Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ടെത്തിയത് യഥാർത്ഥ ആനക്കൊമ്പ്; ഉടമസ്ഥാവകാശത്തിന് രേഖകൾ ഇല്ല; മറ്റൊരു കുമാരസ്വാമി എത്തിയില്ലെങ്കിൽ മോഹൻലാലിന്റെ ജീവിതം കട്ടപ്പൊകയാകും

കണ്ടെത്തിയത് യഥാർത്ഥ ആനക്കൊമ്പ്; ഉടമസ്ഥാവകാശത്തിന് രേഖകൾ ഇല്ല; മറ്റൊരു കുമാരസ്വാമി എത്തിയില്ലെങ്കിൽ മോഹൻലാലിന്റെ ജീവിതം കട്ടപ്പൊകയാകും

കൊച്ചി: ജയലളിതയെ രക്ഷിച്ച ജസ്റ്റീസ് കുമാരസ്വാമിയോ അതു പോലെ മറ്റാരെങ്കിലുമോ എത്തിയില്ലെങ്കിൽ സൂപ്പർ താരം മോഹൻ ലാലും അഴിക്കുള്ളിലാകും. ആനക്കൊമ്പ് കേസിൽ ലാലിനെതിരായ കുരുക്ക് മുറുക്കകയാണ് വനംവകുപ്പ്. സിനിമാ നടനും സുഹൃത്തുമായ കെബി ഗണേശ് കുമാർ മന്ത്രിയായിരിക്കെ ലാലിനെ രക്ഷിക്കാൻ ചില ശ്രമങ്ങൾ നടത്തിയതായി ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഗണേശ് വനം മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ ലാലിനെതിരെ നിലപാട് കടുപ്പിക്കുകയാണ് വനംവകുപ്പ്. ഈ സാഹചര്യത്തിൽ കോടതിക്ക് കടുത്ത ശിക്ഷ വിധിയ്‌ക്കേണ്ടി വരുമെന്നാണ് നിയമവിദ്ഗധരുടെ പക്ഷം.

സർക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കോടതിയിൽ ഒരാൾ പോയതുകൊണ്ട് സത്യം പറയേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം. പിടിച്ചെടുത്ത ആനക്കൊമ്പ് ആന്റണി പെരുമ്പാവൂരിന് കൊടുത്തതാണ് പ്രശ്‌നമായത്. അത് തൊണ്ടി മുതലായി വയ്‌ക്കേണ്ടതായിരുന്നു. ഈ ആരോപണവും ഇപ്പോൾ സർക്കാർ നിഷേധിക്കുകയാണ്.

നടൻ മോഹൻലാൽ ആനക്കൊമ്പ് സൂക്ഷിച്ചത് രേഖകളൊന്നും കൈവശമില്ലാതെയെന്ന് വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. നിയമവിരുദ്ധമായി കൈവശം വച്ചിരുന്ന ആനക്കൊമ്പാണ് പിടിച്ചെടുത്തതെന്നും മലയാറ്റൂർ ഡി.എഫ്.ഒ കെ. വിജയനാഥൻ ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നു. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ മോഹൻലാലിന്റെ പക്കലുണ്ടായിരുന്നില്ല. മോഹൻലാലിന്റെ കൈവശമുണ്ടായിരുന്നത് യഥാർത്ഥ ആനക്കൊമ്പുകളാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആനക്കൊമ്പുകൾ മഹസർ തയാറാക്കി സർക്കാർ കസ്റ്റഡിയിലെടുത്തു.

മതിയായ ബോണ്ടുകൾ കെട്ടിവച്ചതിന്റെ അടിസ്ഥാനത്തിൽ ആനക്കൊമ്പുകൾ ആന്റണി പെരുമ്പാവൂരിന് കൈമാറിയെന്നാണ് ആക്ഷേപം. ഇതും വനംവകുപ്പ് നിഷേധിച്ചു. കേസന്വേഷണം പുരോഗമിക്കുകയാണെന്നും പിടിച്ചെടുത്ത ആനക്കൊമ്പുകൾ സർക്കാറിന്റെ കസ്റ്റഡിയിൽ തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പിടിച്ചെടുത്ത ആനക്കൊമ്പുകൾ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാതെ വിട്ടുനൽകിയതിനെതിരെ പാലക്കാട്ടെ ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രോട്ടക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജിയിലാണ് കോടതി പരിഗണിച്ചത്. കേസിൽ വനം വകുപ്പ് എടുത്തിരിക്കുന്ന നിലപാട് ലാലിന് ഏറെ ദോഷം ചെയ്യും.

അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് ജയിൽ ശിക്ഷ പോലും ലഭിച്ചേക്കാം. ഈ സാഹചര്യത്തിൽ നിയമത്തെ വളച്ചൊടിക്കുന്ന വിധിയുണ്ടായാൽ മാത്രമേ ലാലിന് രക്ഷപ്പെടാൻ കഴിയൂ. പിഴ അടപ്പിച്ച് സൂപ്പർ താരത്തെ രക്ഷിക്കാനും നീക്കമുണ്ട്. ആദായ നികുതി റെയ്ഡ്‌നിടെയാണ് ലാലിന്റെ തേവരയിലെ വസതിയിൽ നിന്ന് ആനക്കൊമ്പുകൾ കണ്ടെത്തിയത്. ലാൽ പ്രതിയായ ആനക്കൊമ്പ് കേസ് അന്വേഷണം വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദ റിപ്പോർട്ട് നൽകാൻ വനംവകുപ്പിനോട് ആവശ്യപ്പെട്ടത്.

മോഹൻലാലിന്റെ വസതിയിൽ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ അത് അദ്ദേഹത്തിനു തന്നെ തിരികെ നൽകുകയായിരുന്നു. വകുപ്പുദ്യോഗസ്ഥരുടെ ഈ നടപടിയെ ചോദ്യം ചെയ്ത് പാലക്കാട്ടെ ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രോട്ടക്ഷൻ കൗൺസിൽ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതി ഈ ഹർജി തള്ളുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. വനസംരക്ഷണ നിയമപ്രകാരം ആനക്കൊമ്പ് പിടിച്ചെടുക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

അന്വേഷണം നടക്കുന്നതിനിടെ പിടിച്ചെടുത്ത ആനക്കൊമ്പ് വിട്ടുനൽകിയത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് വാദം കേൾക്കവെ ജസ്റ്റിസ് കെ.രാമകൃഷ്ണൻ ചോദിച്ചിരുന്നു. 2011 ജൂലൈ 22 നാണ് മോഹൻലാലിന്റെ വീട്ടിൽ ആദായവകുപ്പ് റെയ്ഡ് നടത്തിയത്. രണ്ട് ആനക്കൊമ്പുകൾ കണ്ടെത്തി. സിഎൻ കൃഷ്ണകുമാർ, എൻ കൃഷ്ണ കുമാർ എന്നിവരുടെ പേരിലാണ് ആനക്കൊമ്പുകൾ സൂക്ഷിക്കാനുള്ള ലൈസൻസ് ഉള്ളത്. ഇവർ വിദേശത്ത് പോയപ്പോൾ സൂക്ഷിക്കാൻ ഏൽപിച്ചതാണെന്നാണ് ലാലിന്റെ വിശദീകരണം. ആനക്കൊമ്പുകൾ താൻ പണം കൊടുത്ത് വാങ്ങിയതല്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ പൊലീസ് മോഹൻലാലിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

രാജ്യത്തെ ഏറ്റവും ശക്തമായ നിയങ്ങളാണ് വന്യജീവി സംരക്ഷണത്തിലുള്ളത്. ഈ കേസിൽ മോഹൻലാൽ നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്ന് തെളിഞ്ഞാൽ കടുത്ത നടപടികളുണ്ടാകും എന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP