Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഫ്താർ വിരുന്നിലൂടെ പ്രതിച്ഛായ കൂട്ടാൻ മോദി; റംസാന്റെ തലേനാൾ പ്രധാനമന്ത്രി ശ്രീനഗറിലെത്തുന്നത് നോമ്പുതുറക്കൽ സംഗമമൊരുക്കാൻ; മുസ്ലീങ്ങളെ ഒപ്പം കൂട്ടാനുറച്ച് കരുനീക്കം

ഇഫ്താർ വിരുന്നിലൂടെ പ്രതിച്ഛായ കൂട്ടാൻ മോദി; റംസാന്റെ തലേനാൾ പ്രധാനമന്ത്രി ശ്രീനഗറിലെത്തുന്നത് നോമ്പുതുറക്കൽ സംഗമമൊരുക്കാൻ; മുസ്ലീങ്ങളെ ഒപ്പം കൂട്ടാനുറച്ച് കരുനീക്കം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദിപാവലി ദിനത്തിൽ കാശ്മീരിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പിൽ കാശ്മീരി ജനതയുടെ മനസ്സ് പിടിക്കാനുള്ള തന്ത്രമായി അതിനെ വിലയിരുത്തി. എന്തായാലും കാശ്മീരിന്റെ മനസ്സ് ബിജെപിയോട് അടുക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. വികസന അജണ്ടയുമായി മുന്നേറുന്ന മോദി സർക്കാരിന് ഇന്ന് പക്ഷേ കാര്യങ്ങൾ അത്ര അനുകൂലമല്ല. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കങ്ങൾ. ഹിന്ദു വർഗ്ഗീയതയുടെ മുഖമായി മാറാൻ മോദി ആഗ്രഹിക്കുന്നുമില്ല. എന്നാൽ മന്ത്രിസഭയിലെ ചില അംഗങ്ങൾ തന്നെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളുമായി കളം നിറയുന്നു. ഈ സാഹചര്യത്തിൽ കടുത്ത താക്കീതുകൾ നൽകിയാണ് അത്തരം പ്രസ്താവനകൾ മോദി ഒഴിവാക്കുന്നത്.

ന്യൂനപക്ഷ മനസ്സുകളിലേക്ക് എത്തിപ്പെടുകയാണ് മോദിയുടെ ശ്രമം. അതിനുള്ള അവസരമായി റംസാനെ മാറ്റാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കങ്ങൾ. ഈദ്-ഉൾ-ഫിത്തർ ദിനവുമായി ബന്ധപ്പെട്ട അവസാന നോമ്പ് ദിനത്തിൽ കാശ്മീരിലാകും പ്രധാനമന്ത്രി. ദീപാവലിക്ക് സമാനമായി കാശ്മീരി ജനതയ്‌ക്കൊപ്പം പ്രധാനമന്ത്രി നോമ്പ് കാലം ആഘോഷിക്കാനെത്തുമ്പോൾ ന്യൂനപക്ഷ മനസ്സ് കേന്ദ്ര സർക്കാരിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ചന്ദ്രപിറ കാണുന്നത് അനുസരിച്ചാണ് റംസാൻ. ഇത്തവണ അത് ജൂലൈ 18നോ 19നോ ആകുമെന്നാണ് കണക്ക് കൂട്ടൽ. ഇത് മനസ്സിൽ വച്ചാണ് പ്രധാനമന്ത്രി ജൂലൈ 18ന് കാശ്മീരിലെത്തുന്നത്. കാശ്മീരി ദേശിയവാദി നേതാവിന്റെ നൂറാം ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് മോദിയുടെ കാശ്മീരിലേക്കുള്ള പോക്ക്.

അന്ന് രാത്രി കാശ്മീരിൽ ഇഫ്താർ പാർട്ടി നടത്താനാണ് മോദിയുടെ ആലോചന. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന്റെ സാധ്യതകൾ ആരാഞ്ഞു കഴിഞ്ഞു. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങളുൾപ്പെടെയുള്ളവ കണക്കിലെടുത്ത് മാത്രമേ തീരുമാനം ഉണ്ടാകൂ. എൻ എസ് ജി കമാണ്ടോകൾ ഇതിന്റെ സാധ്യത മനസ്സിലാക്കാൻ കാശ്മീരിലെത്തിക്കഴിഞ്ഞു. കാശ്മീരിലെ എല്ലാ പ്രധാന ഇസ്ലാം നേതാക്കളേയും പണ്ഡിതരേയും പങ്കെടുപ്പിച്ചുള്ള വിപുലമായ ഇഫ്താറാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രിമാരടക്കമുള്ള വലിയ വിവിഐപി സംഘവും എത്തിയേക്കും. ഫലത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഇഫ്താർ പാർട്ടിയായി കാശ്മീരിലെ കൂട്ടായ്മയെ മാറ്റാനാണ് നീക്കം. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെ ഇഫ്താർ സംഗമത്തിന്റെ കാര്യവും മോദിയുടെ സജീവ പരിഗണനയിലുണ്ട്. അങ്ങനെ വന്നാലും കാശ്മീരിലെ ഇഫ്താറിന് കൂടുതൽ പ്രാധാന്യം നൽകുന്ന തരത്തിൽ കാര്യങ്ങൾ മാറ്റും.

കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖം മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്. ബീഹാർ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ മുസ്ലിം ന്യൂനപക്ഷങ്ങളെ ബിജെപിയോട് അടുപ്പിക്കേണ്ടതുണ്ട്. കാശ്മീരിൽ പോലും കൂട്ടുകക്ഷി സർക്കാരിന്റെ ഭാഗമായ ബിജെപിക്ക് ന്യൂനപക്ഷ മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മാത്രമാണ് ഏകക്ഷി ഭരണമെന്ന കാശ്മീർ ബിജെപി ഘടകത്തിന്റെ സ്വപ്‌നം നടക്കാതെ പോയത്. ഇതെല്ലാം മനസ്സിലാക്കി ഉത്തരേന്ത്യയിലെ മുസ്ലിം മനസ്സ് ബിജെപിയോട് അടുപ്പിക്കുകയാണ് ഇഫ്താറിലൂടെ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശിലും മുസ്ലിം വോട്ടുകൾ നിർണ്ണായകമാണെന്ന തിരിച്ചറിവുമുണ്ട്. ബീഹാറിലും ഉത്തർപ്രദേശിലും നിയമസഭാ ഭരണം തിരിച്ചു പിടിക്കാൻ മുസ്ലിം ജനതയ്ക്കായി പ്രത്യേക പാക്കേജുകളും മോദി സർക്കാർ പരിഗണിക്കുന്നതായാണ് സൂചന.

മുസ്ലിം ന്യൂനപക്ഷത്തെ സർക്കാരിനോട് അടുപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നേരത്തെ തന്നെ മോദി തുടങ്ങയിരുന്നു. സാർക്ക് രാജ്യങ്ങളിലെയും ഖത്തർ, ബഹ്‌റിൻ, ഈജിപ്ത്, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെയും മുസ്ലിം പ്രതിനിധികളോട് തന്റെ ഇസ്ലാം മതപാണ്ഡിത്യം മോദി വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. ചരിത്രകാരൻ ജെ എസ് രാജ്പുത്തും ഇന്ത്യ ഇസ്സാമിക് കൾച്ചറൽ സെന്റർ പ്രസിഡന്റ് സിറാജുദീൻ ഖുറേഷിയും ചേർന്നെഴുതിയ എജ്യുക്കേഷൻ ഓപ് മുസ്ലിംസ് എന്ന പുസ്തകത്തിന്റെ പ്രകാശനവേളയായിരുന്നു അത്്. അറിവിന് ഇസ്ലാം മതം നൽകുന്ന പ്രാധാന്യത്തെക്കുറിച്ചുള്ള മോദിയുടെ പ്രസംഗമാണ് മതപ്രതിനിധികളെ ആകർഷിച്ചത്. അള്ളാഹു കഴിഞ്ഞാൽ ഖുറാനിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന വാക്ക് അറിവാണെന്ന് മോദി പറഞ്ഞു.

800 തവണയാണ് അറിവ് എന്നർഥം വരുന്ന അറബിക് വാക്ക് ഖുറാനിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് മോദി പറഞ്ഞു. അള്ളാഹു എന്ന വാക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്നത് അറിവാണ്. അറിവിന് ഇസ്ലാം മതം എത്രത്തോളം പ്രാധാന്യം കൽപിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ പദപ്രയോഗമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാനാത്വമാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ വിശ്വാസങ്ങളിലുള്ളവർ ഒരേ സംസ്‌കാരത്തിൽ ജീവിക്കുകയും ഒരേ ഭാഷ സംസാരിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നും അക്കാര്യത്തിൽ ഇന്ത്യക്കാർ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതക്കാർ തമ്മിൽ ഇത്രയേറെ പരസ്പര ധാരണയോടെ ജീവിക്കുന്ന കാഴ്ച ലോകത്ത് മറ്റൊരിടത്തും കാണാൻ കിട്ടുകയുമില്ല. പരസ്പര സഹകരണത്തോടെ വിവിധ വിശ്വാസക്കാർ ജീവിക്കുന്നതുകൊണ്ടാണ് ഇന്ത്യയിൽ സമാധാനം പുലരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസം മുസ്ലിം പണ്ഡിതരും പ്രൊഫഷണലുകളും ഉൾപ്പെട്ട പ്രതിനിധി സംഘം മോദിയെ സന്ദർശിച്ചിരുന്നു. ശത്രുക്കളുടെ വാക്കുകൾ കൊണ്ടല്ല, തന്റെ പ്രവൃത്തികൾ കൊണ്ടാണ് ഇന്ത്യയിലെ മുസ്ലിം സമൂഹം തന്നെ വിലയിരുത്തേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സന്ദർശിക്കാനെത്തിയ പണ്ഡിത സംഘത്തോടു പറയുകയും ചെയ്തു. 30അംഗ മുസ്ലിം നേതൃ സംഘമാണ് മോദിയെ സന്ദർശിച്ചത്. രാജ്യത്തെ 125 കോടി ജനങ്ങളുടെയും ഉയർച്ചയാണ് തന്റെ സർക്കാർ ആഗ്രഹിക്കുന്നതെന്നും അവരുടെ ജീവിത നിലവാരം ഉയർത്തുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം രാജ്യത്തിന് ഒട്ടേറെ നഷ്ടങ്ങളാണ് ഇതുവരെ ഉണ്ടാക്കിയിരിക്കുന്നത്. ഭൂരിപക്ഷ രാഷ്ട്രീയവും ന്യൂനപക്ഷ രാഷ്ട്രീയവുമല്ല, വികസനോന്മുഖ രാഷ്ട്രീയമാണ് ഇന്ത്യയ്ക്കുവേണ്ടത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിച്ചുകാണുന്ന രാഷ്ട്രീയത്തിൽ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസന കാര്യത്തിൽ മോദിയുമായി യോജിച്ചുപോകണമെന്നാണ് ആഗ്രഹമെന്നാണ് മോദിയോട് മുസ്ലിം സംഘം അഭിപ്രായപ്പെട്ടത്.

രാജ്യത്തെ ഏകമനസോടെ മുന്നോട്ടു കൊണ്ടുപോകാൻ മോദിയുടെ നേതൃത്വത്തിന് കഴിയുമെന്ന വിശ്വാസമാണ് നേരത്തെ പ്രധാനമന്ത്രിയെ സന്ദർശിച്ച സംഘം അഭിപ്രായപ്പെട്ടത്. മുസ്ലിം മതവിഭാഗത്തെ കൈയിലെടുത്ത് മോദി നടത്തിയ കൂടിക്കാഴ്ചയിലെ പ്രസ്താവനകളും ഏറെ ആരാധകരെയാണ് മോദിക്ക് നേടിക്കൊടുത്തിരിക്കുന്നത്. യോഗ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ നീക്കം. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21ന് സ്‌കൂളുകളിൽ സൂര്യ നമസ്‌കാരം ചെയ്യണമെന്ന നിർദ്ദേശത്തോട് വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഈ സാഹചര്യത്തിൽ സൂര്യനമസ്‌കാരത്തെ യോഗാ ദിനത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കാശ്മീരിലെ ഇഫ്താർ വിരുന്നോടെ മുസ്ലിം ന്യൂനപക്ഷങ്ങൾ കൂടുതൽ അടുക്കുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP