Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ കണ്ണീരിലാഴ്‌ത്തിയ മംഗലാപുരം ദുരന്തം നടന്നിട്ട് ഏഴു വർഷം; ടേബിൾടോപ്പ് റൺവേയും സെർബിയക്കാരൻ പൈലറ്റിന്റെ അശ്രദ്ധയും കവർന്നത് 52 മലയാളികളടക്കം 158 പേരുടെ ജീവൻ; നടുക്കുന്ന ഓർമയിൽനിന്നു വിമുക്തമാകാതെ കാസർഗോഡെ നാരായണനും സുജാതയും

രാജ്യത്തെ കണ്ണീരിലാഴ്‌ത്തിയ മംഗലാപുരം ദുരന്തം നടന്നിട്ട് ഏഴു വർഷം; ടേബിൾടോപ്പ് റൺവേയും സെർബിയക്കാരൻ പൈലറ്റിന്റെ അശ്രദ്ധയും കവർന്നത് 52 മലയാളികളടക്കം 158 പേരുടെ ജീവൻ; നടുക്കുന്ന ഓർമയിൽനിന്നു വിമുക്തമാകാതെ കാസർഗോഡെ നാരായണനും സുജാതയും

കാസർകോഡ്: മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് ഏഴു വർഷം പിന്നിട്ടു. ദുരന്തത്തിൽ 52 മലയാളികളടക്കം 158 പേരുടെ ജീവനാണ് പൊലിഞ്ഞത്. ലക്ഷ്യം പിഴച്ച് പറന്നിറങ്ങി കത്തിയമർന്ന വിമാനത്തിലുണ്ടായിരുന്നത് ഗൾഫ് നാടുകളിൽ ജീവിതമാർഗം തേടിപോയി മടങ്ങിയവരും.

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തം 2010 മെയ് 22 നായിരുന്നു. രാവിലെ 6.20 ന് മംഗാലാപുരം വിമാനതാവളത്തിൽ ഇറങ്ങിയവിമാനം റൺവേയിൽ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. പിന്നീട് തീപിടിച്ച് പൊട്ടിത്തെറിച്ചു.

152 യാത്രികരും ആറു ജീവനക്കാരും അടക്കം 166 പേരാണ് ദുബായിൽനിന്ന് പറന്നുയർന്ന എയർ ഇന്ത്യാ എക്സ്‌പ്രസ് 812 വിമാനത്തിലുണ്ടായിരുന്നത്. എട്ടു പേരൊഴികെ എല്ലാവരും മരണത്തിനു കീഴ്‌പ്പെട്ടു. ഇതിൽ 103 പേർ പുരുഷന്മാരും 32 പേർ സ്ത്രീകളും 23 പേർ കുട്ടികളുമായിരുന്നു.

കുടുംബം പോറ്റാൻ മണലാരണ്യത്തിൽ കഷ്ടപ്പെട്ട് ഉറ്റവരെയും ഉടയവരെയും കാണാനായി നാട്ടിലേക്കു മടങ്ങിയവരായിരുന്നു വിമാനത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും. കേരളത്തിലെ ഒട്ടേറെ വീടുകളെ കണ്ണീരിലാഴ്‌ത്തി അപ്രതീക്ഷിതമായ വിമാനദുരന്തം.

കാസർഗോഡ് കടപ്പുറം സ്വദേശി രാജേന്ദ്രൻ മനസ് തുറന്ന് ചിരിച്ചിട്ട് ഏഴ് വർഷമായി. നീണ്ടകാലം മണലാരണ്യത്തിൽ ഒരുമിച്ച് ജോലിചെയ്തും സ്വന്തം സഹോദരിയെ വിവാഹം കഴിച്ചും കൂടപ്പിറപ്പിനോളം അടുത്ത സോമൻ നാരായണൻ അന്നാണ് ഓർമയായത്. മംഗളൂരു വിമാനതാവളത്തിൽ ലക്ഷ്യം പിഴച്ച് പറന്നിറങ്ങിയ എയർ ഇന്ത്യാ വിമാനം കൊണ്ടുപോയ 158 പേരിൽ ഒരാളാണ് സോമൻ. ഇന്നും ആ നടുക്കുന്ന ഓർമയിലാണ് ഈ കുടുംബം. ഭർത്താവിന്റെ ദാരുണാന്ത്യത്തെ ഓർമിക്കുവാൻ പോലു വയ്യാതെ ഭാര്യ സുജാതയും കഴിയുന്നു.

ദുരന്തത്തിന് ഇരയായ വിമാനം താരതമ്യേന പുതിയതായിരുന്നു രണ്ടര വർഷം മാത്രമാണു പഴക്കമുണ്ടായിരുന്നത്. പൈലറ്റുമാർ വളരെ പരിചയ സമ്പന്നരും ആയിരുന്നു. അതുകൊണ്ട് തന്നെ ഒരു കാരണം തുടക്കത്തിൽ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. പുലർച്ചെ 1;30 നു വിമാനം ദുബായ് യിൽ നിന്നും പറന്നുയർന്നു. കാലത്ത് 6:30 നു മംഗലാപുരം എയർപോർട്ട് ന്റെ റൺവേയിൽ വെച്ച് തീപിടിച്ചു റൺവേയും കഴിഞ്ഞു താഴെ മലഞ്ചെരുവിലേക്ക് വീഴുകയായിരുന്നു.

സെർബിയക്കാരനായ പൈലറ്റ് സെഡ് ഗ്ലൂസിക്കയുടെ അശ്രദ്ധയാണ് വിമാന ദുരന്തത്തിന് കാരണമായി പിന്നീട് കണ്ടെത്തിയത്. ക്യാപ്റ്റൻ യാത്രയുടെ ഒന്നര മണിക്കൂർ ഓളം ഉറങ്ങുകയായിരുന്നുവെന്നും കണ്ടെത്തപ്പെട്ടു. മംഗലാപുരത്ത് ടേബിൾ ടോപ് റൺവേയും ദുരന്തത്തിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിൽ തീർക്കുന്ന ഈ പ്രത്യേകതരം റൺവേ പെട്ടന്ന് അവസാനിക്കും. ഇത്തരം റൺവേകൡ വിമാനം ഇറക്കുമ്പോൾ പ്രത്യേക ശ്രദ്ധ പൈലറ്റുമാർ നല്കണം. ടേബിൾ ടോപ് റൺവേയിൽ ഒരു നിമിഷത്തെ അശ്രദ്ധ വൻ ദുരത്തിന് ഇരയാക്കുമെന്നതിനു തെളിവുകൂടിയായി മംഗലാപുരം ദുരന്തം.

അതേസമയം പൈലറ്റിന് എയർ ഇന്ത്യ മതിയായ വിശ്രമം അനുവദിച്ചിരുന്നില്ലെന്ന്ും കണ്ടെത്തപ്പെട്ടു.കോക്ക്പീറ്റിലെ വോയിസ് റെക്കാഡിംഗിൽ ക്യാപ്റ്റന് തളർച്ചയും ക്ഷീണവും അനുഭവപ്പെട്ടതിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചു. ക്യാപ്റ്റൻ ഗ്ലൂസിക്കയുടെ മകൻ അലക്സാണ്ടർ ഗ്ലൂസിക്കയുടെ മൊഴിയും ഈ വിലയിരുത്തലുകൾ ശരി വയ്ക്കുന്നതായിരുന്നു.

അവധിക്കാല ലീവിന് ശേഷമായിരുന്നു ഗ്ലൂസിക്ക ജോലിയിൽ പ്രവേശിച്ചിരുന്നത്. എന്നാൽ വിമാനം പുറപ്പെടുന്നതിന് ഏതാനും നിമിഷം മുമ്പ് മാത്രമാണ് മംഗലാപുരം ഫ്‌ലൈറ്റിൽ ജോലിക്കുള്ള ചുമതല ലഭിക്കുന്നത്. പിതാവിന്റെ ഇ-മെയിലിൽ ലഭിച്ച എയർ ഇന്ത്യയുടെ ക്രൂ ചാർട്ടിൽ ഈ ചുമതല നൽകിയിരുന്നതിന്റെ സൂചനകളില്ലെന്നും മകൻ അലക്സാണ്ടർ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന അപകടമാണ് മംഗലാപുരത്തുണ്ടായത്. 1996-ലെ ചക്രി ദർദി വിമാനപകടത്തിൽ 349 പേർ മരിച്ചതും, 1978-ൽ 213 പേർ മരിച്ച എയർ ഇന്ത്യ വിമാനം 855-ഉം ആണ് മറ്റു രണ്ടു വലിയ ദുരന്തങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP