Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂക്കുന്നിമല അന്വേഷണം അട്ടിമറിച്ചു; ക്വാറി പൂട്ടണമെന്ന വിജിലൻസ് റിപ്പോർട്ട് തുണച്ചത് മാഫിയയെ തന്നെ; ജില്ലാ കളക്ടർ നടപടി വൈകിപ്പിക്കുമ്പോൾ പാറമട ഉടമകൾക്ക് കൊയ്ത്തുകാലം; നാട്ടുകാരുടെ പ്രതിഷേധത്തിന് പുല്ലുവില

മൂക്കുന്നിമല അന്വേഷണം അട്ടിമറിച്ചു; ക്വാറി പൂട്ടണമെന്ന വിജിലൻസ് റിപ്പോർട്ട് തുണച്ചത് മാഫിയയെ തന്നെ; ജില്ലാ കളക്ടർ നടപടി വൈകിപ്പിക്കുമ്പോൾ പാറമട ഉടമകൾക്ക് കൊയ്ത്തുകാലം; നാട്ടുകാരുടെ പ്രതിഷേധത്തിന് പുല്ലുവില

തിരുവനന്തപുരം: മൂക്കുന്നിമലയിലെ അനധികൃത ക്വാറികൾക്ക് എതിരായ വിജിലൻസ് അന്വേഷണം നിലച്ചു. ക്വാറികൾ പൂട്ടണമെന്ന റിപ്പോർട്ടിൽ ജില്ലാ കളക്ടർ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ഇത്. ഇതോടെ യഥേഷ്ടം പ്രവർത്തിക്കാൻ ക്വാറികൾക്കും അവസരമൊരുങ്ങി. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് മൂക്കുന്നിമല സംരക്ഷണ സമിതി. വിജിലൻസ് പരിശോധന കാര്യക്ഷമമാക്കാൻ സഹായം നൽകണമെന്ന ആവശ്യവുമായി 19 ന് കളക്ടറേറ്റിലേക്ക് സമര സമിതി മാർച്ചു നടത്തും.

മൂക്കുന്നിമലയെ തകർക്കുന്നത് അനധികൃത ക്വാറികളാണെന്ന് വിജിലൻസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. എല്ലാ ക്വാറിയും പൂട്ടണമെന്ന് വിജിലൻസ് റിപ്പോർട്ടും നൽകി. പൊലീസിന്റെ മറ്റൊരു അന്വേഷണ വിഭാഗമാണ് വിജിലൻസ്. അതുകൊണ്ട് തന്നെ എസ്‌പിയുടെ നേതൃത്വത്തിൽ വിജിലൻസ് നടത്തുന്ന പരിശോധനയ്ക്ക് തിരുവനന്തപുരത്തെ പൊലീസ് സേന ഒന്നടങ്കം പിന്തുണ നൽകേണ്ടതുമാണ്. എന്നിട്ടും അതൊന്നും സംഭവിക്കുന്നില്ല. വിജിലൻസ് അന്വേഷണത്തിന് എല്ലാം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘമാത്രമേ ഉള്ളൂ. അവരും ഇതിൽപ്പെട്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ക്വാറികൾ പൂട്ടിയാലേ പരിശോധന നടത്താനാകൂ എന്ന് വിജിലൻസ് കളക്ടറെ അറിയിച്ചത്.

നിതിമാനായ കളക്ടറെന്ന് പേരെടുത്ത വ്യക്തിയാണ് ബിജു പ്രഭാകർ. അതുകൊണ്ട് തന്നെ വിജിലൻസിന്റെ നിർദ്ദേശം ഉടൻ അംഗീകരിക്കുമെന്നും കരുതി. പക്ഷേ ബിജു പ്രഭാകറെന്ന തിരുവനന്തപുരം ജില്ലാ കളക്ടർക്ക് പോലും ക്വാറികൾ പൂട്ടാൻ കഴിയുന്നില്ല. അത്രയും സ്വാധീനത്തിന് ഉടമകളാണ് മൂക്കുന്നിമലയിലെ ക്വാറി മാഫിയ എന്നാണ് മൂക്കുന്നിമലയിലെ സമര സമിതി പറയുന്നത്. എന്നാൽ അന്വേഷണം അട്ടിമറിക്കാനുള്ള ഉന്നത പൊലീസ് ഉദ്യാഗസ്ഥരുടെ ഗൂഡാലോചനയാണ് മൂക്കുന്നിമലയിലെ സംഭവമെന്നും ആക്ഷേപമുണ്ട്. ക്വാറികൾ പൂട്ടിയില്ലെങ്കിലും പൊലീസിനെ ഉപോയോഗിച്ച് പരിശോധന നടത്താവുന്നതേ ഉള്ളൂ. ഇതിന് വിജിലൻസ് തയ്യാറാകാത്തതും വിമർശനത്തിന് ഇടനൽകുന്നു.

കളക്ടർക്ക് ക്വാറികൾ പൂട്ടണമെന്ന റിപ്പോർട്ട് നൽകിയ ശേഷം വിജിലൻസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമില്ല. അതുകൊണ്ട് തന്നെ പാറ ഖനനം സുഗമമായി. ഈ വിഷയത്തിൽ തീരുമാനമാകും വരെ രാവും പകലും പാറകൾ കൊണ്ട് പോവുകയാണ് മാഫിയ. പത്തനംതിട്ടയിൽ എസ് പിയായിരുന്ന രാഹുൽ ആർ നായർ അഴിമതിക്കേസിൽ സസ്‌പെൻഷനിലായി. രഹസ്യന്വേഷണ വിഭാഗത്തിന്റേയും വിജിലൻസിന്റേയും റിപ്പോർട്ടിന്മേൽ സസ്‌പെൻഷനിലുമായി. രാഹുൽക്കേസിൽ ഉയർന്നുക്കേട്ട ക്വാറി ഉടമകൾ തന്നെയാണ് മൂക്കുന്നിമലയേയും വാഴുന്നത്. അതുകൊണ്ട് തന്നെ ചതിക്കുഴികൾ മുന്നിൽ കണ്ട് കരുതലോടെ മാത്രമേ ഉദ്യോഗസ്ഥർക്ക് നീങ്ങാനുമാകുന്നുള്ളൂ. ഈ സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് മൂക്കുന്നിമല സംരക്ഷണ സമിതിയുടെ തീരുമാനം. തിരുവനന്തപുരം നഗരപ്രാന്തത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന സാമാന്യം ഉയരത്തിലുള്ള ചെറിയ കുന്നാണ് മൂക്കുന്നിമല. ഇതിനെ നശിപ്പിക്കാനുള്ള നീക്കത്തിനാണ് ഭരണകൂടം രഹസ്യ പിന്തുണ നൽകുന്നത്.

വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് അവരുടെ തീരുമാനം. രാഷ്ട്രീയക്കാരെ മാറ്റിനിർത്തിയാണ് തദ്ദേശവാസികൾ സമരവുമായി മുന്നോട്ട് പോകുന്നത്. നേതാക്കൾക്കെല്ലാം ജീവന് ഭീഷണിയുമുണ്ട്. അതിനൊപ്പം വലിയ സാമ്പത്തിക ബാധ്യതയാണ് സമരസമിതി നേരിടുന്നത്. ഗ്രീൻ ട്രൈബൂണൽ ഉൾപ്പെടെ വിവിധകോടതികളിൽ കേസുകൾ നിലനിൽക്കുന്നു. കൂടാതെ സമാധാന സമരം നടത്തുന്നവരെ കള്ളക്കേസിൽ കുടുക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. തീവ്രവാദികളുമായി ബന്ധമുണ്ടെന്നു വരെ ആക്ഷേപം ഉയർത്തി. എന്നാൽ ഇച്ഛാശക്തി കൈമുതലായ ഒരു ജനത അതിജീവനത്തിനായി നടത്തുന്ന സമരം വിജയം കാണുമെന്ന പ്രത്യാശയാണ് അവർക്കുള്ളത്. മലക്കുഴിയായി മാറുമ്പോൾ സർക്കാർ ഇടപെടൽ ആരംഭിക്കും. പക്ഷേ അപ്പോഴും ഈ വലിയ മല മുഴുവൻ കുഴിയായി തീരുമോ എന്നാണ് കണ്ടറിയേണ്ടതെന്ന് സമരസമിതി നേതാക്കൾ പറയുന്നു.

എല്ലാ ക്വാറികളും വിജിലൻസിലെ രു എസ്‌പി.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൂട്ടിക്കാൻ കഴിയില്ലെന്നാണ് ജില്ലാ കളക്ടറുടെ അഭിപ്രായം സർക്കാരോ, വിജിലൻസ് ഡയറക്ടറോ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ മുഴുവൻ ക്വാറികൾ അടച്ചുപൂട്ടുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ സർക്കാർ അതിനുള്ള ആർജവം കാണിക്കുകയില്ല. അനധികൃത ക്വാറികൾ അടച്ചുപൂട്ടുന്നതിന് എന്തിനാണ് സർക്കാരിന്റെ അനുവാദം എന്ന ചോദ്യവും ബാക്കി. അനധികൃതക്വാറി പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന് കാണിച്ച് സർക്കാരിന് രേഖാമൂലം കളക്ടറോട് ആവശ്യപ്പെടാൻ കഴിയുമോ എന്ന ചോദ്യത്തിനും ഉത്തരമില്ല. പിന്നെയെന്തിനാണ് സർക്കാരിന്റെ ആവശ്യപ്പെടലിനായി ഇത്തരം നിയമവിരുദ്ധ പ്രവർത്തന്തിന് ജില്ലാ കളക്ടർ കൂടി കൂട്ടുനിൽക്കുന്നതെന്നാണ് വിമർശനം.

മൂക്കുന്നിമലയിൽ പ്രവർത്തിക്കുന്ന 64 ക്വാറികളിൽ 5 എണ്ണത്തിനു മാത്രമേ പ്രവർത്തനാനുമതിയുള്ളു. അതായത് 59 എണ്ണം അനധികൃതമായാണ് പ്രവർത്തിക്കുന്നത്. ഈ ക്വാറികളുടെ ഉടമസ്ഥരെ കേരളത്തിനാകെ ഭയമാണ്. ഏറ്റവും കൂടുതൽ ക്വാറികൾ കണ്ണന്താനം ആൻഡ് കമ്പനിയുടെ സതേൺ ഗ്രാനൈറ്റ് ആൻഡ് ഇൻഡസ്ട്രിയും മെട്രോ ഗ്രാനൈറ്റ് ആൻഡ് ഇൻഡസ്ട്രീസിനും ആണ്. മധ്യതിരുവിതാംകൂർ കേന്ദ്രീകരിച്ചുള്ള ഈ കമ്പനികളും രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനം പ്രസിദ്ധമാണ്. അവരുടെ ഇംഗിതത്തിന വഴങ്ങാത്ത രാഷ്ട്രീയ നേതൃത്വം കേരളത്തിൽ ഇല്ലായെന്നുതന്നെ പറയാം. മറ്റു കമ്പനികളും അത്ര ചെറുതല്ലാത്ത സ്വാധീനം ഉള്ളവതന്നെയാണ്. പത്തനംതിട്ട എസ്‌പിക്ക് എതിരെ കൈക്കൂലി പരാതി നൽകിയതും ഇതേ ഗ്രൂപ്പിനോട് ചേർന്ന വ്യക്തിയാണ്.

1960 - ലെ സ്‌പെഷ്യൽ ലാന്റ് അസെസ്‌മെന്റ് ആക്ട് പ്രകാരം കൃഷിചെയ്യാൻ വേണ്ടി മാത്രം 80 കുടുംബങ്ങൾക്ക്് പതിച്ചുനൽകിയ ഭൂമിയാണ് മൂക്കുന്നിമലയിൽ അനധികൃതമായി ക്വാറി മാഫിയ കൈയടക്കിയത്. കൃഷിക്കല്ലാതെ പ്രസ്തുത ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ പാടില്ലായെന്ന് പ്രത്യേകം നിഷ്‌കർഷിച്ചിട്ടുണ്ട്. മറിച്ചായാൽ ഈ ഭൂമി സർക്കാരിന് തന്നെ തിരിച്ചെടുക്കാൻ വ്യവസ്ഥയുണ്ട്. 1980 ലാണ് ചെറിയ തോതിൽ പാറഖനനം ഇവിടെ ആരംഭിച്ചത്. 2002 - ഓടുകൂടി യന്ത്രവൽകൃതഖനനം ആരംഭിക്കാൻ തുടങ്ങി. 2007 - ൽ 2 ഏക്കറിൽ തുടങ്ങിയ കണ്ണന്താനം ഗ്രൂപ്പിന്റെ ഖനനം ഇപ്പോൾ 30 ഏക്കറിൽ വ്യാപിച്ചിരിക്കുന്നു. 2005 - ൽ 100 ഏക്കർ ഭൂമിയിൽ പാറഖനനം ആരംഭിച്ച മെട്രോ ഗ്രാനൈറ്റിന്റെ ഇപ്പോഴത്തെ ആസ്തി 250 ഏക്കർ ആണെന്ന് മൂക്കുന്നിമല സമര സമിതി പറയുന്നു.

ഒരു ദിവസം ഈ മേഖലയിൽ നിന്ന് ഏകദേശം 2000 ലോഡാണ് പോകുന്നതെന്നാണ് സമരസമിതിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ലോഡിന് 6000 രൂപ വച്ചായാൽ തന്നെ ദിനംപ്രതി ഏകദേശം 1 കോടി 20 ലക്ഷത്തിന്റെ പ്രകൃതി വിഭവമാണ് അന്യായമായും നിയമവിരുദ്ധമായും കൊണ്ടുപോകുന്നത്. ഇതിൽ ഒരു ലക്ഷത്തിനുതാഴെ മാത്രമാണ് സർക്കാരിന് ലൈസൻസ് ഫീസ് ഇനത്തിൽ ലഭിക്കുന്നത്. പള്ളിച്ചൽ പഞ്ചായത്തിലെ 1, 2, 20, 23 വാർഡുകളിലാണ് ഈ അനധികൃത പാറഖനനം നടക്കുന്നത്.

ഈ പ്രദേശത്തെ ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയായതുമുതലാണ് ജനങ്ങൾ ഇതിനെതിരെ തിരിഞ്ഞു തുടങ്ങിയത്. ആദ്യകാലങ്ങളിലുണ്ടായ ചെറിയ ചെറിയ പ്രതിഷേധത്തെ രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനത്താലും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ഒതുക്കിത്തീർക്കുകയാണ് പതിവ്. എന്നാൽ നിവൃത്തിയില്ലാത്ത പ്രാദേശികവാസികൾ 2014 ജനിവരി 26 ന് ഒത്തുകൂടി സംഘടിത സമരം ആരംഭിക്കാൻ തീരുമാനിച്ചതോടുകൂടിയാണ് സമരത്തിന്റെ ഗതി മാറിയാത്. രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരെ സമരസമിതിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ നാട്ടുകാർ ഒന്നിച്ച് തീരുമാനവുമെടുത്തു.

സമരത്തിനെ തകർക്കാൻ സംഘടിത ശ്രമ പലരീതിയിലും നടന്നു. എന്നാൽ ജനം ഒറ്റക്കെട്ടായിതന്നെ ഇതിനെ നേരിട്ടു. മുഖ്യധാരാരാഷ്ട്രീയ പാർട്ടികളുടെ നേരിട്ടുള്ള നിയന്ത്രണം ഇല്ലാത്ത ഒരു സമരമായതിനാലാണ് ഇതിന്റെ വിജയം. ജയ്പൂർ യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ ഡോ.കെ.മോഹൻകുമാർ എല്ലാ പിന്തുണയുമായി മുന്നിൽ നിന്നു. അങ്ങനെ രാഷ്ട്രീയക്കാരുടെ അഭാവത്തിലും സമരം ശക്തമായി. പിന്നീട് പ്രാദേശികരായ ജനങ്ങളും ഒപ്പം കൂടി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും എത്തി. ഇതോടെ സമരം കനത്തു. സമരത്തെ പൊളിക്കാൻ കുതന്ത്രങ്ങളുമായി ക്വാറി മാഫിയ എത്തി. പൊലീസും ഭരണകൂടവും അവർക്കൊപ്പമായിരുന്നു. സമരസമിതിയിൽ ഭിന്നതയുണ്ടാക്കാനും ശ്രമിച്ചു. അതൊന്നും ഫലിച്ചില്ല.

ഇപ്പോൾ ക്വാറിമാഫിയ പ്രദേശവാസികളുടെ ഇടയിൽ അരാചകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. യുവാക്കളെ സ്വാധീനിച്ച് മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവ നൽകി അവരെ സമരത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സമരസമിതി ആരോപിക്കുന്നു. രാഷ്ട്രീയ നേതൃത്വത്തെയും ഗുണ്ടകളെയും ഉപയോഗിച്ച് സമരത്തെ നിഷ്‌ക്രിയമാക്കാൻ കഴിയില്ലെന്ന് കണ്ടപ്പോഴാണ് ഇങ്ങനെയൊരു മാർഗ്ഗം ഇവർ സ്വീകരിക്കാൻ തുടങ്ങിയതെന്നും പറയുന്നു. ഇത് മൂക്കുന്നിമല പ്രദേശത്ത് പുതിയ സാമൂഹികാവസ്ഥ ഉണ്ടാക്കുകയാണെന്നതും സമരസമിതിക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP