Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു കാരണവും ഇല്ലാതെ മഞ്ജു വാര്യർ മുഖ്യമന്ത്രിയെ കണ്ടത് എന്തിന്? അഞ്ച് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് മാത്രം ചർച്ച ചെയ്തുവെന്ന് റിപ്പോർട്ടുകൾ; ഒന്നും തുറന്നു പറയാതെ നടിയും മുഖ്യമന്ത്രിയും

ഒരു കാരണവും ഇല്ലാതെ മഞ്ജു വാര്യർ മുഖ്യമന്ത്രിയെ കണ്ടത് എന്തിന്? അഞ്ച് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് മാത്രം ചർച്ച ചെയ്തുവെന്ന് റിപ്പോർട്ടുകൾ; ഒന്നും തുറന്നു പറയാതെ നടിയും മുഖ്യമന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ഒരു ഘട്ടത്തിൽ നിശ്ചലമായി. പെട്ടെന്ന് ഒരു നാൾ മഞ്ജു വാര്യർ മുഖ്യമന്ത്രിയെ കണ്ടു. പിന്നെ എല്ലാം വേഗത്തിലായി. ദിലീപിന്റെ അറസ്റ്റിലേക്കും കാര്യങ്ങളെത്തി. ദിലീപിന് ജാമ്യം കിട്ടില്ലെന്നായിരുന്ന പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ജാമ്യം കിട്ടി. അതിന് ശേഷം കേസ് അന്വേഷണം അട്ടിമറിച്ചുവെന്ന വിലയിരുത്തലെത്തി. അപ്പോഴിതാ വീണ്ടും മുഖ്യമന്ത്രിയെ കാണാൻ മഞ്ജു വാര്യർ എത്തി.

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു അഞ്ചു മിനിറ്റ് നീണ്ട കൂടിക്കാഴ്ച. സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്, നടൻ ജോജു എന്നിവരും ഒപ്പമുണ്ടായിരുന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള സിനിമകൾ പ്രോൽസാഹിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടി വേണമെന്നും മഞ്ജു മുഖ്യമന്ത്രിയോടു സൂചിപ്പിച്ചു. നല്ല സിനിമാ സംരംഭങ്ങളെ സർക്കാർ എന്നും പ്രോൽസാഹിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നാണ് പുറത്തുവന്ന വാർത്ത. എന്നാൽ ഇതിന് അപ്പുറത്തേക്കുള്ള ചർച്ച നടന്നുവെന്നാണ് റിപ്പോർട്ട്. നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാണമെന്ന് മുഖ്യമന്ത്രിയോട് മഞ്ജു അഭ്യർത്ഥിച്ചതായി സൂചനയുണ്ട്. ആർക്ക് വേണ്ടിയും സർക്കാർ വഴിവിട്ടൊന്നും ചെയ്യില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് സർക്കാരിനൊപ്പം താനുണ്ടാകുമെന്നും മഞ്ജു അറിയിച്ചിട്ടുണ്ട്.

ഇതോടെ നടിയെ ആക്രമിച്ച കേസിൽ ഇനി എന്ത് വഴിത്തിരിവുണ്ടാകുമെന്ന ആകാംഷ സജീവമാവുകയാണ്. മഞ്ജുവിന്റെ ഉദാഹരണം സുജാത കാണാനും മുഖ്യമന്ത്രി എത്തും. ഈ സിനിമയ്ക്കും സർക്കാർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പിണറായി സിനിമ കാണാനെത്തുമ്പോൾ മഞ്ജുവും ഉണ്ടാകും. ഈ സമയവും അനൗപചാരിക ചർച്ചകൾ നടക്കും. വിമൻ ഇൻ സിനിമാ കളക്ടീവ് എന്ന വനിതാ കൂട്ടായ്മയിൽ നിന്ന് മഞ്ജു അകലം പാലിക്കുകയാണ്. സംഘടനയെ സിനിമയിൽ ഇല്ലാത്ത ചിലർ ഹൈജാക്ക് ചെയ്തുവെന്ന ആക്ഷേപവും സജീവമാണ്. അതിനിടെ സംഘടനയുടെ രജിസ്‌ട്രേഷന് നടപടികൾ തുടങ്ങി. ഇത് പൂർത്തിയായി പുതിയ ഭരണ സമിതി വന്നാൽ മഞ്ജുവും സംഘടനയുടെ ഭാഗമാകും. ആർക്കും എന്തും പറയാവുന്ന അവസ്ഥയിലാണ് നിലവിൽ സംഘടന. അതുകൊണ്ട് മാത്രമാണ് മഞ്ജു മാറി നിൽക്കുന്നത്.

ഉദാഹരണം സുജാത എന്ന തന്റെ പുതിയ ചിത്രം കാണുന്നതിന് നടി മഞ്ജു വാര്യർ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മഞ്ജു പിണറായിയെ ക്ഷണിച്ചത്. ചിത്രം കാണാൻ മഞ്ജു തന്നെ ക്ഷണിച്ചതായി മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രചോദനമേകുന്നതാണ് ചിത്രമെന്ന് അവർ സൂചിപ്പിച്ചതായും മുഖ്യമന്ത്രി. നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഉദാഹരണം സുജാത. സുജാത കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമ പ്രേക്ഷക പ്രശംസയും നേടി. ഈ സാഹചര്യത്തിലാണ് പിണറായിയെ തിയേറ്ററിലെത്തിച്ച് കൂടുതൽ പ്രചരണത്തിന് മഞ്ജു തയ്യാറെടുക്കുന്നത്.

ദിലീപിന്റെ രാമലീലയ്‌ക്കൊപ്പമാണ് ഉദാഹരണം സുജാതയും റിലീസ് ചെയ്തത്. ദിലീപിന്റെ വമ്പൻ ഹിറ്റിനിടയിലും കുടുംബ പ്രേക്ഷകരെ ആകർഷിക്കാൻ ഉദാഹരണം സുജാതയ്ക്കായി. ലേഡി സൂപ്പർസ്റ്റാർ എന്ന പദവി ഉറപ്പിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് പിണറായിയെ ഒപ്പം കൂട്ടി സിനിമയെ വമ്പൻ ഹിറ്റാക്കാനുള്ള നീക്കം. സിനിമ കാണാൻ മഞ്ജു ഫോണിൽ വിളിച്ചാലും പിണറായി എത്തും. ഇവിടെ മഞ്ജു നേരിട്ടെത്തി. ഇത് നടിയെ ആക്രമിച്ച കേസിലെ സർക്കാർ നടപടികൾ വേഗത്തിലാക്കാനുള്ള നീക്കമാണെന്ന് തന്നെയാണ് വിലയിരുത്തൽ. ദിലീപിനെതിരെ പൊലീസ് കുറ്റപത്രം നൽകാൻ വൈകിക്കുന്നതിന് പിന്നിൽ ചില സംശയങ്ങൾ സജീവമാകുമ്പോഴാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP