Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രധാനമന്ത്രിയെ വിളിച്ച് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനത്തിന് പൂണെയിൽ നിന്നും രണ്ട് വിമാനങ്ങളിലായി സൈന്യം തിരുവനന്തപുരത്തെത്തി; 60 പേരോളം വരുന്ന സേനാംഗങ്ങൾ എത്തിയത് എൻജിനീയറിങ് സാമഗ്രികളുമായി; ആളുകൾ കുടുങ്ങിക്കിടക്കുന്നിടത്ത് ലൈഫ് ജാക്കറ്റുകളും ലൈഫ് ബോട്ടുകൾ എയർ ഡ്രോപ്പ് ചെയ്യും; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയും കഴിഞ്ഞതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരം

പ്രധാനമന്ത്രിയെ വിളിച്ച് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനത്തിന് പൂണെയിൽ നിന്നും രണ്ട് വിമാനങ്ങളിലായി സൈന്യം തിരുവനന്തപുരത്തെത്തി; 60 പേരോളം വരുന്ന സേനാംഗങ്ങൾ എത്തിയത് എൻജിനീയറിങ് സാമഗ്രികളുമായി; ആളുകൾ കുടുങ്ങിക്കിടക്കുന്നിടത്ത് ലൈഫ് ജാക്കറ്റുകളും ലൈഫ് ബോട്ടുകൾ എയർ ഡ്രോപ്പ് ചെയ്യും; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയും കഴിഞ്ഞതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ ദുരിതപ്പെയ്ത്തിനിടെ സംസ്ഥാനത്തേക്ക് കൂടുതൽ സൈന്യവും എത്തി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേനയെയും കൂടുതൽ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയും മുഖ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോടും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി സംസാരിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് രാജ് നാഥ് സിങ് അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കേന്ദ്രസേന കേരളത്തിൽ എത്തിയത്, പൂണെയിൽ നിന്നും രണ്ട് വിമാനങ്ങളിലായി അരുപതോളം വരുന്ന സേനാ അംഗങ്ങൾ എത്തി. എൻജിനീയറിങ് സാമഗ്രികളുമായാണ് സൈന്യം എത്തിയത്. 30 പേരുടെ മിലിട്ടറി എൻജിനിയറിങ് ടാസ്‌ക് ഫോഴ്‌സ് കോഴിക്കോടെത്തി. ഇതിന് പിന്നാലെയാണ് രണ്ടു ഗ്രൂപ്പ് ഫോഴ്‌സ് തിരുവനന്തപുരത്തെത്തി. പുണെയിൽനിന്നാണ് ഇവരെത്തിയത്. ഭോപ്പാലിൽനിന്നുള്ള മറ്റൊരു സംഘവും കേരളത്തിലേക്ക് എത്തുന്നുണ്ട്.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ അനുവദനീയമായ പരമാവധി ശേഷിയും പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 26,000 ഘനയടി വെള്ളമാണ് പുറത്തേക്കു വിടുന്നത്. മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം പുറത്തേക്കു വിടുന്നതിനാൽ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്. സെക്കൻഡിൽ 15,00,000 ലീറ്റർ വെള്ളമാണ് പുറത്തേക്കുവിടുന്നത്. 2401.2 അടിയാണ് നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി ശേഷി.

അതേസമയം ചാലക്കുടി ഭൂതത്താൻ കെട്ട് ഭാഗങ്ങളിൽ എയർ ലിഫ്റ്റിങ് ആരംഭിച്ചിട്ടുണ്ട്. മരങ്ങൾ തടസം ആകാത്ത വിധം ബിൽഡിങ്ങുകളുടെയോ വീടുകളുടേയോ മുകളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുക. വായുസേനയുടെ ഒരു സംഘം കോഴിക്കോട് നിന്ന് ചാലക്കുടിയിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

കനത്തമഴയിൽ പാലക്കാട് നെന്മാറയിൽ ഉരുൾപൊട്ടി എട്ടുപേർ മരിച്ചിട്ടുണ്ട്. കൂടുതൽ പേർ കുടുങ്ങികിടക്കുന്നതായും സൂചനയുണ്ട്. മണ്ണിനടിയിൽനിന്നും അഞ്ചുപേരെ കണ്ടെത്തി.എന്നാൽ പ്രദേശത്ത് മഴ കനത്തതോടെ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കയാണ്. മംഗലശേരിയിൽ 20ഓളം ഇടങ്ങളിൽ ഉരുൾപൊട്ടിയതായി സൂചനയുണ്ട്. പാലക്കാട് മൈലാപാടത്തും പെരിങ്ങോട്ട്കുരിശിയിലും ഉരുൾപൊട്ടലുണ്ടായി.

അതേസമയം ഭവാനിപ്പുഴ കരകവിഞ്ഞതോടെ അട്ടപ്പാടി പൂർണമായും ഒറ്റപ്പെട്ടു. കുന്തിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. മഴ കനത്തതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഒരു മീറ്ററിലേറെയാണ് (105 സെന്റീമീറ്റർ) ഉയർത്തിയത്. ഇതോടെ പുഴയുടെ തീരങ്ങളിൽ കൂടുതൽ വെള്ളമുയരാനാണ് സാധ്യത.

കുതിരാനിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗയം തടസ്സപ്പെട്ടു. പാലക്കാടിന്റെ പല പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. കൂടതൽ പേരെ ദുരിതാശ്വാസക്യാന്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. മണ്ണാർക്കാട് അതിശക്തമായ മഴ തുടരുകയാണ്. കരടിയോട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. കരടിയോട് കോളനിയിലെ മൂന്നംഗ ആദിവാസി കുടുംബത്തെ കാണാതായി. കോളനി പൂർണമായും ഒറ്റപ്പെട്ടു.

കുന്തിപ്പുഴ പാലത്തിൽ ചരിത്രത്തിലാദ്യമായി വെള്ളം കയറി. കുന്തിപ്പുഴയോരത്തെ അമ്പതോളം വീടുകൾ വെള്ളത്തിനടിയിൽ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു . നെല്ലിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. പുഴയോരത്തെ നൂറോളം വീടുകൾ വെള്ളത്തിനടിയിലായി. റവന്യൂ വകുപ്പും പൊലീസും ഫയർഫോഴ്‌സും കുടംബങ്ങളെ മാറ്റിപാർപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP