Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബജ്‌പേ വിമാനത്താവളത്തിൽ കത്തിയമർന്നവരിൽ തിരിച്ചറിയാതെ പോയത് 12 പേരെ; ഗുരുപുര നദിക്കരയിലെ 22/10 പാർക്കിൽ ഇവർ അന്ത്യനിന്ദ്ര കൊള്ളുന്നു; തിരിച്ചറിയാത്തവരുടെ ബന്ധുമിത്രാദികൾക്ക് ഇവിടെ ഒത്തുകൂടി അനുസ്മരണം നടത്തി പിരിയും; ദുരന്ത സ്മാരകത്തിന് ഫണ്ട് ലഭ്യമാക്കുമെന്ന പഴയ പല്ലവി തുടർന്ന് അധികൃതരും

ബജ്‌പേ വിമാനത്താവളത്തിൽ കത്തിയമർന്നവരിൽ തിരിച്ചറിയാതെ പോയത് 12 പേരെ; ഗുരുപുര നദിക്കരയിലെ 22/10 പാർക്കിൽ ഇവർ അന്ത്യനിന്ദ്ര കൊള്ളുന്നു; തിരിച്ചറിയാത്തവരുടെ ബന്ധുമിത്രാദികൾക്ക് ഇവിടെ ഒത്തുകൂടി അനുസ്മരണം നടത്തി പിരിയും; ദുരന്ത സ്മാരകത്തിന് ഫണ്ട് ലഭ്യമാക്കുമെന്ന പഴയ പല്ലവി തുടർന്ന് അധികൃതരും

രഞ്ജിത് ബാബു

മംഗളൂരു: മംഗളൂരു വിമാനദുരന്തത്തിൽ മരണമടഞ്ഞ് തിരച്ചറിയാതെ പോയവരുടെ മൃതശരീരം സംസ്‌ക്കരിച്ച സ്ഥലമാണ് 22/10 പാർക്ക്. അപകടത്തിൽ മരിച്ചതാരെന്നറിയാത്ത 12 പേരെയാണ് ഇവിടെ സംസ്‌ക്കരിച്ചത്. ദുരന്തം നടന്നിട്ട് ഏഴ് വർഷം പിന്നിട്ടിട്ടും ഈ സ്മാരകത്തിന്റെ നില

പരിതാപകരമാണ്. മരിച്ചവരോട് ജീവിക്കുന്നവരുടെ തികഞ്ഞ നന്ദികേട് എന്നീപാർക്കിനെ വിളിക്കാം. രാജ്യം ഞെട്ടിയ 158 പേരുടെ ജീവൻ കത്തിയമർന്ന അപകടമായിരുന്നു മംഗളൂരുവിൽ 2010 മെയ് 22 ന് സംഭവിച്ചത്. അപകടത്തിൽ മരിച്ച തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ കൊണ്ടു പോയപ്പോഴും 12 പേരെ തിരിച്ചറിയാത്ത അവസ്ഥയിലായിരുന്നു. അത്ര മാത്രം കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇവരുടെ മൃതശരീരങ്ങൾ. ഇങ്ങിനെ കത്തിയമർന്നവരുടെ മൃതദേഹാവശിഷ്ടങ്ങൾ കുളൂരിലെ ഗുരുപുര നദിക്കരയിലാണ് സംസ്‌ക്കരിച്ചത്.

ദക്ഷിണ കന്നഡ ജില്ലാ ഭരണ കൂടം വിമാന ദുരന്തത്തിന്റെ ഒന്നാം വാർഷിക ദിനത്തിന് മുമ്പു തന്നെ 22/10 എന്ന് പേരിട്ട് പാർക്ക് നിർമ്മിച്ചിരുന്നു. മംഗളൂരുവിൽ നടന്ന മഹാദുരന്തത്തിന്റെ ഓർമ്മ നിലനിർത്താൻ ഇത് മാത്രമാണ് ഇന്നുള്ളത്. എന്നാൽ ഈ പാർക്കിന്റെ നില
ദയനീയമാണ്. വർഷാവർഷം അനുസ്മരണ ചടങ്ങിനെത്തുന്ന മരിച്ച് തിരിച്ചറിയാത്തവരുടെ ബന്ധുമിത്രാദികൾക്ക് ഇവിടെയെത്തിയാൽ മറ്റൊരു നൊമ്പരം കൂടി സഹിക്കേണ്ടി വരുന്നു. ദുരന്തത്തിനിരയായവരോടുള്ള തികഞ്ഞ അനാദരവാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. പാർക്കിന്റെ സംരക്ഷണം അവർ മറന്നതു പോലെയാണ്. 2010 മെയ് 22 ന് നടന്ന ദുരന്തത്തിൽ മരിച്ചവരുടെ പേരുകൾ രേഖപ്പെടുത്തിയ ശിലാ ഫലകം ഒന്നാം വാർഷിക ദിനത്തിൽ ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. ആദ്യ പുഷ്പാർച്ചനയിൽ അനുസ്മരണ ചടങ്ങ് നടന്ന് രണ്ട് ദിവസം പിന്നിട്ടപ്പോൾ സാമൂഹ്യ ദ്രോഹികൾ എല്ലാം തകർത്തെറിഞ്ഞിരുന്നു.

എയർ ഇന്ത്യ വിമാനം കത്തിയമർന്ന് വീണത് വിമാനത്താവളത്തിന് വേണ്ടി പണിത പുതിയ ടെർമിനലിനു സമീപത്തെ കെഞ്ചാർ എന്ന സ്ഥലത്താണ്. ഇത് സ്വകാര്യ വ്യക്തിയുടെ ഭൂമിയായിരുന്നു. ദുരന്ത ശേഷം തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ അധികൃതർ നടത്തിയ ശ്രമഫലമായാണ് പുതുമംഗലാപുരം തുറമുഖ ട്രസ്റ്റിന്റെ അധീനതയിലുള്ള സ്ഥലം വിട്ടു നൽകിയത്. പോർട്ടിന്റെ സ്ഥലത്ത് സ്മാരകം പണിയാൻ വാക്കാൽ അനുമതി നൽകുകയായിരുന്നു. എന്നാൽ ഇവിടെ സ്മാരക മണ്ഡപം പണിയാൻ ഹൈടെൻഷൻ ലൈൻ കടന്നു പോകുന്നതിനാൽ ഇലക്ട്രിസിറ്റി ബോർഡ് അനുമതി നൽകിയിട്ടില്ല.

എയർ ഇന്ത്യ ദുരന്ത സ്മാരകത്തിന് ഫണ്ട് ലഭ്യമാക്കുമെന്ന പഴയ പല്ലവി തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത്. രാജ്യത്തുണ്ടായ മൂന്നാമത്തെ വലിയ വിമാന ദുരന്തമാണ് മംഗളൂരുവിൽ സംഭവിച്ചതെങ്കിലും അതിന്റെ ഗൗരവം അധികാരികൽ ഉൾകൊള്ളുന്നില്ലെന്ന് വ്യക്തം. ദുരന്തം വിതച്ച വേദനയേക്കാൾ വലുതാണ് ദുരന്തത്തിൽപ്പെട്ടവരുടെ സ്മരണക്കായി പണിത പാർക്കിന്റെ നില. മരിച്ചവരുടെ ഉറ്റവരും ഉടയവരും വേദന തിന്ന് കഴിയുമ്പോഴും വർഷാവർഷം അനുസ്മരണ ചടങ്ങിന് ഒരു പിടി പൂക്കളർപ്പിക്കാൻ എത്തുന്നുണ്ട്. സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായി ഈ പാർക്ക് മാറുന്നത് അവരുടെ മനസ്സിൽ മറ്റൊരു വേദനയാവുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP