Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വമ്പൻ ശമ്പളവും സമൂഹത്തിൽ മാന്യതയും നേടിയവർക്കെല്ലാം തിരിച്ചടിയേൽക്കുന്ന കാലമാണോ വരുന്നത്? അമേരിക്ക എച്ച് 1 ബി വിസ നിയമങ്ങൾ കർക്കശമാക്കുന്നതോടെ ഐടി കമ്പനികളിൽ വ്യാപകമായ പിരിച്ചുവിടലിന് കളമൊരുങ്ങുന്നു; മുൻനിര കമ്പനികളിൽ അരലക്ഷത്തിലേറെ ഐടി വിദഗ്ദ്ധർക്ക് ജോലി പോകുമെന്ന് റിപ്പോർട്ടുകൾ

വമ്പൻ ശമ്പളവും സമൂഹത്തിൽ മാന്യതയും നേടിയവർക്കെല്ലാം തിരിച്ചടിയേൽക്കുന്ന കാലമാണോ വരുന്നത്? അമേരിക്ക എച്ച് 1 ബി വിസ നിയമങ്ങൾ കർക്കശമാക്കുന്നതോടെ ഐടി കമ്പനികളിൽ വ്യാപകമായ പിരിച്ചുവിടലിന് കളമൊരുങ്ങുന്നു; മുൻനിര കമ്പനികളിൽ അരലക്ഷത്തിലേറെ ഐടി വിദഗ്ദ്ധർക്ക് ജോലി പോകുമെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എൻജിനീയറിങ് മേഖലയിൽ, പ്രത്യേകിച്ചും ഐടി മേഖലയിൽ വ്യാപകമായി പിരിച്ചുവിടലിന് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയുടെ എൻജിനീയറിങ് സ്വപ്‌നങ്ങൾക്ക് വിലങ്ങുതടിയാകുന്നത് പ്രത്യേകിച്ചും അമേരിക്ക ഇപ്പോൾ നിലപാട് കർക്കശമാക്കുന്നതാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

കുറച്ചുകാലമായി എപ്പോൾ വേണമെങ്കിലും ജോലി പോകാമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നതോടെ വൻ സ്വപ്‌നങ്ങളുമായി ടെക്കി മേഖലയിലേക്ക് ചുവടുവച്ചവരെല്ലാം ആശങ്കയിലാണ്.

ആയിരക്കണക്കിന് പേരുടെ ജോലി വിവിധ മുൻനിര ഐടി സ്ഥാപനങ്ങളിലായി നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏഴ് മുൻനിര ഐടി കമ്പനികളിൽ ഇപ്രകാരം പിരിച്ചുവിടലിന് കളമൊരുങ്ങുന്നു. മാത്രമല്ല, പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകാനും സാധ്യതയില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. ഇതോടെ എൻജിനീയറിങ് പാസായി തൊഴിൽ തേടുന്നവരും ആശങ്കയിലാണ്.

ഇന്ത്യയിൽ ഇൻഫോസിസ്, വിപ്രോ, കോഗ്നിസന്റ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് ചുരുങ്ങിയത് 56,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. രാജ്യത്തെ ഏഴ് മുൻനിര സ്ഥാപനങ്ങളിലെ മുതിർന്ന ജീവനക്കാരെ മുൻനിർത്തി നൽകിയ റിപ്പോർട്ട് ആയതിനാൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്.

നിരവധി ജീവനക്കാരെ ഇപ്പോൾ തന്നെ ജോലി തെറിപ്പിക്കാൻ നോട്ടമിട്ടതായും പലർക്കും നോട്ടീസ് ലഭിച്ചതായും പറയുന്നുണ്ട്. ടെക് മഹീന്ദ്രയും വിപ്രോയും യഥാക്രമം 1000, 600 പേരെ വീതം പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്.

ഈ വർഷം ആദ്യം തന്നെ ഇത്തരത്തിൽ സൂചനകൾ പുറത്തുവന്നിരുന്നു. ഐടി സ്ഥാപനങ്ങളിൽ പലതും വൻ നഷ്ടത്തിലാണെന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു കാരണം. മറ്റൊന്ന് അമേരിക്കൻ നയത്തിലുണ്ടായ മാറ്റവുമാണ്. ഏപ്രിലിലും മെയിലുമായി ഇക്കാര്യം വ്യാപക ചർച്ചയുമായി മാറിയിട്ടുണ്ട്.

പല സ്ഥാപനങ്ങളിലും ജോലിയിൽ നിന്ന് മാറ്റപ്പെടുന്നതിന് 'പിങ്ക് സ്ലിപ്പ്' നൽകുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. സ്ഥാപനത്തിൽ നിന്ന് പുറത്താക്കുന്നതിന് മുന്നോടിയായി ജോലി മെച്ചപ്പെടുത്തണമെന്ന നിർദ്ദേശവുമായി എത്തുന്ന പിങ്ക് സ്‌ളിപ് പിരിച്ചുവിടൽ നോട്ടീസിന്റെ മുൻഗാമിയായായാണ് കണക്കാക്കപ്പെടുന്നത്.

എച്ച് 1 ബി വിസ ലഭിച്ചവരിൽ ഭൂരിഭാഗവും ആശങ്കയിൽ

യുഎസ് നൽകുന്ന എച്ച് 1ബി വിസയുമായി ബന്ധപ്പെട്ടാണ് ആശങ്കകളേറെയും. വൻതുക ശമ്പളം വാങ്ങുന്ന ടെക്‌നോക്രാറ്റുകൾ ഒരു സുപ്രഭാതത്തിൽ ജോലിവിട്ട് ഒഴിയേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. ജോബ് ഔട്ട്‌സോഴ്‌സിഗ് കുറയ്ക്കാൻ അമേരിക്ക തീരുമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എച്ച്1ബി വിസ ഉള്ളയാൾക്ക് ജോലി നഷ്ടപ്പെട്ടാൽ എന്തു സംഭവിക്കുമെന്ന അന്വേഷണങ്ങൾ ഓൺലൈൻ സൈറ്റുകളിൽ ധാരാളമായി വരികയാണിപ്പോൾ. എച്ച് വൺ ബി വിസ പ്രോഗ്രാമിൽ ഒരു പുനർ ചിന്തനത്തിന് യുഎസ് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടത് ഇക്കഴിഞ്ഞ ഏപ്രിൽ 18നാണ്.

അതോടെ ഈ വിസ ലഭിച്ചതോടെ സുരക്ഷിത ജീവിതവും ജോലിയും ഉറപ്പായെന്ന് പ്രതീക്ഷിച്ചിരുന്നവർ അപ്പാടെ ആശങ്കയിലായി. അടുത്തകാലത്തായി ഈ വിസ ലഭിച്ച് ജോലിക്ക് കയറിയവരിൽ വലിയൊരു ശതമാനവും ഇന്ത്യക്കാർ ആണെന്നതിനാൽ ഇന്ത്യയിലെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഇത് വലിയ പിരിമുറുക്കമാണ് സൃഷ്ടിക്കുന്നത്. അമേരിക്കൻ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നുൾപ്പെടെ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നത് എച്ച്1ബി വിസ നൽകിയാണ്.

ഇതിൽ സ്വദേശിവൽക്കരണത്തിന് അമേരിക്ക പദ്ധതിയിടുന്നതോടെ ഇന്ത്യക്കാർക്ക് വൻതോതിൽ ജോലി നഷ്ടമാകുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. 2001 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ യുഎസ് നൽകിയ എച്ച് 1 ബി വിസയിൽ പകുതിയോളം ഇന്ത്യക്കാർക്കാണ് ലഭിച്ചത്. കമ്പ്യൂട്ടർ വിദഗ്ധരുൾപ്പെടെ വലിയ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഇത്തരത്തിൽ ജോലിതേടി യുഎസിൽ എത്തിയത്. 2015ൽ 70 ശതമാനം വിസയും ഇന്ത്യക്കാർക്ക് കിട്ടിയെന്ന് യുസ് കോൺസുലാർ അഫയേഴ്‌സ് ഡിപ്പാർട്ടുമെന്റ് കണക്കുകൾ വ്യക്തമാക്കുന്നു.

അതിനാൽ തന്നെ ഇത്തരത്തിൽ ഐടി സ്ഥാപനങ്ങളിലുൾപ്പെടെ ഉയർന്ന ജോലികളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെല്ലാം ഇപ്പോൾ ആശങ്കയിലാണ്. കഴിഞ്ഞമാസം അസോച്ചെം ഇതുസംബന്ധിച്ച് ഒരു മുന്നറിയിപ്പും നൽകിയിരുന്നു. എച്ച് 1 ബി വിസയിൽ പ്രവർത്തിക്കുന്ന 86 ശതമാനം പേരെയും പുതിയ ഉത്തരവ് ദോഷകരമായി ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഐടി മേഖലയിൽ 60 ശതമാനത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും അവർ പറയുന്നു.

ഇത്തരത്തിൽ ഹൈ പ്രൊഫഷണൽ ജോലിയിലുള്ളവർ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയാൽ അവർക്ക് ഒരു പക്ഷെ ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ഇടം ലഭിച്ചേക്കാം. അതേസമയം, ഇത് ഇന്ത്യയിലും ഇപ്പോൾ പ്രവർത്തിക്കുന്നവരുടെ നില പരുങ്ങലിലാക്കും. ഇപ്പോൾതന്നെ ഇവിടെ പിരിച്ചുവിടലിന് കളമൊരുങ്ങുന്നതിന് ആക്കംകൂട്ടുന്ന സ്ഥിതിയാവും അപ്പോഴുണ്ടാവുക. ഇതോടെ വൻ തുകകൾ ശമ്പളമായി ലഭിക്കുന്ന ടെക്കികളിൽ ഭൂരിഭാഗവും ആശങ്കയിലാണ്.

യുഎസിൽ മാത്രമല്ല, ഇമിഗ്രേഷൻ നിയമങ്ങൾ യുകെ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ മുൻനിര രാഷ്ട്രങ്ങളിലും കർക്കശമാക്കുകയാണെന്നും ഇതും തൊഴിലന്വേഷകരേയും അവിടെ ജോലി ചെയ്യുന്നവരേയും ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇതിനെല്ലാം പുറമെയാണ് നിർമ്മാണ- എൻജിനീയറിങ് മേഖലയിൽ രാജ്യത്ത് കറൻസി നിരോധനത്തിന് ശേഷമുണ്ടായ മാന്ദ്യവും എൻജിനീയറിങ് ബിരുദധാരികൾക്ക് വലിയ തിരിച്ചടിയാവുന്നത്. സിവിൽ എൻജിനീയറിങ് ജോലികളിൽ വലിയ ഇടിവ് വന്നിട്ടുണ്ട് കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ.

മോശം പ്രകടനമെന്ന് പറഞ്ഞ് പിരിച്ചുവിടാൻ കളമൊരുക്കുന്നു

ഇന്ത്യയിലെ ഐടി കമ്പനികളിൽ മോശം പ്രകടനമെന്ന് പറഞ്ഞ് നിരവധി പേരെ പിരിച്ചുവിടാൻ കളമൊരുക്കുകയാണിപ്പോൾ. കേരളത്തിൽ ടെക്‌നോപാർക്കിലും ഇൻഫോപാർക്കിലുമെല്ലാം ഇത്തരം നീക്കങ്ങൾ ശക്തമാണെന്ന് പേരുവെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ ടെക്കികൾ സാക്ഷ്യപ്പെടുത്തുന്നു. കോഗ്നിസന്റിൽ 15,000 പേരെ ഇത്തരത്തിൽ മോശം പ്രകടനക്കാരാക്കി കണക്കെടുത്ത് നിർത്തിയിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സമാന രീതിയിൽ മറ്റ് പല ഐടി കമ്പനികളിലും നടപടികൾ തുടരുകയാണ്.

തൊഴിലിൽ മികവു പോരെന്ന കാരണം പറഞ്ഞു ടെക്‌നോപാർക്കിലെ പ്രമുഖ കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നെന്നു വ്യാപക പരാതി നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇതിന് ആക്കം കൂടിയിരിക്കുകയാണ് ഇപ്പോൾ. പിപ് (പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാൻ) എന്ന ഓമനപ്പേരിട്ടാണു കമ്പനികൾ സ്വന്തം ജീവനക്കാർക്കു പുറത്തേയ്ക്കുള്ള വഴികാട്ടുന്നത്.

പത്തു വർഷത്തിലേറെ ജോലി ചെയ്തവർ പോലും കമ്പനികളുടെ ഈ പ്രവ്യത്തിക്ക് എതിരെ കോടതിക്കും തൊഴിൽവകുപ്പിനും പരാതി നൽകി. ടെക്‌നോപാർക്ക് അധികൃതർക്കും ഒട്ടേറെ പരാതികൾ ലഭിച്ചെങ്കിലും തങ്ങൾക്കു വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടിലാണ് അവരെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പരിചയസമ്പന്നരായ ജീവനക്കാരെ പിപ്പിലേക്കു തള്ളുന്നതുവഴി കമ്പനികൾ ലാഭമാണ് ഉദ്ദേശിക്കുന്നതെന്നാണ് ആദ്യം പ്രചരിപ്പിക്കപ്പെട്ടതെങ്കിലും ഇപ്പോൾ അതുമാത്രമല്ല ലക്ഷ്യമെന്ന് പലരും പറയുന്നു. ഒരു ലക്ഷം രൂപ ശമ്പളം പറ്റുന്നയാളെ പറഞ്ഞു വിട്ടാൽ പകരം 20,000 രൂപ വീതം ശമ്പളം നൽകി അഞ്ചു പേരെ കമ്പനിക്കു പുതുതായി റിക്രൂട്ട് ചെയ്യാമെന്നും ഇതിനാണ് നടപടിയെന്നുമാണ് ആദ്യം പ്രചരണം നടന്നത്. പക്ഷെ, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ബാക്കി നിലനിർത്തുന്നവർക്ക് ശമ്പളം കൂട്ടാതെ ജോലിസമയം കൂട്ടാനാണ് പദ്ധതിയെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP