒടുവിൽ പത്രപ്രവർത്തക യൂണിയനും സമ്മതിച്ചു. ഈ ഫോൺകെണിയെപ്പറ്റി മുൻകൂട്ടി ഒരു അറിവും ഇല്ലാതിരുന്ന പല എഡിറ്റോറിയൽ ജേണലിസ്റ്റുകളെയും പ്രതികളാക്കിയിരിക്കുകയാണ്. ഇത് പൊലീസിന്റെ അനാവശ്യ തീരുമാനമാണ്. അധാർമികവുമാണ്. കേസിലെ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തുനിയേണ്ടത്. എന്നാൽ, ഇപ്പോൾ നടക്കുന്ന പല നടപടികളും അസാധാരണമാണ്. അറസ്റ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കുന്നതിലും പൊലീസ് വീഴ്ച വരുത്തി. അഭിഭാഷകർ തടയുമെന്ന ന്യായം പറഞ്ഞ് കോടതിയിൽ കൊണ്ടുപോകാതിരുന്നത് ശരിയായ നടപടിയല്ല. ഇത് സാമാന്യ നീതിനിഷേധമാണ്.

മുഖ്യമന്ത്രി ഇക്കാര്യം പരിശോധിക്കണം.ഹണി ട്രാപ് സംഭവത്തിലെ ശരിയായ ഉത്തരവാദികൾക്കെതിരായ നിയമനടപടികളിൽ യൂനിയന് വിയോജിപ്പില്ല. ചാനൽ ചെയർമാനുൾപ്പെടെയുള്ളവരെ ഈ കേസിൽ പ്രതികളാക്കിയിട്ടുണ്ട്. മാധ്യമ ധാർമികതക്ക് തീരാകളങ്കം വരുത്തിയ യഥാർഥ പ്രതികൾ ശിക്ഷിക്കപ്പെടണം എന്നത് കേരളത്തിലെ എല്ലാ മാധ്യമപ്രവർത്തകരുടെയും ആവശ്യമാണ്. അവരിൽ പത്രപ്രവർത്തക യൂനിയൻ അംഗങ്ങളുണ്ടെങ്കിൽ അവർക്കെതിരെ സംഘടന നടപടിയും സ്വീകരിക്കും. കൊച്ചിയിൽ മറൈൻ ഡ്രൈവിൽ ഉണ്ടായ ശിവസേന അതിക്രമത്തിൽ ഒരു മാധ്യമപ്രവർത്തകനെ പ്രതിചേർക്കാനുള്ള പൊലീസ് നീക്കം ഇത്തരം അമിതാവേശത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു-പത്രപ്രവർത്തക യൂണിയൻ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP