Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആറു മാസത്തെ കാത്തിരിപ്പിനൊടുവിൽ മോണ്ടിയെ തേടി അമ്മ എത്തി; ഹൃദയം നുറുങ്ങുന്ന വേദനയിലും ഉറക്കെ കരയാൻ പോലും കഴിയാതെ ജീവിച്ച മോണ്ടിക്ക് വീട്ടിലേക്കുള്ള വഴി തെളിച്ചത് ചങ്ങനാശേരി സ്വദേശിനി: ട്രയിൻ കാണാൻ കയറി അബദ്ധത്തിൽ ഡൽഹിയിൽ നിന്നും കേരളത്തിൽ എത്തിയ സംസാരശേഷിയില്ലാത്ത പത്തു വയസ്സുകാരന്റെ കഥ

ആറു മാസത്തെ കാത്തിരിപ്പിനൊടുവിൽ മോണ്ടിയെ തേടി അമ്മ എത്തി; ഹൃദയം നുറുങ്ങുന്ന വേദനയിലും ഉറക്കെ കരയാൻ പോലും കഴിയാതെ ജീവിച്ച മോണ്ടിക്ക് വീട്ടിലേക്കുള്ള വഴി തെളിച്ചത് ചങ്ങനാശേരി സ്വദേശിനി: ട്രയിൻ കാണാൻ കയറി അബദ്ധത്തിൽ ഡൽഹിയിൽ നിന്നും കേരളത്തിൽ എത്തിയ സംസാരശേഷിയില്ലാത്ത പത്തു വയസ്സുകാരന്റെ കഥ

മറുനാടൻ ഡെസ്‌ക്ക്

തലയോലപ്പറമ്പ്: ആറുമാസത്തെ കാത്തിരിപ്പ് ഈ പത്തു വയസ്സുകാരനിൽ തീർത്തത് കടുത്ത വേദനയായിരുന്നു. തന്റെ സങ്കടം ആരോടും പറയാനും ഒന്ന് ഉറക്കെ കരയാനും കഴിയാതെ കേരളത്തിൽ കഴിഞ്ഞ മോണ്ടി എന്ന പത്തു വയസ്സുകാരന്റെ കഥ ആരിലും സങ്കടം തീർക്കും. ജന്മനാ സംസാര ശേഷി ഇല്ലാത്ത മോണ്ടി ട്രെയിൻ എന്താണെന്ന് കാണാനുള്ള കൗതുകത്താലാണ് ട്രെയിനിനകത്ത് കേറിയത്. അവൻ ഒടുവിൽ എത്തിപ്പെട്ടതാവട്ടെ കേരളത്തിലും.

സുരക്ഷിതമായ കരങ്ങളിൽ എത്തിപ്പെട്ട അവൻ ഇന്നലെ അച്ഛനമ്മമാർക്കൊപ്പം ഡൽഹിയിലേക്ക് മടങ്ങിയപ്പോൾ കണ്ടു നിന്നവരുടെ എല്ലാം കൺനിറഞ്ഞു. സംസാര ശേഷിയില്ലാത്ത പത്തു വയസ്സുകാരനെ ആറുമാസം മുൻപ് എറണാകുളം റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എ.അജിമോനാണ് കണ്ടെത്തിയത്. അലഞ്ഞ് തിരിഞ്ഞ് നടന്ന കുട്ടിയെ അജിമോൻ ചൈൽഡ് ലൈൻ പ്രവർത്തകരെ ഏൽപ്പിച്ചു.

അവിടെ അവൻ സുരക്ഷിതനായിരുന്നെങ്കിലും സംസാരശേഷിയില്ലാത്തതിനാൽ അവന്റെ പേരോ നാടോ അറിയാനായില്ല. തന്റെ മനസ്സിലുള്ളത് പറയാൻ കഴിയാതെ എഴുതാനും വായിക്കാനും അറിയാത്ത ഈ കുരുന്നും വിഷമിച്ചു. കുട്ടി ഏതെന്നും എവിടെ നിന്നും വന്നെന്ന് അറിയാൻ വിവിധ സംസ്ഥാനങ്ങളിലെ ചൈൽഡ് ലൈനുകളുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന് എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവു പ്രകാരം ചെൽഡ് ലൈൻ സെന്റർ കോഓർഡിനേറ്റർ നിരീഷ് ആന്റണി മുൻകയ്യെടുത്ത് നീർപ്പാറ അസീസി ഹയർസെക്കൻഡറി ബധിര വിദ്യാലയത്തിൽ ചേർക്കുകയായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനിറ്റ ഫ്രാൻസിസ്, അദ്ധ്യാപിക കെ.ജെ.വൽസമ്മ, മേട്രൺ സിസ്റ്റർ. റീന എന്നിവരാണ് കുട്ടിക്ക് പ്രത്യേക പരിചരണം നൽകിയിരുന്നത്.

അവിടുത്തെ അന്തരീക്ഷവുമായി അവൻ ഇണങ്ങി വന്നപ്പോൾ ആണ് ദൈവദൂതയെ പോലെ അവനെ തേടി ചങ്ങനാശേരി സ്വദേശിയായ റിൻസി എത്തിയത്. എംജി സർവകലാശാലസ്‌കൂൾ ഓഫ് ബിഹേവിയർ സയൻസ് വിദ്യാർത്ഥിനിയും ചങ്ങനാശേരിയിലെ അലൻ 721 വെൽഫെയർ ട്രസ്റ്റ് ഡയറക്ടറും ആയ റിൻസി ജോസഫ് സ്‌കൂളിൽ ക്ലാസെടുക്കാനെത്തിയതാണ് മോണ്ടിക്ക് മാതാപിതാക്കളുടെ അടുത്തേക്കുള്ള വഴിതെളിഞ്ഞത്.
ഒറ്റയ്ക്കു മാറിയിരിക്കുന്ന കുട്ടി റിൻസിയുടെ ശ്രദ്ധയിൽ പെട്ടു.

എട്ടു ഭാഷകൾ വശമുള്ള റിൻസി പല ഭാഷകളിൽ കുട്ടിയോടു സംസാരിച്ചു. ഹിന്ദിയിൽ സംസാരിച്ചപ്പോൾ കുട്ടി റിൻസിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. കുട്ടിയുടെ കയ്യിൽ പച്ചകുത്തിയിട്ടുണ്ടായിരുന്നു. അതിൽ എഴുതിയിരിക്കുന്നത് വ്യക്തമായിരുന്നില്ല. പച്ചകുത്തിയിരിക്കുന്ന ചിത്രവും കുട്ടിയുടെ ചിത്രവും റിൻസി നാഷനൽ പേരന്റ്‌സ് എന്ന നെറ്റ് വർക്കിൽ അയച്ചു. അതു കണ്ട് കുട്ടിയുടെ മാതാപിതാക്കൾ റിൻസിയെ ബന്ധപ്പെട്ട് ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു.

ന്യൂഡൽഹിയിലെ ഷുക്കൂർപുർ റെയിൽവേ സ്റ്റേഷനു സമീപം കോളനിയിൽ താമസിക്കുന്ന പുരൻ ചന്ദിനും അനിതയ്ക്കുമാണ് ആറു മാസത്തിനുശേഷം നഷ്ടപ്പെട്ട മകനെ തിരിച്ചു കിട്ടിയത്. ഇവരുടെ മൂന്നു മക്കളിൽ ഇളയവനാണ് മോണ്ടി. ഇന്നലെ നീർപ്പാറ അസീസി ഹയർസെക്കൻഡറി ബധിര വിദ്യാലയത്തിൽ എത്തിയ മാതാപിതാക്കളുടെയും മോണ്ടിയുടേയും പുനഃസമാഗമം വികാരനിർഭരമായിരുന്നു.

ഡൽഹിയിൽ ഓട്ടോ ഡ്രൈവറാണ് മോണ്ടിയുടെ അച്ഛൻ പുരൻചന്ദ്. സാമ്പത്തികശേഷി കുറഞ്ഞ കുടുംബം. സംസാര ശേഷിയില്ലാത്ത മോണ്ടിയെ പഠിപ്പിക്കാൻ അവിടെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വീടിനടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടി ട്രെയിൻ കയറിയതെന്നാണ് കരുതുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP