Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോക്ക് സ്വാമിയേയും ഷാജഹാനേയും പൊലീസ് ജയിലിലടച്ചത് വെറുതെയല്ല! സംസ്ഥാന ഇന്റലിജൻസ് മേധാവിക്ക് മന്ത്രിമാരെ പോലും അറിയില്ല; മന്ത്രി ചന്ദ്രശേഖരന്റെ മുഖത്തു നോക്കി കൃഷിമന്ത്രി സുനിൽ കുമാറല്ലേ എന്ന് ചോദിച്ച് മുഹമ്മദ് യാസിൻ; വിവാദത്തിലാകുന്നത് വിജിലൻസ് ഡയറക്ടർ സ്ഥാനം സ്വപ്‌നം കണ്ട് നടക്കുന്ന ഐപിഎസുകാരൻ

തോക്ക് സ്വാമിയേയും ഷാജഹാനേയും പൊലീസ് ജയിലിലടച്ചത് വെറുതെയല്ല! സംസ്ഥാന ഇന്റലിജൻസ് മേധാവിക്ക് മന്ത്രിമാരെ പോലും അറിയില്ല; മന്ത്രി ചന്ദ്രശേഖരന്റെ മുഖത്തു നോക്കി കൃഷിമന്ത്രി സുനിൽ കുമാറല്ലേ എന്ന് ചോദിച്ച് മുഹമ്മദ് യാസിൻ; വിവാദത്തിലാകുന്നത് വിജിലൻസ് ഡയറക്ടർ സ്ഥാനം സ്വപ്‌നം കണ്ട് നടക്കുന്ന ഐപിഎസുകാരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എം ഷാജഹാനെയും ഷാജിർ ഖാനെയുമൊക്കെ വൻകുഴപ്പക്കാരും ഗൂഢാലോചനക്കാരുമാക്കി കൊടുംകുറ്റവാളികളെപ്പോളെ കൈകാര്യം ചെയ്ത കേരള പൊലീസിന്റെ നടപയിയോർത്ത് അത്ഭുതപ്പെടേണ്ടതില്ല. കാരണം പൊലീസിലെ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് സംസ്ഥാനത്തെ മന്ത്രിമാരെപ്പോലും അറിയില്ല! പിന്നയല്ലേ സാധാരണക്കാരായ പൊതുപ്രവർത്തകരെ തിരിച്ചറിയുന്നത്! കൃഷി വകുപ്പ് മന്ത്രിയെ തേടിപ്പോയ സംസ്ഥാന ഇന്റലിജൻസ് മേധാവി റവന്യൂ മന്ത്രിയുടെ ഓഫീസിലെത്തിയ സംഭവം ഉദ്യോഗസ്ഥതലത്തിൽ നിലനിൽക്കുന്ന കടുത്ത അരാചകത്വത്തിന്റെ സൂചനയാണെന്നതിൽ തർക്കമില്ല.

സംസ്ഥാന ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസീനാണ് റവന്യുമന്ത്രിയെയും കൃഷിമന്ത്രിയെയും തിരിച്ചറിയാനാകാത്തത്. ഇന്നുരാവിലെ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനെ കാണാൻ എത്തിയപ്പോഴാണ് സംസ്ഥാന ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസീന് ഗുരുതരമായ അബദ്ധം പിണഞ്ഞത്. ഐഎഎസുകാരുടെ സമരം നടക്കുമ്പോൾ അത് സർക്കാരിനെ അറിയിക്കാൻ ഇന്റലിജൻസിന് വീഴ്ച പറ്റി. ഇതിന്റെ പേരിലാണ് ശ്രീലേഖയെ ഇന്റലിജൻസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി വിശ്വസ്തനായ മുഹമ്മദ് യാസിനെ പകരം നിയമിച്ചത്. വിജിലൻസ് ഡയറക്ടറായി മുഹമ്മദ് യാസിനെ പരിഗണിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥൻ വമ്പൻ അബദ്ധം പിണഞ്ഞത്. മന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തു പറഞ്ഞതെന്നതും ശ്രദ്ധേയമായി.

രാവിലെ എട്ടുമണിയോടെ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയതായിരുന്നു മുഹമ്മദ് യാസീൻ. ഇന്നലെ വൈകിട്ട് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി വാങ്ങുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ മന്ത്രിയുടെ വീട്ടിൽ എത്തി കൈകൊടുത്തിട്ട്, കൃഷിമന്ത്രി സുനിൽകുമാർ അല്ലേ എന്നായിരുന്നു മുഹമ്മദ് യാസീന്റെ ചോദ്യം. ഇതു കേട്ട ചന്ദ്രശേഖരൻ ആദ്യമൊന്ന് അമ്പരന്നെങ്കിലും താൻ സുനിൽകുമാർ അല്ലെന്നും തന്റേത് കൃഷിവകുപ്പല്ലെന്നും അദ്ദേഹത്തിന്റെ വീട് ഇവിടെയല്ലെന്നും വ്യക്തമാക്കി. തുടർന്ന് സുനിൽകുമാറിന്റെ ഔദ്യോഗിക വസതി എവിടെയെന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇന്റലിജെൻസ് മേധാവിക്ക് പിണഞ്ഞ ഈ അബദ്ധത്തെക്കുറിച്ച് മന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തെ എനിക്ക് കാണേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ കാണണമെന്നാവശ്യപ്പെട്ട് ഇങ്ങോട്ട് ഫോൺ വന്നതുകൊണ്ടാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. റവന്യുമന്ത്രിയെ അറിയാത്ത ആളാണ് ഇന്റലിജൻസ് മേധാവിയെന്നത് മോശമായിപ്പോയെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി. തൃശൂരിലെ പൊലീസ് വകുപ്പിന് കീഴിലുള്ള മന്ദിരത്തിൽനിന്നും കൃഷി വകുപ്പിന്റെ ഓഫീസ് മാറ്റണമെന്ന ആവശ്യവുമായാണ് ഇന്റലിജൻസ് മേധാവി മന്ത്രിയെ കാണാനെത്തിയതെന്നാണ് സൂചന. അതേസമയം തന്റെ ഡ്രൈവർക്ക് പറ്റിയ അബദ്ധമാണിതെന്നാണ് മുഹമ്മദ് യാസീന്റെ വിശദീകരണം. ഡ്രൈവർ മന്ത്രിയുടെ വീട് മാറി തന്നെ കൊണ്ടുചെല്ലുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഡ്രൈവർക്ക് വീട് മാറിപ്പോയെങ്കിലും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് മന്ത്രിയെ തിരിച്ചറിയാനായില്ലെന്നത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

തൃശൂർ റേഞ്ച് ഐ.ജിയായി പ്രവർത്തിച്ചിട്ടുള്ള മുഹമ്മദ് യാസീന് അതേ ജില്ലയിൽനിന്നുള്ള മന്ത്രിയായ വി എസ് സുനിൽ കുമാറിനെ അറിയില്ലെന്നതും അദ്ഭുതകരമാണ്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ മന്ത്രിമാരെപ്പോലും തിരിച്ചറിയാതെ എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന ചോദ്യവും പ്രസക്തമാണ്. നേരത്തെ പ്രമാദമായ പുത്തൂർ ഷീല കൊലക്കേസിലെ പ്രതിയായ സമ്പത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനാണ് മുഹമ്മദ് യാസീൻ. സിപിഎമ്മിലെ പ്രമുഖ നേതാക്കളുടെയും മുഖ്യമന്ത്രിയുടെയും വിശ്വസ്തനായ യാസീനെ ഡി.ജി.പി പദവിയിലേക്ക് ഉയർത്താനുള്ള ചരടുവലിയും ശക്തമായിരുന്നു. ഇതിനിടെ ഇടത് മന്ത്രിസഭയിലെ മന്ത്രിമാരെ പോലും തിരിച്ചറിയാൻ കഴിയാത്തത് മുഹമ്മദ് യാസീന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

ഡ്രൈവർക്ക് വീടുമാറിപ്പോയതാണ് അബദ്ധത്തിന് കാരണമെന്നാണ് ഡിജിപി മുഹമ്മദ് യാസിന്റെ വിശദീകരണം. അതേസമയം, തന്റെ ഡ്രൈവർക്ക് വീട് തെറ്റിയതാണെന്ന വിശദീകരണമാണ് മുഹമ്മദ് യാസിൻ നൽകുന്നത്. തനിക്ക് എല്ലാ മന്ത്രിമാരേയും തിരിച്ചറിയാം. കൃഷിമന്ത്രിയുടെ വീട് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാണ് താൻ ചോദിച്ചതെന്നും മുഹമ്മദ് യാസിൻ പറയുന്നു. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന്റെ സമീപമാണ് റവന്യൂ മന്ത്രിയുടെ വീട്. എന്നാൽ പ്രതിപക്ഷ നേതാവിന്റെ വീടിനു സമീപമാണ് കൃഷിമന്ത്രിയുടെ വീട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ മുഹമ്മദ് യാസിൻ കണ്ണൂരിലും ഉത്തര മേഖലയിലും നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

യുഡിഎഫ് സർക്കാരിന്റെ കാലത്താണ് മുഹമ്മദ് യാസിനെ ഡിജിപി പദവി നൽകിയത്. ഇത് ഇടത് സർക്കാരും അംഗീകരിച്ചു. എന്നാൽ കേന്ദ്രത്തിന്റെ അനുമതി കിട്ടാത്തതിനാൽ ഇപ്പോഴും എഡിജിപിയുടെ ശമ്പളമാണ് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP