Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അരിവാൾ സുന്നികൾക്കു പെട്ടെന്നെങ്ങനെ മോദിപ്രേമം ഉണ്ടായി? ബിഹാറിൽ മുതലെടുക്കാൻ ബിജെപി ക്യാമ്പ്; ഇരുപക്ഷത്തും അതൃപ്തരും ഏറെ

അരിവാൾ സുന്നികൾക്കു പെട്ടെന്നെങ്ങനെ മോദിപ്രേമം ഉണ്ടായി? ബിഹാറിൽ മുതലെടുക്കാൻ ബിജെപി ക്യാമ്പ്; ഇരുപക്ഷത്തും അതൃപ്തരും ഏറെ

എം പി റാഫി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഇന്ത്യൻ മുസ്ലിം പണ്ഡിത സംഘത്തിന്റെ ആദ്യ കൂടിക്കാഴ്ച ഇരുകൂട്ടർക്കും മനം നിറയ്ക്കുന്നതാണെങ്കിലും ഇതെക്കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ രംഗത്തുകൊഴുക്കുകയാണ്. അരിവാൾ സുന്നികൾക്കു പെട്ടെന്നെങ്ങനെ മോദിപ്രേമം ഉണ്ടായി എന്ന ചോദ്യമാണ് വിവിധ കോണിൽ നിന്നും ഉയരുന്നത്.

കൂടിക്കാഴ്ചയെ സംബന്ധിച്ച് വ്യത്യസ്ത നിരീക്ഷണങ്ങളാണ് വരുന്നത്. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള പണ്ഡിത സംഘം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിഹാറിൽ രാഷ്ട്രീയമുതലെടുപ്പിനുള്ള തന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്. അതേസമയം, കൂടിക്കാഴ്ച നടത്തിയതിൽ ഇരുപക്ഷത്തും അതൃപ്തരും ഏറെയുണ്ടെന്നതും ശ്രദ്ധേയമാണ്.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഖലീലുൽ ബുഖാരി കടലുണ്ടി എന്നിവരും കേരളത്തിൽ നിന്നുള്ള പ്രതിനിധികളായി സംഘത്തിലുണ്ടായിരുന്നു. ഇന്ത്യൻ മുസ്ലിംങ്ങളിൽ മഹാഭൂരിപക്ഷം വരുന്ന ബറേൽവി വിഭാഗക്കാരായ 40 അംഗ സംഘമാണ് വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സുന്നി ആശയവുമായി സാമ്യമുള്ള ഉത്തരേന്ത്യയിലെ വിഭാഗക്കാരാണ് ബറേൽവി.

അഖിലേന്ത്യാടിസ്ഥാനത്തിൽ ഏറ്റവും അംഗബലമുള്ള ബറേൽവി വിഭാഗക്കാർ കൂടുതലുള്ളത് ഉത്തരേന്ത്യയിലാണ്. എന്നാൽ കേരളത്തിലെ സുന്നി സംഘടനകളൊഴിച്ചാൽ ഇന്ത്യയിലെവിടെയും സംഘടനാടിസ്ഥാനത്തിൽ ബറേൽവി വിഭാഗം മുൻകാലങ്ങളിൽ മുന്നോട്ടു വന്നിരുന്നില്ല. ബറേൽവിയിൽ നിന്നും വ്യത്യസ്തമായി മത രാഷ്ട്ര സങ്കൽപ്പവുമായി രാഷ്ട്രീയത്തിലേക്ക് വന്നത് ഇന്ത്യയിൽ ജമാഅത്തേ ഇസ്ലാമിയായിരുന്നു. കാലങ്ങളായി വിവിധ രാഷ്ട്രീയ നേതൃത്വവും ഭരണാധികാരികളും വോട്ടുബാങ്കായി മാത്രമാണ് ബറേൽവി വിഭാഗത്തെ കണ്ടിരുന്നതെന്ന് തിരിച്ചറഞ്ഞതോടെയാണ് മിക്ക സംസ്ഥാനങ്ങളിലും സംഘടനാടിസ്ഥാനത്തിലേക്ക് ഇവർ മാറാൻ തീരുമാനിച്ചത്. മോദി പ്രധാനമന്ത്രിയായ ശേഷം വിവിധ ഹിന്ദു സംഘടനകളുമായും പണ്ഡിതന്മാരുമായും മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇതാദ്യമായാണ് അഖിലേന്ത്യാടിസ്ഥാനത്തിലുള്ള മുസ്ലിം പണ്ഡിതർ ഒരുമിച്ച് നരേന്ദ്രമാദിയെ സന്ദർശിച്ചിരിക്കുന്നത്.

എന്നാൽ ബീഹാർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പടുത്തിരിക്കെ മുസ്ലിം സംഘടനകളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചക്ക് രാഷ്ട്രീയ മാനം ഉണ്ടെന്നാണ് വിലയിരുത്തൽ. പ്രധാനമന്ത്രിയുടെ ഓഫീസ് മുൻകൈയെടുത്ത് കൂടിക്കാഴ്ചക്ക് വഴിയൊരുക്കുകയായിരുന്നു. രാജ്യത്തെ മുസ്ലിം പണ്ഡിതരെ ഒരുമിപ്പിക്കുന്നതിന് കാന്തപുരത്തിന്റെയും ആൾ ഇന്ത്യാ ഉലമ ആൻഡ് മഷൈഖ് ബോർഡിന്റെയും സഹായം നേരത്തെ തേടിയിരുന്നു. നാൽപത് മിനുട്ട് നീണ്ട ചർച്ചയിൽ വിവിധ ആവശ്യങ്ങളും നിർദ്ദേശങ്ങളും പണ്ഡിതസംഘം മോദിക്കു മുന്നിൽ വച്ചു. അന്യാധീനപ്പെട്ടു പോകുന്ന വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കാൻ നടപെടിയെടുക്കുക, വികസനങ്ങൾ നടപ്പാക്കുന്നത് മത സാമുദായിക ജാതീയതക്കു അതീതമായിട്ടായിരിക്കണമെന്നും പ്രധാനമന്ത്രി മുസ്ലിം സമുദായവുമായി നേരിട്ട് ബന്ധം സ്ഥാപിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. മുസ്ലിംങ്ങളുമായി പ്രധാനമന്ത്രി അടുക്കുന്നത് ചിലർ തടയാൻ ശ്രമിക്കുന്നതായുള്ള ആശങ്കയും സംഘം പങ്കുവച്ചു.

സൂഫി പാരമ്പര്യമാണ് ഇന്ത്യൻ ധർമ ചിന്തകളുടെ അവിഭാജ്യ ഘടകം. അൽഖൊയ്ദ, ഐസിസി പോലുള്ള ഇസ്ലാമിന്റെ പേരിലുള്ള തീവ്രവാദ സംഘടനകളെ ചെറുത്ത് തോൽപ്പിക്കാൻ സൂഫി ചിന്തകൾക്കെ സാധ്യമാകൂ. എന്നാൽ സൂഫിസത്തെ ദുർബലപ്പെടുത്താൻ തീവ്രവാദികൾ ശ്രമിക്കുന്നതാണെന്നും , സൂഫി ചിന്തകളെ പ്രചരിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നും വഖഫ് സ്വത്തുക്കളെ കുറിച്ച് സംഘം ഉന്നയിച്ച പരാതികൾ പരിശോധിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. തീവ്രവാദ നിലപാടുകളോ ആശയങ്ങളോ ഉള്ള സംഘടനാ പ്രതിനിധികളെ കൂടിക്കാഴ്ചയിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം ഇന്ത്യയിലെ ഭൂരിപക്ഷം മുസ്ലിംങ്ങൾ പിന്തുണക്കുന്ന പണ്ഡിതരായിരുന്നു കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നത്. കൂടിക്കാഴ്ചയെ നല്ല കാൽവെയ്‌പ്പായാണ് പ്രധാനമന്ത്രി നോക്കികാണുന്നത്. മുസ്ലിം പണ്ഡിത സംഘത്തിനും കൂടിക്കാഴ്ച സംതൃപ്തി നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നും പങ്കെടുത്ത എ.പി വിഭാഗം സമസ്ത നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ശേഷവും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മോദിയുമായുള്ള കാന്തപുരത്തിന്റെ ബന്ധം നേരത്തെ വിവാദമായിരുന്നു.

നിർമ്മാണപ്രവർത്തിയിൽ ഇടയ്ക്ക് പ്രതിസന്ധി നേരിട്ട് മർക്കസ് നോളജ് സിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ച് കാന്തപുരം മോദിയുമായി ചർച്ച നടത്തിയെന്നാണ് അറിയുന്നത്. ഗുജറാത്തിൽ ഉൾപ്പടെ കാന്തപുരത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിന് നേരത്തെയും മോദി സഹായം ചെയ്തിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ മർക്കസിനു കീഴിൽ 12 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാന്തപുരം സ്ഥാപിച്ചിരുന്നു. ഇതിനു പുറമെ കാശ്മീരിൽ ഇരുപത് സ്ഥാപനങ്ങളും പശ്ചിമബംഗാളിൽ നൂറിലധികം സ്ഥാപനങ്ങളും കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.മർക്കസിനു കീഴിലെ നൂറുകണക്കിനു സ്ഥാപനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു മർക്കസ് നോളജ്‌സിറ്റിയിൽ വിഭാവനം ചെയ്തിരുന്നുത്. എന്നാൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം കാന്തപുരം നോളജ്‌സിറ്റിയുടെ നിർമമ്മാണ പ്രവർത്തികളെ പറ്റി പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

എന്നാൽ മത സാമുദായിക കക്ഷികളെ ആശ്രയിക്കരുതെന്ന് സിപിഐ.എം കേന്ദ്രകമ്മിറ്റി നിർദ്ദേശം നൽകിയതിനു പിന്നാലെ രാജ്യത്തെ മുസ്ലിംങ്ങളെ കയ്യിലെടുക്കുന്ന തന്ത്രങ്ങളുമായി മോദി രംഗത്തെത്തിയിരിക്കുന്നത് കരുതലോടെയാണ് മറ്റു പാർട്ടികൾ നോക്കികാണുന്നത്. അതേസമയം മുസ്ലിം പണ്ഡിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരു വിഭാഗം ബിജെപി നേതാക്കൾക്ക് അതൃപ്തിയുണ്ട്. കഴിഞ്ഞാഴ്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മർക്കസിലെത്തി കാന്തപുരത്തെ സന്ദർശിച്ചതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് മുരളീധരൻ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ നരേന്ദ്ര മോദി തന്നെ കാന്തപുരം ഉൾപ്പടെയുള്ള നേതാക്കളെ വിളിച്ചുവരുത്തിയത് ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വലിയ പ്രതീക്ഷ നൽകുന്നതായാണ് സംഘത്തിലെ വിവിധ പണ്ഡിതരുടെ വിലയിരുത്തൽ. കാന്തപുരം, ഖലീലുൽ ബുഖാരി തങ്ങൾ എന്നിവർക്കു പുറമെ ആൾ ഇന്ത്യ ഉലമ ആൻഡ് മഷൈഖ് ബോർഡ് ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് അഷ്‌റഫ് കിചോവ്ചി, സയ്യിദ് ജലാലൂദ്ധീൻ അഷ്‌റഫ്, സയ്യിദ് അഹമ്മദ് നിസാമി തുടങ്ങിയ പ്രമുഖരും കൂടിക്കാഴ്ചക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP