Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ടൽകാടുകൾ നശിപ്പിക്കുന്നത് വ്യാപകം; ആഗോളതാപനം മൺറോതുരുത്തിനെ വിഴുങ്ങുന്നു; ഹരിത കൗതുകത്തെ കാർന്നുതിന്നാൻ മണൽമാഫിയകളും സജീവം.

കണ്ടൽകാടുകൾ നശിപ്പിക്കുന്നത് വ്യാപകം; ആഗോളതാപനം മൺറോതുരുത്തിനെ വിഴുങ്ങുന്നു; ഹരിത കൗതുകത്തെ കാർന്നുതിന്നാൻ മണൽമാഫിയകളും സജീവം.

കൊല്ലം: ഭൂമിക്കു മുകളിൽ പ്രകൃതി ഒരുക്കിയ ഹരിത കൗതുകം എന്ന് പരിസ്ഥിതി സ്‌നേഹികൾ ഓമനപ്പേരിട്ടു വിളിക്കുന്ന കൊല്ലത്തെ മൺറോതുരുത്ത് ആഗോളതാപനത്തിൽപ്പെട്ട് നാശത്തിലേക്ക് വഴുതിവീഴുന്നുവെന്ന് പഠനം. തുരുത്തിനെ സംരക്ഷിച്ചുനിർത്തുന്ന കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കുന്നതും മണൽമാഫിയകൾ തുരുത്തിനെ കാർന്നു തിന്നുന്നതുമാണ് നാശത്തിന്റെ പ്രധാനകാരണം.  ആഗോളതാപനത്തിൽ തകർന്നുകൊണ്ടിരിക്കുന്ന മാലദ്വീപിന് മുമ്പേ മൺറോ തുരുത്ത് വിസ്മൃതിയിലാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ ആശങ്ക.

ഉയർന്ന ചൂട് തുരുത്തിലെ ജലപ്പരപ്പുകളുടെ വ്യാപ്തി വർധിക്കുന്നു. ഇതിനാൽ ജലനിരപ്പ് ഉയർന്ന് തുരുത്ത് മുങ്ങുന്നുവെന്നാണ് ഒരു പ്രധാന പഠനം. 2004-ലെ സുനാമി തിരമാലകൾ കൊണ്ടുവന്നു തള്ളിയ ചളിയും മണലും വർഷങ്ങൾക്കുശേഷം ആഴക്കടലിലേക്ക് ഒലിച്ചുപോയതിലൂടെ തുരുത്തിലെ ജലാശയങ്ങളുടെ ആഴം വർധിച്ചു. ഇത് വലിയേറ്റം ശക്തമാക്കി. എക്കലും ചകിരിച്ചോറും നിക്ഷേപിച്ച് നികത്തിയ പ്രദേശങ്ങൾ ജൈവാംശം വിഘടിച്ച് ക്രമേണ കായൽജലം താഴുന്നതായും പഠനങ്ങളിൽ പറയുന്നു. ചെമ്മീൻകൃഷിക്കും മറ്റുമായി ജലാശയങ്ങൾ തോണ്ടിയതിനാൽ ജലത്തിനടിയിലൂടെയുള്ള വായുസഞ്ചാരം കൂടി, ജൈവവിഘടനം വേഗത്തിലായി. ദിവസവും അമ്പതോളം ട്രെയിനുകൾ കടന്നുപോകുന്നതിന്റെ ആഘാതവും ദുർബലപ്രദേശമായ തുരുത്തിന്റെ ക്ഷതം വർധിപ്പിക്കുന്നുണ്ട്.

ഇതിനെല്ലാംപുറമേയാണ് മണൽമാഫിയകളുടെ നിയമവിരുദ്ധപ്രവർത്തനം. കല്ലടയാറ്റിൽനിന്ന് ക്രമാതീതമായി മണൽ വാരുന്നതിലൂടെ, കല്ലടയാറിന്റെ ആഴം വളരെയേറെ വർധിച്ചു. തുരുത്തിലെ ജലം മുഴുവൻ കല്ലടയാറ്റിലേക്ക് ഒലിച്ചുപോകുമ്പോൾ അടിമണ്ണും ആറ്റിലേക്ക് ഒലിച്ചിറങ്ങി. ചതുപ്പുകളുടെ നികത്തലും അശാസ്ത്രീയമായ റോഡ് നിർമ്മാണങ്ങളും സ്ഥിതി കൂടുതൽ രൂക്ഷമാക്കി. ചതുപ്പുപ്രദേശങ്ങളിലെ മണ്ണിനെ ഉറപ്പിച്ചു നിർത്തിയിരുന്ന കണ്ടൽക്കാടുകൾ വൻതോതിൽ നശിപ്പിച്ചുവെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. തുരുത്തിന് ബലമേകുന്ന നൂറുകണക്കിന് ഹെക്ടർ കണ്ടൽ വിവിധ ഭാഗങ്ങളിലായി നശിപ്പിക്കപ്പെട്ടുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവിധ പരിസ്ഥിതിസംഘടനകൾ നടത്തിയ വ്യത്യസ്ത പഠനങ്ങളിലാണ് തുരുത്തിന്റെ ദുരവസ്ഥ വിവരിക്കുന്നത്.

നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടതാണെങ്കിലും കുടിവെള്ളക്ഷാമം വളരെ രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശമാണിവിടം. വില്ലിമംഗലം, പട്ടംതുരുത്ത് എന്നീ വാർഡുകളിലുള്ള രണ്ടു കുഴൽകിണറുകളാണ് പഞ്ചായത്തിലെ നാലിൽ മൂന്നുഭാഗം കുടുംബങ്ങളും കുടിവെള്ളത്തിന് ആശ്രയിക്കുന്നത്. മൺറോത്തുരുത്ത് ഗ്രാമം ഇന്ന് ഒരു ദുരന്തമുഖത്താണ്. അറബിക്കടലിളകിവരുന്ന വേലിയേറ്റങ്ങൾ, അഷ്ടമുടിക്കായൽ വഴി ഇരച്ചുകയറി ഈ ഗ്രാമത്തെ മെല്ലെ മുക്കിത്താഴ്‌ത്തിക്കൊണ്ടിരിക്കുന്നു. കല്ലടയാറിലെ മലവെള്ളപ്പാച്ചിലിൽ വർഷത്തിൽ പലതവണ തുരുത്ത് വെള്ളത്തിൽ മുങ്ങും. കരക്കാറ്റിന്റെ കാലത്ത് വേലിയേറ്റത്തിൽ അഷ്ടമുടിക്കായൽവഴി കടൽവെള്ളവും കരയിലേറും.

പ്രകൃതി ഒരുക്കിയ ഈ അത്ഭുതത്തെ നശിപ്പിക്കുന്ന വില്ലനായി അവതരിച്ചത് മനുഷ്യൻ നിർമ്മിച്ച കല്ലടയാറിലെ അണക്കെട്ടാണ്. അണകെട്ടിയതോടെ എക്കൽവരവ് നാമമാത്രമായി. തുരുത്തിലെ കാർഷികവൃത്തിയും ആവാസവുമെല്ലാം കുഴപ്പത്തിലായി.പിന്നെ വന്ന സുനാമി തുരുത്തിന്റെ തലവര മാറ്റിയെഴുതി. സുനാമിക്കുശേം വർഷത്തിൽ എട്ടുമാസംവരെ വേലിയേറ്റഭീഷണിയുണ്ട്. കയറുന്ന കടൽവെള്ളം പൂർണമായും ഒഴിഞ്ഞുപോകുന്നുമില്ല. ഉപ്പുവെള്ളത്തിൽ കൃഷിയാകെ നശിച്ചു. ഇന്ന് പഞ്ചായത്തിലെ 13 വാർഡിൽ മിക്കതും കടുത്ത വെള്ളപ്പൊക്കഭീഷണിയിലാണ്. മുന്നൂറിലധികം കുടുംബങ്ങൾ തുരുത്ത് ഉപേക്ഷിച്ചുപോയി.

പലരും നിവൃത്തികേടുകൊണ്ട് തുടരുന്നു. ദ്വീപിനെ രക്ഷിക്കാനുള്ള അവസാനവട്ട നീക്കങ്ങളുമായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രംഗത്തുവന്നത് പരിസ്ഥിതിസ്‌നേഹികൾക്ക് ആശ്വാസം പകരുന്നുണ്ട്. രാജ്യസഭാംഗമായ കെ എൻ ബാലഗോപാൽ മൺറോതുരുത്തിന്റെ ദുരിതങ്ങൾ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. കാലാവസ്ഥാവ്യതിയാനത്താൽ നാശോന്മുഖമാകുന്ന തീരദേശങ്ങളുടെ സംരക്ഷണത്തിനായി ലോകബാങ്കിന്റെ സഹായത്തോടെ 'ഇന്റഗ്രേറ്റഡ് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാൻ'നടപ്പാക്കുമെന്നും, അത്തരം പ്രദേശങ്ങളുടെ സമഗ്രസംരക്ഷണത്തിന് വേണ്ട നടപടികൾ എടുക്കുമെന്നും കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ അദ്ദേഹത്തിന് ഉറപ്പ് നൽകി.

സ്ഥലം എംഎൽഎ ആയ കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം മുഖ്യമന്ത്രിയെ കണ്ട് തുരുത്തിന്റെ ദുരന്തമുഖം വിവരിച്ചു. പരിസ്ഥിതിപ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞരടങ്ങിയ സമിതിയെ സർക്കാർ രൂപീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP