കലാലയങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി മാവോയിസ്റ്റ് സംഘം; മുതിർന്നവർ തങ്ങളുടെ ആശത്തിലേക്ക് എത്താത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളിലൂടെ ആശയ പ്രചരണം ലക്ഷ്യം; ആദ്യ ഘട്ടത്തിലെ നീക്കം മലബാറിലെ കലാലയങ്ങൾ പിടിച്ചടുക്കൽ; ചുമതലപ്പെടുത്തിയത് സംഘത്തിലെ മുതിർന്ന കേഡറുകളെ
July 13, 2018 | 10:47 AM IST | Permalink

മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: കലാലയങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി മാവോയിസ്റ്റ് സംഘം. കേരളത്തിലെ സ്‌കൂൾ, കലാലയങ്ങളെഉപയോഗിച്ച് വിദ്യാർത്ഥികളിലൂടെ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാണ് മാവോയിസ്റ്റ് പ്രവർത്തകരുടെ നീക്കം. മറ്റ് സംസ്ഥാനങ്ങളിലെ പോലെ കേരളത്തിൽ ശക്തമായ സാന്നിധ്യമാകാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നീക്കവുമായി മുന്നോട്ടു പോകുന്നത്.
മുതിർന്നവരെ സംഘടനയിലേക്ക് കൊണ്ടുവരാൻ സംഘടനയ്ക്ക് കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാർത്ഥികളിലൂടെ തീവ്രആശയം കടത്തിവിച്ച് മുന്നോട്ടു പോകാൻ പുതിയ നീക്കം നടത്തുന്നത്. അതിനാൽ വിദ്യാർത്ഥികളെ സംഘടനയിലേക്ക് ആകർഷിച്ച് അടിത്തറ മെച്ചപ്പെടുത്താനാണ് ഒരുങ്ങുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. മലപ്പുറം, എറണാംകുളം, പാലക്കാട്, തൃശ്ശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് കലാലയ രാഷ്ട്രീയം ശക്തിപ്പെടുത്താൻ പ്രധാനമായും ലക്ഷ്യമിടുന്നത്. സംഘടനാനിർദ്ദേശങ്ങൾ പ്രവർത്തകർക്ക് എത്തിക്കാനുള്ള സൗകര്യമാണ് മാവോവാദികൾ നോക്കുന്നത്. വയനാട്, നിലമ്പൂർ, അട്ടപ്പാടി കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തന രംഗത്തുള്ളവരാണ് സന്ദേശങ്ങൾ കൈമാറുന്നത്.
തമിഴ്‌നാട്ടിലും കർണാടകത്തിലും വിദ്യാർത്ഥിരാഷ്ട്രീയം സംഘടനക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇത് ഉപയോഗപ്രതമാക്കിയാണ് കേരളത്തിലേക്കും ഇത്തരത്തിൽ കീഴ്ഘടകങ്ങളിലൂടെ ആശയം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നത്. അട്ടപ്പാടിയിൽനിന്ന് പൊലീസ് പിടിയിലായ കാളിദാസ് ഉൾപ്പെടെയുള്ളവർ തമിഴ്‌നാട് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്നവരാണ്. വനമേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പലർക്കും കലാലയ രാഷ്ട്രീയ പ്രവർത്തനം ശക്തിപ്പെടുത്തുന്ന ചുമതല നൽകിയതായി വിവരമുണ്ട്. മാവോവാദി പോഷകസംഘടനാ പ്രവർത്തകർക്കാണ് വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിനുള്ള ചുമതല. പോഷക സംഘടാ പ്രവർത്തകർക്ക് ആവശ്യമായ നിർദ്ദേശവും മാവോവാദികൾ നേരിട്ടാണ് നൽകുന്നത്.
സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു വിദ്യാർത്ഥി സംഘടന എന്ന നിലയിലായിരിക്കും സംഘടന പ്രവർത്തനം നടത്തുക. ഇതിനായി ഒരു വിഭാഗത്തെ സജ്ജരാക്കിയതായും റിപ്പോർട്ടുണ്ട്. നിലമ്പൂർ മേഖലയിലുണ്ടായിരുന്ന പ്രമുഖർ വയനാട് അട്ടപ്പാടി മേഖലയിലേക്കും മറ്റുള്ളവർ വിദ്യാർത്ഥി സംഘടന പ്രവർത്തനമേഖലകളിലേക്കും തിരിഞ്ഞതായിട്ടാണ് സൂചന.
