Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർബുദ ഇൻജക്ഷന്റെ വില ഒറ്റയടിക്ക് കുറഞ്ഞ് 3218.75 രൂപയിൽ നിന്ന് 1,841.50 രൂപയായി; വന്ധ്യതാ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇഞ്ചക്ഷനും കുറഞ്ഞു 285 രൂപ; കൊള്ളാവുന്ന മന്ത്രി ഭരിച്ചാൽ നാട് ഇങ്ങനെയും മാറും

അർബുദ ഇൻജക്ഷന്റെ വില ഒറ്റയടിക്ക് കുറഞ്ഞ് 3218.75 രൂപയിൽ നിന്ന് 1,841.50 രൂപയായി; വന്ധ്യതാ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇഞ്ചക്ഷനും കുറഞ്ഞു 285 രൂപ; കൊള്ളാവുന്ന മന്ത്രി ഭരിച്ചാൽ നാട് ഇങ്ങനെയും മാറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടപെട്ടതോടെ മരുന്നുവിലയിൽ കുറേക്കാലമായി നടന്നുവന്ന കൊള്ളയടി ഇല്ലാതാകുന്നു. നല്ല മന്ത്രിമാർ അധികാരത്തിൽ വന്നാൽ അത് ജനങ്ങൾക്കെങ്ങനെ ഗുണകരമാകുമെന്നതിന്റെ ഉത്തമ ഉദാഹരണമായി ജീവൻരക്ഷാ മരുന്നുകൾക്ക് വൻതോതിലാണ് വില കുറച്ചിട്ടുള്ളത്. അർബുദ രോഗത്തിനുള്ള ലൂപ്രൈഡ് ഡിപോട്ട് 3.75 എം.ജി ഇൻജക്ഷൻ വില 3,218.75 രൂപയിൽ നിന്ന് 1,841.50 ആയി കുറഞ്ഞു. അർബുദ മരുന്നുകളുടെ കൊള്ളവിലയെ കുറിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു.

സർക്കാർ നിയന്ത്രണത്തിലുള്ള കാരുണ്യ ഫാർമസിയിലും ഇത്തരത്തിൽ മരുന്നുവില കൂട്ടി പാവങ്ങളെ കൊള്ളയടിക്കുന്ന കാര്യം കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ടുചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ഇടപെട്ട് വില കുറയ്ക്കാൻ നടപടിയെടുത്തത്. ഇതോടെ കാൻസർ ചികിത്സാ മരുന്നിന് ഒറ്റയടിക്ക് കുറഞ്ഞത് 1,377 രൂപയാണ്. കാൻസറിനും വന്ധ്യതാ ചികിത്സയ്ക്കും ഉപയോഗിക്കുന്ന സോളാഡെക്‌സ് ഇൻജക്ഷൻ വില 1949.75 രൂപയിൽ നിന്ന് 1665 രൂപയായും കുറച്ചു. കുറഞ്ഞത് 285 രൂപ. മറ്റു മരുന്നുകളുടെ കാര്യത്തിലും പരിശോധന നടത്തി പരമാവധി വില കുറയ്ക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) നടത്തുന്ന കാരുണ്യ ഫാർമസിയും എസ്.എ.ടി ആശുപത്രിയുടെ ഇൻഹൗസ് ഡ്രഗ് ബാങ്കും തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്താണ് പ്രവർത്തിക്കുന്നത്. ഈ രണ്ട് മരുന്ന് കടകളിലും അർബുദ മരുന്നുകളുടെ വിലയിലെ ഭീമമായ വ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു പത്രറിപ്പോർട്ട്.

അഞ്ഞൂറോളം മരുന്നുകളുടെ വിലയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മരുന്നുവിൽപന കേന്ദ്രങ്ങളിൽ ഇത്തരത്തിൽ വ്യത്യാസമുണ്ട്. കാരുണ്യ ഫാർമസികൾക്കുപുറമെ സർക്കാർ, സഹകരണ മേഖലയിൽ സംസ്ഥാനത്തൊട്ടാകെ നൂറുകണക്കിന് സ്ഥാപനങ്ങളുണ്ടെങ്കിലും മരുന്നുവിലയിൽ ഇവയും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളും തമ്മിൽ അന്തരമില്ലെന്ന സ്ഥിതിയാണ് ഇപ്പോൾ. ഇക്കാര്യം പരിശോധിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ മരുന്നുകളുടെയും വില വ്യത്യാസവും സർക്കാർ മരുന്ന് കടകൾ തമ്മിലുള്ള വലിയ വില വ്യത്യാസത്തിനുള്ള കാരണവും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദ് ഇതിന് മേൽനോട്ടം നൽകും.

അതേസമയം, കെ.എം.എസ്.സി.എൽ മരുന്നിന്റെ വില കണക്കാക്കിയതിലെ പിശകാണ് ചില മരുന്നുകൾക്ക് വില വ്യത്യാസം ഉണ്ടാകാൻ കാരണമെന്നാണ് ഇപ്പോൾ അധികൃതർ നൽകുന്ന വിശദീകരണം. അത് പരിഹരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. മരുന്നിന് ആറ് ശതമാനവും, മറ്റ് ഉത്പന്നങ്ങൾക്ക് 10 മുതൽ 16 ശതമാനം വരെയും ലാഭം കണക്കാക്കിയാണ് കെ.എം.എസ്.സി.എൽ വിൽക്കുന്നത്.

കേന്ദ്രസർക്കാർ രണ്ടുവർഷം മുമ്പ് മരുന്നുകളുടെ വിലനിയന്ത്രണം എടുത്തുകളയുകയും വിലനിശ്ചയത്തിന് കമ്പനികൾക്ക് അവകാശം നൽകുകയും ചെയ്തത് ഏറെ വിവാദമുയർത്തിയിരുന്നു. ഇതിന്റെ മറപിടിച്ച് കാൻസർ പ്രതിരോധത്തിനുള്ള മരുന്ന് 8500 രൂപയിൽനിന്ന് 1,08,000 രൂപയായി വർദ്ധിപ്പിച്ചത് ഈവർഷം ആദ്യമാണ്. അതായത് ഒരു മരുന്നിന് ഒരു ലക്ഷം രുപ വരെ വില വർദ്ധനയുണ്ടായി.

പ്രതിഷേധങ്ങളുയർന്നെങ്കിലും ഈ നില തുടരുകയാണ്. ഗുരുതരരോഗങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ 'അവശ്യമല്ലാത്ത' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അഥോറിറ്റി(എൻ.പി.പി.എ)യിൽനിന്നും കേന്ദ്ര സർക്കാർ വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ നിത്യേനയെന്നോണം അവശ്യമരുന്നുകൾക്ക് വില വർദ്ധിച്ചു.

ഹൃദ്രോഗം, കാൻസർ, പ്രമേഹം, ആസ്ത്മ, എയ്ഡ്‌സ്, ക്ഷയം, മലേറിയ, ആസ്തമ, രക്താതിസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്ക് നൽകുന്ന മരുന്നുകളുടെ വിലയാണ് കുതിച്ചുയരുന്നത്. 110 മരുന്നുകളാണ് കേന്ദ്രസർക്കാർ, ഈ പട്ടികയിൽ ഉൾപ്പെടുത്തി വില നിയന്ത്രണം എടുത്തു കളഞ്ഞത്. 'അവശ്യമല്ലാത്ത' എന്ന പ്രയോഗത്തിന്റെ മാനദണ്ഡമെന്താണെന്ന് സർക്കാർ വിശദീകരിച്ചിട്ടുമില്ല. എൻ.പി.പി.എ 2015 ജൂലൈമാസം ഇറക്കിയ വിലനിലവാരപ്പട്ടിക റദ്ദാക്കിക്കൊണ്ടാണ് കമ്പനികൾക്ക് വില നിർണയിക്കാനുള്ള അധികാരം നൽകിയത്. മാത്രമല്ല മരുന്നുവിലയിൽ വർഷം തോറും 15 ശതമാനം വർദ്ധന വരുത്താനും കമ്പനികൾക്ക് അനുമതി നൽകിയിരുന്നു.

ഇതിനുപിന്നാലെ, മരുന്നുകളുടെ വില നിശ്ചയിക്കാനുള്ള അധികാരം കുത്തകക്കമ്പനികൾക്ക് വിട്ടുകൊടുത്ത കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രക്ഷോഭം നടത്തിയിരുന്നു. യുപിഎ സർക്കാരിന്റെ കാലത്തും മരുന്നുവില നിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇതോടെ കുറച്ചു വർഷങ്ങളായി ക്യാൻസറടക്കമുള്ള മാരകരോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നുവില ഇടയ്ക്കിടെ കൂടുകയും ചെയ്തു.

മോദിയുടെ അമേരിക്കൻ സന്ദർശനവേളയിൽ പൊതുപരിപാടികൾ സ്‌പോൺസർ ചെയ്തത് ഇത്തരം സ്വകാര്യ കുത്തകമരുന്നുകമ്പനികളാണെന്നും ഇതാണ് മോദി മരുന്നുവില നിയന്ത്രണം എടുത്തുകളഞ്ഞതിന്റെ പിന്നിലെ രഹസ്യമെന്നും ആക്ഷേപമുയരുകയും ചെയ്തിരുന്നു. ഏതായും ഈ നയങ്ങൾക്കെതിരെ സമരം നടത്തിയിരുന്ന സിപിഐ(എം) അധികാരത്തിലെത്തിയപ്പോൾ ആരോഗ്യമന്ത്രി മരുന്നുവില നിയന്ത്രിക്കാൻ നടപടികൾ തുടങ്ങിയത് രോഗികൾക്ക് ആശ്വാസമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP