Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ച് വിദ്യാർത്ഥികളും ഒരു ടീച്ചറും ഒരു പാചകക്കാരിയും; പ്രധാനധ്യാപിക ആയതിനാൽ ഔദ്യോഗിക ആവശ്യത്തിന് ടീച്ചർ പോകുമ്പോൾ കുട്ടികൾ ഒറ്റക്കിരിക്കണം; പണി കിട്ടിയത് പൊതുവിദ്യാഭ്യാ സംരക്ഷണ ക്യാമ്പയിനുകളിൽ വിശ്വസിച്ച് മക്കളെ ചേർത്ത അഞ്ച് രക്ഷിതാക്കൾക്കും; കുട്ടികൾക്ക് ഉറപ്പുള്ളത് ഉച്ചഭക്ഷണം മാത്രം; മൂരാട് ബി ഇ എം എൽ പി സ്‌കൂളിൽ തുറക്കുന്നത് ഒരു ക്ലാസ് മുറി മാത്രം

അഞ്ച് വിദ്യാർത്ഥികളും ഒരു ടീച്ചറും ഒരു പാചകക്കാരിയും; പ്രധാനധ്യാപിക ആയതിനാൽ ഔദ്യോഗിക ആവശ്യത്തിന് ടീച്ചർ പോകുമ്പോൾ കുട്ടികൾ ഒറ്റക്കിരിക്കണം; പണി കിട്ടിയത് പൊതുവിദ്യാഭ്യാ സംരക്ഷണ ക്യാമ്പയിനുകളിൽ വിശ്വസിച്ച് മക്കളെ ചേർത്ത അഞ്ച് രക്ഷിതാക്കൾക്കും; കുട്ടികൾക്ക് ഉറപ്പുള്ളത് ഉച്ചഭക്ഷണം മാത്രം; മൂരാട് ബി ഇ എം എൽ പി സ്‌കൂളിൽ തുറക്കുന്നത് ഒരു ക്ലാസ് മുറി മാത്രം

ജാസിം മൊയ്ദീൻ

കോഴിക്കോട്: പൊതുവിദ്യാലയങ്ങൾ ഹൈടെക്കാകാൻ ഒരുങ്ങി നിൽക്കുന്ന ഇക്കാലത്ത് കോഴിക്കോട് ജില്ലയിലെ വടകരയിൽ ഒരു സ്‌കൂളുണ്ട്. അഞ്ച് വിദ്യാർത്ഥികളും ഒരു ടീച്ചറും ഒരു പാചകക്കാരിയും മാത്രമുള്ളൊരു എയ്ഡഡ് സ്‌കൂൾ. ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ആകെയുള്ളത് അഞ്ച് വിദ്യാർത്ഥികൾ. അവരാകട്ടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരും നാളുകളിൽ മെച്ചപ്പെടുമെന്ന സർക്കാർ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ചേർന്നവർ. ഒന്നിലും രണ്ടിലും മാത്രമേ ഇവിടെ വിദ്യാർത്ഥികളുള്ളൂ. മൂന്നിലും നാലിലും ആരുമില്ല.

ആകെയുള്ള ഒരു ടീച്ചർക്ക് പ്രധാനധ്യാപികയുടെ ചുമതലയുള്ളതിനാൽ എഇഒ ഓഫീസടക്കമുള്ളിടങ്ങളിൽ അവർ പോകുമ്പോൾ ഈ കുട്ടികൾ ഒറ്റക്കിരിക്കണം. കോഴിക്കോട് കണ്ണൂർ ദേശീയ പാതയോരത്ത് മൂരാട് പാലത്തിന് സമീപത്തുള്ള ബി ഇ എം എൽ പി സ്‌കൂളിന്റെ കഥയാണിത്. പൊതുവിദ്യാലയങ്ങൾ ആഗോള നിലവാരത്തിലേക്കുയർത്തുമെന്ന സർക്കാറിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ച് അടച്ചുപൂട്ടിപ്പോകുമായിരുന്ന ഒരു എയ്ഡഡ് എൽ പി സ്‌കൂളിന് പ്രതീക്ഷകൾ നൽകിയാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 5 അഡ്‌മിഷനുകൾ നടന്നത്. അതിന്റെ മുൻ വർഷങ്ങളിലൊന്നും ഇവിടെ ആരും ചേർന്നിരുന്നില്ല.

ലാഭകരമല്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടുമെന്ന അവസ്ഥയിലെത്തിയ സമയത്താണ് പൊതുവിദ്യാഭ്യാ സംരക്ഷണ ക്യാമ്പയിനുകളിൽ വിശ്വസിച്ച് അഞ്ച് രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഭാവിവെച്ച് ഈ പരീക്ഷണത്തിന് തയ്യാറായത്. ഇത് കണ്ട് മറ്റുള്ളവരും തങ്ങളുടെ മക്കളെ ഇവിടെ ചേർത്ത് ഈ പൊതുവിദ്യാലയത്തിന് കരുത്തേകുമെന്ന് കരുതിയവർക്ക് തെറ്റി. ഇന്ന് ഈ അഞ്ച് വിദ്യാർത്ഥികൾ മാത്രമാണ് ഇവിടെയുള്ളത്. ആകെയുള്ളൊരു ടീച്ചറാകട്ടെ പ്രധാനാധ്യാപികയായതിനാൽ ബി ആർ സി, എ ഇ ഒ ഓഫീസ് തുടങ്ങിയിടത്തെ തിരക്കുകളൊക്കെ കഴിഞ്ഞ് ഇവിടെയെത്തും. അത് വരെ ഈ വിദ്യാർത്ഥികൾ ഇവിടെ വെറുതെയിരിക്കണം. നാല് ക്ലാസ് മുറികളുള്ള ഈ വിദ്യാലയത്തിൽ ഇന്ന് ആകെ ആവശ്യമായുള്ളത് ഒരു ക്ലാസ് മുറിയാണ്. ബാക്കിയുള്ളവയെല്ലാം പൂട്ടിക്കിടക്കുന്നു.

ആകെയുള്ള അഞ്ച് വിദ്യാർത്ഥികളെ എല്ലാവരെയും കൂടി ഒരു ക്ലാസ് റൂമിൽ ഒരേ ബെഞ്ചിലിരുത്തിയാണ് ക്ലാസ് നടക്കുന്നത്. ഒന്നാം ക്ലാസും രണ്ടാം ക്ലാസുമൊക്കെ അത് തന്നെ. ആകെ ഇവിടെ കൃത്യാമായി പ്രവർത്തിക്കുന്ന ഏക സംവിധാനം ഉച്ചഭക്ഷണമാണ്. അത് എല്ലാ ദിവസവും കൃത്യമായി നടക്കുന്നു. ഈ അഞ്ച് വിദ്യാർത്ഥികളെ കൂടാതെ ഇവിടെ കൃത്യമായെത്തുന്ന ഏക ആളും ഉച്ചഭക്ഷണം പാകം ചെയ്യുന്ന ആയയാണ്. അവരെല്ലാ ദിവസവും വന്ന് കുട്ടികൾക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നു. ഇനിയിതിൽ നിന്ന് വലിയ ലാഭമൊന്നും ഉണ്ടാക്കാൻ കഴിയില്ലെന്ന് മനസ്സിലായ മാനേജ്മെന്റും ഇപ്പോൾ ഇങ്ങോട്ട് ശ്രദ്ധിക്കാറില്ല.

മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു എന്ന അവസ്ഥയിലാണ് ഇന്ന് ഈ സകൂളിൽ അവസ്ഥ. മൂരാട് പാലത്തിന് സമീപം ദേശീയ പാതയിൽ പുതിയ പാലം വരുമ്പോൾ ഈ സ്‌കൂൾ ഏറെക്കുറെ പൊളിച്ച് മാറ്റേണ്ടി വരുമെന്ന അവസ്ഥയിലാണിപ്പോൾ. ഇത്തരത്തിൽ ഈ സകൂൾ നടത്തിക്കൊണ്ട് പോകുന്നതിനും നല്ലത് കിട്ടുന്ന നഷ്ടപരിഹാരം വാങ്ങി ഈ സകൂൾ ദേശീയ പാതക്ക് വിട്ടുകൊടുക്കലാണെന്നതിനാൽ മാനേജ്മെന്റിനും അതാണ് താത്പര്യം. സ്‌കൂളില്ലാതായാൽ ടീച്ചർക്ക് സംരക്ഷിത അദ്ധ്യപകരുടെ പട്ടികയിൽ ഉൾപ്പെടുത്തി മറ്റേതെങ്കിലും സർക്കാർ സ്‌കൂളിൽ ജോലികിട്ടും.

അപ്പോഴും ബാക്കിയാകുന്നത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ അടുത്ത് തന്നെ അന്താരാഷ്ട്ര നിലവാരത്തിലെത്തുമെന്ന സർക്കാറിന്റെ വിദ്യാഭ്യാസ മന്ത്രിയുടെയും വാക്കുകൾ കേട്ട് പരീക്ഷണത്തിന് തയ്യാറായ ഈ വിദ്യാർത്ഥികളുടെ ഭാവിയെന്താകുമെന്ന ചോദ്യാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP