Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപ്രിയ സത്യം തുറന്നു പറഞ്ഞപ്പോൾ രാഷ്ട്രീയ -ഉദ്യോഗസ്ഥ- ഫ്‌ലാറ്റ് മാഫിയയുടെ കണ്ണിൽ കരടായി; ചിലവന്നൂർ കായൽ കയ്യേറ്റങ്ങൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്ന് സത്യവാങ്മൂലം നൽകിയ നഗരസഭാ സെക്രട്ടറി തെറിച്ചു

അപ്രിയ സത്യം തുറന്നു പറഞ്ഞപ്പോൾ രാഷ്ട്രീയ -ഉദ്യോഗസ്ഥ- ഫ്‌ലാറ്റ് മാഫിയയുടെ കണ്ണിൽ കരടായി; ചിലവന്നൂർ കായൽ കയ്യേറ്റങ്ങൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്ന് സത്യവാങ്മൂലം നൽകിയ നഗരസഭാ സെക്രട്ടറി തെറിച്ചു

കൊച്ചി: അപ്രിയസത്യം പുറത്തുപറയരുതെന്ന പഴമൊഴി ശരിവയ്ക്കുകയാണ് നമ്മുടെ ഭരണകൂടം. വിവാദമായ ചിലവന്നൂർ കായൽ കയ്യേറ്റത്തിന് ഉദ്യോഗസ്ഥർ കൂട്ടു നിന്നെന്ന് റിപ്പോർട്ട് എഴുതി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച ഉദ്യോഗസ്ഥനെ മരട് നഗരസഭയിൽനിന്ന് തെറിപ്പിച്ചു. കായൽ കയ്യേറ്റത്തിനു കുപ്രസിദ്ധമായ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കസ്റ്റോഡിയനായ നഗരസഭാ സെക്രട്ടറിയെയാണ് രാഷ്ട്രീയ -ഉദ്യോഗസ്ഥ- ഫ്‌ലാറ്റ് മാഫിയ കൂട്ടുകെട്ട് തൽസ്ഥാനത്തുനിന്നു നീക്കിയത്. മരടു നഗരസഭയിൽ വിവിധ തരത്തിലുള്ള കായൽ കയ്യേറ്റം നടന്നിട്ടുണ്ടെന്നും വൻകിട ബിൽഡർമാരാണ് ഈ കയ്യേറ്റത്തിനു പിന്നിലെന്നുമാണ് നഗരസഭാ സെക്രട്ടറി കെ എൻ കൃഷ്ണകുമാർ തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാൻ മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്.

ഇതിൽ പലതിലും കയ്യേറ്റം നേരിട്ടു കണ്ടെത്തിയിട്ടുണ്ടെന്നും നഗരസഭയിലേയും മറ്റു വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ സഹായം ഇത്തരം നിയമലംഘനങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകുമെന്നും കൃഷണകുമാർ ഓംബുഡ്‌സ്മാൻ മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. കയ്യേറ്റക്കാരായ 10 വൻകിട ബിൽഡർമാരുടെ പേരും അവർക്കെതിരെ മരട് നഗരസഭ സ്വീകരിച്ച നടപടികളും അദ്ദേഹം തന്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ കയ്യേറ്റക്കാരുടേയും ഉദ്യോഗസ്ഥരുടേയും അവിശുദ്ധബന്ധം തുറന്നു സമ്മതിച്ച ഉദ്യോഗസ്ഥനെ ദിവസങ്ങൾക്കുള്ളിൽ തന്നെ മരടിൽനിന്നു സ്ഥലം മാറ്റുകയായിരുന്നു.

വിവാദ സത്യവാങ്മൂലത്തിന്റെ പേരിൽ മാവേലിക്കരയിലേക്കാണ് കൃഷ്ണകുമാറിനെ മാറ്റിയിരിക്കുന്നത്. ഇദ്ദേഹത്തിനു പകരമായി വന്ന സെക്രട്ടറിയാകട്ടെ കൃഷ്ണകുമാർ നൽകിയ സത്യവാങ്മൂലം നിലനിൽക്കെത്തന്നെ പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലാകട്ടെ ഉദ്യോഗസ്ഥർ കയ്യേറ്റത്തിനു കൂട്ടുനിന്നുവെന്ന കൃഷണകുമാറിന്റെ കണ്ടെത്തൽ ഒഴിവാക്കുകയും ചെയ്തു. പുതിയ സെക്രട്ടറി സത്യവാങ്മൂലം മാറ്റി സമർപ്പിച്ചതോടെ കൃഷണകുമാറിനെ മനഃപൂർവ്വം മാറ്റിയതാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ഭരണം കയ്യാളുന്ന കോൺഗ്രസ് നേതൃത്വവും സംസ്ഥാന സർക്കാരിലെ ഒരുന്നതനും ഇടപെട്ടാണ് പെട്ടെന്നുള്ള ഈ സ്ഥലം മാറ്റം സാധിച്ചെടുത്തതെന്നാണ് ആരോപണം. അതേസമയം പഴയ സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലം മാത്രമേ ഔദ്യോഗികമായി നിലനിൽക്കുകയുള്ളൂ എന്നാണ് നിയമവിദഗ്ധരുടെ പക്ഷം. സെക്രട്ടറിയെ പെട്ടെന്ന് തന്നെ മാറ്റിയത് അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിലാണെന്ന് ചിലവന്നൂർ കായൽ കയ്യേറ്റം ഓംബുഡ്‌സ്മാന് മുൻപിലെത്തിച്ച സാമൂഹ്യപ്രവർത്തകൻ കെ ടി ചെഷയർ പറഞ്ഞു. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ തീരദേശ പരിപാലന നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി നിർമ്മിച്ച കൊച്ചിയിലെ ഡിഎൽഎഫ് ഫ്‌ലാറ്റ് സമുച്ഛയം പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നിട്ടും ഇത് പൊളിച്ചു നീക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് നിക്ഷേപമുണ്ടെന്ന് ആക്ഷേപമുയർന്ന ഡി.എൽ.എഫിന്റെ ഫ്‌ലാറ്റ് നിർമ്മാണത്തിന് ചട്ടം മറികടന്നുകൊണ്ട് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിറ്റി അനുമതി നൽകിയിരുന്നു. ഈ വാർത്ത രേഖകൾ സഹിതം പുറത്തുകൊണ്ടുവന്നത് മറുനാടൻ മലയാളിയാണ്. സംസ്ഥാന പരിസ്ഥിതി ആഘാത അഥോറിറ്റി മെംബർ സെക്രട്ടറികൂടിയായ അഡീഷണൽ സെക്രട്ടറി പി.കെ മൊഹന്തി ഐ.എ.എസും, കേരളാ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റി ചെയർമാൻ വി.എൻ രാജശേഖരൻ പിള്ളയും നിയമങ്ങൾ കാറ്റിൽ പറത്തി ഡി.എൽ.എഫിന്റെ ബഹുനില ഫ്‌ലാറ്റിന് കളീൻ ചിറ്റ് നല്കിക്കൊണ്ട് കത്തയച്ചതും പുറത്തുകൊണ്ടുവന്നു. ഇതിന്റെ തുടർച്ചായണ് കെട്ടിടം പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ്.

ചിലവന്നൂർ കായൽ ചെളിയടിച്ചു നികത്തി ഇവിടെ ബഹുനില ഫ്‌ലാറ്റ് സമുച്ചയമാണ് ഡി.എൽ.എഫ് പടുത്തുയർത്തിയിരിക്കുന്നത്. പരാതി ഉയർന്നപ്പോൾ സ്റ്റോപ്പ് മെമോ കൊടുത്തതല്ലാതെ തുടർനടപടികൾ മനഃപൂർവ്വം വൈകിച്ച് കോർപ്പറേഷനും ഡി.എൽ.എഫിന് പിന്തുണ നല്കി. ചിലവന്നൂർ കായൽ പരിസരം പരിസ്ഥിതി ആഘാത പഠന അഥോറിറ്റിയുടെ മുൻ ഉത്തരവുപ്രകാരം അതീവ പരിസ്ഥിതിലോല പ്രദേശമായാണ് അടയാളപ്പെടുത്തുയിരുന്നത്. വൻകിട ഫ്‌ലാറ്റ് കമ്പനിക്കാരെ കൂടാതെ കോൺഗ്രസ് നേതാവ് പത്മജാ വേണുഗോപാൽ അടക്കമുള്ളവർ കായൽ കൈയേറിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP