Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ; പരിക്കേറ്റവർക്ക് 50,000 രൂപയും; തകർന്ന വീടുകൾ പ്രധാനമന്ത്രി ആവാസയോജനയിൽ പുനർ നിർമ്മിക്കും; വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കേന്ദ്ര ഏജൻസി; അടിയന്തര സഹായങ്ങളും സൈനിക സഹായവും നൽകുമെന്നും ഉറപ്പ്; 500 കോടിയുടെ ഇടക്കാല ആശ്വാസത്തിന് പുറമേ പ്രളയ ദുരന്തത്തിൽ ആശ്വാസമാകാൻ കേരളത്തിന് മോദി ഉറപ്പ് നൽകിയ സഹായങ്ങൾ ഇങ്ങനെ

മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ;  പരിക്കേറ്റവർക്ക് 50,000 രൂപയും; തകർന്ന വീടുകൾ പ്രധാനമന്ത്രി ആവാസയോജനയിൽ പുനർ നിർമ്മിക്കും; വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കേന്ദ്ര ഏജൻസി; അടിയന്തര സഹായങ്ങളും സൈനിക സഹായവും നൽകുമെന്നും ഉറപ്പ്; 500 കോടിയുടെ ഇടക്കാല ആശ്വാസത്തിന് പുറമേ പ്രളയ ദുരന്തത്തിൽ ആശ്വാസമാകാൻ കേരളത്തിന് മോദി ഉറപ്പ് നൽകിയ സഹായങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഴക്കെടുതിയിൽ കഷ്ടത അനുഭവിക്കുന്ന കേരളത്തിന് അടിയന്തര സഹായങ്ങളും സൈനിക സഹായവും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്. അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായി കൊച്ചിയിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. നേരത്തെ മൂന്ന് ഘട്ടമായി 260 കോടി അനുവദിച്ചിരുന്നു. പ്രളയ കെടുതികൾ വിലയിരുത്താൻ ഇന്നലെ രാത്രിയാണ് മോദി തിരുവനന്തപുരത്ത് എത്തിയത്. രാവിലെ കൊച്ചിയിൽ വ്യോമനിരീക്ഷണം നടത്തി മോദി ഡൽഹിയിലേക്ക് മടങ്ങി.

രാജ്യം കേരളത്തിനൊപ്പമുണ്ടെന്നും എല്ലാ വിധ സഹായവും ചെയ്യുമെന്നും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ജീവൻ പൊലിഞ്ഞവരുടെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യുമെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുവെന്നും ട്വീറ്റിൽ മോദി അറിയിച്ചു. കേരളത്തിന് കേന്ദ്രം എല്ലാ സഹായവും ചെയ്യും. സാമ്പത്തികമായി സഹായിക്കും. മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിച്ചു നൽകും. അടിസ്ഥാന സൗകര്യ വികസനത്തിന് എല്ലാ പിന്തുണയും ഉണ്ടാകും. ഇതിന് കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകിയെന്നും മോദി ട്വീറ്റിൽ വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈമാറും. കേരളത്തിലെ തകർന്ന റോഡുകൾ മുഴുവൻ നന്നാക്കാൻ ദേശീയപാതാ അഥോറിറ്റിക്ക് അടിയന്തര നിർദ്ദേശം നൽകി.
വൈദ്യുതിബന്ധം കേന്ദ്ര ഏജൻസി പുനഃസ്ഥാപിക്കാനും നടപടി. തകർന്ന വീടുകൾ പ്രധാനമന്ത്രി ആവാസ യോജന പ്രകാരം പുനർ നിർമ്മിക്കും. പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാൽ വെള്ളം ഇറങ്ങിയ ശേഷമേ യഥാർത്ഥ നഷ്ടം കണക്കാക്കാൻ പറ്റു. അടിയന്തരമായി 2000 കോടി രൂപയമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

10.10 ഓടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവർണ്ണറും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും വ്യോമ നിരീക്ഷണം നടത്തി. ഇന്ന് പുലർച്ചെ ദുരന്ത ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കടുത്ത മഴയും കാറ്റും മൂലം സാധിച്ചിരുന്നില്ല. തുടർന്നാണ് ഉന്നത സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി വീണ്ടും വ്യോമ നിരീക്ഷണത്തിന് പുറപ്പെട്ടത്. മെയ് 29-ന് തുടങ്ങിയ പേമാരിയിൽ 357 പേർ ഇതുവരെ മരണപ്പെട്ടു. 40,000 ഹെക്ടറലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകൾ പൂർണ്ണമായും 26,000 ത്തിലധികം വീടുകൾ ഭാഗികമായും തകർന്നു.

3,026 ക്യാമ്പുകളിലായി ഇപ്പോൾ 3,53,000 പേരുണ്ട്. 46,000 ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴി-താറാവുകളും ചത്തു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകർന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്. രക്ഷാപ്രവർത്തനത്തിന് അടിയന്തരമായി 20 ഹെലിക്കോപ്റ്ററുകളും എഞ്ചിനുള്ള 600 ബോട്ടുകളും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എൻ.ഡി.ആർ.എഫിന്റെ 40 ടീമുകളെയും ആർമി ഇ.ടി.എഫിന്റെ 4 ടീമുകളെയും നേവിയുടെ 10 ടീമുകളെയും അധികമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസേനാവിഭാഗങ്ങളുടെ കൂടുതൽ വിഭാഗങ്ങളുടെ സേവനം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അടിയന്തിര സഹായമായി 2000 കോടി ലഭ്യമാക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. തുടർന്നാണ് 500 കോടി പ്രഖ്യാപിച്ചത്. കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിന് നേരത്തെ 260 കോടിയുടെ സഹായം കേന്ദ്രം അനുവദിച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോൾ 500 കോടി കൂടി ഇടക്കാലാശ്വാസമായി അനുവദിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP