Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടകത്തിലെ മെഡിക്കൽ കോളജ് ബ്രോക്കർമാർ കേരളത്തിലെത്തി വല വിരിക്കുന്നു; 5 മെഡി. കോളജുകളിൽ പ്രവേശനാനുമതി നിഷേധിച്ചതു മുതലെടുക്കാൻ നീക്കം; പ്രവേശനത്തിന് ഒരു കോടിക്കു പകരം ഒന്നേകാൽ കോടിയാക്കി

കർണാടകത്തിലെ മെഡിക്കൽ കോളജ് ബ്രോക്കർമാർ കേരളത്തിലെത്തി വല വിരിക്കുന്നു; 5 മെഡി. കോളജുകളിൽ പ്രവേശനാനുമതി നിഷേധിച്ചതു മുതലെടുക്കാൻ നീക്കം; പ്രവേശനത്തിന് ഒരു കോടിക്കു പകരം ഒന്നേകാൽ കോടിയാക്കി

രഞ്ജിത് ബാബു

കണ്ണൂർ: സംസ്ഥാനത്തെ അഞ്ചു മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ പ്രവേശനത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നിഷേധിച്ചതോടെ കർണ്ണാടകത്തിലെ സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകളുടെ ബ്രോക്കർമാർ സീറ്റ് വാഗ്ദാനം നൽകി കേരളത്തിലെത്തി.

മെഡിക്കൽ പഠനത്തിനുള്ള മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ പഠനാനുമതി നൽകാൻ കഴിയില്ലെന്ന് മെഡിക്കൽ കൗൺസിൽ ശുപാർശ ചെയ്താണ് അഞ്ചുസ്വകാര്യ മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ നഷ്ടമായത്. അനുമതി നിഷേധത്തോടെ 700 സീറ്റുകളാണ് കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് നഷ്ടമായത്. ഈ മെഡിക്കൽ കോളേജുകളിൽ സീറ്റുകൾ ഉറപ്പിച്ച രക്ഷിതാക്കൾ മക്കൾക്കായി അന്യസംസ്ഥാനങ്ങളിലേക്ക് സീറ്റിനായി നെട്ടോട്ടമോടുകയാണ്. ഈ അവസരം മുതലാക്കാൻ കർണ്ണാടകത്തിലെ മെഡിക്കൽ ബ്രോക്കർമാരാണ് ആദ്യമായി വലയുമായി കേരളത്തിലെത്തിയിട്ടുള്ളത്.

കേരളത്തിൽ സീറ്റ് നഷ്ടപ്പെടുന്നവരിൽ നിന്നും വൻ കോഴ ഈടാക്കി കർണ്ണാടകത്തിൽ പ്രവേശനം നേടാമെന്ന് വ്യാമോഹിപ്പിച്ചാണ് ഇവർ രക്ഷിതാക്കളെ സമീപിക്കുന്നത്. കഴിഞ്ഞാഴ്ച വരെ എം. ബി. ബി.എസ് പ്രവേശനത്തിന് ഒരു കോടി രൂപ വാങ്ങിയ മെഡിക്കൽ കോളേജുകളിൽ ഒന്നേകാൽ കോടി രൂപയാണ് ഇത്തവണ പുതിയ അവസരം മുതലെടുത്ത് ബ്രോക്കർമാർ വിലയിടുന്നത്. അതും കൊടുക്കാൻ തയ്യാറാവുന്ന രക്ഷിതാക്കൾ ഏറെയാണ്. കേരളത്തിലെ രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും മെഡിക്കൽ പഠനത്തോടുള്ള ഭ്രമം കർണ്ണാടക മെഡിക്കൽ കോളേജ് ബ്രോക്കർമാർക്ക് നന്നായി അറിയാം. അതിനാൽ വിലപേശുന്നവർക്ക് ഒരു കോടി ഇരുപതു ലക്ഷം രൂപക്ക് നൽകാമെന്നാണ് ധരിപ്പിക്കുന്നത്. ദിവസങ്ങൾ കഴിയുമ്പോഴും മെഡിക്കൽ സീറ്റിന് വിലയേറുമെന്ന് ധരിപ്പിച്ച് പെട്ടെന്നു തന്നെ തുക കൈപ്പറ്റാനുള്ള തന്ത്രവുമായാണ് ഏജന്റുമാർ രംഗത്തെത്തിയിട്ടുള്ളത്.

അതേസമയം മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് വ്യാജ ബ്രോക്കർമാരും രംഗത്തെത്തിയിട്ടുണ്ട്. മംഗളൂരു, ഉഡുപ്പി, ധർളക്കട്ട, സുള്ള്യ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളുടെ പേരിൽ സീറ്റ് നൽകാമെന്ന് ധരിപ്പിച്ചാണ് ഇവർ രംഗത്തുള്ളത്. അഡ്വാൻസ് തുകയായി 25,00,000 ലക്ഷം രൂപയും ഇവർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ തുകക്ക് രേഖകളൊന്നും നൽകാൻ അവർ തയ്യാറുമല്ല. കേരളത്തിലെ സീറ്റ് നിഷേധത്തിനിടെ പറ്റാവുന്നവരിൽ നിന്നും കൊള്ള നടത്താമെന്നാണ് ഈ സംഘത്തിന്റെ കണക്കുകൂട്ടൽ. കർണ്ണാടകത്തിലെ മികച്ച മെഡിക്കൽ കോളേജുകൾ നേരിട്ടു മാത്രമേ കാപ്പിറ്റേഷൻ ഫീ സ്വീകരിക്കാറുള്ളൂ. ബ്രോക്കർമാർ വഴി അവർ യാതൊരു ഇടപാടും നടത്താറില്ല. എന്നാൽ ഇത്തരം കോളേജുകളുടെ പേരിലും അടുത്ത കാലം വരെ തട്ടിപ്പുകൾ അരങ്ങേറിയിരുന്നു.

വയനാട് ഡി.എം, മലബാർ മെഡിക്കൽ കോളേജ്, ഒറ്റപ്പാലം പി.കെ. ദാസ്, എന്നിവിടങ്ങളിലെ റദ്ദായ സീറ്റുകളാണ് കർണ്ണാടകസംഘത്തെ മോഹിപ്പിക്കുന്നത്. ഇവിടങ്ങളിൽ സീറ്റ് നിഷേധിച്ച വാർത്ത പുറത്തു വന്നതോടെ ബ്രോക്കർമാർ മംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കുതിച്ചു. അടുത്തിടെ കാസർഗോഡ് വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് യുവാക്കളുടെ സംഘം 30,00,00,000 രൂപ മെഡിക്കൽ സീറ്റ് വാഗ്ദാനം നൽകി തട്ടിയ സംഭവമുണ്ടായിരുന്നു. ഈ സംഘത്തിലെ പലരും ഇപ്പോൾ പിടിയിലാണ്. സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഈ സംഘം തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സമാന സംഘങ്ങൾ കേരളത്തിലെ മലബാർ ജില്ലകളിൽ മെഡിക്കൽ സീറ്റിന് വിലപേശാൻ രംഗത്തിറങ്ങിയിട്ടുണ്ട്. അനുഭവങ്ങൾ ഏറെയുണ്ടെങ്കിലും മെഡിക്കൽ പഠനത്തോടുള്ള മലയാളിയുടെ അടങ്ങാത്ത ആഗ്രഹം മൂലം തട്ടിപ്പുസംഘങ്ങളും വളരുകയാണ്. അതുകൊണ്ടു തന്നെ തട്ടിപ്പിനിരയാകുന്നവർ വിരളമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP