Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് പഞ്ചനക്ഷത്ര ഹോട്ടലല്ല ദുരിതാശ്വാസ ക്യാമ്പാണ്; ഇവിടെ 640 കിടക്കകളും ആവശ്യമായത്ര ശുചിമുറികളും അടുക്കളകളും ഭക്ഷണശാലയുമുണ്ട്; വൈദ്യതിയും വെള്ളവുമുണ്ട്; ഇതുപോലൊരു ദുരിതാശ്വാസ ക്യാമ്പ് ഇന്ത്യയിലെവിടെയും കാണില്ലെന്ന് എം ബി രാജേഷ്; ദുരിതബാധിതരെ പാലക്കാട്ടെ 'അപ്നാ ഘർ' ബഹുനില മന്ദിരത്തിലേക്ക് മാറ്റിയതിന് സോഷ്യൽ മീഡിയയുടെ കൈയടി

ഇത് പഞ്ചനക്ഷത്ര ഹോട്ടലല്ല ദുരിതാശ്വാസ ക്യാമ്പാണ്; ഇവിടെ 640 കിടക്കകളും ആവശ്യമായത്ര ശുചിമുറികളും അടുക്കളകളും ഭക്ഷണശാലയുമുണ്ട്; വൈദ്യതിയും വെള്ളവുമുണ്ട്; ഇതുപോലൊരു ദുരിതാശ്വാസ ക്യാമ്പ് ഇന്ത്യയിലെവിടെയും കാണില്ലെന്ന് എം ബി രാജേഷ്; ദുരിതബാധിതരെ പാലക്കാട്ടെ 'അപ്നാ ഘർ' ബഹുനില മന്ദിരത്തിലേക്ക് മാറ്റിയതിന് സോഷ്യൽ മീഡിയയുടെ കൈയടി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഒരുദുരിതാശ്വാസ കാമ്പിനെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ എല്ലാം പാലക്കാടുപോയാൽ മാറും. പ്രളയ ദുരിതബാധിതരെ സ്‌കൂളുകളും കുടുസ്സുമുറികളിലും ഇട്ട് നരകിപ്പിക്കാതെ പഞ്ചനക്ഷത്രഹോട്ടലിന് സമാനമായ കെട്ടിടത്തിലെക്കാണ് പാലക്കാട് എം പി എംബി രാജേഷും ജില്ലാ ഭരണകൂടവും മാറ്റിയത്.ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസിക്കുന്നതിനായി സംസ്ഥാന സർക്കാർ നിർമ്മിച്ച 'അപ്നാ ഘർ' എന്ന ഈ ബഹുനിലമന്ദിരം ഉദ്്ഘാടനത്തിന് കാത്തുനിൽക്കാതെ പ്രളയദുരിതക്കാർക്കായി തുടന്നുകൊടുക്കയായിരുന്നു.

ഇതു സംബന്ധിച്ച് എംബി രാജേഷിന്റെ പോസ്റ്റിനു താഴെ നിരവധിപേർ ഇതൊരു മാതൃകയാക്കണമെന്ന് പറഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. സർക്കാറിന്റെയും അർധ സർക്കാറിന്റെയും നല്ല കെട്ടിടങ്ങൾ ഈ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും ദുരിതബാധിതരെ ക്യാമ്പുകളിലിട്ട് നരകിപ്പിക്കരുതെന്നും പലരും അഭ്യർത്ഥിക്കുന്നു.പലയിടത്തും സർക്കാറിന്റെ നല്ല കെട്ടിടങ്ങൾ ഉണ്ടായിട്ടും തുറന്നുകൊടുക്കുന്നില്ലെന്നും ജനം ചൂണ്ടിക്കാട്ടുന്നു.

എംബി രാജേഷ് എംപിയുടെ ഫേസ്‌ബുക്ക്പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്:

ചിത്രത്തിൽ കാണുന്നത് നക്ഷത്ര ഹോട്ടലല്ല. സർവസ്വവും നഷ്ടപ്പെട്ട പാവപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ പാലക്കാട് ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പാണ്. ഒരുപക്ഷെ ഇതുപോലൊരു ദുരിതാശ്വാസ ക്യാമ്പ് ഇന്ത്യയിലെവിടെയും കാണില്ല. ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസിക്കുന്നതിനായി സംസ്ഥാന സർക്കാർ നിർമ്മിച്ച 'അപ്നാ ഘർ' എന്ന ഈ ബഹുനിലമന്ദിരം മുഖ്യമന്ത്രി ഉദ്്ഘാടനം ചെയ്യാനിരുന്നതാണ്. ഇവിടെ 640 കിടക്കകളും ആവശ്യമായത്ര ശുചിമുറികളും അടുക്കളകളും ഭക്ഷണശാലയുമുണ്ട്. വൈദ്യതിയും വെള്ളവുമുണ്ട്.

സ്‌കൂളുകളിലും മറ്റുമൊരുക്കിയ താത്ക്കാലിക ക്യാമ്പുകളിൽ നി ന്ന് വീടുകൾ പൂർണ്ണമായും തകർന്നവരെയാണ് ഇന്ന് വൈകുന്നേരത്തോടെ ഈ മികച്ച സൗകര്യത്തിലേക്ക് പുനരധിവസിപ്പിച്ചത്.കഞ്ചിക്കോട്ടേക്ക് മാറാൻ ആദ്യം മിക്കവർക്കും വൈമനസ്യമുണ്ടായിരുന്നു, ചില ക്ഷുദ്ര ശക്തികൾ നടത്തിയ വ്യാജ പ്രചരണം കൂടിയായപ്പോഴേക്കും സ്ഥിതി സങ്കീർണ്ണമായി.എന്നാൽ ഞങ്ങൾ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഒറ്റക്കെട്ടായി അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. 12 ബസ്സുകളിലായി വൈകുന്നേരത്തോടെ കൂടുതൽ പേർ കഞ്ചിക്കോട് 'അപ്നാ ഘറി'ലെത്തി. അവിടെ വന്നു കയറിയപ്പോൾ എല്ലാവരുടെയും ആശങ്കയകന്നു. ദിവസങ്ങളായി തകർന്ന ഹൃദയവുമായി കഴിഞ്ഞ പലരും ആശ്വാസം കൊണ്ട് നെടുവീർപ്പിട്ടു.

ചിലർ സുരക്ഷിത ഇടത്തിലെത്തിയ സന്തോഷത്തിൽ കണ്ണീർ വാർത്തു. അവരുടെ മുഖത്ത് ആശ്വാസം വിടർന്നപ്പോൾ കഴിഞ്ഞ അഞ്ചാറു ദിവസത്തെ കഠിനാധ്വാനത്തിനൊടുവിൽ ഞങ്ങൾക്കും സമാധാനമായി.ഇനിയും കുറച്ചു പേർ കൂടി സ്‌ക്കൂളുകളിൽ കഴിയുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ അവർക്കും ഇതുപോലെ മികച്ച പുനരധിവാസമൊരുക്കും. മന്ത്രി ഏ. കെ.ബാലനും ഞാനും എം.എൽ. എ. ഷാഫിയും കളക്ടർ ബാലമുരളിയും ചേർന്ന് അവരെ സ്വീകരിച്ചു.' അപ്നാ ഘർ ' ക്യാമ്പിനായി വിട്ടുതരാൻ അഭ്യർത്ഥിച്ചപ്പോൾ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നെങ്കിലും മന്ത്രി ഏ. കെ. ബാലൻ, മുഖ്യമന്ത്രി എന്നിവരുടെ ഇടപെടലിലൂടെയാണ് അത് പരിഹരിച്ചതും വിട്ടുനൽകാൻ ഉടൻ ഉത്തരവായതും. അനുമതിക്കായി പ്രത്യേകമായി തന്നെ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനോടുള്ള നന്ദി നിസ്സീമമാണ്. കഞ്ചിക്കോട്ടെ ക്യാമ്പിൽ നിന്ന് നഗരത്തിലെ സ്‌കൂളുകളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും നഗരത്തിലേക്ക് കെ.എസ്.ആർ.ടി.സി.യുടെ സൗജന്യ ബസ് സർവീസ് ഏർപ്പാടാക്കിയിട്ടുണ്ട്.ഇവർക്കാവശ്യമായ ഭക്ഷണം കുടുംബശ്രീ തയ്യാറാക്കി നൽകും. ചെലവ്മുഴുവൻ സർക്കാർ വഹിക്കും.

കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരൊറ്റ മനസ്സായ ദുരിതാശ്വാസ പ്രവർത്തനമാണ് പാലക്കാട് നടത്തുന്നത്. പ്രളയത്തിന്റെ കരക്കിരുന്ന് മുതലെടുപ്പ് നടത്തുന്നവരൊക്കെയുണ്ട്. ഇപ്പോൾ അതൊന്നും ശ്രദ്ധിക്കാൻ സമയമില്ല. വീട് മുഴുവൻ നഷ്ടപ്പെട്ടവർക്കെല്ലാം സ്വന്തമായി വീട് നൽകാനുള്ള പദ്ധതിയുടെ ആലോചനയും തുടങ്ങിക്കഴിഞ്ഞു.ഒരു കാര്യം ആത്മവിശ്വാസത്തോടെയും തികഞ്ഞ ഉത്തരവാദിത്തത്തോടെയും ഉറപ്പു നൽകട്ടെ. ഭുരന്തത്തിനിരയായ ഒരാളും പെരുവഴിയിലാവില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP