Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം ശരീരം മുറിച്ചുനൽകി ദരിദ്രയുവതിയുടെ ജീവൻ രക്ഷിച്ച മിനി മാത്യുവിന് ഉണ്ടാക്കിയ മാനക്കേടിന് ആര് സമാധാനം പറയും? രമ്യയെന്ന യുവതിക്ക് ടീച്ചർ നൽകിയത് തന്റെ ഇടതുവൃക്കയെന്ന് വ്യക്തമാക്കി മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്; വൃക്ക നൽകിയില്ലെന്ന് പറഞ്ഞ് അപമാനിച്ചവരെ വെറുതെവിടില്ലെന്ന് വ്യക്തമാക്കി പാറാമ്പുഴയിലെ കായികാധ്യാപിക

സ്വന്തം ശരീരം മുറിച്ചുനൽകി ദരിദ്രയുവതിയുടെ ജീവൻ രക്ഷിച്ച മിനി മാത്യുവിന് ഉണ്ടാക്കിയ മാനക്കേടിന് ആര് സമാധാനം പറയും? രമ്യയെന്ന യുവതിക്ക് ടീച്ചർ നൽകിയത് തന്റെ ഇടതുവൃക്കയെന്ന് വ്യക്തമാക്കി മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്; വൃക്ക നൽകിയില്ലെന്ന് പറഞ്ഞ് അപമാനിച്ചവരെ വെറുതെവിടില്ലെന്ന് വ്യക്തമാക്കി പാറാമ്പുഴയിലെ കായികാധ്യാപിക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വന്തം ശരീരം മുറിച്ചുനൽകി ഒരു ദരിദ്ര യുവതിയുടെ പ്രാണൻ രക്ഷിച്ച അദ്ധ്യാപികയെ കള്ളിയെന്നും തട്ടിപ്പുകാരിയെന്നും പറഞ്ഞ് അധിക്ഷേപിച്ചവർക്ക് മറുപടിയായി ടീച്ചറുടെ മെഡിക്കൽ റിപ്പോർട്ട് എത്തി. കൊട്ടാരക്കര സ്വദേശിനി രമ്യയ്ക്ക് വൃക്ക ദാനം ചെയ്ത കോട്ടയം പാറാമ്പുഴ ഹോളി ഫാമിലി സ്‌കൂളിലെ കായികാധ്യാപിക മിനി മാത്യു വൃക്ക നൽകിയിട്ടില്ലെന്നും തട്ടിപ്പു നടത്തിയതാണെന്നും ആക്ഷേപിച്ചവരുടെ കണ്ണുതുറപ്പിക്കുന്ന മെഡിക്കൽ ബോർഡിന്റെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മിനി മാത്യുവിന്റെ ഇടതുവൃക്ക നീക്കംചെയ്തതായി ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അവയവദാനം പ്രോത്സാഹിപ്പിക്കുന്ന നിരവധി വാർത്തകൾ അനുദിനം പുറത്തുവരുന്നതിനിടെയാണ് നല്ല മനസ്സോടെ ഒരു ദരിദ്ര യുവതിക്കായി വൃക്ക നൽകാൻ തയ്യാറാകുകയും ശസ്ത്രക്രിയക്ക് പോലും പണമില്ലാതെ വന്നപ്പോൾ സ്വന്തം നിലയിലും സുമനസ്സുകളുടെ സഹായം തേടിയും വൃക്കമാറ്റത്തിന് തുക സ്വരുക്കൂട്ടി വൃക്കദാനം നടത്തിയ ഒരു മനുഷ്യസ്‌നേഹിക്ക് അതിന്റെ പേരിൽ രണ്ടുവർഷത്തോളമായി മാനക്കേടും അധിക്ഷേപവും നേരിടേണ്ടിവന്നത്. വൃക്ക ദാനംചെയ്തിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ തന്നെ അപമാനിച്ചവരെ വെറുതെവിടില്ലെന്ന പ്രതിജ്ഞയുമായി രംഗത്തിറങ്ങുകയാണ് മിനി മാത്യു.

2014 നവംബറിലാണ് കൊട്ടാരക്കര മൈത്രീ നഗർ ചെറുവിള പുത്തൻപുരക്കൽ രമ്യയെന്ന ഇരുപത്തേഴുകാരിക്ക് മിനി ടീച്ചർ വൃക്കനൽകുന്നത്. ഇതിനു കാരണമായ സംഭവങ്ങൾ തുടങ്ങുന്നതാകട്ടെ 2014 ജൂലൈ 27 ന് ഏറണാകുളത്തു വച്ച് രമ്യയെ ആദ്യമായി ടീച്ചർ കാണുന്നതോടെയാണ്. വൈറ്റിലയിലെ ഒരു വെയിറ്റിങ് ഷെഡ്ഡിൽ മഴ നനഞ്ഞു പനിയും പിടിച്ചു വിറച്ചു നിൽക്കുന്ന മെലിഞ്ഞ പെൺകുട്ടി. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസിസിന് വിധേയയാവുകയായിരുന്നു രമ്യയപ്പോൾ. ഒരു പച്ചക്കറിക്കടയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ് രമ്യയുടെ ഭർത്താവ് കലേഷ്. നേരത്തെ വൃക്ക ദാനം ചെയ്ത അച്ഛനും, അമ്മയും, രോഗിയായ സഹോദരനും അടങ്ങിയ കുടുംബം മകളുടെ രോഗത്തിന്റെ മുൻപിൽ പകച്ചു നിൽക്കുമ്പോഴാണ് ഒരു മാലാഖയെപ്പോലെ മിനി ടീച്ചർ എത്തുന്നത്.

ബന്ധുവായ ഒരു സ്ത്രീ വൃക്ക വാഗ്ദാനവുമായി എത്തിയിരുന്നു. ആ നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയായി ഓപ്പറേഷന് തൊട്ട് മുൻപത്തെ പരിശോധനയിൽ അവർ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആ പ്രതീക്ഷയും മങ്ങി വിഷമിച്ചിരിക്കുന്ന രമ്യയുടെ കുടുംബത്തിന്റെ കഥ കിഡ്‌നി ഫെഡറേഷൻ ചെയർമാൻ ഫാ ഡേവിസ് ചിറമേൽ ആണ് മിനി ടീച്ചറോട് പറയുന്നതും. അവർ തമ്മിൽ എറണാകുളത്ത് കൂടിക്കാഴ്ച നടക്കുന്നതും. ഡേവിസ് അച്ചനെ കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിൽ നിറഞ്ഞപ്പോൾ സ്വന്തം ഇഷ്ടപ്രകാരം അച്ചനെ വിളിച്ച് കിഡ്‌നി നല്കാം എന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു മിനി ടീച്ചർ.

പക്ഷേ, സുമനസ്സുകളുടെ സഹായത്തോടെ എങ്ങനെ എങ്കിലും വൃക്ക നല്കി ആ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം സജീവമാക്കിയപ്പോൾ ആണ് ചികിത്സയ്ക്കും ഓപ്പറേഷനും പോലൂം ആ പെൺകുട്ടിക്ക് പണം ഇല്ലെന്ന് ടീച്ചർ തിരിച്ചറിയുന്നത്. സ്വന്തം കിടപ്പാടും പണയം വച്ച് ലോണെടുത്തുമാണ് പിന്നീട് ടീച്ചർ വൃക്ക നല്കുന്ന പെൺകുട്ടിയെ സഹായിക്കാൻ ഇറങ്ങിയത്. ഇതിനായി പതിനഞ്ചു ലക്ഷത്തോളം സ്വരൂപിക്കേണ്ടിയിരുന്നു. ഇതിന്റെ ഭാഗമായി മറുനാടൻ കുടുംബത്തിലെ വായനക്കാരിലൂടെ സ്വരൂപിച്ച മൂന്നുലക്ഷം രൂപയും നൽകിയിരുന്നു. അങ്ങനെയാണ് 2014 നവംബറിൽ ആ വൃക്ക ദാനം നടന്നത്.

പക്ഷേ, ശഌഘനീയമായ ആ മനുഷ്യസ്‌നേഹത്തിനെ അപകീർത്തിപ്പെടുത്താൻ ചിലർ കച്ചകെട്ടിയിറങ്ങിയതോടെ ടീച്ചർ ഒരു തട്ടിപ്പുകാരിയും കള്ളിയുമെല്ലാമായി ചിത്രീകരിക്കപ്പെടുകയായിരുന്നു. ടീച്ചർ വൃക്കദാനം നടത്തിയിട്ടില്ലെന്നും അതിന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്നും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മൂന്നുമാസം അവധി നേടിയത് അന്വേഷിക്കണമെന്നുമെല്ലാം പറഞ്ഞ് ടീച്ചർ ചെയ്ത നല്ലകാര്യത്തെ മോശമായി ചിത്രീകരിക്കുകയായിരുന്നു ചിലർ.

ടീച്ചർ വൃക്കദാനം നടത്തിയോ എന്നറിയാൻ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരത്താനം വെങ്ങിണിക്കൽ തങ്കമ്മ ഭാസി നൽകിയ പരാതി അന്വേഷിച്ചതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം മെഡിക്കൽബോർഡ് പരിശോധന ഇപ്പോൾ നടന്നത്. ഇടതുവൃക്ക നൽകിയതായി മെഡിക്കൽ ബോർഡിന്റെ പരിശോധനയിലും മെഡിക്കൽ കോളേജിൽ നടത്തിയ സിടി സ്‌കാൻ പരിശോധനയിലും ബോധ്യപ്പെട്ടതായി കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് വ്യക്തമാക്കി.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽവച്ചാണ് അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നത്. എ്ന്നാൽ മിനിമാത്യു വൃക്കദാനം നടത്തിയിട്ടില്ലെന്നും 2007ൽ രമ്യയുടെ വൃക്ക തകരാറിലായപ്പോൾ അവരുടെ പിതാവിന്റെ വൃക്കയാണ് രമ്യ സ്വീകരിച്ചതെന്നും മിനി വ്യാജപ്രചരണം നടത്തുകയാണെന്നുമെല്ലാം പറഞ്ഞായിരുന്നു ടീച്ചറെ അപകീർത്തിപ്പെടുത്തുന്നതിന് ശ്രമം നടന്തന്. ചില സംഘടനകളും വ്യക്തികളും ഈ നാണംകെട്ട പ്രചരണത്തിനായി കച്ചകെട്ടി ഇറങ്ങുകയും ചെയ്തു. തനിക്കെതിരെ വ്യാജപ്രചരണം നടത്തിയവരെ വെറുതെവിടില്ലെന്ന് ടീച്ചർ വ്യക്തമാക്കി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് മിനി മാത്യുവിന്റെ തീരുമാനം.

ഒരു വൃക്കദാനത്തിൽ മാത്രമൊതുങ്ങുന്നതല്ല മിനി ടീച്ചറുടെ നന്മകൾ. ചെറുപ്പത്തിലെ ഭർത്താവ് ഉപേക്ഷിച്ചുപോയ, മൂന്ന് പെൺമക്കളുമായി താമസിച്ചിരുന്ന ഒരു സ്്്ത്രീയെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച കപടസദാചാരക്കാരെ നേരിട്ടും സമൂഹത്തിലെ അനീതികൾക്കെതിരെ ശക്തമായി പ്രതികരിച്ചും നീങ്ങുന്ന മിനി ടീച്ചർക്ക് അതുകൊണ്ടുതന്നെ നാട്ടിൽ ഏറെ ശത്രുക്കളുമുണ്ടായി. ഇതിന്റെ ഭാഗമായിരുന്നു ഇവർക്കെതിരായി ഉയർന്ന കപട പ്രചരണങ്ങൾ. ടീച്ചർ ഓടിച്ചിരുന്ന സ്‌കൂട്ടർ ഇടിച്ചുവീഴ്‌ത്തി അപായപ്പെടുത്താൻ നിരവധി തവണ ശ്രമങ്ങളുണ്ടായി.

സെൻസസിന് വേണ്ടി കണക്കെടുക്കാൻ പോയ സമയത്ത് അടച്ച് പൂട്ടപ്പെട്ട ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തി രാഷ്ട്രപതിയുടെ അവാർഡ് വരെ വാങ്ങിയിട്ടുണ്ട് മിനി ടീച്ചർ. അങ്ങനെയുള്ള ഒരു യഥാർത്ഥ മനുഷ്യസ്‌നേഹിക്കെതിരെ വ്യാജപ്രചരണം നടത്തിയവർക്ക് മുഖമടച്ച് കിട്ടിയ അടിയായി മാറുകയാണ് ടീച്ചറുടെ അഗ്നിശുദ്ധി തെളിയിച്ച് പുറത്തുവരുന്ന മെഡിക്കൽ റിപ്പോർട്ട്.

കോട്ടയം ജൂനിയർ റെഡ്‌ക്രോസ് സൊസൈറ്റിയുടെ സെക്രട്ടറി കൂടിയായ മിനി ടീച്ചർ വർഷങ്ങളായി വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് കോളനി നിവാസികളെ പുനരധിവസിപ്പിക്കുക, നിർദ്ധനരായ യുവതികളെ വിവാഹം കഴിപ്പിച്ചയക്കുക, സ്റ്റുഡന്റ് പൊലീസ് ഓഫീസറായി കുട്ടികളെ നേർ വഴി നടത്തുക എന്നിവ ടീച്ചറുടെ പ്രവർത്തന മേഖലകളിൽ ചിലത് മാത്രം. കിഡ്‌നി ദാനം ചെയ്യാനുള്ള മിനി ടീച്ചറുടെ തീരുമാനത്തിനും സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കും ഭർത്താവ് പി. ജെ. എബ്രഹാമും മക്കളായ കിരൺ, എലിസബത്ത്, ആൻസ് എന്നിവരും പൂർണ പിന്തുണയും നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP