Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202423Thursday

അദ്ധ്യാപകരിൽ പലർക്കും യോഗ്യതയില്ലാതിരുന്നിട്ടും കോഴ്‌സുകൾക്കെല്ലാം കെടിയു ഡബിൾ ഒകെ പറഞ്ഞതെങ്ങനെ? ഹോസ്റ്റലിലേക്കുള്ള ചെയർമാന്റെ പാതിരാ സന്ദർശനത്തിനും പീഡനങ്ങൾക്കും പിന്നാലെ മറ്റക്കര ടോംസ് കോളേജിലെ മറ്റൊരു തട്ടിപ്പുകൂടി പുറത്ത്; എഎംഐഇ യോഗ്യതയുള്ളവർ ബിടെക്കുകാർക്ക് ക്ലാസെടുക്കുമ്പോൾ കോഴ്‌സുകൾക്ക് പച്ചക്കൊടി കാട്ടി സർവകലാശാല

അദ്ധ്യാപകരിൽ പലർക്കും യോഗ്യതയില്ലാതിരുന്നിട്ടും കോഴ്‌സുകൾക്കെല്ലാം കെടിയു ഡബിൾ ഒകെ പറഞ്ഞതെങ്ങനെ? ഹോസ്റ്റലിലേക്കുള്ള ചെയർമാന്റെ പാതിരാ സന്ദർശനത്തിനും പീഡനങ്ങൾക്കും പിന്നാലെ മറ്റക്കര ടോംസ് കോളേജിലെ മറ്റൊരു തട്ടിപ്പുകൂടി പുറത്ത്; എഎംഐഇ യോഗ്യതയുള്ളവർ ബിടെക്കുകാർക്ക് ക്ലാസെടുക്കുമ്പോൾ കോഴ്‌സുകൾക്ക് പച്ചക്കൊടി കാട്ടി സർവകലാശാല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വിദ്യാർത്ഥി പീഡനത്തെ തുടർന്ന് വാർത്തകളിൽ നിറയുകയും യൂണിവേഴ്‌സിറ്റി സമിതിയുടെ തെളിവെടുപ്പോടെ അംഗീകാരം തന്നെ ചോദ്യംചെയ്യപ്പെടുകയും ചെയ്ത മറ്റക്കര ടോംസ് കോളേജിൽ നിരവധി അദ്ധ്യാപകർ പ്രവർത്തിക്കുന്നത് മതിയായ യോഗ്യതകളില്ലാതെ. ഇക്കാര്യങ്ങൾ വ്യക്തമായിട്ടും കോളേജിലെ കോഴ്‌സുകൾക്ക് എങ്ങനെ കേരള സാങ്കേതിക സർവകലാശാല അംഗീകാരം നൽകിയെന്ന ചോദ്യമാണ് ഇതോടൊപ്പം ഉയരുന്നു. സംസ്ഥാനത്തെ പല സ്വാശ്രയ കോളേജുകളിലും അടിസ്ഥാന യോഗ്യതയില്ലാതെ നിരവധി പേർ അദ്ധ്യാപകരായി പ്രവർത്തിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങളിലും അന്വേഷണം ഉണ്ടാകണമെന്നും ഉള്ള ആവശ്യവും ഇതോടൊപ്പം ഉയരുകയാണ്. 

വനിതാ ഹോസ്റ്റലിലുൾപ്പെടെ കടന്നുകയറുകയും ചെയർമാൻ ടോംജോസഫിന്റെ തന്നെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കുൾപ്പെടെ പീഡനം ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തതോടെയാണ് കോളേജിനെതിരെ വൻ പ്രതിഷേധം ഉയർന്നത്. ചെയർമാന്റെ നേതൃത്വത്തിലുണ്ടാകുന്ന പീഡനങ്ങൾ വിദ്യാർത്ഥിനികൾ മറുനാടനിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കോളേജ് അംഗീകാരം നേടിയതും വളഞ്ഞവഴിയിലൂടെയാണെന്ന് ആരോപണമുണ്ടായി. ഇപ്പോൾ അദ്ധ്യാപകരുടെ യോഗ്യതപോലും നോക്കാതെ യൂണിവേഴ്‌സിറ്റി കോഴ്‌സുകൾക്ക് അംഗീകാരം നൽകിയതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.

കോളേജിലെ പീഡനങ്ങളെ പറ്റി നിരവധി പരാതികൾ ഉയർന്നതോടെ സാങ്കേതിക സർവകലാശാല രജിസ്ട്രാർ പത്മകുമാറിന്റെ നേതൃത്വത്തിൽ കോളേജിലെത്തി തെളിവെടുപ്പും നടത്തി. കോളേജിന്റെ പ്രവർത്തനങ്ങളിൽ തന്നെ ഗുരുതരമായ വീഴ്‌ച്ചയുണ്ടെന്നാണ് പ്രഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായത്. തെളിവെടുപ്പ് നടത്തിയ സമിതി കോളേജിനെതിരെ നടപടിക്ക് ശുപാർശ ചെയ്‌തേക്കുമെന്നും റിപ്പോർട്ടുണ്ട്.

റിസൽട്ടിനെ കുറിച്ച് വാചാലരാകുന്ന ടോംസ് കോളേജിലെ അദ്ധ്യാപകരുടെ എണ്ണവും യോഗ്യതയും കൂടി ഇതോടെ ചർച്ചയാകുകയാണ്. എൻജിനീയറിങ് കോളേജുകളിൽ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നീ കാഡറുകളിലാണ് ടീച്ചിംങ്ങ് ഫാക്കൽറ്റീസ് ഉണ്ടാകുക. ഓരോ കേഡറിനും എഐസിടിഇ-യുജിസി മാനദണ്ഡ പ്രകാരം ഉണ്ടായിരിക്കേണ്ട മിനിമം യോഗ്യത ഇല്ലാത്തവരാണ് ഇവിടെ പ്രവർത്തിക്കുന്ന പലരുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മാനദണ്ഡപ്രകാരം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഉള്ളവർ അല്ലാതെ ഡിപ്പാർട്ടുമെന്റ് ഹെഡ് ഉൾപ്പെടെയുള്ള തസ്തികകളിൽ പ്രവർത്തിക്കുന്നവർക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്നും അതില്ലാത്തപക്ഷം എങ്ങനെ കെടിയുവിൽ നിന്ന് അഫിലിയേഷൻ ലഭിച്ചുവെന്നും ചോദ്യമുയരുന്നു.

പത്തേക്കർ വേണ്ട സ്ഥലത്ത് കേവലം അമ്പതുസെന്റുമായാണ് കോളേജ് അംഗീകാരം നേടിയെടുത്തതെന്നും മാനദണ്ഡപ്രകാരമുള്ള ലൈബ്രറി, കമ്പ്യൂട്ടർലാബ് എന്നിവയൊന്നും ഇല്ലാതെയാണ് പ്രവർത്തനമെന്നും നേരത്തേ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ടോംസ് എൻജിനീയറിങ് കോളേജ് അംഗീകാരം നേടിയത് വളഞ്ഞവഴിയിലൂടെയെന്നും ഇതോടെ വ്യക്തമായിരുന്നു. ഇപ്പോഴത്തെ സാങ്കേതിക സർവകലാശാല വിസിയായ ഡോ. കുഞ്ചെറിയ എഐസിടിഇ സെക്രട്ടറിയായിരിക്കുമ്പോഴാണ് ഇതിന് വഴിയൊരുക്കിയതെന്നും വ്യക്തമായതോടെ കോളേജിന്റെ അംഗീകാരംതന്നെ നഷ്ടമായേക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

അദ്ധ്യാപക മാനദണ്ഡം നിശ്ചയിച്ചുള്ള യുജിസി-എഐസിടിഇ നിർദ്ദേശ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ആകാൻ എംടെക് അഥവാ എംഇ ബിരുദം വേണം. അസോസിയേറ്റ് പ്രൊഫസറുടെ യോഗ്യത ഇതോടൊപ്പം പിഎച്ച്ഡിയും 5 വർഷത്തെ അദ്ധ്യാപക/ഗവേഷണ പരിചയവുമാണ്. ഇതിനെല്ലാം പുറമെ 10 വർഷത്തെ അദ്ധ്യാപക/ഗവേഷണ പരിചയവുമാണ് പ്രൊഫസറുടെ യോഗ്യത. അസോസിയേറ്റ് പ്രൊഫസർമാരെയാണ് ഡിപ്പാർട്ടുമെന്റ് ഹെഡും വൈസ് പ്രിൻസിപ്പലുമൊക്കെ ആക്കുന്നത്. പ്രൊഫസർ കേഡറിലുള്ളയാളാണ് പ്രിൻസിപ്പാൾ ആയി നിയമിക്കപ്പെടേണ്ടത്.

ടോംസ് കോളേജിന്റെ വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്ന പ്രകാരം, കെമിക്കൽ എഞ്ചിനിയേറിങ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനിയേറിങ്, സിവിൽ എഞ്ചിനിയേറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എഞ്ചിനിയേറിങ്, മെക്കാനിക്കൽ എഞ്ചിനിയേറിങ് എന്നീ ബിടെക് കോഴ്‌സുകളാണ് നടത്തുന്നത്. ഓരോ വർഷവും ഒരു ബ്രാഞ്ചിൽ 60 കുട്ടികൾക്കാണ് പ്രവേശനം. അവിടത്തെ അദ്ധ്യാപകരുടെ പേര് വിവരങ്ങളും യോഗ്യതയും വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. അത് ഇപ്രകാരമാണ്.

അത് പ്രകാരം പിഎച്ച്ഡി ഉൾപ്പെടെ ആവശ്യത്തിന് യോഗ്യതയുള്ള തമിഴ്‌നാട് സ്വദേശിയാണ് പ്രിൻസിപ്പാൾ. എന്നാൽ മറ്റ് അദ്ധ്യാപകരുടെ കാര്യം അങ്ങനയല്ല. വർഷത്തിൽ 300 കുട്ടികൾക്ക് അഡ്‌മിഷൻ കൊടുക്കുന്ന കോളേജിൽ, വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്ന പ്രകാരം, 16 അദ്ധ്യാപകരാണ് ആകെ ഉള്ളത്. അതിൽ പലരും നിലവിൽ അവിടെ അദ്ധ്യാപകരല്ലെന്നതാണ് മറ്റൊരു വസ്തുത. രണ്ട് അദ്ധ്യാപകർ സയൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. 14 അദ്ധ്യാപകർ മാത്രമാണ് എഞ്ചിനിയേറിങ് വിഷയങ്ങൾക്കായിട്ടുള്ളത്.

എംഇ ബിരുദം മാത്രമുള്ള അസിസ്റ്റന്റ് പ്രൊഫസർ കേഡറിലുള്ളയാളാണ് വൈസ് പ്രിൻസിപ്പാൾ. കെമിക്കൽ എഞ്ചിനിയേറിംഗിലെ ഏക അദ്ധ്യാപികയുടെ യോഗ്യത ബിടെക് മാത്രമാണ്. 5 പേരുടെ യോഗ്യത എഎംഐഇയും ഒരാളുടേത് എഎംഎഇഎസ്‌ഐയും മാത്രമാണ്. ഈ രണ്ട് കോഴ്‌സുകളും എഐസിടിഇയും യൂനിവേഴ്‌സിറ്റികളും അദ്ധ്യാപക യോഗ്യതയായി അംഗീകരിച്ചിട്ടില്ല. ഇത്തരത്തിൽ സ്വന്തം വെബ്‌സൈറ്റിൽ തന്നെ അദ്ധ്യാപകരുടെ അയോഗ്യത പ്രദർശിപ്പിച്ചിരിക്കുന്ന ഒരു കോളേജിന് എങ്ങിനെ കേരള സാങ്കേതിക സർവകലാശാല അഫിലിയേഷൻ നൽകിയെന്ന ചോദ്യമാണ് ഉയരുന്നത്. ഇത് അദ്ഭുതകരവും അവിശ്വസിനീയവുമാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു.

എഎംഐഇ കോഴ്‌സ്‌പോലും പാസാകാത്ത ടോമിന്റെ ഇളയ മകനും അവിടെ ക്ലാസെടുക്കാറുണ്ടെന്നും, യൂനിവേഴ്‌സിറ്റി ഇൻസ്‌പെക്ഷൻ സമയത്ത് പിഎച്ച്ഡി യോഗ്യതയുള്ളവരെ തമിഴ്‌നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ് എന്നും വിദ്യാർത്ഥികൾ പറയുന്നു.

ഓരോ കോളേജും അതിന്റെ കെട്ടിടങ്ങളുടെയും, ക്ലാസ് മുറികളുടെയും ലാബുകളുടെയും ലൈബ്രറികളുടെയും മറ്റും വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ടോംസ് കോളേജും അത്തരം വിശദാംശങ്ങൾ തങ്ങളുടെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. ടോംസ് കോളേജിന്റെ വെബ്‌സൈറ്റിൽ തന്നെ (https://toms.ac.in/mandatory-disclosure) ഇക്കാര്യങ്ങൾ വിശദമായി കൊടുത്തിട്ടുമുണ്ട്.

പക്ഷേ, ഈ അവകാശവാദങ്ങൾ അവാസ്തവമാണെന്നും അതിൽ സൈറ്റിൽ പറയുന്ന രീതിയിലുള്ള സൗകര്യങ്ങൾ കോളേജിലില്ലെന്നും വിദ്യാർത്ഥികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, ഇക്കാര്യം വിദ്യാർത്ഥികളുടെ പരാതികൾ കേൾക്കാനെത്തിയ സംഘത്തിനോടും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അംഗീകാരം നൽകിയതെന്നതിന് പുറമെ മതിയായ യോഗ്യതകളുള്ള അദ്ധ്യാപകരില്ലാതെയാണ് പ്രവർത്തനമെന്നുകൂടി വ്യക്തമാകുന്നതോടെ കടുത്ത നടപടി ടോംസ് കോളേജിനെതിരെ ഉണ്ടാകുമെന്ന് വ്യക്തമാകുന്നു.

മാത്രമല്ല, കാലാകാലങ്ങളിൽ യൂണിവേഴ്‌സിറ്റി ഇൻസ്‌പെക്ഷനും നടക്കാറുണ്ട്. പക്ഷേ, ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ അവരും വഴിവിട്ട് മാനേജ്‌മെന്റിനെ സഹായിച്ചുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്. മറ്റക്കര കോളേജിൽ മാത്രമല്ല, സംസ്ഥാനത്തെ പല സ്വാശ്രയ കോളേജുകളിലും പ്രവർത്തിക്കുന്ന അദ്ധ്യാപകരുടെ യോഗ്യതയും കോളേജിലെ അടിസ്ഥാന സൗകര്യങ്ങളും ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP