Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറവനും പുലയനുമൊന്നും ഇവിടെ പഠിക്കേണ്ട,ഇത് നായന്മാരുടെ കോളേജ്; എം ജി കോളേജിൽ ദളിത് വിദ്യാർത്ഥികളെ ജാതീയമായി അധിക്ഷേപിച്ച് എ ബി വി പി പ്രവർത്തകർ; പെൺകുട്ടികളുൾപ്പെടെ 35 ദളിത് വിദ്യാർത്ഥികളുടെ പരാതി പ്രിൻസിപ്പലിന്; ആരോപണം നിഷേധിച്ച് എ ബി വി പി; അവസരം മുതലെടുക്കാൻ എസ് എഫ് ഐയും സി പി എമ്മും

കുറവനും പുലയനുമൊന്നും ഇവിടെ പഠിക്കേണ്ട,ഇത് നായന്മാരുടെ കോളേജ്; എം ജി കോളേജിൽ ദളിത് വിദ്യാർത്ഥികളെ ജാതീയമായി അധിക്ഷേപിച്ച് എ ബി വി പി പ്രവർത്തകർ; പെൺകുട്ടികളുൾപ്പെടെ 35 ദളിത് വിദ്യാർത്ഥികളുടെ പരാതി പ്രിൻസിപ്പലിന്; ആരോപണം നിഷേധിച്ച് എ ബി വി പി; അവസരം മുതലെടുക്കാൻ എസ് എഫ് ഐയും സി പി എമ്മും

 തിരുവനന്തപുരം: എ ബി വി പിയുടെ ശക്തി കേന്ദ്രമായ എംജി കോളേജിൽ ദളിത് വിദ്യാർത്ഥികൾക്ക് ജാതീയ അധിക്ഷേപമെന്ന് പരാതി. എബിവിപി പ്രവർത്തകരുടെ ജാതീയ അധിക്ഷേപത്തിനെതിരെ പെൺകുട്ടികൾ ഉൾപ്പെടെ 35 ദലിത് വിദ്യാർത്ഥികൾ പ്രിൻസിപ്പളിന് പരാതി നൽകി.

കോളേജിൽ എബിവിപി പ്രവർത്തകർ ദളിത് വിദ്യാർത്ഥികളെ ജാതിവിളിച്ച് അധിക്ഷേപിക്കുന്നുവെന്നും, നായർ സമുദായത്തിലുള്ളവർ മാത്രം ഇവിടെ പഠിച്ചാൽ മതിയെന്ന് ഭീഷണിപ്പെടുത്തുന്നതായുമാണ് വിദ്യാർത്ഥികൾ പരാതി നൽകിയിരിക്കുന്നത്.'കുറവനും പുലയനുമൊന്നും ഇവിടെ പഠിക്കേണ്ട ഇത് നായന്മാരുടെ കോളേജാണ് 'എന്ന് പറഞ്ഞാണ് ഭീഷണി. ഇന്നലെ 35 ദളിത് വിദ്യാർത്ഥികളാണ് ഇക്കാര്യമുന്നയിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയതെന്നാണ് സൂചന.

കോളേജിനകത്തും, പുറത്തും വച്ച് ആർഎസ്എസ്-എബിവിപി പ്രവർത്തകരുടെ ഭീഷണിയും അധിക്ഷേപവും തങ്ങൾക്കു നേരെ നടക്കുന്നതായും ഇവർ പരാതിയിൽ പറയുന്നു. കോളേജിൽ കഞ്ചാവ് കൊണ്ടുവരുന്നുവെന്നാരോപിച്ച് കഴിഞ്ഞയാഴ്ച കോളേജിലെ ചില വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ മർദ്ദിച്ചിരുന്നു. ദളിത് വിഭാഗത്തിൽപെട്ടവർക്കായിരുന്നു മർദനമേറ്റത്.സംഭവം കോളേജിൽ കടുത്ത വിദ്യാർത്ഥി പ്രതിഷേധത്തിന് കാരണമായിരുന്നു.

തുടർന്ന് തങ്ങളെ എബിവിപി പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചുവെന്നു കാണിച്ച് ദളിത് വിഭാഗത്തിൽപ്പെട്ടവരായ രണ്ടു പെൺകുട്ടികൾ പ്രിൻസിപ്പലിന് പരാതി നൽകി. മർദനമേറ്റ വിദ്യാർത്ഥികളുടെ സുഹൃത്തുക്കളായിരുന്നു ഈ വിദ്യാർത്ഥിനികൾ. പരാതി ലഭിച്ചയുടൻ മൂന്ന് എബിവിപി പ്രവർത്തകരെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

എന്നാൽ കോളേജിലെ എ ബി വി പി പ്രവർത്തകർ ഈ ആരോപണം നിഷേധിക്കുന്നു.പെൺകുട്ടികളെ തങ്ങൾ ആക്രമിച്ചിട്ടില്ലെന്നും, കഞ്ചാവുമായി കോളേജിലെത്തിയ വിദ്യാർത്ഥികളെ ചോദ്യം ചെയ്തതിന് പ്രതികാരം ചെയ്യുകയാണ് ഇപ്പോഴത്തെ വിവാദങ്ങളിലൂടെയെന്നും ഇവർ പറയുന്നു.സംഘടനയെ മോശമായി ചിത്രീകരിക്കാൻ കോളേജിനു പുറത്തുള്ള ചിലരുടെ പിന്തുണയോടെ ക്യാമ്പസ്സിലെ ചില വിദ്യാർത്ഥികൾ നടത്തുന്ന ശ്രമമാണ് ഇതിന് പിന്നിലെന്നും ഇവർ പറയുന്നു.

അതേസമയം പെൺകുട്ടികളുടെ പരാതി പരിശോധിച്ച അദ്ധ്യാപകർ ഇതിനെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി.പ്രാഥമികാന്വേഷണത്തിൽ പെൺകുട്ടികളുടെ പരാതിയിൽ സത്യമുണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് അദ്ധ്യാപകർ കേസ് കോളേജിലെ ആന്റി സെക്ഷ്വൽ ഹറാസ്മെന്റ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം ആന്റി സെക്ഷ്വൽ ഹറാസ്മെന്റ് കമ്മിറ്റി പെൺകുട്ടികളുടെ മൊഴിയെടുത്തു. പക്ഷേ, അധികം വൈകാതെ ഒരു പെൺകുട്ടി പരാതി പിൻവലിച്ചു.ആർഎസ്എസ്-ബിജെപി പ്രവർത്തകർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ഈ വിദ്യാർത്ഥിനി പരാതി പിൻവലിച്ചതെന്നാണ് സഹപ്രവർത്തകരായ വിദ്യാർത്ഥിനികൾ പറയുന്നത്.

എന്തായാലും പെൺകുട്ടികളുടെ പരാതി പൊലീസിന് കൈമാറാൻ ആന്റി സെക്ഷ്വൽ ഹറാസ്മെന്റ് കമ്മിറ്റി പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. ഇത് കോളേജിലെ എ ബി വി പി പ്രവർത്തകരെ ചൊടിപ്പിച്ചു.തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം എബിവിപി പ്രവർത്തകർ കോളേജിൽ പ്രകടനം നടത്തി. ഇതിനു ശേഷമാണ് 35 ദളിത് വിദ്യാർത്ഥികൾകൂടി തങ്ങളെ ജാതിവിളിച്ച് ആക്ഷേപിക്കുന്നുവെന്നും, ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ച് പ്രിൻസിപ്പലിന് പരാതി നൽകിയത്.

മുമ്പ് കോളേജിൽ എബി വി പിക്കെതിരെ ശബ്ദമുയർത്തുന്നവരെ തല്ലിയൊതുക്കാൻ ക്യാമ്പസിൽ 'പ്രത്യേകം സജ്ജീകരിച്ച' ഇടിമുറികൾ തന്നെ ഉണ്ടായിരുന്നു.എന്നാൽ ഇടക്കാലത്ത് ആക്രമണത്തിനെതിരായ പരാതികൾ വ്യാപകമായതോടെ കോളേജ് അധികൃതർ കർശനമായ നിലപാട് സ്വീകരിക്കുകയും ഈ ഇടിമുറികൾ അടച്ചു പൂട്ടുകയും ചെയ്തിരുന്നു.പക്ഷേ അധികം വൈകാതെ വീണ്ടും ഈ ഇടിമുറികൾ 'പ്രവർത്തനം' പുനരാരംഭിച്ചത്രേ.

എന്തായാലും ഏറെക്കാലമായി തങ്ങൾക്ക് ബാലികേറാമലയായിരുന്ന എം ജി കോളേജിലെ ഈ പ്രശ്‌നം കഴിയുന്നത്ര മുതലെടുക്കാനാണ് എസ് എഫ് ഐയുടെ തീരുമാനം.ഈ പ്രശ്‌നത്തിൽ പൊതുസമൂഹത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് എസ് എഫ് ഐ സമര പരിപാടികൾ അണിയറയിൽ ഒരുക്കുന്നതായാണ് സൂചന.സി പി എം ജില്ലാ നേതൃത്വവും ഈ സംഭവം ഗൗരവമായിത്തന്നെ എടുത്തിട്ടുണ്ടെന്നാണ് വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP