Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്രക്കാരോട് കളിച്ചാൽ അവർ പിതാവിനേയും മാറ്റിയെടുക്കും; കെഎസ്ആർടിസിയെ വിമർശിച്ച കോടതി വിധി മുക്കാൻ പറ്റാതെ വന്നപ്പോൾ പരാതിക്കാരന്റെ പേരുമാറ്റി പ്രതികാരം; പത്രപ്രവർത്തകർ കേരളത്തിലെ മാഫിയാ തലവന്മാർ ആകുന്നത് ഇങ്ങനെ

പത്രക്കാരോട് കളിച്ചാൽ അവർ പിതാവിനേയും മാറ്റിയെടുക്കും; കെഎസ്ആർടിസിയെ വിമർശിച്ച കോടതി വിധി മുക്കാൻ പറ്റാതെ വന്നപ്പോൾ പരാതിക്കാരന്റെ പേരുമാറ്റി പ്രതികാരം; പത്രപ്രവർത്തകർ കേരളത്തിലെ മാഫിയാ തലവന്മാർ ആകുന്നത് ഇങ്ങനെ

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ മാഫിയ പത്രക്കാർ ആണെന്ന കാര്യത്തിന് അടിവര ഇടുന്ന മറ്റൊരു റിപ്പോർട്ട് കൂടി മറുനാടൻ മലയാളിക്ക് ലഭിച്ചു. ജനത്തെ ബുദ്ധിമുട്ടിക്കാൻ ഒരു പ്രധാന വാർത്ത പരാതിക്കാരനോടുള്ള വൈരാഗ്യം തീർക്കാനായി മുക്കിയ പത്രക്കാർ അതേ സംഭവത്തിൽ മറ്റൊരു പ്രധാന വഴിത്തിരിവുണ്ടായപ്പോൾ പരാതിക്കാരന്റെ പേരു മാറ്റിയാണ് പ്രതികാരം തീർത്തത്. കേരളത്തിലെ ഏറ്റവും വലിയ മാഫിയ ആരെന്ന ചോദ്യത്തിന് പത്രപ്രവർത്തകരും പത്രമുതലാളിമാരും തന്നെ എന്ന് ഉറപ്പിക്കുകയാണ് ഈ സംഭവത്തിലൂടെ.

രാജ്യത്ത് നിലവിലുള്ള നിയമം ലംഘിച്ച് കെഎസ്ആർടിസിയുടെ ചരമഗീതം പാടാൻ ഉതകുന്ന ഒരു ഓർഡിനൻസിനെതിരെ സമർപ്പിച്ച ഹർജിയിൽ കോടതി എടുത്ത നിലപാടാണ് പത്രക്കാരുടെ പിണക്കം മൂലം ആദ്യം പുറം ലോകം അറിയാതെ പോയത്. അത് വിവാദവുമായി. തുടർന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അതി നിർണ്ണായക നിരീക്ഷണങ്ങൾ കേസിൽ നടത്തി. ഈ വാർത്ത മുക്കാൻ കഴിയുകയുമില്ല. ഇതോടെ പരാതിക്കാരന്റെ പേരുമാറ്റി വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത നൽകുമ്പോഴും പരാതിക്കാരോടുള്ള കലിപ്പ് പത്രക്കാർക്ക് തീരാത്തതിന്റെ വ്യക്തമായ ചിത്രം കൂടിയാണ് ഇത്. അങ്ങനെ കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനയെ പരാതിക്കാരാക്കി വാർത്ത നൽകി.

ഫ്‌ളെക്‌സ് നിരോധനവും പൊതുസ്ഥലത്തെ യോഗം ചേരലും നോട്ട നിയമവും അടക്കം രാജ്യത്തെ അതിനിർണ്ണായകമായ പല കോടതി വിധികൾക്കും കാരണക്കാരായ പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനുമായാണ് പത്രക്കാരുടെ പ്രശ്‌നം. ഇവർ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച നിർണ്ണായകമായ ഉത്തരവാണ് ചാനലുകളും പത്രങ്ങളും നേരത്തെ ഒരുപോലെ മുക്കിയത്. നിയമം ലംഘിച്ച് പത്ത് രൂപ വീതം സെസ് ഏർപ്പെടുത്തിയാൽ കെഎസ്ആർടിസി ഇല്ലാതാകുമെന്ന് കാര്യകാരണ സഹിതം ഹർജിക്കാർ വാദിച്ചപ്പോൾ ഈ കേസ് അതിപ്രധാനമാണെന്നും പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് കോടതി സർക്കാരിന് നോട്ടീസ് അയക്കാൻ ഉത്തരവ് ഇടുകയായിരുന്നു.

കെഎസ്ആർടിസി ഏറ്റെടുക്കുന്ന സൂപ്പർ ക്ലാസ്സ് സ്വകാര്യ ബസ്സുകൾക്ക് നിയമ വിരുദ്ധമായി പെർമിറ്റ് നീട്ടി കൊടുക്കുന്നതിനെതിരെ ഫയൽ ചെയ്ത കേസിൽ ഇന്നലെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഇന്നു പത്ര വാർത്തയായി. ഈ വിഷയത്തിൽ കഴിഞ്ഞ 25 വർഷമായി കേസു നടത്തിയ ഡിജോ കാപ്പനെയും അദ്ദേഹം നേതൃത്വം നൽകുന്ന സംസ്ഥാന ബസ് പാസഞ്ചേഴ്‌സ് അസ്സോസിയേഷനെയും അവരുടെ കേസ് ഹൈക്കോടതിയിൽ വാദിക്കുന്ന ജോൺസൺ മനയാനിയെയും ഇന്നത്തെ പത്ര വാർത്തകളിൽ നിന്നും ഒഴിവാക്കിയത് കോടതി റിപ്പോർട്ടിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഇവർ ഹൈക്കോടതിയിൽ കേസ് നടത്തുന്നതിന്റെ പേരിൽ ആണ്.

കെഎസ്ആർടിസി ഏറ്റെടുത്ത സ്വകാര്യ സൂപ്പർ ക്ലാസ്സ് സർവീസുകൾ തുടർന്നും സ്വകാര്യ ബസുകൾക്ക് തന്നെ നടത്താൻ ഗതാഗത മന്ത്രി നടത്തിയ 17 - 7 - 2014 ലെ നീക്കത്തിനെതിരെ ഹൈക്കോടതിയിൽ ഡിജോ കാപ്പൻ ഹർജിയിൽ ചെയ്തത് ഡബ്ല്യൂ.പി.സി 18786/2014 എന്ന നമ്പരിലായിരുന്നു. സംസ്ഥാന ബസ് പാസഞ്ചേഴ്‌സ് അസ്സോസിയേഷന്റെ പേരിലായിരുന്നു കാപ്പൻ അഡ്വ. ജോൺസൺ മനയാനി വഴി കേസു കൊടുത്തത്. ഇന്ന് പത്രങ്ങൾ ഏറെ കെട്ടിഘോഷിക്കുന്ന കെഎസ്ആർടിസിയിലെ സിഐറ്റിയു നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് റോഡ് ട്രോൻസ്‌പോർട്ട് എംപ്ലോയീസ് അസ്സോസിയേഷൻ (കെഎസ്ആർടിസി) ഇതേ വിഷയത്തിൽ കേസ് ഫയൽ ചെയ്‌തതോ ഡബ്ലുപിസി 20952/ 14 എന്ന നമ്പരിലും. അതുകൊണ്ട് തന്നെ കാപ്പൻ കൊടുത്ത കേസു തന്നെയായിരുന്നു ഇന്നലെ കോടതി പരിഗണിച്ചത് എന്ന് ഉറപ്പ്.

ഇന്നലെ കോടതി പത്ര പ്രവർത്തനത്തിനിടയായ വിഷയങ്ങളും കാപ്പന്റെ വക്കീൽ ജോൺസൺ മനയാനി നടത്തിയ വാദങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു കോടതി കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകൾക്ക് നേരെ ആഞ്ഞടിച്ചത്. അയൽ സംസ്ഥാന തൊഴിലാളിയെ കണ്ട് തൊഴിലാളികൾ എങ്ങനെയാണ് അവിടുത്തെ ഗതാഗത കോർപ്പറേഷനുകളിൽ പണിയെടുക്കുന്നതെന്ന് പഠിക്കേണ്ടതെന്നും യൂണിയനുകളാണ് കെഎസ്ആർടിസിയെ നശിപ്പിക്കുന്നതെന്നും കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷന് അർഹതപോലുമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഇത്രയും രൂക്ഷമായ ഭാഷയിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കോടതി നിരീക്ഷണം നടത്തിയതിന് കാരണക്കാരായ സംഘടനയെയും അതിന്റെ നേതൃത്വത്തിലിരിക്കുന്ന കാപ്പനെയും വാർത്തകളിൽ നിന്ന് ഒഴിവാക്കിയത് ഹൈക്കോടതി റിപ്പോർട്ടിംഗിൽ പ്രവർത്തിക്കുന്ന മാദ്ധ്യമ മാഫിയയായിരുന്നു.

സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കൽ വിഷയത്തിൽ 48 മണിക്കൂർ സമരത്തിന് ആഹ്വാനം ചെയ്ത സിഐറ്റിയു നേതൃത്വത്തിലൂടെ കെഎസ്ആർടിസിഎ എന്ന യൂണിയനുകളുടെ നേതാക്കൾ സമര ഒത്തു തീർപ്പിന്റെ ഭാഗമായി ഈ 241 സൂപ്പർ ക്ലാസ്സ് സർവ്വീസുകളും തുടർന്നും സ്വകാര്യ ബസുകൾ തന്നെ അടിച്ചോട്ടെ എന്നും തീരുമാനിച്ചവരാണ്. ഒരു യോഗമിനിട്‌സിന്റെ 1,2,3 പേജുകൾ തന്നെ ഇത് വ്യക്തമാക്കുന്നു.

241 സ്വകാര്യ സൂപ്പർ ക്ലാസ്സ് തന്നെ നൽകാൻ ഗവ. ചീഫ് വിപ്പിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു മുൻ ഗതാഗതമന്ത്രിക്ക് കൊട്ടാരക്കരയിലെ ഓരോ ബസുകാരിൽ നിന്നും ഒരു ലക്ഷം രൂപ വീതം പിരിച്ചു ഗാതാഗത മന്ത്രിക്ക് നൽകിയെന്ന് കഴിഞ്ഞ നിയമ സഭയിൽ തന്നെ ആരോപണമുയർന്നിരുന്നു കെഎസ്ആർടിസിയെ രക്ഷിക്കാൻ ജനങ്ങളുടെ മേൽ അധിക കേസ് ഏർപ്പെടുത്താൻ നിയമം ഉണ്ടാക്കിയവർ തന്നെ കെഎസ്ആർടിസിക്ക് പ്രതിദിനം അരക്കോടി അധിക വരുമാനം പ്രതി വർഷം 180 കോടി കൊണ്ട് വരേണ്ട സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കില്ലെന്ന് തയ്യാറെടുത്തത് വൻ കോഴയേക്കാൾ വലിയ കോഴയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP