Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഭാ വിശ്വാസികൾ അരപ്പട്ടിണിയിലെങ്കിലും ബിഷപ്പിന് ആഡംബരകാർ കൂടിയേ തീരൂ..! മുംബൈ ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ തിയോഡോഷ്യസ് സഞ്ചരിക്കുന്നത് ഒന്നേകാൽ കോടിയുടെ ബിഎംഡബ്ല്യു കാറിൽ; മാർത്തോമ്മാ മെത്രാന്റെ ആഡംബര ഭ്രമത്തിനെതിരെ സഭയ്ക്കുള്ളിൽ വിമർശനം ശക്തം

സഭാ വിശ്വാസികൾ അരപ്പട്ടിണിയിലെങ്കിലും ബിഷപ്പിന് ആഡംബരകാർ കൂടിയേ തീരൂ..! മുംബൈ ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ തിയോഡോഷ്യസ് സഞ്ചരിക്കുന്നത് ഒന്നേകാൽ കോടിയുടെ ബിഎംഡബ്ല്യു കാറിൽ; മാർത്തോമ്മാ മെത്രാന്റെ ആഡംബര ഭ്രമത്തിനെതിരെ സഭയ്ക്കുള്ളിൽ വിമർശനം ശക്തം

എം എസ് സനിൽകുമാർ

തിരുവനന്തപുരം: ജീവിതത്തിൽ എളിമ വേണമെന്ന് പഠിപ്പിക്കുന്നതാണ് യേശു ക്രിസ്തുവിന്റെ ജീവിതം. എന്നാൽ, എത്രപേർ ആ പാതയിൽ എളിമയായി ജീവിതം നയിക്കുന്നുണ്ട് എന്ന് ചോദിച്ചാൽ ആർക്കും തന്നെ നെഞ്ചിൽതൊട്ട് ഇക്കാര്യം പറയാൻ സാധിക്കില്ല. കേരളത്തിലെ ക്രിസ്തീയ സഭകളിലെ മെത്രാന്മാരിൽ പലരും ആഡംബര ജീവിതത്തിന്റെ പേരിൽ കടുത്ത വിമർശനം കേട്ടിട്ടുണ്ട്. സമുദായത്തിന്റെ പേരിൽ ലഭിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ ഇക്കൂട്ടർ സഭയക്കാരെയും മറന്ന് അത്യാഡംബരത്തിൽ അഭിരമിക്കുന്നു എന്നതാണ് പൊതുവിലുള്ള ആക്ഷേപം. എന്നാൽ, പൗരോഹിത്യത്തെ വിമർശിച്ചാൽ അത് കടുത്ത അപരാധമെന്ന വിധത്തിൽ കാണുമെന്നതിനാൽ സഭംഗങ്ങൾ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതാണ് പതിവ്. എന്നാൽ ഇപ്പോൾ അത്യാഡംബര കാറിനോടുള്ള ഭ്രമത്തിന്റെ പേരിൽ മാർത്തോമാ സഭയിലെ ബിഷപ്പിനെതിരെ സഭയ്ക്കുള്ളിൽ മുറുമുറിപ്പ് ശക്തമായിരിക്കയാണ്.

മാർത്തോമാ സഭയിലെ മെത്രാന് സഞ്ചരിക്കാൻ ബിഎംഡബ്ല്യൂ കാർ വാങ്ങിയ സംഭവമാണ് സഭയ്ക്കുള്ളിൽ വിവാദമാകുന്നത്. മാർത്തോമാ സഭയിലെ മുംബൈ ഭദ്രാസനം ബിഷപ്പ് ഗീവർഗീസ് മാർ തിയോഡോഷ്യസാണ് സഞ്ചരിക്കാനാനാണ് അത്യാഡംബര കാർ വാങ്ങിയത്. ഒന്നേകാൽ കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു കാർ ആണ് മെത്രാൻ സ്വന്തമാക്കിയത്. സഭയ്ക്കുള്ളിൽ ഇത് വിവാദമായി കഴിഞ്ഞു. അടുത്തകാലം വരെ അമേരിക്കൻ ഭദ്രാസനം ബിഷപ്പായിരുന്നു ഗീവർഗീസ്. അമേരിക്കയിൽ അതിസൗകര്യങ്ങളിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും ആഡംബരം കുറഞ്ഞ കാർ ഉപയോഗിക്കില്ലെന്ന നിലപാട് ബിഷപ്പ് കൈക്കൊണ്ടതാണ് വിവാദത്തിന് ഇടയാക്കിയത്.

സ്ഥലം മാറ്റം ലഭിച്ച് മുംബൈയിൽ എത്തിയപ്പോഴേ ബിഷപ്പ് വിശ്വാസികളോട് തന്റെ ആവശ്യം മുന്നോട്ടു വച്ചു. തനിക്ക് സഞ്ചരിക്കാൻ സാധാരണ കാറൊന്നും പോരാ. എസ് യുവി പറ്റില്ല, സൊഡാൻ പോലത്തെ കാറുകളും മതിയാകില്ല. ഇവിടെ ഉണ്ടായിരുന്നത് മൂന്ന് വർഷം പഴക്കമുള്ള ഇന്നോവാ കാർ വേണ്ടെന്ന് വച്ചാണ് അദ്ദേഹം പുതിയ കാർ ആവശ്യപ്പെട്ടത്. ബിഎംഡബ്ല്യു കാർ തന്നെ വേണമെന്ന നിലപാടിലായിരുന്നു മെത്രാൻ. എന്തായാലും അമേരിക്കയിൽ നിന്നെത്തിയ മെത്രാനെ സഭാ വിശ്വാസികൾ തള്ളിപ്പറഞ്ഞില്ല. ഭയഭക്തി ബഹുമാനങ്ങളോടെ ആഗ്രഹം നിറവേറ്റി നൽകുകയും ചെയ്തു.

ഒരു വിശ്വാസി മെത്രാന് വേണ്ടി ഒന്നേകാൽ കോടി മുടക്കി ബിഎംഡബ്ല്യൂ കാർ വാങ്ങി നൽകി. സമുദായത്തിലെ പ്രമാണി തന്നെയാണ് മെത്രാന് വേണ്ടി പണം മുടക്കിയത്. എന്നാൽ അത്യാഡംബര കാരിൽ മെത്രാൻ സഞ്ചാരം തുടങ്ങിയപ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്. ഇതോടെ വിശ്വാസികൾക്കുള്ളിൽ തന്നെ വിഷയം ചർച്ചയായി. സഭയിൽ നല്ലകാര്യത്തിന് വേണ്ടി പണം ചെലവഴിക്കാതെ കോടികളുടെ കാർ വാങ്ങിയ നടപടിയും ചർച്ചയായി. ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഫേസ്‌ബുക്കിൽ അടക്കം വിഷയം ചർച്ചയായിട്ടുണ്ട്.

അഞ്ച് ലക്ഷത്തോളം വിശ്വാസികളാണ് മാർത്തോമാ സഭയിലുള്ളത്. ഇതിൽ ഭൂരിപക്ഷവും പാവപ്പെട്ടവരുമാണ്. വീടില്ലാത്ത ഒരുപാട് പേർ സഭാ വിശ്വാസികളുണ്ട്. കുട്ടികളെ പഠിപ്പിക്കാൻ മാർഗ്ഗമില്ലാത്തവർ വേറെയുമുണ്ട്. രോഗബാധിതരായി സഹായം അഭ്യർത്ഥിക്കുന്നവരും അനേകമുണ്ട്. ഇങ്ങനെ ദാരിദ്ര്യം നേരിടുന്ന സാധാരണക്കാരുള്ള ഒരു സഭയുടെ ബിഷപ്പാണ് കോടികൾ വിലമതിക്കുന്ന ബിഎംഡബ്ല്യുവിൽ സഞ്ചരിക്കുന്നത് എന്നതാണ് വിമർശന വിധേയമായിരിക്കുന്നത്. യേശുക്രിസ്തുവിന്റെ ജീവിതം എളിമയുള്ളതായിരുന്നു എന്നാണ് ബിഷപ്പുമാർ വിശ്വാസികളെ പറഞ്ഞ് പഠിപ്പിക്കുന്നത്. യേശു കഴുതപ്പുറത്ത് സഞ്ചരിച്ച കാര്യവും ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. ആ യേശുവിന്റെ മഹാത്മ്യം പ്രചരിപ്പിക്കുന്നവരാണ് ആഡംബര കാറുകളിൽ കറങ്ങി നടക്കുന്നത് എന്നാണ് വിശ്വാസികൾ പറയുന്നത്.

കേരളത്തിൽ 250തോളം ബിഷപ്പുമാരാണ് വിവിധ സഭകളിലായി ഉള്ളത്. ഇവരെല്ലാവരും ആഡംബര കാറുകളിലാണ് സഞ്ചരിക്കുന്നത്. മാർത്തോമ സഭയിലെ ബിഷപ്പുമാർ വിവാദത്തിൽ കുടുങ്ങുന്നത് ആദ്യമായിട്ടല്ല. മൂന്ന് വർഷം മുമ്പ് ഇപ്പോഴത്തെ കൊട്ടാരക്കര ഭദ്രാസനാധിപനായ യൂയാക്കിം മാർ കുറിലോസിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നിരുന്നിരുന്നു. ഇതിന് പിന്നിൽ സഭയിലെ ഉന്നതരുമായി ബന്ധപ്പെട്ട തർക്കങ്ങളാണെന്ന വാർത്തകളും പിന്നീട് പുറത്തുവന്നു. ഇതിന്റെ പേരിൽ ബിഷപ്പിനെ ഒരു വർഷം സഭയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു. അടുത്തകാലത്ത് സഭയുടെ ഡൽഹി ഭദ്രാസനാധിപൻ ഒരു ബ്ലേഡ് കമ്പനിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതും വിവാദമായിരുന്നു. പദവിക്ക് നിരക്കാത്ത പലതും മാർത്തോമാ വൈദികൾ ചെയ്തു കൂട്ടുന്നതായാണ് വിശ്വാസികളുടെ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP