Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീറാമിന്റെ ജെസിബി കുരിശുകയ്യേറ്റത്തിൽ തൊട്ടപ്പോൾ ഷോക്കടിച്ചത് ലംബോധരന്റെയും സഖറിയയുടേയും കുടുംബങ്ങളുടെ ഏലംകണക്ഷന് ; കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പൊട്ടിത്തെറിച്ച് പിണറായി പ്രതികരിച്ചത് മന്ത്രി മണിയുടെ ശക്തമായ ഇടപെടലോടെയെന്ന് വ്യക്തം; വൻകിടക്കാരുടെ കയ്യേറ്റത്തിന് ചുക്കാൻ പിടിക്കുന്നതിൽ സിപിഎമ്മിനും കോൺഗ്രസിനും നിർണായക പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്

ശ്രീറാമിന്റെ ജെസിബി കുരിശുകയ്യേറ്റത്തിൽ തൊട്ടപ്പോൾ ഷോക്കടിച്ചത് ലംബോധരന്റെയും സഖറിയയുടേയും കുടുംബങ്ങളുടെ ഏലംകണക്ഷന് ; കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പൊട്ടിത്തെറിച്ച് പിണറായി പ്രതികരിച്ചത് മന്ത്രി മണിയുടെ ശക്തമായ ഇടപെടലോടെയെന്ന് വ്യക്തം; വൻകിടക്കാരുടെ കയ്യേറ്റത്തിന് ചുക്കാൻ പിടിക്കുന്നതിൽ സിപിഎമ്മിനും കോൺഗ്രസിനും നിർണായക പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ദേവികുളം: ഇടുക്കിയിൽ കയ്യേറ്റമൊഴിപ്പിക്കൽ വൻകിടക്കാരിലേക്ക് നീങ്ങുകയും പ്രദേശത്ത് രാജാക്കന്മാരായി വിലസുന്നവരിലേക്ക് ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ ജെസിബി എത്തുകയും ചെയ്തപ്പോഴാണ് ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്തുവന്നത്.

അതുവരെ സി.പി.എം പ്രാദേശിക നേതൃത്വം കയ്യേറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ചപ്പോഴും അനങ്ങാതിരുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് കഴിഞ്ഞദിവസം കുരിശുപൊളിച്ചതിനെതിരെയും മുൻകൂട്ടി ആലോചിക്കണമായിരുന്നു ഇത്തരം ഒഴിപ്പിക്കലെന്നും പറഞ്ഞ് പൊതുവേദിയിൽ തന്നെ പ്രസംഗിച്ചത്. സംസ്ഥാനത്തെ ഇടതുവലത് രാഷ്ട്രീയ ലോബികൾക്ക് മൂന്നാറിലെ വൻകിട കയ്യേറ്റക്കാരുമായി നേരിട്ടുതന്നെ ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസങ്ങളിൽ മറുനാടൻ റിപ്പോർട്ടുചെയ്തിരുന്നു.

ഇതു കൂടുതൽ സാധൂകരിക്കുന്ന പുതിയ വിവരങ്ങളാണ് ഇന്ന് പുറത്തുവരുന്നത്. കുരിശുകൃഷി നടത്തി സ്ഥലങ്ങൾ വെട്ടിപ്പിടിക്കുന്ന വെള്ളൂക്കുന്നേൽ കുടുംബത്തിന്റെ വിവരങ്ങൾ ആദ്യംമുതലേ വ്യക്തമായിരുന്നു. ഈ കുടുംബാംഗമായ, ഇപ്പോൾ കുരിശ് സ്ഥാപിച്ച വിഷയത്തിൽ പൊലീസ് തിരയുന്ന സ്പിരിറ്റ് ഇൻ ജീസസ് സാരഥി ടോം സഖറിയയുടെ സഹോദരൻ ബോബി സഖറിയയും മുതിർന്ന് കോൺഗ്രസ് നേതാവ് ഇംഎം അഗസ്തിയും ഡയറക്ടർമാരായ സുഗന്ധഗിരി ഏല കയറ്റുമതി കമ്പനിയുടെ കള്ളപ്പണ ഇടപാടുകൾ ഉൾപ്പെടെ അന്വേഷണം നടക്കുകയാണ്.

ഇതിനിടയിലാണ് മന്ത്രി എംഎം മണിയുടെ സഹോദരൻ ലംബോധരനും കുടുംബത്തിനും നേതൃത്വമുള്ള മറ്റൊരു ഏലക്കമ്പനിയുടെ വിവരങ്ങളും പുറത്തുവരുന്നത്. ഇതോടെ ഏലം കയറ്റുമതി ഇറക്കുമതി ഇടപാടുകളുടെ മറവിലെ ബന്ധങ്ങളാണ് ഇപ്പോൾ കയ്യേറ്റങ്ങൾ തടയുന്നതിനെതിരെ നിലപാടെടുക്കാൻ മുഖ്യമന്ത്രി പിണറായിയെ ഉ്ൾപ്പെടെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാവുകയാണ്.

കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ ആദ്യം പതിയെ പ്രതികരിച്ചുതുടങ്ങിയ സി.പി.എം പിന്നീട് ശക്തമായ നിലപാടെടുക്കുന്നത് മന്ത്രി മണിക്കുൾപ്പെടെ വേണ്ടപ്പെട്ടവരിലേക്ക് കയ്യേറ്റം ഒഴിപ്പിക്കൽ എത്തിയപ്പോഴാണ്. കോൺഗ്രസ് നേതാക്കളായ ഇഎം അഗസ്തി, പിപി തങ്കച്ചൻ, ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി നിന്ന് ഇടുക്കി എംപിയായ അഗസ്തിയുടെ മരുമകൻ ജോയ്‌സ് ജോർജ്, എംഎം മണിയുടെ സഹോദരൻ ലംബോധരൻ എന്നിങ്ങനെ ബന്ധങ്ങളുടെ ചങ്ങല ഇടതുവലത് മുന്നണികളിലെ ബന്ധങ്ങളിലേക്ക് നീങ്ങുകയാണ്. ഇതോടെ ഏലം വ്യവസായവുമായി ബന്ധപ്പെട്ടും ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ടും കോൺഗ്രസിലും സിപിഎമ്മിലും ആഴത്തിൽ ആഴ്ന്നിറങ്ങുന്ന ബന്ധങ്ങളുണ്ടെന്നും വ്യക്തമായ വിവരങ്ങൾ പുറത്തുവരുന്നു.

വൈദ്യുത മന്ത്രി എംഎം മണിയുടെ സഹോദരൻ എംഎം ലംബോധരന്റെ കുടുംബത്തിന് 139 കോടിയുടെ ആസ്തിയുള്ള ഏല കമ്പനിയിൽ പങ്കാളിത്തം ഉണ്ടെന്ന വിവരമാണ് ഇപ്പോൾ വ്യക്തമാകുന്നത്. പുലരി പ്ലാന്റേഷൻസ് എന്ന കമ്പനിയിലാണ് ലംബോധരന്റെ കുടുംബത്തിന് 15 കോടിയുടെ നിക്ഷേപമുള്ളത്. ലംബോധരന്റെ മകൻ ലജീഷാണ് കമ്പനി എംഡി. ലംബോധരന്റെ ഭാര്യ സരോജിനി കമ്പനിയുടെ ഡയറക്ടറുമാണ്.

കമ്പനി ഏല ലേലത്തിനായി സ്‌പൈസസ് ബോർഡിൽ നൽകിയ അപേക്ഷയുടെ പകർപ്പ് ഇന്ന് പുറത്തുവന്നു. 15 കോടിയുടെ നിക്ഷേപം ഇരുവർക്കും പുലരി പ്ലാന്റേഷനുണ്ടെന്നാണ് അപേക്ഷയിൽ വിശദമാക്കിയിരിക്കുന്നത്. ലജീഷിനേയും സരോജിനിയേയും കൂടാത എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുമുള്ളവർക്കും കമ്പനിയിൽ പങ്കാളിത്തമുണ്ട്. ഇവർ അഡീഷണൽ ഡയറക്ടർമാരാണ്. മേൽവിലാസം വ്യക്തമാക്കാത്ത ഡയറക്ടർമാരും കമ്പനിക്കുണ്ട്. കമ്പനിക്ക് മൂന്നു കോടി രൂപ വിലവരുന്ന ഭൂമിയുമുണ്ടെന്ന് അപേക്ഷയിൽ പറയുന്നു.

2002 ഡിസംബറിലാണ് കമ്പനി രജിസ്റ്റർ ചെയ്യുന്നത്. സി.പി.എം രാജാക്കാട് മുൻ ഏരിയ സെക്രട്ടറിയാണ് ലംബോധരൻ. ഭൂമി കൈയേറിയതിന് ലംബോധരനും മകനുമെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. എന്നാൽ വായ്പയിലൂടെയാണ് നിക്ഷേപത്തിന് പണം കണ്ടെത്തിയതെന്നും എല ലേലത്തിന് ലൈസൻസ് കിട്ടാത്തതിനാൽ കമ്പനി പ്രവർത്തിക്കുന്നില്ലെന്നും ആണ് ലംബോധരൻ വ്യക്തമാക്കിയിട്ടുള്ളത്.

പത്തുവർഷം മുമ്പുതന്നെ വെള്ളൂക്കുന്നേൽ കുടുംബം ബലപ്രയോഗത്തിലൂടെ അധികാരികളെ വിരട്ടിവരെ കാര്യങ്ങൾ നേടിയിരുന്നുവെന്നും ഭൂമി വെട്ടിപ്പിടിച്ചിരുന്നുവെന്നും കഴിഞ്ഞദിവസം മുൻ മൂന്നാർ ദൗത്യസംഘ തലവൻ സുരേഷ്‌കുമാറും വ്യക്തമാക്കിയിരുന്നു. കയ്യൂക്കിലൂടെ കാര്യം നടപ്പാക്കിയെടുത്തിരുന്നു ഇവരെന്നാണ് സുരേഷ് പറഞ്ഞത്. 2007 ജൂൺ മാസത്തിൽ ഇക്കാര്യത്തിൽ എഫ്‌ഐആറുമുണ്ട്.

ചിന്നക്കനാൽ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി ടോം സഖറിയയയുടെ സഹോദരൻ ബോബി സക്കറിയ ഭൂമി വെട്ടിപ്പിടിക്കാനും രേഖകളിൽ തിരിമറി നടത്താനും ശ്രമിച്ചുവെന്നതാണ് കേസ്. ലാൻഡ് അക്വിസിഷൻ ഫയലുകൾ ബലമായി എടുത്തുകൊണ്ടുപോയതായും ആദിവാസികൾക്കും ഭൂരഹിതർക്കും അനുവദിച്ച ഭൂമിയാണ് കയ്യേറ്റം ചെയ്യപ്പെട്ടതെന്നും ഇതിനുവേണ്ടി രേഖകൾ സൃഷ്ടിക്കാൻ കോടികൾ കൈക്കൂലി മന്ത്രിമാരിലേക്കുവരെ എത്തിയിരുന്നുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഇത്തരം ആരോപണങ്ങൾ നിലനിൽക്കെയാണ് പാപ്പാത്തിച്ചോലയിൽ കുരിശ് സ്ഥാപിച്ച് ഭൂമി സ്വന്തമാക്കാൻ നടന്ന തട്ടിപ്പ് കുരിശ് തകർത്തുകൊണ്ട് ദേവികുളം സബ്കളക്ടർ നടത്തുന്നത്. ഇതോടെയാണ് പിണറായി തന്നെ നേരിട്ട് പ്രതികരിക്കുകയും കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ രംഗത്തുവരുന്നതും. കുരിശ് തകർത്ത വിഷയം മുൻനിർത്തിയാണ് പ്രതികരണം ഉണ്ടായതെങ്കിലും ഇതിന് ക്രിസ്ത്രീയ സഭകളിൽ നിന്ന് പിന്തുണയുണ്ടാവുമെന്ന നീക്കം പക്ഷേ, പാളിപ്പോയി.

ക്രിസ്തീയ സഭാ മേധാവികളിൽ ഭൂരിപക്ഷവും ഇത്തരം കയ്യേറ്റങ്ങളെ ഒരിക്കലും ന്യായീകരിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. ഇതോടെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ നിലകൊണ്ട സർക്കാർ ഒറ്റപ്പെട്ട നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. ഇതിന് പിന്നാലെയാണ് ശ്രീറാമിനെതിരെയും പെമ്പിളൈ ഒരുമയ്‌ക്കെതിരെയും മുൻ മൂന്നാർ ദൗത്യസംഘത്തലവൻ സുരേഷിനെതിരെയുമെല്ലാം അശ്‌ളീലപ്രയോഗങ്ങൾ വരെ നടത്തി മന്ത്രി മണി തന്നെ രംഗത്തെത്തുന്നത്.

മണിയുമായി നേരിട്ട് ബന്ധമുള്ളവരുടെ കയ്യേറ്റം ഒഴിപ്പിക്കലിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് മണിയുടെ ഇടപെടലിലൂടെ പിണറായിയുടെ പ്രതികരണം ഉണ്ടായതെന്ന് വ്യക്തം. ഇതിലെല്ലാം ആവേശഭരിതനായി മണി ഇടുക്കിയിലെ വേദികളിൽ ശ്രീറാമിനെതിരെയും മറ്റും നിലവിട്ട് പ്രസംഗിക്കുകയാണ് ഉണ്ടായത്. എന്നാൽ ഇത് വൻ വിവാദമായി മാറിയതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലാണിപ്പോൾ. ഇതിന് പിന്നാലെ കുരിശ് തകർത്തതിനെതിരെ ശക്തമായി പ്രതികരിച്ച യുഡിഎഫ് കൺവീനർ പി പി തങ്കച്ചനും രംഗത്തുവന്നതും ചർച്ചയായി.

ഇത്തരം പ്രസ്താവനകളിലൂടെയും പ്രതികരണങ്ങളിലൂടെയും വ്യക്തമാകുന്നത് മൂന്നാറിലെ കയ്യേറ്റങ്ങളിൽ കോൺഗ്രസ്സിനും സിപിഎമ്മിനും എത്രത്തോളം താൽപര്യം ഉണ്ടെന്നുതന്നെയാണെന്ന് വിമർശനം ശക്തമായിക്കഴിഞ്ഞു. ഈ ഉള്ളറക്കളികൾ ഒന്നൊന്നായി പുറത്തുവരുന്നതിതിനിടെ ഇന്നലെ പി പി തങ്കച്ചനെതിരെ കോൺഗ്രസിലും യുവ നേതാക്കൾ കടുത്ത എതിർപ്പുമായി എത്തിക്കഴിഞ്ഞു. വി ഡി സതീശൻ, ലിജു, പിസി വിഷ്ണുനാഥ് എന്നിവർ ഇന്നലെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനമാണ് തങ്കച്ചനെതിരെ ഉന്നയിച്ചത്.

വിഷയം കുറച്ചുദിവസത്തിനകം ചർച്ചകളിൽ നിന്ന് ഒഴിവാകുമെന്ന നിലയിലാണ് സർക്കാര് വിലയിരുത്തുന്നതെങ്കിലും ഇക്കാര്യത്തിൽ ശക്തമായ നിലപാടുമായാണ് ബിജെപി നീങ്ങുന്നത്. കേന്ദ്രത്തെ ഇടപെടുവിച്ച് മൂന്നാറിലെ കയ്യേറ്റങ്ങളിൽ അന്വേഷണം നടത്താനുള്ള ശ്രമം അവർ ആരംഭിച്ചുകഴിഞ്ഞതായാണ് അറിയുന്നത്. ഇത് സാധ്യമായാൽ സംസ്ഥാനത്തെ ഇരു മുന്നണികളിലേയും പല പ്രമുഖരുടേയും വഴിവിട്ട ഇടപാടുകൾ പുറത്തുവന്നേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP