Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിലിൽ സുഖജീവിതം നയിക്കുന്ന മുഹമ്മദ് നിസാം പുറത്തിറങ്ങാൻ പുതിയ അടവുമായി രംഗത്ത്; മാനസികാസ്വാസ്ഥ്യമുണ്ട്; വിദഗ്ധ ചികിത്സ വേണമെന്ന് ഹൈക്കോടതിയിൽ വാദം; ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് കോടതിയും: അധികാരികൾ കണ്ണടച്ചാൽ ചന്ദ്രബോസിന്റെ കൊലയാളി തടവറയ്ക്ക് വെളിയിലെത്തും

ജയിലിൽ സുഖജീവിതം നയിക്കുന്ന മുഹമ്മദ് നിസാം പുറത്തിറങ്ങാൻ പുതിയ അടവുമായി രംഗത്ത്; മാനസികാസ്വാസ്ഥ്യമുണ്ട്; വിദഗ്ധ ചികിത്സ വേണമെന്ന് ഹൈക്കോടതിയിൽ വാദം; ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് കോടതിയും: അധികാരികൾ കണ്ണടച്ചാൽ ചന്ദ്രബോസിന്റെ കൊലയാളി തടവറയ്ക്ക് വെളിയിലെത്തും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തി കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാം തടവറയ്ക്ക് പുറത്തിറങ്ങാൻ പുതിയ കരുക്കൾ നീക്കി രംഗത്തെത്തി. കണ്ണൂർ സെൻട്രൽ ജയിലിൽ അധിക സൗകര്യങ്ങളോടെ കഴിയുന്ന നിസാം തനിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കാണിച്ച് തടവറയ്ക്ക് പുറത്തിറങ്ങാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നേരത്തെ മുതൽ പണം വാരിയെറിഞ്ഞു കൊണ്ട് പുറത്തിറങ്ങാനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചതും.

മാനസിക അസ്വാസ്ഥ്യമുണ്ടെന്നും വിദഗ്ധ ചികിത്സ അവശ്യമുണ്ടെന്നും കാണിച്ചാണ് നിസാം കോടതിയെ സമീപിച്ചത്. ഇത് അനുസരിച്ച് നിസാമിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. നിസാം സമർപിച്ച അപ്പീൽ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വിദഗ്ധ ചികിത്സക്കായി ശിക്ഷ മരവിപ്പിച്ച് തന്നെ വിട്ടയക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം. സെഷൻസ് കോടതി വിധിക്കെതിരായ അപ്പീലിനൊപ്പമാണ് പുതിയ അപേക്ഷയും ഹൈക്കോടതിയിൽ സമർപ്പിച്ചത്.

സെഷൻസ് കോടതി ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നിസാം നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് നേരത്തെ ഹൈക്കോടതിയുടെ മൂന്ന് ബെഞ്ചുകൾ പിന്മാറിയിരുന്നു. പുതിയ അപേക്ഷ നാലാം ബെഞ്ചിലാണ് പരിഗണിക്കുന്നത്. അടുത്തിടെ നിസാമിന് ശിക്ഷാ ഇളവ് വേണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാർ യോഗം ചേരുകയും മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. നേരത്തെ ജയിൽ വകുപ്പ് തയാറാക്കിയ ശിക്ഷായിളവ് നൽകുന്നവരുടെ പട്ടികയിൽ നിസാമിന്റെ പേരും ഇടംപിടിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

ചന്ദബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി കൊലപ്പെടുത്തി നിഷാമിനെ പുറത്തിറക്കാൻ വേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയവരാണ് നേരത്തെ പൊതുയോഗം സംഘടിപ്പിച്ചത്. നാട്ടുകാരുടെ പൊതുകാര്യ പ്രിയനെന്നും കാരുണ്യവാനെന്നുമെല്ലാം വിശേഷിപ്പിച്ചാണ് കുറ്റവാളിക്കുവേണ്ടി യോഗം സംഘടിപ്പിച്ചതെന്നതും വലിയ ചർച്ചയായി മാറിയിരുന്നു. 22 സ്ത്രീകൾ അടക്കം 109 പേർ ക്രൂരനായ കൊലയാളിക്ക് വേണ്ടി രംഗത്തെത്തി എന്നത് കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു.

നിഷാമിന്റെ നാടായ അന്തിക്കാട്ടെ മുറ്റിച്ചൂർ സെന്റർ മൻഹൽ പാലസിൽ വച്ചായിരുന്നു അന്ന് പൊതുയോഗം നടന്നത്. നിഷാമിന് നീതി നിഷേധിച്ചു എന്നാരോപിച്ചായിരുന്നു ഒരു വിഭാഗം ആളുകൾ യോഗം സംഘടിപ്പിച്ചത്. നിഷാം പരോപകാരിയും നിരപരാധിയാണെന്നും പറഞ്ഞ് രംഗത്തെത്തിയ ഇവർ മുഖ്യമന്ത്രിയെ കണ്ട് നിഷാമിന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ്. ഇക്കാര്യം കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ തീരുമാനിക്കുകയും ചെയ്തു. അതേസമയം കൊലയാളിക്ക് വേണ്ടി ഒത്തുചേർന്നവർക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. നീക്കത്തെ എതിർക്കുന്നവരും ഇതേസമയം ഹാളിന് പുറത്തായി ഒത്തുകൂടുകയുണ്ടായി.

വിവിധ രാഷ്ട്രീയ പാർട്ടികളോട് അനുഭാവമുള്ളവരും നിഷാമിന്റെ ബന്ധുക്കളും നിയമോപദേശകരും ചേർന്നാണ് യോഗം സംഘടിപപിച്ചത്. നിഷാമിന്റെ ബന്ധുവിന്റെ ഹാളിലാണ് യോഗം സംഘടിപ്പിച്ചതും. യോഗത്തിന് മൈക്കിന് അനുമതി നൽകിയിരുന്നില്ല. ജിഷ, സൗമ്യ കേസുകളിലെ പ്രതികൾക്ക് ലഭിക്കുന്ന ഇളവ് പോലും നിഷാമിന് ലഭിക്കുന്നില്ലെന്നാണ് യോഗത്തിൽ പങ്കെടുത്തവർ പരാതിപ്പെട്ടത്. പണം നൽകിയാണ് യോഗത്തിലേക്ക ആളെ കൂട്ടിയതെന്നും സൂചനയുണ്ട്. നിഷാമിപ്പോൾ കണ്ണൂർ ജയിലിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുകയാണ്.

പുറത്ത് നിന്ന് സമ്മർദ്ദമുണ്ടായാൽ നിഷാമിന് പരോൾ അനുവദിക്കാൻ നോക്കാമെന്ന് ചില രാഷ്ട്രീയ കക്ഷികളും ഉറപ്പു നല്കിയതായി വിവരമുണ്ടായിരുന്നനു. ഈ നീക്കത്തിന്റെ ഭാഗമായാണ് ഹൈക്കോടതിയിൽ മാനസിക അസ്വാസ്ഥ്യമെന്ന വാദം ഉന്നയിച്ചത്. ഇത് പുറത്തിറങ്ങാനുള്ള നിസാമിന്റെ തന്ത്രമാണെന്നാണ് വിലയിരുത്തൽ. ഇപ്പോഴത്തെ നിസാമിന്റെ നീക്കത്തിന് ഉദ്യോഗസ്ഥർ കൂടി കൂട്ടു നിന്നാൽ ചന്ദ്രബോസിന്റെ കൊലയാളിക്ക് ജയിൽമോചനം സാധ്യമാകുന്ന സ്ഥിതി വരും.

കോടികളുടെ ആസ്തിയുള്ള നിഷാം ശിക്ഷിക്കപ്പെടുന്നതിനു മുൻപും പിൻപും പൊലീസിന്റെയടക്കം വഴിവിട്ട സഹായങ്ങൾ നേടിയിരുന്നു. ശിക്ഷയുടെ തുടക്കത്തിൽത്തന്നെ ശിക്ഷാ ഇളവ് നൽകാനുള്ള പട്ടികയിൽ ഇടംപിടിച്ചു. ജയിലിൽ ഫോൺ അടക്കം സുഖജീവിതം നയിക്കുകയാണെന്ന പരാതിയും ഉയർന്നിരുന്നു. ജയിലിൽ നിന്നും നിസാം ഫോൺ വിളിച്ചതും പുറത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP