Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദി മോഡൽ 'നിതാഖത്ത്' ജമാഅത്തെ ഇസ്ലാമി ചാനലിലും; മീഡിയാ വണ്ണിൽ നിന്ന് പിരിച്ചുവിടുന്നത് 40 ദൃശ്യമാദ്ധ്യമ പ്രവർത്തകരെ; സ്വയം പിരിഞ്ഞു പോയില്ലെങ്കിൽ ആനുകുല്യങ്ങൾ നൽകില്ലെന്ന് ഭീഷണി; വിനോദപരിപാടികൾ വേണ്ടെന്ന് വയ്ക്കുന്നത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് ചാനൽ മാനേജ്‌മെന്റ്

സൗദി മോഡൽ 'നിതാഖത്ത്' ജമാഅത്തെ ഇസ്ലാമി ചാനലിലും; മീഡിയാ വണ്ണിൽ നിന്ന് പിരിച്ചുവിടുന്നത് 40 ദൃശ്യമാദ്ധ്യമ പ്രവർത്തകരെ; സ്വയം പിരിഞ്ഞു പോയില്ലെങ്കിൽ ആനുകുല്യങ്ങൾ നൽകില്ലെന്ന് ഭീഷണി; വിനോദപരിപാടികൾ വേണ്ടെന്ന് വയ്ക്കുന്നത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് ചാനൽ മാനേജ്‌മെന്റ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലയാള ദൃശ്യ മാദ്ധ്യമ രംഗത്ത് മറ്റൊരു ചാനൽ കൂടി കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന. ഇതിന്റെ ഭാഗമായി ഇപ്പോൾ മീഡിയ വൺ ചാനലിൽ നിതാഖത്ത് നപ്പിലാക്കി വരികയാണെന്നാണ് ആക്ഷേപം.കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വൺ ചാനലിൽ നിന്നും പ്രൊഗ്രാം വിഭാഗത്തിൽപ്പെട്ട 40ഓളം ജീവനക്കാർക്ക് രണ്ട് മാസത്തിനുള്ളിൽ പിരിഞ്ഞ് പോകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരിക്കുകയാണ്. ചാനലിൽ ഇനി വിനോദപരിപാടികൾ ഒഴിവാക്കുകയാണെന്ന് കാണിച്ചാണ് നിരവധി പ്രോഗ്രാം പ്രൊഡ്യൂസർമാർക്കും ക്യാമറാമാന്മാർക്കും വിഷ്വൽ എഡിറ്റർമാർക്കും ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.

പ്രോഗ്രാം ചാനൽ അവസാനിപ്പിച്ചുവെങ്കിലും ജീവനക്കാരിലെ ചിലരെ ന്യൂസ് ചാനലിന്റെ ഭാഗമായി തുടരുകയായിരുന്നു. ഇതിൽ പ്രോഗ്രാം പ്രൊഡ്യൂസേഴ്‌സും ക്യാമറാമാനും ഉൾപ്പെടെയുള്ളവർക്കാണ് ചാനൽ മാനേജ്‌മെന്റ് പിരിഞ്ഞു പോകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ പരിഞ്ഞു പോകണമെന്നാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.പ്രോഗ്രാം പ്രൊഡ്യൂസേഴ്‌സ് എട്ടുപേർ ഉണ്ടായിരുന്നതിൽ നാലുപേരോട് പിരിഞ്ഞുപൊകാൻ ആവശ്യപ്പെട്ടുകഴിഞ്ഞു. ഇരുപതു ക്യാമറാമാന്മാരുള്ളതിൽ പതിനൊന്നുപേരോടാണ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പതിനഞ്ച് എഡിറ്റർമാരുള്ളിടത്ത് പതിമ്മൂന്നു പേരെയും പിരിച്ചുവിട്ടിട്ടുണ്ട്.

ഡിസംബർ 31ന് മുൻപ് പിരിഞ്ഞ് പോയില്ലെങ്കിൽ യാതൊരു ആനുകൂല്യങ്ങളും നൽകില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. പിരിച്ചുവിട്ടവരിൽ രണ്ടുമാസത്തിനപ്പുറം വിവാഹം നിശ്ചയിച്ചവരും ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുമെല്ലാം ഉൾപ്പെടുന്നുണ്ട്. കുടുംബ സമേതം കോഴിക്കോട്ടേക്ക് താമസം മാറ്റി കുട്ടികളെ ഇവിടുത്തെ തന്നെ സ്‌കൂളുകളിൽ പ്രവേശിപ്പിച്ചവർ ഇപ്പോൾ പാതിവഴിയിൽ എന്തെന്നറിയാത്ത അവസ്ഥയിലാണ്.

പെട്ടന്നൊരു സുപ്രഭാതത്തിൽ വിളിച്ചുവരുത്തി ജോലിയിൽ നിന്നും പിരിഞ്ഞ്‌പോണമെന്ന് ആവശ്യപ്പെട്ടതിന്റെ അന്താളിപ്പിലാണ് ജീവനക്കാർ. മൂന്നു മാസത്തിനപ്പുറം പിരിഞ്ഞ് പോണമെന്നാണ് ആദ്യം നൽകിയിരുന്നു നിർദ്ദേശം. പിന്നീട് പലപ്പോഴായി പല തീരുമാനങ്ങളാണ് അറിയിക്കുന്നതെന്നും ജീവനക്കാർ പറയുന്നു. നാളെ രാജിക്കത്ത് തരണം , ഇന്നു വൈകുന്നേരം തരണം എന്നിങ്ങനയൊക്കെ ഒരു പരസ്പര ബന്ധമോ മര്യാദയോ ഇല്ലാതെയാണ് അധികൃതർ സംസാരിക്കുന്നതെന്നും ജീവനക്കാർ പറയുന്നു.

ഇപ്പോൾ പിരിച്ച് വിടുന്ന പലരേയും കമ്പനി തന്നെ നേരത്തെ പിടിച്ചുനിർത്തിയതാണ്. മൂന്ന് നാല് മാസം മുൻപ് മഴവിൽ മനോരമയിലും മറ്റ് ചില ചാനലുകളിലേക്കും ചേക്കേറാനൊരുങ്ങിയ ഇവരെ 1000 മുതൽ 3000 രൂപ വരെ ശമ്പള വർധന നൽകി പിടിച്ച് നിർത്തുകയായിരുന്നു. അങ്ങനെ പിടിച്ച് നിർത്തിയ ശേഷം ഇപ്പോൾ വഴിയാധാരമാക്കുന്ന നിലപാട് കമ്പനി സ്വീകരിച്ചത് ഞെട്ടിച്ചുവെന്നും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ആലോചിച്ചു വരികയാണെന്ന് ജീവനക്കാർ പറയുന്നു.ചാനൽ സാമ്പത്തിക പ്രശ്‌നത്തിലാണെന്നും അതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നുമാണ് മാനേജ്‌മെന്റ് പറയുന്നു.

എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങൾ ഒരു വിഷയമല്ലെന്നും അത് പിരിച്ചുവിടുന്നതിന് കാരണമാകുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഔദ്യോഗികമായി യാതൊരു മുന്നറിയിപ്പും നൽകാതെ, അർഹമായ ആനുകൂല്യങ്ങൾ പോലും ഒഴിവാക്കി തങ്ങളെ പിരിച്ചു വിടുന്ന നടപടിക്കെതിരെ ജീവനക്കാരുടെ ഇടയിൽ നിന്നും വൻ പ്രതിഷേധമാണ് ഉയരുന്നത്.ഔദ്യോഗികമായി അറിയിപ്പ് നൽകാത്തതിനാൽ തൊഴിൽ വകുപ്പിന് പരാതി നൽകാനാകാത്ത അവസ്ഥയിലാണ് ജീവനക്കാർ.

സംസ്ഥാനത്ത് മാദ്ധ്യമ പ്രവർത്തകർ കടുത്ത തൊഴിൽ ചൂഷണത്തിന് വിധേയമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം മാദ്ധ്യമം സംഘടിപ്പിച്ച മാദ്ധ്യമം ജേർണലിസ്റ്റ് യൂണിയന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞിരുന്നു. അതേ മാദ്ധ്യമത്തിന്റെ തന്നെ ചാനൽ പതിപ്പിൽ ഇത്രയേറെ തൊഴിലാളികളോട് ചൂഷണം നടത്തുന്നു എന്നത് വിരോദാഭസമായിട്ടാണ് വിലയിരുത്തൽ.സംസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർ കടുത്ത തൊഴിൽ ചൂഷണത്തിന് ഇരയാകുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. അന്യായമായ പിരിച്ചുവിടൽ ഭീഷണിയിലാണ് മാദ്ധ്യമ പ്രവർത്തകർ. മാനേജ്‌മെന്റിന് അതൃപ്തി തോന്നിയാൽ ഒരു കോപ്പി പോലും ഇല്ലാത്ത സ്ഥലത്തേക്കാണ് പത്രപ്രവർത്തകരെ സ്ഥലം മാറ്റുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

ഇതോടൊപ്പം തന്നെ വാർത്താ വിഭാഗത്തിലേയും ചിലരുമായുള്ള കരാർ അവസാനിപ്പിക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചതായാണ് സൂചന. ഇതോടൊപ്പം തന്നെ ഒരു വർഷം മുൻപ് ഷാർജയിൽ വച്ച് ഉദ്ഘാടനം ചെയ്ത മീഡിയ വൺ ഗൾഫ് എന്ന ചാനൽ സംപ്രേഷണം നിർത്തലാക്കാനുദ്ദേശിക്കുന്നതായും സൂചനയുണ്ട്.അതേ സമയം വാർത്താ പരിപാടികളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനായി മാത്രമാണ് വിനോദ പരിപാടികൾ അവസാനിപ്പിക്കുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. വാർത്താ വിഭാഗത്തിലേക്ക് മാത്രമായി ഇത്രയുമധികം ജീവനക്കാരുടെ ആവശ്യമില്ലാത്തതിനാലുമാണ് പറഞ്ഞ് വിടുന്നതെന്നും കമ്പനി പറയുന്നു.

പ്രോഗ്രാം ചാനൽ സംഭ്രേഷണം ചെയ്യാൻ ഇനി താൽപര്യമില്ലെന്നും ന്യൂസ് ചാനൽ മാത്രം തുടർന്നാൽ മാത്രം മതി എന്നുമാണ് തീരുമാനം. ഇത്രയും കാലം വാർത്താ വിഭാഗത്തിനെക്കാൾ ലാഭം കൊയ്തതും കമ്പനി നല്ലരീതിയിൽ മുന്നോട്ട് പോയതും പ്രോഗ്രാം വിഭാഗത്തിന്റെ പ്രയത്‌നംകൊണ്ടാണ്. ന്യൂസ് ചാനലിൽ പല പരസ്യങ്ങൾക്കും സംഘടനയുടെ പേര് പറഞ്ഞ് വിലക്ക് ഏർപ്പെടുത്തിയതിനെതുടർന്ന് മാർക്കറ്റിങ്ങ് മേധാവി ചാനൽ വിട്ടിരുന്നു.

കഴിഞ്ഞ കുറച്ച് കാലമായി മീഡിയാവൺ വാർത്താ വിഭാഗത്തിലെ ജീവനക്കാരുടെ പ്രകടനം നിരീക്ഷിക്കുന്നതിനായി ഓഡിറ്റിങ്ങ് നടത്തിയിരുന്നു.കഴിഞ്ഞ ഏതാനം മാസങ്ങളായി ചാനലിൽ കടുത്ത ചേരിതിരിവ് നിലനിൽക്കുന്നതായും സൂചനയുണ്ട്. മാനേജ്‌മെന്റ് താൽപര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്നുവെന്നാണ് പ്രധാന ആരോപണം. കോർഡിനേറ്റിങ്ങ് എഡിറ്ററായിരുന്ന രാജീവ് രാമചന്ദ്രന്റെ കരാർ പുതുക്കണ്ടെന്ന് മാനേജ്‌മെന്റ് തീരുമാനിച്ചു. എന്നാൽ ഇത് മനസ്സിലാക്കിയ രാജീവ് രാമചന്ദ്രൻ രാജിവെക്കുകയായിരുന്നു.സമാനമായ രീതിയിൽ പുറത്താക്കിയെന്ന പേരുദോഷം വരാതിരിക്കാനായി പലരും രാജിവച്ചൊഴിയാനായി തയ്യാറെടുക്കുന്നതായും സൂചനയുണ്ട്

പല പരിപാടികളും പൈങ്കിളി നിലവാരത്തിലേക്ക് താഴുകയാണെന്നും ഇതിൽ കടുത്ത അതൃപ്തിയുണ്ടെന്നും കാണിച്ചാണ് പിരിഞ്ഞ് പോകാൻ നോട്ടീസ് നൽകിയത എന്നാണ് പ്രോഗ്രാം വിഭാഗത്തിൽ നിന്നും പിരിച്ച് വിട്ടവരോട് കമ്പനി നൽകിയ വിശദീകരണം. ചാനലിൽ സംഭ്രേഷണം ചെയ്തിരുന്ന പരിപാടികളായ എം80 മൂസ, പതിനാലാം രാവ് എന്നിവയിൽ നിന്നുമാണ് വലിയ ലാഭം ചാനലിന് ലഭിച്ചിരുന്നത്. വാർത്താ ചാനലിന്റെ ലൈസൻസിലാണ് ആരംഭിച്ചതെങ്കിലും ചാനലിൽ 70 ശതമാനവും വിനോദ പരിപാടികളാണ് പ്രക്ഷേപണം ചെയ്തിരുന്നത്. 2015 മെയ്‌ മുതലാണ് കൂടുതലായും വാർത്താധിഷ്ട പരിപാടികൾ സംപ്രേഷണം ചെയ്ത് തുടങ്ങിയത്.

കഴിഞ്ഞ രണ്ട് വർഷമായി ചാനലിൽ പലർക്കും പ്രമോഷനും ശമ്പള വർധനവും നൽകുന്നില്ല. രണ്ട് വർഷങ്ങൾക്ക് മുൻപ് ട്രെയ്‌നിയായി ജോലിയിൽ പ്രവേശിച്ചവർക്ക് ഇനിയും ശമ്പള വർധനവ് നൽകിയിട്ടില്ല. മൂന്നു വർഷമായിട്ടും പ്രമോഷനോ ശമ്പളവർധനവോ ലഭിക്കാതിരുന്നവർക്ക് ഈയടുത്ത് അത് നൽകിയിരുന്നു. ഓണത്തിനും കമ്പനി വക ബോണസ് നൽകിയിരുന്നില്ല. ഫെസ്റ്റിവെൽ അലവെൻസെന്ന പേരിൽ മാസംതോറും ശമ്പളത്തിൽ നിന്നും പിടിക്കുന്നതിന്റെ ആകെ തുക മാത്രമാണ് ഇവർക്ക് നൽകിയത്.

അതേ സമയം ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് മീഡിയ വൺ മാനേജ്‌മെന്റ് രംഗത്തെത്തി. ഗൾഫ് ചാനൽ നിർത്തലാക്കിയതോടെ അതിലുള്ളവർക്ക് ന്യൂസ് ചാനലിൽ ജോലി നൽകിയെന്നും ഇത്രയധികം സ്റ്റാഫുകളെ മുന്നോട്ടു കൊണ്ടുപോകാനാകാതെ ചിലരെ പിരിച്ചു വിടാൻ തീരുമാനിച്ചുവെന്നും മാനേജിങ് എഡിറ്റർ സി ദാവൂദ് പറഞ്ഞു. അതിനായി ലേബർ കമ്മീഷണറുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാനേജ്‌മെന്റുമായി അടുപ്പം പുലർത്തുന്നവർക്ക് പ്രമോഷൻ ഉൾപ്പടെയുള്ള ആനൂകൂല്യങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഇത്തരക്കാരുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടാകുന്നവർക്ക് പോലും കടുത്ത ശിക്ഷാനടപടികലാണ് ചാനലിൽ നേരിടേണ്ടി വരുന്നത്. ചാനലിൽ അവസാനമായി ട്രെയിനിഷിപ്പിൽ 2015 ജൂണിൽ ആറ്‌പേരെ നിയമിച്ചിരുന്നു ഇപ്പോൾ പ്രമോഷൻ ലിസ്റ്റ് പുറത്ത് വന്നപ്പോൾ കൂട്ടതിലെ മികച്ച പ്രകടനം നടത്തുന്നയാൾക്കൊഴികെ എല്ലാവർക്കും പ്രമോഷൻ നൽകിയത് ചാനലിലെ തന്നെ പലരേയും ഞെട്ടിച്ചിരിക്കുികയാണ്.പരിശീലന കാലാവധി കഴിഞ്ഞിട്ടും പ്രമോഷൻ നൽകാത്തതും ശമ്പളമുൾപ്പടെയുള്ള കാര്യങ്ങളിൽ അപ്പോയിന്മെന്റ് ലെറ്ററിൽ പറഞ്ഞത് പോലെയല്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചതുമാണ് കൊച്ചിയിലെ റിപ്പോർട്ടറോട് മാനേജ്‌മെന്റിന് അസ്വാരസ്യമുണ്ടാകാൻ കാരണം.

രണ്ട് വർഷം മുൻപ് ട്രെയിനിയായി ജോലിയിൽ പ്രവേശിച്ച സ്റ്റാഫിന് ഒരു വർഷത്തിനിപ്പുറമുള്ള ശമ്പള വർധനവിലെ കുടിശ്ശിക നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ജോലിയിൽ നിന്ന് രാജി വച്ചതോടെ യാതൊരു മുൻകാല കുടിശ്ശികകളും ലഭിക്കില്ലെന്ന അറിയിപ്പാണ് ലഭിച്ചത്. നേര് നന്മ എന്ന പേരിൽ തുടങ്ങിയ ചാനലിൽ നേരില്ലായ്മയും നെറികേടുമാണ് നടമാടുന്നതെന്ന അഭിപ്രായമാണ് ഭൂരിഭാഗം ജീവനക്കാർക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP