Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടക്കേ ഗേറ്റ് തുറന്നിടണം; തെക്കേ ഗേറ്റ് വഴി പോകരുത്; ഉപദേശങ്ങൾ കേൾക്കാതെ 'മന്മോഹനിൽ' എത്തിയ ധനമന്ത്രിയെ കാലക്കേട് വെറുതെ വിടുന്നില്ല; ഔദ്യോഗിക വസതിയും 13-ാം നമ്പർ കാറും തലവേദനയോ? തോമസ് ഐസകിന്റെ രണ്ട് പേഴ്‌സണൽ സ്റ്റാഫുകളുടെ അകാല വിയോഗം ചർച്ചയാകുന്നത് ഇങ്ങനെ

വടക്കേ ഗേറ്റ് തുറന്നിടണം; തെക്കേ ഗേറ്റ് വഴി പോകരുത്; ഉപദേശങ്ങൾ കേൾക്കാതെ 'മന്മോഹനിൽ' എത്തിയ ധനമന്ത്രിയെ കാലക്കേട് വെറുതെ വിടുന്നില്ല; ഔദ്യോഗിക വസതിയും 13-ാം നമ്പർ കാറും തലവേദനയോ? തോമസ് ഐസകിന്റെ രണ്ട് പേഴ്‌സണൽ സ്റ്റാഫുകളുടെ അകാല വിയോഗം ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'മന്മോഹൻ ബംഗ്ലാവാണ് പുതിയ വീട്. ഇതുവരെ അവിടെ പോയില്ല. ഇതിനകം തന്നെ ഒരുപാട് ഉപദേശങ്ങൾ പലരിൽ നിന്നും ലഭിച്ചുകഴിഞ്ഞു. ചിലർ ഉയർന്ന ഉദ്യോഗസ്ഥർ തന്നെയാണ്. വടക്കേ ഗേറ്റ് തുറന്നിടണം. തെക്കേ ഗേറ്റ് വഴി പോകരുത്. ഇങ്ങനെ പലജാതി ഉപദേശങ്ങൾ. മന്മോഹൻ ബംഗ്ലാവിനെ സംബന്ധിച്ച വിശ്വാസങ്ങൾ പതിമൂന്നാം നമ്പരിനേക്കാൾ കലശലാണ്. അവിടെ താമസിക്കുന്നവർ വാഴില്ലത്രേ. ബഡ്ജറ്റൊക്കെ കഴിഞ്ഞിട്ട് അങ്ങോട്ടേക്ക് മാറിയാൽ മതിയെന്ന് പറയുന്നവരുമുണ്ട്. ഏതായാലും നാളെ രാത്രി ആകുമ്പോഴേക്കും വിഴിഞ്ഞം വിടാമെന്ന് കരുതുന്നു.' -മന്മോഹൻ ബംഗ്ലാവിനെ കുറിച്ച് ധനമന്ത്രിയായ തോമസ് ഐസക് മാസങ്ങൾക്ക് മുമ്പിട്ട പോസ്റ്റാണിത്. മന്ത്രിമന്ദിരത്തിൽ ഐസക് താമസമായതോടെ എല്ലാ പ്രശ്‌നവും തീർന്നുവെന്നും കരുതി. എന്നാൽ മന്മോഹൻ ബംഗ്ലാവിന്റേയും ധനമന്ത്രിയുടെ പതിമൂന്നാം നമ്പർ കാറിലേയും വിവാദങ്ങൾ തുടരുകയാണ്.

പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ആരും പതിമൂന്നാം നമ്പർ കാറും മന്മോഹൻ ബംഗ്ലാവും ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതോടെയാണ് അന്ധവിശ്വാസങ്ങൾക്കെതിരെ രണ്ടുംകൽപിച്ച് നീങ്ങുന്ന തോമസ് ഐസക് മന്മോഹൻ ബംഗ്ലാവിലെത്തിയത്. ബജറ്റ് അവതരണത്തിന് തൊട്ട് മുമ്പായിരുന്നു ഇത്. തന്റെ കൂടെയുള്ള ജീവനക്കാരുടെ നിർദ്ദേശം പോലും അവഗണിച്ചാണിതെന്ന് തോമസ് ഐസ്‌ക പോലും സമ്മതിച്ചുവെന്നിടത്താണ് മന്മോഹൻ ബംഗ്ലാവിന്റെ അന്ധ വിശ്വാസ ചരിത്രം. ഇത് മാറ്റാനുള്ള ഐസക്കിന്റെ ശ്രമവും പാളുകയാണ്. മന്മോഹൻ ബംഗ്ലാവിൽ കാലെടുത്തു വച്ച ശേഷം തോമസ് ഐസക്കിന് നഷ്ടമായത് രണ്ട് വിശ്വസ്തരെയാണ്. വലം കൈയായി നിന്ന രണ്ട് പേർ. ഒരു മാസത്തിനിടയിൽ മന്ത്രി തോമസ് ഐസക്കിന്റെ പഴ്‌സണൽ സ്റ്റാഫുകളിൽ രണ്ട് പേർ മരിച്ചു. ആദ്യത്തേത് ആത്മഹത്യ. കഴിഞ്ഞ ദിവസം അകാലത്തിലുള്ള രണ്ടാമന്റെ മരണം.

കഴിഞ്ഞ മാസമാണ് പഴ്‌സണൽ സ്റ്റാഫായിരുന്ന പനമറ്റം സ്വദേശി അനസ് ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് തോമസ് ഐസക് അമേരിക്കയിലായിരുന്ന സമയത്താണ് അനസ് ആത്മഹത്യ ചെയ്തത്. ഇനിയും അനസിന്റെ മരണത്തിന്റെ കാരണം വ്യക്തമല്ല. ജോലി സമ്മർദ്ദമെന്ന് പറയുന്നുവെങ്കിലും അത് ആർക്കും വിശ്വസിക്കാനാകുന്നില്ല. അപ്രതീക്ഷിതമായ ഈ വിയോഗ വേദനയിൽ നിന്ന് തോമസ് ഐസക് മുക്തനാകുമ്പോൾ അടുപ്പക്കാരിൽ പ്രിയപ്പെട്ട കൃഷ്ണകുമാർ ഹൃദയാഘാതം മൂലം മരിച്ചു. മന്മോഹൻ ബംഗ്ലാവിന്റേയും പതിമൂന്നാം നമ്പറിന്റേയും കാലക്കേടാണ് ഇതിന് പിന്നിലെന്ന് മന്ത്രിയുടെ സഹപ്രവർത്തകരിൽ ചിലരെങ്കിലും വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. അനസിന്റെ ആത്മഹത്യയും കൃഷ്ണകുമാറെന്ന ആരോഗ്യമുള്ള വ്യക്തിയുടെ മരണവും കാലക്കേടിന്റെ സൂചനയായി ഉയർത്തിക്കാട്ടുകയാണ് ഐസകിന്റെ പേഴ്‌സണൽ സ്റ്റാഫിലുള്ളവർ.

പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ആരും മന്മോഹൻ ബംഗ്ലാവിലേക്ക് തിരിഞ്ഞു നോക്കിയില്ല. പതിമൂന്നാം നമ്പർ കാറും ഒഴിവാക്കി. ഇതോടെ വിവാദ പോസ്റ്റുമായി ബിജെപി നേതാവ് കെ സുരേന്ദ്രനെത്തി. 'വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാനപ്രമാണമാക്കിയ സിപിഐ(എം), സിപിഐ മന്ത്രിമാർ എന്തുകൊണ്ട് 13 നമ്പർ ഒഴിവാക്കി എന്നറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ? സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമെങ്കിലും മറുപടി പറയണം. 13 അശുഭ ലക്ഷണമാണെന്നു തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാൻ ആർജ്ജവമുണ്ടോ പിണറായി വിജയന്? ഇതിലും ഭേദം ഒരു കഷണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണ്.' എന്നതായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിൽ നിന്ന് സിപിഎമ്മിനെ രക്ഷിക്കാനായിരുന്നു സാമ്പത്തിക ശാസ്ത്ര വിദഗ്ധനായ തോമസ് ഐസക് രണ്ടും കൽപ്പിച്ച് പതിമൂന്നാം നമ്പറും മന്മോഹൻ ബംഗ്ലാവും സ്വന്തമാക്കിയത്.

ധനമന്ത്രി നേരത്തെ ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന് പതിമൂന്നാം നമ്പർ അനുവദിച്ചത്. കഴിഞ്ഞ മന്ത്രിസഭയിൽ 13ാം നമ്പർ കാർ ആർക്കും ഉണ്ടായിരുന്നില്ല. അതിനാൽ ഇത്തവണ മന്ത്രിസഭാംഗങ്ങൾക്കും ഈ നമ്പറിൽ കാർ അനുവദിച്ചിരുന്നില്ല. എന്നാൽ, അന്ധവിശ്വാസങ്ങൾക്ക് എൽഡിഎഫ് മന്ത്രിസഭയും കൂട്ടുനിൽക്കുകയാണെന്ന വാദമുയർത്തി ബിജെപി നേതാവ് കെ സുരേന്ദ്രൻ ഈ വിഷയം ഫേസ്‌ബുക്കിലൂടെ ചർച്ചയാക്കുകയായിരുന്നു. പതിമൂന്നാം നമ്പർ കാർ എടുക്കാൻ ആർക്കും ധൈര്യമില്ലേ എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രിമാരായ തോമസ് ഐസക്കും വി എസ് സുനിൽകുമാറും ഈ നമ്പർ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ടൂറിസം വകുപ്പിന് അപേക്ഷ നൽകുകയും ചെയ്തു. ഇതേത്തുടർന്നാണു മന്ത്രിക്ക് കാർ അനുവദിച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ധനമന്ത്രിയുടെ വാഹന നമ്പർ 23 ആയിരുന്നു. അന്ന് 13ാം നമ്പർ വാഹനം ഉപയോഗിച്ചതു വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയായിരുന്നു. ഇതിന് ശേഷം മന്മോഹൻ ബംഗ്ലാവിലെ വിവാദമെത്തി. മറ്റ് മന്ത്രിമാരെല്ലാം മുഖം തിരിച്ചപ്പോൾ തോമസ് ഐസക് ധൈര്യസമേതം ഇവിടെ താമസക്കാരനാക്കി. കുറേക്കാലമായി മന്മോഹൻ ബംഗ്ലാവ് രാഷ്ട്രീയക്കാരുടെ, പ്രത്യേകിച്ച് മന്ത്രിമാരുടെ പേടിസ്വപ്‌നമായിട്ട്. മന്ത്രിമാർ വാഴാത്ത വീടെന്നാണ് മന്മോഹൻ ബംഗ്ലാവിനെപ്പറ്റി പറയുന്ന ചീത്തപ്പേര്. ഇത് മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾക്കാണ് താമസം മാറ്റി മാസങ്ങൾക്കുള്ളിൽ തന്നെ തിരിച്ചടിയുണ്ടാകുന്നത്.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതൽ അവിടെ താമസിച്ച മന്ത്രിമാരെല്ലാം പിന്നെ സഭ കണ്ടിട്ടില്ലെന്നതാണ് രാജ്ഭവനോട് ചേർന്നുള്ള ഈ മനോഹര ബംഗ്ലാവിന് ദുഷ്‌പേരുണ്ടാവാൻ കാരണമായത്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാല് മന്ത്രിമാർ വരെ മാറി താമസിച്ചു. കോടിയേരി ഇവിടെനിന്ന് താമസംമാറിയപ്പോൾ മറ്റുള്ളവർക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടും മറ്റു കാരണങ്ങളാലും ഇവിടെ എത്തിയില്ല. എം വിരാഘവൻ അവസാനം മന്ത്രിയായപ്പോൾ താമസിച്ചത് ഇവിടെയായിരുന്നു. പിന്നീട് അദ്ദേഹത്തിനും വീണ്ടും അധികാരത്തിലെത്താനായില്ല. ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ തീരുമാനിച്ചതാണെങ്കിലും ആര്യാടൻ മുഹമ്മദും കഴിഞ്ഞപ്രാവശ്യം താമസിച്ചത് ഇവിടെയാണ്. അദ്ദേഹത്തിന് പകരം മത്സരിച്ച മകൻ ആര്യാടൻ ഷൗക്കത്താകട്ടെ ജയമുറപ്പിച്ച സീറ്റിൽ ഇക്കുറി തോറ്റുപോയതോടെ സഭകാണാൻ ഭാഗ്യമുണ്ടായില്ല. ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്മോഹൻ ബംഗ്ലാവിന് പലരും അയിത്തം കൽപിക്കുന്നതും കുപ്രചരണം നടത്തുന്നതും. പക്ഷേ, രാശിപ്പിഴ തീർക്കാൻ കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത് ഈ വീടിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കുകയും അത് വിവാദമാകുകയും ചെയ്‌തെന്നത് മറ്റൊരു കാര്യം.

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം എംജി റോഡിലെ ആയുർവ്വേദ കോളെജിനു സമീപം കുന്നുമ്പുറത്തെ വസതിയായ കുമാരമംഗലത്തായിരുന്നു തോമസ് ഐസകിന്റെ പേഴ്‌സണൽ സ്റ്റാഫായിരുന്ന കൃഷ്ണകുമാറിന്റെ മരണം. 47 വയസായിരുന്നു. സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിൽ സെക്ഷൻ ഓഫീസറായിരുന്നു കൃഷ്ണകുമാർ. ഡൽഹി ജെഎൻയുവിൽനിന്ന് എംഫിൽ കഴിഞ്ഞ് തിരുവനന്തപുരത്ത് സെസിൽ ഗവേഷണ പ്രൊജക്ടിൽ ചേർന്നു പ്രവർത്തിച്ചുവരവെ സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥനായി നിയമിതനാവുകയായിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വേളയിൽ ആസൂത്രണ ബോർഡിൽ നീർത്തടാധിഷ്ഠിത വികസന പരിപാടിയിൽ വിദഗ്ദ്ധനായി പ്രവർത്തിച്ചു. തുടർന്ന് ഡോ. റ്റി.എം.തോമസ് ഐസക്ക് എംഎൽഎ യും ധനമന്ത്രിയുമായപ്പോൾ പേഴ്‌സണൽ അസിസ്റ്റന്റായിരുന്നു. ഇത്തവണ ഡോ. ഐസക് ധനമന്ത്രിയായപ്പോൾ അസി. പ്രൈവറ്റ് സെക്രട്ടറിയായി. കേരള പഠന കോൺഗ്രസുകളിലും ആലപ്പുഴയിലെ മാലിന്യ നിർമ്മാർജന പദ്ധതിയിലുമൊക്കെ സജീവമായി പ്രവർത്തിച്ചിരുന്നു. അങ്ങനെ തോമസ് ഐസകിന് ഏറെ വേണ്ടപ്പെട്ട വ്യക്തിയായിരുന്നു കൃഷ്ണകുമാർ.

കൃഷ്ണകുമാറിന്റെ വിയോഗത്തെ കുറിച്ച് തോമസ് ഐസക് ഫെയ്‌സ് ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. ഇനി കിച്ചു ഉണ്ടാകില്ല എന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് . ഇന്നലെ രാത്രി 11 മണിയോടുകൂടി എന്നെ വിളിച്ച അജിത്തിന് കിച്ചു മരിച്ചു എന്ന് പറയാൻ കഴിഞ്ഞില്ല . കിച്ചുവിന് എന്തോ സംഭവിച്ചു . സഖാവ് തിരുവനന്തപുരത്ത് എത്തണം എന്ന് മാത്രമായിരുന്നു സന്ദേശം . അയാൾക്ക് ഫോൺ ചെയ്ത ശിവരാമ കൃഷ്ണനും ഇത്രയേ പറയാൻ തയ്യാറായുള്ളൂ പോലും . ഇന്ന് വൈകിട്ട് സംസ്‌കാരം കഴിഞ്ഞ് സ്റ്റാഫ് യോഗം വീട്ടിൽ ചേരുമ്പോഴും ഞാനൊഴിച്ച് ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല . കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി നിഴൽ പോലെ കിച്ചു എന്നോടൊപ്പം ഉണ്ടായിരുന്നു. എന്തും കിച്ചുവിനെ ഏൽപ്പിച്ചാൽ മതി . വേറൊന്നും അന്വേഷിക്കേണ്ട . പ്രത്യേകിച്ച് നാട്യങ്ങൾ ഒന്നും ഇല്ല , നിശബ്ധനായി ചുമതലകൾ ചെയ്തു തീർക്കും . മറ്റുള്ളവരെ പണി ഏൽപ്പിച്ച് കൈയും കെട്ടിയിരിക്കുന്ന കിച്ചുവെ കാണാനാവില്ല . ഒപ്പം നിന്ന് പണിയെടുക്കും . ആരെങ്കിലുമായി വഴക്ക് കൂടുന്ന കിച്ചുവിനെ കണ്ടിട്ടില്ല . ഗൗരവം വിടാതെ തന്നെ തമാശയും നർമ്മവും വിളമ്പാൻ പ്രത്യേക കഴിവായിരുന്നു , ഈ ഓർമ്മകളുടെ ഭാരത്തിൽ തല കുനിച്ചിരിക്കുകയായിരുന്നു അനുശോചനയോഗത്തിൽ ഞങ്ങൾ എല്ലാവരും - തോമസ് ഐസക് പറയുന്നു. അത്രയും പ്രധാനപ്പെട്ട സഹപ്രവർത്തകനായിരുന്നു കിച്ചുവെന്ന കൃഷ്ണകുമാർ തോമസ് ഐസക്കിന്.

കഴിഞ്ഞ മാസം തൂങ്ങിമരിച്ച അനസും തോമസ് ഐസകിന്റെ വിശ്വസ്തനായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം എൽഎൽബിയും കഴിഞ്ഞു സിപിഐ(എം) കാഞ്ഞിരപ്പള്ളി ഏരീയ സെക്രട്ടറിയായിരുന്ന പി ഷാനവാസിനൊപ്പം പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് അനസ് തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫായി ജോലിയിൽ കയറിയത്. അന്നത്തെ സിപിഐ(എം) കോട്ടയം ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിയേറ്റ് അംഗവുമായ കെ ജെ തോമസിന്റെ പ്രത്യേക താല്പര്യപ്രകാരം ആയിരുന്നു അനസ് തോമസ് ഐസക്കിന്റെ ഓഫീസിൽ ജോലിക്കു കയറിയത്. അഞ്ചു വർഷം തോമസ് ഐസക്കിനൊപ്പം തുടർന്ന അനസ് ഭരണം പോയിട്ടും തലസ്ഥാനത്തുനിന്നും തിരികെ പോയില്ല. മനുഷ്യാവകാശ കമ്മിഷൻ അംഗമായിരുന്ന ജസ്റ്റിസ് നടരാജന്റെ പി എ ആയി കഴിഞ്ഞ അഞ്ചു വർഷം അനസ് ജോലിയിൽ തുടർന്നു. പിണറായി സർക്കാർ അധികാരം ഏറ്റപ്പോൾ പേഴ്‌സണൽ സ്റ്റാഫി നിയമനത്തിൽ ഏറെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും അനസിനെ വേണമെന്നു തോമസ് ഐസക്ക് തന്നെ പാർട്ടിയോടു ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും മറ്റും ഐസക്കിനൊപ്പം പൂർണ്ണസമയം ചെലവഴിച്ച അനസിനുള്ള അംഗീകാരമായിരുന്നു തോമസ് ഐസക്കിന്റെ ക്ഷണം. ഒട്ടേറെ പദ്ധതികൾ സ്വപ്‌നം കാണുന്ന തോമസ് ഐസക്കിനൊപ്പം രാത്രിയും പകലും ഉറക്കമിളച്ചാണ് അനസ് ജോലി ചെയ്തിരുന്നത്.

അങ്ങനെ രണ്ട് വിശ്വസ്തരെ തോമസ് ഐസകിന് രണ്ട് മാസം കൊണ്ട് നഷ്ടമായി. മന്മോഹൻ ബംഗ്ലാവിന്റേയും പതിമൂന്നാം നമ്പറിന്റേയും കാലക്കേടല്ലാതെ മറ്റൊന്നും ഇതിൽ കാണാനാകില്ലെന്നാണ് തോമസ് ഐസകിന്റെ പേഴ്‌സണൽ സ്റ്റാഫിലെ ഒരു കൂട്ടർ പറയുന്നത്. എന്നാൽ തോമസ് ഐസക് മനസ്സ് മാറില്ലെന്നും അവർക്കറിയാം. അന്ധവിശ്വാസങ്ങളെ തോൽപ്പിക്കാൻ മന്മോഹൻ ബംഗ്ലാവിൽ നിന്ന് പതിമൂന്നാം നമ്പറിൽ തോമസ് ഐസക് ഇനിയും യാത്ര തുടരുമെന്ന് അവർക്കുറപ്പാണ്. ഇനിയെന്ത് കാലക്കേടായിരിക്കും വരികയെന്ന ആശങ്കയും അവർ പങ്കുവയ്ക്കുകയാണ്.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP