Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദായ നികുതിവകുപ്പിനെ ഇറക്കി നിങ്ങൾ ഞങ്ങളെ വിരട്ടാൻ ശ്രമിക്കുകയാണോ? ഞങ്ങളുടെ അന്ത്യം കാണാൻ ആഗ്രഹിക്കുന്നെങ്കിൽ നമുക്ക് ക്യാമറയ്ക്കു മുന്നിൽ നേർക്കുനേർ ഇരിക്കാം; പ്രധാനമന്ത്രിയെ തൽസമയ ചർച്ചയ്ക്ക് എൻഡി ടിവി അവതാരകൻ രവീഷ് കുമാർ വെല്ലുവിളിച്ചതു പഴങ്കഥ; സർക്കാരിനെതിരായ ചാനലിന്റെ വായടപ്പിക്കാൻ അജയ്‌സിങിനെ രംഗത്തിറക്കിയ മോദിയുടെ തന്ത്രം വിജയത്തിലേക്ക്

ആദായ നികുതിവകുപ്പിനെ ഇറക്കി നിങ്ങൾ ഞങ്ങളെ വിരട്ടാൻ ശ്രമിക്കുകയാണോ? ഞങ്ങളുടെ അന്ത്യം കാണാൻ ആഗ്രഹിക്കുന്നെങ്കിൽ നമുക്ക് ക്യാമറയ്ക്കു മുന്നിൽ നേർക്കുനേർ ഇരിക്കാം; പ്രധാനമന്ത്രിയെ തൽസമയ ചർച്ചയ്ക്ക് എൻഡി ടിവി അവതാരകൻ രവീഷ് കുമാർ വെല്ലുവിളിച്ചതു പഴങ്കഥ; സർക്കാരിനെതിരായ ചാനലിന്റെ വായടപ്പിക്കാൻ അജയ്‌സിങിനെ രംഗത്തിറക്കിയ മോദിയുടെ തന്ത്രം വിജയത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ മുൻനിർത്തി എൻഡി ടിവിയെ അനുകൂലമാക്കാനുള്ള ബിജെപി നീക്കം ഫലം കാണുന്നു. സ്‌പൈസ് ജറ്റ് ചെയർമാനും മോദിയുടെ ഉപദേശകനുമായ അജയ്‌സിംഗിനെ മുൻനിർത്തി ചാനൽ ഏറ്റെടുക്കാനുള്ള നീക്കം ഏറെക്കുറെ വിജയിച്ചതായാണ് സൂചന. അതേസമയം സ്‌പൈസ് ജറ്റ് ചാനൽ ഏറ്റെടുക്കുന്നതു സംബന്ധിച്ച വാർത്ത ഔദ്യോഗികമായി നിഷേധിക്കാൻ എൻഡി ടിവി മാനേജ്‌മെന്റും തയാറായിട്ടില്ല. ചാനൽ ഏറ്റെടുക്കാനുള്ള നീക്കം വിജയിച്ചാൽ മോദിക്കെതിരെ വാർത്തകൾ നൽകുകയും സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്ത ഒരു ദേശീയമാധ്യമത്തിന്റെ വാമൂടിക്കെട്ടപ്പെടുമെന്നാണ് ബിജെപി വിമർശകർ പറയുന്നത്.

എൻഡിടിവി ഉടമകളായ പ്രണോയ് റോയും രാധിക റോയും സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനൊരുങ്ങുന്നത്. ബിജെപി ചായ്വുള്ള അജയ്സിംങിന്റെ കൈകളിലെത്തുന്നതോടെ മോദി വിരുദ്ധ വാർത്തകൾ പിന്തുടർന്നിരുന്ന എൻഡി ടിവിയുടെ മുഖം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അജയ് സിങ്ങ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരസ്യ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് അജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ആദ്യ എൻ.ഡി.എ സർക്കാരിൽ മന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും അജയ് സിങ്ങ് പ്രവർത്തിച്ചിട്ടുണ്ട്. ദൂരദർശൻ ചാനലുകളായ ഡിഡി സ്പോർട്സും ഡിഡി ന്യൂസും ആരംഭിക്കുന്നതിലും ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
ഇതുവരെ പുറത്തുവന്ന കരാറനുസരിച്ച് എഡിറ്റോറിയൽ അവകാശങ്ങളുൾപ്പെടെ 40 ശതമാനം ഓഹരികളാണ് അജയ് സിങ്ങിന് ലഭിക്കുക. പ്രണോയും രാധികയും 20 ശതമാനം ഓഹരികൾ നിലനിർത്തും. ഇരുവരുടേയും നേതൃത്വത്തിലുള്ള പിആർപിആർ ഹോൾഡിംഗിന് 61.4 ഓഹരികളായിരുന്നു ഉണ്ടായിരുന്നത്. 38.55 ശതമാനം ഓഹരികൾ പൊതു ഉടമസ്ഥതയിലാണ്. 600 കോടി രൂപയ്ക്കാണ് അജയ് സിങ്ങുമായുള്ള ഇടപാടെന്നാണ് റിപ്പോർട്ട്.

ഐസിഐസിഐ ബാങ്കിന് 48 കോടിയുടെ നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട് പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2015 ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഫെമ ചട്ടം ഉപയോഗിച്ച് കോടികളുടെ ഫണ്ട് കൈമാറ്റം നടത്തിയതിന് എൻഡിടിവിക്ക് നോട്ടീസ് നൽകിയിരുന്നു. ഫണ്ട് കൈമാറ്റത്തിൽ ആർബിഐ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാട്ടി പ്രണോയ് റോയ്, ഭാര്യ രാധിക റോയ്, സീനിയർ എക്‌സിക്യുട്ടീവ് കെ.വി.എൽ നാരായണ റാവു എന്നിവർക്കാണ് അന്ന് നോട്ടീസ് നൽകിയത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തത്സമയ ചർച്ചയ്ക്ക് വെല്ലുവിളിച്ച് എൻഡി ടിവി അവതാരകൻ രവീഷ് കുമാർ രംഗത്തെത്തിയിരുന്നു. ചാനൽ സ്ഥാപകരായ പ്രണോയ് റോയിയുടേയും രാധിക റോയിയുടേയും വീട്ടിൽ സിബിഐ നടത്തിയ സാഹചര്യത്തിലായിരുന്നു വെല്ലുവിളി. കേന്ദ്രസർക്കാർ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും മാധ്യമമേഖലയിൽ ഭയം വിതക്കുന്നത് നല്ല പ്രവണതയാണോയെന്നും രവീഷ് കുമാർ ചോദിച്ചിരുന്നു.

'ആദായ നികുതിവകുപ്പിനെയടക്കം ഞങ്ങൾക്കെതിരെയാക്കി നിങ്ങൾ ഞങ്ങളെ വിരട്ടുകയാണ്. നോക്കൂ, ഞങ്ങൾ ഭീതി കൊണ്ട് വിറയ്ക്കുകയാണ്. ഞങ്ങളെ അപകീർത്തിപ്പെടുത്താൻ നിങ്ങളുടെ സോഷ്യൽമീഡിയ പിണിയാളുകളെ ഏർപെടുത്തൂ. പക്ഷെ നിങ്ങളുടെ മടിത്തിട്ടിൽ കളിക്കുന്ന ആയിരക്കണക്കിന് മാധ്യമങ്ങളുണ്ടെങ്കിലും അതിനെതിരായ ഒരു മാധ്യമസ്ഥാപനമുണ്ട്. പെട്ടെന്ന് ഉണ്ടായി വന്ന ഒന്നല്ല എൻഡി ടിവി. ഞങ്ങളുടെ അന്ത്യം കാണാൻ നിങ്ങൾ അത്രമേൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമുക്ക് നേർക്കുനേരെ ഇരിക്കാം. ഞങ്ങളും നിങ്ങളും തത്സമയ ക്യാമറയിലുണ്ടാവുമെന്നായിരുന്നു രവീഷിന്റെ അന്നത്തെ പ്രതികരണം.

ഇന്നലെയാണ് പ്രണോയ് റോയിയുടെയും ഭാര്യയുടെയും പേരിൽ കേസെടുത്ത സിബിഐ, ഇരുവരുടെയും വീടുകളിൽ റെയ്ഡും നടത്തിയത്. മനഃപൂർവം ഉപദ്രവിക്കുന്നതിനായി പഴയതും തെറ്റായതുമായ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് റെയ്ഡ് നടത്തിയതെന്ന് എൻഡിടിവി വ്യക്തമാക്കി. ഇത്തരം നീക്കങ്ങൾക്കെതിരെ പോരാടുമെന്നും എൻഡി ടിവി വിശദീകരിച്ചു. ജനാധിപത്യത്തയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഇത്തരം നീക്കങ്ങൾക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും പ്രസ്താവനയിലൂടെ എൻഡിടിവി അറിയിച്ചു.

ചർച്ചയ്ക്കിടെ ബിജെപി നേതാവിനെ ഇറക്കിവിട്ടതടക്കമുള്ള നടപടികളോടുള്ള പ്രതികാരമാണ് ചാനലിനെതിരായ നടപടിയെന്നും എൻഡി ടിവി വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ വിശ്വസ്തനായ അജയ് സിങ് ചാനൽ ഏറ്റെടുക്കുന്നെന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP