Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപിച്ച് കാറോടിച്ചാൽ പതിനായിരം രൂപ പിഴയും തടവും; അപകടത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ കൊലപാതക കുറ്റത്തിന് ജയിൽ; കുട്ടികൾ കാറോടിച്ചാൽ 25,000 പിഴയും രജിസ്‌ട്രേഷൻ റദ്ദാക്കലും; ഹെൽമറ്റ് ഇല്ലെങ്കിൽ ആയിരം രൂപയും മൊബൈലിൽ സംസാരിച്ചാൽ അയ്യായിരവും പിഴയും കൂടെ തടവുശിക്ഷയും നൽകുന്ന പുതിയ മോട്ടോർ വാഹന ഭേദഗതി നിയമത്തിന് മന്ത്രിസഭയുടെ അനുമതിയായി

മദ്യപിച്ച് കാറോടിച്ചാൽ പതിനായിരം രൂപ പിഴയും തടവും; അപകടത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ കൊലപാതക കുറ്റത്തിന് ജയിൽ; കുട്ടികൾ കാറോടിച്ചാൽ 25,000 പിഴയും രജിസ്‌ട്രേഷൻ റദ്ദാക്കലും; ഹെൽമറ്റ് ഇല്ലെങ്കിൽ ആയിരം രൂപയും മൊബൈലിൽ സംസാരിച്ചാൽ അയ്യായിരവും പിഴയും കൂടെ തടവുശിക്ഷയും നൽകുന്ന പുതിയ മോട്ടോർ വാഹന ഭേദഗതി നിയമത്തിന് മന്ത്രിസഭയുടെ അനുമതിയായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പുതിയ മോട്ടാർ വാഹന നിയമത്തിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ കുത്തനെ കൂട്ടി. ഇതോടെ റോഡ് നിയമങ്ങൾ പാലിക്കാത്തവരെ കാത്തിരിക്കുന്നത് വൻ പിഴകളും കടുത്ത ശിക്ഷയും.

മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപയും വാഹനമോടിക്കവെ മൊബൈലിൽ സംസാരിച്ചാൽ 5000 രൂപയുമാണ് പിഴ. മദ്യപിച്ച് വാഹനമോടിക്കുന്നവർ അപകടമുണ്ടാക്കുകയോ അതിൽ ആരെങ്കിലും കൊല്ലപ്പെടുകയോ ചെയ്താൽ കൊലപാതക കുറ്റത്തിനാവും കേസെടുക്കുക. മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് ജയിൽശിക്ഷ ഉറപ്പാക്കും വിധത്തിലാണ് നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുള്ളത്.

ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർക്കെതിരെ കേസ് ചുമത്തുക. ഇത്തരത്തിൽ എല്ലാ വിഭാഗം ട്രാഫിക് നിയമലംഘനങ്ങൾക്കും പിഴശിക്ഷ കൂട്ടിയിട്ടുണ്ട്. ജയിൽ ശിക്ഷയും പലതിനും അനുഭവിക്കേണ്ടിവരും. മരണം, പരിക്കേൽക്കുന്ന അപകടം എന്നിങ്ങനെ ശിക്ഷയിൽ ഏറ്റക്കുറച്ചിലുകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിലുള്ള പല പിഴശിക്ഷയിലും അഞ്ചിരട്ടിവരെയാണ് വർദധനവ് ശുപാർശ ചെയ്തിട്ടുള്ളത്.

അബദ്ധത്തിലാണ് അപകടങ്ങൾ ഉണ്ടാകുന്നതെങ്കിൽപോലും അത് ഡ്രൈവറുടെ അശ്രദ്ധയായി കണക്കാക്കുന്ന വ്യവസ്ഥകളും ഉണ്ട്. പ്രായപൂർത്തിയാകാത്ത മക്കൾ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ രക്ഷിതാവ് പിഴയടക്കണം. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിച്ചാൽ ബന്ധപ്പെട്ട ഡ്രൈവർക്ക് 12 വർഷം തടവുശിക്ഷക്കുള്ള വകുപ്പുകളും പുതിയ നിയമത്തിലുണ്ട്.

പുതിയ നിയമം അടുത്തയാഴ്ച പാർലമെന്റിൽ വെക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇത് പാസാകുന്നതോടെ റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി രാജ്യത്ത് പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കും. എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ പരിശോധനകളും നടത്താനും നിർദ്ദേശം നൽകുമെന്നാണ് അറിയുന്നത്.

2016 ആഗസ്റ്റിൽ ഗഡ്കരി ലോക്‌സഭയിൽ അവതരിപ്പിച്ച മോേട്ടാർ വാഹന നിയമ ഭേദഗതിയുടെ പരിഷ്‌കരിച്ച പതിപ്പാണിത്. അന്ന് ലോക്‌സഭയുടെ ഗതാഗത സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ട നിയമഭേദഗതിയിൽ സ്റ്റാൻഡിങ് കമ്മിറ്റി നിർദ്ദേശിച്ച മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ബിൽ തയാറാക്കിയത്. സ്റ്റാൻഡിങ് കമ്മിറ്റി നിർദ്ദേശിച്ച ഏതാനും ഭേദഗതികൾ സർക്കാർ തള്ളി. പുതിയ വാഹനങ്ങൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് നമ്പർ നൽകുന്നതിന് വാഹന ഡീലർമാർക്ക് അനുമതി നൽകുന്നതിനെ സ്റ്റാൻഡിങ് കമ്മിറ്റി എതിർത്തു.

അതേസമയം വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇളവുണ്ടാകും. രജിസ്‌ട്രേഷനും നമ്പർ നൽകുന്നതിനുമുള്ള അധികാരം ആർ.ടി.ഒക്കു മാത്രമായിരിക്കണമെന്ന നിർദ്ദേശമാണ് സമിതി മുന്നോട്ടുവെച്ചത് എന്നാൽ, അത് സർക്കാർ സ്വീകരിച്ചില്ല. ഇപ്പോഴത്തെ നിലയിൽ നിയമം പാർലമെന്റ് പാസാക്കിയാൽ പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷന് ആർ.ടി.ഒയെ സമീപിക്കേണ്ടതില്ല. ഡീലർമാർക്കുതന്നെ ഓൺലൈൻ വഴി ചെയ്യാം.

ഡ്രൈവിങ് ലൈസൻസിന് ആധാർ നിർബന്ധം, വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് പണം നൽകാതെ അടിയന്തര ചികിത്സ, പരിക്കേറ്റവരെ സഹായിക്കാനെത്തുന്നവരെ നിയമക്കുരുക്കിൽനിന്ന് രക്ഷിക്കാനുള്ള വ്യവസ്ഥ, നിർമ്മാണ വൈകല്യം കണ്ടെത്തിയാൽ വാഹനം നിർബന്ധമായും തിരിച്ചുവിളിക്കാനുള്ള വ്യവസ്ഥ, അപകടങ്ങളിൽപെട്ടവർക്കുള്ള ഇൻഷുറൻസ് നിശ്ചിത സമയപരിധിക്കുള്ളിൽ ലഭ്യമാക്കാനുള്ള വ്യവസ്ഥ തുടങ്ങിയവയാണ് പുതിയ നിയമത്തിലെ സുപ്രധാന മാറ്റങ്ങൾ.

നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെ:

  • കുട്ടികൾ വാഹനമോടിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്താൻ അത്തരം സംഭവങ്ങൾ കണ്ടെത്തിയാൽ വാഹന രജിസ്‌ട്രേഷൻ റദ്ദാക്കും. അപകടമുണ്ടായാൽ വാഹന ഉടമയോ കുടുംബമോ 25,000 രൂപ പിഴ നൽകണം. മൂന്നുവർഷത്തെ തടവുശിക്ഷയും ലഭിക്കാം.
  • നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഇരുചക്ര വാഹന യാത്രയിൽ ഹെൽമറ്റ് നിർബന്ധം.
  • ഹെൽമറ്റില്ലാതെ വാഹനമോടിച്ചാൽ 1000 രൂപ പിഴ. മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കും. ചുവപ്പു സിഗ്നൽ ലംഘിച്ചാലും കാറിലും മറ്റും സീറ്റ്‌ബെൽറ്റ് ധരിക്കാതിരുന്നാലും ഇതേ പിഴയായിരിക്കും.
  • വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ പിഴ ആയിരം രൂപമുതൽ അയ്യായിരം രൂപവരെ ഈടാക്കും.
  • റോഡ് അപകടത്തിൽ മരിക്കുന്നവർക്ക് നഷ്ടപരിഹാരം മരണം സംഭവിച്ചാൽ പത്തുലക്ഷവും ഗുരുതരമായി പരിക്കേറ്റാൽ അഞ്ചുലക്ഷവും ആയിരിക്കും. (നേരത്തേ ഇത് 50,000 ഉം 25,000 ഉം ആയിരുന്നു.
  • അപകടമുണ്ടായി വാഹനം നിർത്താതെ പോകുന്ന സംഭവങ്ങളിൽ മരിച്ചവർക്ക് രണ്ടുലക്ഷവും പരിക്കേൽക്കുന്നവർക്ക് അമ്പതിനായിരവുമാണ് നിശ്ചയിച്ചിട്ടുള്ളത്.
  • തേഡ്പാർട്ട് ഇൻഷ്വറൻസിന്റെ പരിധി ഇല്ലാതാകും. മരണത്തിന് പരമാവധി പത്തുലക്ഷവും പരിക്കേറ്റാൽ അഞ്ചുലക്ഷവും എന്ന പരിധിയാണ് എടുത്തുകളയുന്നത്.
  • ട്രാഫികുമായി ബന്ധപ്പെട്ട രേഖകളുടെയെല്ലാം രജിസ്‌ട്രേഷന് ആധാർ നിർബന്ധമാക്കും. വാഹന രജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവയ്ക്ക് ബാധകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP