Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം ഇനി അനുഭവിക്കാൻ പോകുന്നത് തൊഴിലാളി ക്ഷാമം; പ്രളയക്കെടുതിയിൽ ഭയന്ന് കുടുംബത്തോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്ത നാട്ടിലേക്ക് തിരികെ പോകുന്നു; ഏറ്റവുമധികം തൊഴിലാളികളുള്ള ആലുവയിലും പെരുമ്പാവൂരിലും ഇവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; ദുരിതത്തിനിടയിൽ ചിലയിടത്ത് തൊഴിലാളികൾക്ക് കൃത്യമായി ഭക്ഷണം ലഭിച്ചില്ലെന്നും ആരോപണം

കേരളം ഇനി അനുഭവിക്കാൻ പോകുന്നത് തൊഴിലാളി ക്ഷാമം; പ്രളയക്കെടുതിയിൽ ഭയന്ന് കുടുംബത്തോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്ത നാട്ടിലേക്ക് തിരികെ പോകുന്നു;  ഏറ്റവുമധികം തൊഴിലാളികളുള്ള ആലുവയിലും പെരുമ്പാവൂരിലും ഇവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; ദുരിതത്തിനിടയിൽ ചിലയിടത്ത് തൊഴിലാളികൾക്ക് കൃത്യമായി ഭക്ഷണം ലഭിച്ചില്ലെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളം പ്രളയക്കെടുതിയിൽ നിന്നും കരകയറി വരുന്നതേയുള്ളൂ. അതിനിടയിലാണ് മറ്റൊരു പ്രശ്‌നം സംസ്ഥാനം ഇനി നേരിടാൻ പോകുന്നത്. പ്രളയം കണ്ട് ഭയന്ന ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്ത നാട്ടിലേക്ക് തിരികെ പോകുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ സംസ്ഥാനത്ത് കാണുന്നത്. കേരളത്തിൽ ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികളുള്ളത് പെരുമ്പാവൂർ, ആലുവ എന്നീ സ്ഥലങ്ങളിലാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഈ ഭാഗത്ത് നിന്നുള്ള തൊഴിലാളികൾ കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സംസ്ഥാനത്ത് മഴ കനത്തത്തോടെ ആലുവയിലും പെരുമ്പാവൂരിലും മിക്ക പ്രദേശങ്ങളും വെള്ളത്തിലായി. ഷെഡുകളിലും മറ്റ് തൊഴിലാളി ക്യാമ്പുകളിലും താമസിച്ചിരുന്ന ഇവർക്ക് നിമിഷ നേരം കൊണ്ടാണ് കിടപ്പാടം ഇല്ലാതായത്. ആസാമിൽ നിന്നും ബംഗാളിൽ നിന്നുമുള്ള തൊഴിലാളികളാണ് സംസ്ഥാനം വിട്ട് പോകുന്നവരിൽ ഭൂരിഭാഗവും.

ദുരിതാശ്വാസ ക്യാമ്പുകൾക്ക് പുറമേ വാടക കെട്ടിടങ്ങളിലും ഇവർ അഭയം തേടി. കൈയിൽ കിട്ടിയ സാധനങ്ങളുമെടുത്ത് രാത്രി തന്നെ ഇവർക്ക് താമസ സ്ഥലത്ത് നിന്നും മാറേണ്ടി വന്നു. മാറിയുടുക്കാൻ നല്ലൊരു വസ്ത്രം പോലും മിക്കവർക്കും ഉണ്ടായിരുന്നില്ല. മഴ ശക്തമായ സമയം തന്നെ നാട്ടിലേക്ക് മടങ്ങാൻ ഇവർ തീരുമാനിച്ചെങ്കിലും ട്രെയിൻ ഉൾപ്പടെയുള്ള ഗതാഗത സംവിധാനം താറുമാറായിരുന്നു. വെള്ളം കുറച്ച് വീതം ഇറങ്ങി തുടങ്ങിയ ഉടൻ ഇവർ നാട്ടിലേക്ക് മടങ്ങി തുടങ്ങി. ആലുവ ഭാഗത്തുനിന്ന് ബസ്, മെട്രോ സർവീസുകൾ വഴിയാണ് ഇവർ എറണാകുളത്തെത്തിയത്. എറണാകുളത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്കാണ് ഇപ്പോൾ കൂടുതൽ തീവണ്ടികൾ സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തെത്തിയാൽ തീവണ്ടിയിൽ ചെന്നൈയിൽ എത്താം. ചെന്നൈയിൽ നിന്ന് മുംബൈ, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലേക്ക് ട്രെയിനുകളുണ്ട്. ക്യാമ്പുകളിലും താമസ സ്ഥലങ്ങളിലും വെള്ളം കയറിയതിന് പുറമേ ഭക്ഷണവും കിട്ടാതായതാണ് ഇവരെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ചെന്നൈയിലേക്കുള്ള പ്രത്യേക ട്രെയിനിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ തിരക്കായിരുന്നെന്ന് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.രണ്ട് വർഷത്തിനിടയിൽ സംസ്ഥാനത്താകെ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിൽ വൻകുറവ് ഉണ്ടായെന്ന് തൊഴിൽവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.സംസ്ഥാനത്തെ ഓരോ ജില്ലകളിലൂടെയും രജിസ്‌ട്രേഷൻ മുഖേന ശേഖരിച്ച പുതിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. കെട്ടിട നിർമ്മാണ മേഖലയിലാണ് ഇതര സംസ്ഥാനക്കാർ കൂടുതലുള്ളത്. ഹോട്ടൽ മേഖല മുതൽ വഴിയോരക്കച്ചവടത്തിൽ വരെ ഇതര സംസ്ഥാനക്കാരുണ്ട്. ഞായറാഴ്ചകളിൽ മാത്രം തൃശ്ശൂർ എം.ഒ റോഡിൽ പ്രവർത്തിക്കുന്ന 'സൺഡേ മാർക്കറ്റിൽ'ഇതര സംസ്ഥാനക്കാരാണ് അധികവും.

പുതിയ കണക്കുപ്രകാരം സംസ്ഥാനത്താകെ 2,73,676 ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. പിന്നീട് ഇവരുടെ വിശദാംശങ്ങൾ ശേഖരിച്ച് രജിസ്‌ട്രേഷൻ തുടങ്ങിയതോടെ പൊലീസിന്റെയും തൊഴിൽ വകുപ്പിന്റെയും കണക്കുകളിൽ കാര്യമായ വ്യത്യാസമില്ലാതായി. അസംഘടിത ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് കൃത്യമല്ലാത്തതിനാൽ ഇത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് തൊഴിൽ വകുപ്പ് പറയുന്നു. 2013ൽ സംസ്ഥാന തൊഴിൽവകുപ്പിനുവേണ്ടി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തിയ പഠനപ്രകാരം സംസ്ഥാനത്ത് 25 ലക്ഷം തൊഴിലാളികളുണ്ടെന്നാണ് കണ്ടെത്തിയത്. കൂടാതെ വർഷവും വിവിധ സംസ്ഥാനങ്ങളിൽനിന്ന് 2.5 ലക്ഷം തൊഴിലാളികൾ കേരളത്തിലേക്ക് കുടിയേറുന്നതിൽ ജില്ലയിലേക്ക് പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ ആളുകൾ എത്തുന്നുവെന്നുമായിരുന്നു കണക്ക്.

ഇതിലാണ് പുതിയ കണക്കുകളോടെ വൻ ഇടിവുണ്ടായത്. നോട്ട് അസാധുവാക്കൽ നിർമ്മാണ മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയും ജി.എസ്.ടി തൊഴിൽമേഖലകളിലുണ്ടാക്കിയ അരക്ഷിതാവസ്ഥയുമാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ കുറവിന് കാരണമായി തൊഴിൽവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തുകൊച്ചിക്കൊപ്പം വളരുന്ന ജില്ല എന്നതിനാൽ നിർമ്മാണ മേഖല അതിവേഗം ശക്തിപ്പെട്ടിരുന്നതാണ് ഇതര സംസ്ഥാനക്കാരെ ആകർഷിച്ചിരുന്നത്. തൊഴിൽ വകുപ്പിന്റെ കണക്കിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലാണ് -54,285 പേർ. ഏറ്റവും കുറവ് വയനാട് ജില്ലയിലും - 6717. അസംഘടിത മേഖലയിൽ തൊഴിൽചെയ്യുന്നവരുടെ കണക്കെടുത്താൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും തൊഴിൽവകുപ്പ് പറയുന്നു. 2017 നവംബർ മുതലാണ് തൊഴിൽവകുപ്പ് കണക്കെടുപ്പ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP