Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നാറിലെ പ്രാദേശിക നേതാക്കളുടെ മുമ്പിൽ സിപിഐ സംസ്ഥാന നേതൃത്വും മുട്ടു മടക്കുന്നു; ഇതുവരെ കൈയേറി കെട്ടിയതൊന്നും പൊളിക്കേണ്ടെന്നും ഇനി അനുവദിക്കാതിരുന്നാൽ മതിയെന്നും ധാരണയിൽ എത്തി റവന്യൂ വകുപ്പ്; കൈയേറ്റങ്ങൾ എല്ലാം നിയമപരമാക്കുന്ന മൂന്നാർ മാജിക്ക് ഇങ്ങനെ

മൂന്നാറിലെ പ്രാദേശിക നേതാക്കളുടെ മുമ്പിൽ സിപിഐ സംസ്ഥാന നേതൃത്വും മുട്ടു മടക്കുന്നു; ഇതുവരെ കൈയേറി കെട്ടിയതൊന്നും പൊളിക്കേണ്ടെന്നും ഇനി അനുവദിക്കാതിരുന്നാൽ മതിയെന്നും ധാരണയിൽ എത്തി റവന്യൂ വകുപ്പ്; കൈയേറ്റങ്ങൾ എല്ലാം നിയമപരമാക്കുന്ന മൂന്നാർ മാജിക്ക് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനധികൃത നിർമ്മാണങ്ങൾ പൊളിക്കണമെന്നാണ് നിയമം. അത് മാറ്റുകയാണ് കേരളത്തിലെ റവന്യൂ വകുപ്പ്. അതും മൂന്നാറിൽ. ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടറാമിനെ തളയ്ക്കാൻ പുതിയ തന്ത്രം തന്നെ ഒരുക്കുകയാണ്. ഇതിന്റെ ഭാഗമായി മൂന്നാറിൽ അനധികൃത നിർമ്മാണങ്ങൾ തടഞ്ഞാൽ മതിയെന്ന നിലപാടിലേക്ക് സിപിഐ. എത്തുന്നു. 2006-ലെ വി എസ്. സർക്കാർ നടപ്പാക്കിയ അനധികൃത റിസോർട്ടുകളുടെ പൊളിച്ചടുക്കൽ ആവർത്തിക്കില്ല. നിയമവിരുദ്ധമായി നിർമ്മിച്ചത് ഏറ്റെടുക്കുന്നതിലേക്കും സർക്കാർ കടക്കില്ല. ഇതാണ് റവന്യൂ വകുപ്പിന്റെ പുതിയ തീരുമാനം. അനധികൃതനിർമ്മാണം തടയുന്ന റവന്യൂവകുപ്പിനെതിരേ സി.പി.എം., സിപിഐ. പ്രാദേശിക നേതൃത്വങ്ങൾ കടുത്ത എതിർപ്പുയർത്തുന്നതിനിടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടെന്ന നിലപാടിലേക്ക് സിപിഐ. എത്തുന്നത്.

നേരത്തെ കൈയേറ്റമെല്ലാം ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ ഇടിച്ചു പൊളിക്കുമെന്നായിരുന്നു സൂചന. റവന്യൂ മന്ത്രിയുടെ പിന്തുണയുമുണ്ടായിരുന്നു. സി.പി.എം മന്ത്രി എംഎം മണിയുടെ എതിർപ്പും ഫലം കണ്ടില്ല. സിപിഐയുടെ സംസ്ഥാന നേതൃത്വും കടുത്ത നിലപാടിലായിരുന്നു. എന്നാൽ സിപിഐയിലെ പ്രാദേശിക നേതാക്കൾ ഇത് അംഗീകരിച്ചില്ല. അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ അനുവദിക്കില്ലെന്ന നിലപാട് എടുത്തു. ഇതോടെയാണ് റവന്യൂ വകുപ്പ് മനംമാറ്റുന്നത്. പ്രാദേശിക നേതാക്കളുടെ താൽപ്പര്യത്തിന് റവന്യൂമന്ത്രി വഴിമാറുമ്പോൾ മൂന്നാറിലെ ഇതുവരെയുള്ള കൈയേറ്റം നിയമപരമാകും. അനധികൃത കെട്ടിടമെല്ലാം അങ്ങനെ തന്നെ നിലനിൽക്കും. കൈയേറ്റക്കാരെ സഹായിക്കാനുള്ള മൂന്നാർ മാജിക്കാണ് സിപിഐ നടപ്പാക്കുന്നതെന്നാണ് ആരോപണം.

കെട്ടിടങ്ങളിൽ വിട്ടു വീഴ്ച ചെയ്യുമ്പോഴും അനധികൃത നിർമ്മാണവും മണ്ണ്, പാറഖനനവും അനുവദിക്കേണ്ടെന്ന നിലപാടിലാണ് പാർട്ടി. ഇതിന് അനുസൃതമായ നിർദ്ദേശം റവന്യൂവകുപ്പ് താഴെത്തട്ടിലേക്ക് നൽകി. നിലവിൽ മൂന്നാറിൽ നിർമ്മാണങ്ങൾക്ക് റവന്യൂവകുപ്പിന്റെ അനുമതിവേണം. കോടതിവിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. വീടുവെയ്ക്കുന്നതിനും ചെറിയ കടമുറികൾക്കുമല്ലാതെ റിസോർട്ട് അടക്കമുള്ള വൻ നിർമ്മാണങ്ങൾക്ക് സബ് കളക്ടർ അനുമതി നൽകുന്നില്ല. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സർക്കാർ. അനധികൃത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽനിന്ന് സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ വാഹനങ്ങളും നിർമ്മാണ സാമഗ്രികളും പിടിച്ചിരുന്നു.

അനധികൃത നിർമ്മാണങ്ങൾക്കെതിരേ തുടർന്നും ശക്തമായ നടപടിയായിരിക്കും റവന്യൂ അധികൃതർ സ്വീകരിക്കുക. പാറ, മണ്ണ് ഖനനത്തിനും അനുമതി നൽകില്ല. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനും റവന്യൂവകുപ്പിന്റെ പിന്തുണയുണ്ട്. വി എസ്. സർക്കാരിന്റെകാലത്ത് റിസോർട്ടുകൾ പൊളിച്ച് ഒടുവിൽ സിപിഐ. ഓഫീസിനുനേരെയും തിരിഞ്ഞിരുന്നു. അത്തരത്തിലുള്ള ഒരു പൊളിച്ചടുക്കൽ പൊതുജനം സ്വീകരിക്കുമോയെന്ന സംശയവുമുണ്ട്. അനധികൃത റിസോർട്ടുകൾ പൊളിക്കുന്നതിലേക്ക് നീങ്ങിയാൽ നിയമയുദ്ധങ്ങളിൽത്തട്ടി നടപടി നിലയ്ക്കുമെന്ന ഭയവും സിപിഐ.യ്ക്കുണ്ട്. ഇതുകൊണ്ടാണ് നിലവില കെട്ടിടങ്ങൾ പൊളിക്കുന്നതിനെ എതിർക്കുന്നത്. അത് റവന്യു മന്ത്രിക്കും അംഗീകരിക്കേണ്ടി വന്നു.

മൂന്നാറിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് വിശദമായി പഠനം നടത്തിയ നിയമസഭാ ഉപസമിതി അവിടെ നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യണമെന്ന് ശുപാർശ ചെയ്തിരിക്കുകയാണ് ഇപ്പോൾ. സിപിഐ നേതാവ് മുല്ലക്കര രത്‌നാകരനാണ് ഈ റിപ്പോർട്ട് നൽകിയത്. മൂന്നാർ മേഖലയിൽ ഇതുവരെ നൽകിയ, വ്യവസ്ഥകൾക്ക് വിരുദ്ധമായ എല്ലാ പട്ടയങ്ങളും റദ്ദ് ചെയ്യണമെന്നും അനുവദനീയമല്ലാത്ത ഉയരുള്ള റഇസോർട്ടുകൾ ഉൾപ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങളുടെ നിർമ്മാണം നിർത്തണമെന്നും ഉപസമിതിയുടെ വ്യക്തമായി പറയുന്ന റിപ്പോർട്ടാണ് നിയമസഭാ ഉപസമിതി നൽകിയിട്ടുള്ളത്. ഇത് കൂടാതെ പാരിസ്ഥിതിക പരിപാലന വികസന അഥോറിറ്റി രൂപീകരിക്കണമെന്നും അഥോറിറ്റി രൂപീകരിക്കുന്നത് വരെ കെട്ടിട നിർമ്മാണം നിർത്തിവെക്കണമെന്നും ഉപസമിതി ശുപാർശ ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സർക്കാർ കടുത്ത നിലപാട് എടുക്കുമെന്നാണ് ഏവരും കരുതിയത്. അതിനിടെയാണ് എല്ലാവരേയും അൽഭുതപ്പെടുത്തുന്ന വിചിത്ര തീരുമാനവുമായി റവന്യൂമന്ത്രി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP