Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎഎസുകാരെ ആർഡിഒമാരാക്കിയത് അഴിമതി ഇല്ലാതാക്കാനും കാര്യക്ഷമത കൂട്ടാനും; റവന്യൂമന്ത്രിയുടെ 'നല്ല' തീരുമാനം അട്ടിമറിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐയുടെ സംഘടനയും; ഡെപ്യുട്ടി കളക്ടർമാരെ തരംതാഴ്‌ത്തിയ നടപടിയിൽ മൗനം പാലിച്ച് കാനവും

ഐഎഎസുകാരെ ആർഡിഒമാരാക്കിയത് അഴിമതി ഇല്ലാതാക്കാനും കാര്യക്ഷമത കൂട്ടാനും; റവന്യൂമന്ത്രിയുടെ 'നല്ല' തീരുമാനം അട്ടിമറിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐയുടെ സംഘടനയും; ഡെപ്യുട്ടി കളക്ടർമാരെ തരംതാഴ്‌ത്തിയ നടപടിയിൽ മൗനം പാലിച്ച് കാനവും

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: അഴിമതിയാണ് റവന്യൂവകുപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കാര്യക്ഷമതക്കുറവിന് കാരണവും അത് തന്നെ. ഇത് മനസ്സിലാക്കിയാണ് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ചില നടപടികൾ എടുത്തത്. എല്ലായിടത്തു നിന്നും കൈയടിയാണ് പ്രതീക്ഷിച്ചത്. എന്നാൽ മന്ത്രിയുടെ തീരുമാനത്തിനെതിരെ സ്വന്തം പാർട്ടിക്കാർ തന്നെ രംഗത്ത് വരുന്നു. സബ്കളക്ടർ തസ്തികയിൽ കൂടുതൽ ഐ.എ.എസുകാരെ നിയമിച്ച റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്റെ നടപടിക്കെതിരെ സിപിഐ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ സമരരംഗത്ത് എത്തുകയാണ്. പ്രതിഷേധ പ്രകടനങ്ങളും നടന്നു.

ഐ.എ.എസ് പരിശീലനം കഴിഞ്ഞെത്തിയ 6പേരെ സബ്കളക്ടറായി നിയമിച്ചതിനെ തുടർന്ന് അത്രയും പേരെ ഡെപ്യൂട്ടികളക്ടർമാര തരംതാഴ്‌ത്തിയിരുന്നു. ഇതിനെതിരെയാണ് ജോയിന്റ്കൗൺസിലിന്റെ പ്രതിഷേധം. റവന്യു വകുപ്പിന്റെ കാര്യക്ഷമത കൂട്ടാനും അഴിമതി തുടച്ചു നീക്കാനുമായിരുന്നു മന്ത്രിയുടെ നീക്കം. ഇതാണ് ജീവനക്കാരുടെ സംഘടനയെ പ്രകോപിപ്പിച്ചത്. റവന്യുവകുപ്പിൽ പിടിമുറുക്കാൻ എൻജിഒ യൂണിയനും ജോയിന്റ് കൗൺസിലും തമ്മിൽ അടി ശക്തമാണ്. മന്ത്രിയുടെ കരുത്തിൽ സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കാനായിരുന്നു ജോയിന്റെ കൗൺസിൽ ശ്രമം നടത്തിയിരുന്നത്. ഇതിനിടെയാണ് മന്ത്രിയുടെ തീരുമാനം എത്തിയത്. പ്രമോഷൻ വഴി ആർഡിഒമാരാകാനുള്ള സാധ്യത അടയുന്നത് ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമാകും. ഇത് മനസ്സിലാക്കിയാണ് മന്ത്രിയെ തിരുത്തിക്കാൻ ജോയിന്റെ കൗൺസിലെത്തുന്നത്.

21 ആർഡിഒസബ്കളക്ടർ തസ്തികകളാണ് റവന്യുവകുപ്പിലുള്ളത്. ഇതിൽ 9 എണ്ണത്തിൽ ഐഎഎസുകാരേയും ബാക്കിയുള്ളവയിൽ ഡെപ്യൂട്ടികളക്ടർമാരെയുമാണ് നിയമിച്ചിരുന്നത്. എന്നാൽ പരിശീലനം കഴിഞ്ഞെത്തിയ 6 ഐ.എ.എസുകാരെ വിവധ താലൂക്കുകളിൽ സബ്കളക്ടർമാരായി നിയമിച്ചു. ഇതോടെ അത്രയും ഡെപ്യൂട്ടി കളക്ടർമാരുടെ സ്ഥാനക്കയറ്റം അസാധു ആയി. ഇതാണ് മന്ത്രിയ്‌ക്കെതിരെ ജോയിന്റ് കൗൺസിലും അതിന് കീഴിലുള്ള റവന്യു ഡിപ്പാർട്ട്‌മെന്റ്സ്റ്റാഫ് അസോസിയേഷനും സമരത്തിനിറക്കിയത്. ജീവനക്കാരുടെ താൽപ്പര്യത്തിന് എതിരാണ് തീരുമാനം എന്നാണ് ഇവരുടെ പക്ഷം.

ഐ.എ.എസുകാരെ നിയമിക്കുന്ന തീരുമാനം വരുന്നതറിഞ്ഞ് സംഘടനാ നേതാക്കൾ റവന്യു മന്ത്രിയെ എതിർപ്പറിയിച്ചിരുന്നു. എന്നാൽ ഉറപ്പ് പാലിക്കാൻ മന്ത്രിക്കായില്ല. ഉദ്യോഗസ്ഥരുടെ എതിർപ്പുണ്ടെന്ന മന്ത്രി ഫയലിൽ എഴുതിയിട്ടും അത കണക്കാക്കാതെ മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. എം.എം.മണിയുടെ വിമർശനത്തിന് പിന്നാലെയാണ് സ്വന്തം പാർട്ടിയുടെ സർവീസ് സംഘടന തന്ന റവന്യു മന്ത്രിക്കെതിരെ സമരത്തിനിറങ്ങിയത് എന്നത് ശ്രദ്ധേയമാണ്. മന്ത്രിക്ക് ഒന്നും അറിയില്ലെന്നായിരുന്നു മണിയുടെ വിമർശനം. ഇതിന് പിന്നാലെയാണ് വകുപ്പിൽ അഴിമതി കുറയ്ക്കാനുള്ള നടപടികൾക്ക് മന്ത്രി ശക്തമായി രംഗത്ത് എത്തിയത്.

മണിയുടെ വിവാദത്തിൽ ചന്ദ്രശേഖരന് സിപിഐ പൂർണ്ണ പിന്തുണ നൽകി. എൽഡിഎഫിൽ പരാതിയും നൽകി. എന്നാൽ സ്വന്തം പാർട്ടിക്കാരുടെ മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ സിപിഐ ഇടപെടുന്നില്ല. ആരും പരസ്യമായി മന്ത്രിക്ക് പിന്തുണയും നൽുകന്നില്ല. ആർഡിഒ മാരായി ഐഎഎസുകാരെത്തിയാൽ പാർട്ടിക്കാർ പറയുന്നതൊന്നും അനുസരിക്കില്ല. വിധേയരായി പ്രവർത്തിക്കുന്ന സിപിഐക്കാരെ റവന്യൂ വകുപ്പിലെ സുപ്രധാന തസ്തികകളിൽ നിയമിക്കണമെന്ന നിലപാടാണ് വിവിധ ജില്ലാ കമ്മറ്റികൾക്കും ഉള്ളത്. മന്ത്രിയുടെ തീരുമാനത്തോടെ ഇതും അട്ടിമറിക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിശബ്ദതയും ശ്രദ്ധേയമാണ്.

പിണറായി മന്ത്രിസഭയിൽ സിപിഐക്ക് നാല് മന്ത്രിമാരാണുള്ളത്. റവന്യൂവും വനവുമാണ് പ്രധാനം. ഇത് തന്റെ വിശ്‌സ്തരെയാണ് കാനം ഏൽപ്പിച്ചത്. എന്നിട്ടും റവന്യൂ വകുപ്പിലെ സുപ്രധാന തീരുമാനം പാർട്ടിയെ അറിയിച്ചില്ലെന്ന പക്ഷത്താണ് കാനം. ഇതുകൊണ്ട് കൂടിയാണ് മ്ന്ത്രിയെ ന്യായീകരിക്കാൻ തയ്യാറാകാത്തത്. എന്നാൽ വിഷയത്തിൽ നയപരമായ പ്രശ്‌നമില്ലെന്നും മന്ത്രിയുടെ പരിധിയിൽ വരുന്ന തീരുമാനം മാത്രമാണെന്നുമാണ് ചന്ദ്രശേഖരനോട് അടുപ്പമുള്ളവർ പറയുന്നത്. ആരു പറഞ്ഞാലും തീരുമാനം പിൻവലിക്കില്ലെന്നും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP