Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സബ് കളക്ടറെ വേഗം തെറിപ്പിക്കാൻ ആവില്ലെന്ന് ഉറപ്പായതോടെ ഉദ്യോഗസ്ഥന്മാരെ പേടിപ്പിച്ച് പിൻവലിക്കാൻ മൂന്നാറിലെ സി.പി.എം നേതാക്കൾ; ഭൂമി കൈയേറി വച്ചിരിക്കുന്ന നേതാക്കളും സംഘവും ദേവികുളം താലൂക്ക് ഓഫീസിൽ എത്തി അഴിഞ്ഞാടി; ഉദ്യോഗസ്ഥരുടെ ഹാജർബുക്കിന്റെ ഫോട്ടോ എടുത്ത് ഭീഷണിയും മുഴക്കി മടങ്ങി

സബ് കളക്ടറെ വേഗം തെറിപ്പിക്കാൻ ആവില്ലെന്ന് ഉറപ്പായതോടെ ഉദ്യോഗസ്ഥന്മാരെ പേടിപ്പിച്ച് പിൻവലിക്കാൻ മൂന്നാറിലെ സി.പി.എം നേതാക്കൾ; ഭൂമി കൈയേറി വച്ചിരിക്കുന്ന നേതാക്കളും സംഘവും ദേവികുളം താലൂക്ക് ഓഫീസിൽ എത്തി അഴിഞ്ഞാടി; ഉദ്യോഗസ്ഥരുടെ ഹാജർബുക്കിന്റെ ഫോട്ടോ എടുത്ത് ഭീഷണിയും മുഴക്കി മടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ദേവികുളം: മൂന്നാറിലെ കയ്യേറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ച സബകളക്ടർ ശ്രീ റാം വെങ്കിട്ടറാമിനെ പുറത്താക്കാനുള്ള നീക്കം പൊളിയുമെന്ന് തിരിച്ചറിഞ്ഞതോടെ സി.പി.എം പ്രാദേശിക നേതൃത്വം അങ്കലാപ്പിൽ. നേതാക്കളുടെ ഭൂമി കൈയേറ്റത്തിൽ നടപടി ഉറപ്പായ സാഹചര്യത്തിലാണ് ഇത്. ഇതോടെ ദേവികുളം താലൂക്ക് ഓഫീസിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി രേഖകൾ തട്ടിയെടുക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സി.പി.എം പ്രാദേശിക നേതൃത്വം റവന്യൂ ഓഫീസുകളിൽ കയറി ഹാജർ പുസ്തകമടക്കമുള്ള രേഖകളുടെ ഫോട്ടോ പകർത്തി അരാജകത്വം സൃഷ്ടിച്ചു. ആർഡിഒ ഓഫിസ് ജീവനക്കാർ ഭീതിയുടെ നിഴലിലാലാണ്. പലരും സ്ഥലം മാറ്റത്തിന് ശ്രമം തുടങ്ങി. ദേവികുളം താലൂക്ക് ഓഫീസിലെ മറ്റ് ജീവനക്കാരെ വിരട്ടി സബ് കളക്ടറെ ഒറ്റപ്പെടുത്താനാണ് നീക്കം.

മൂന്നാറിലെ കൈയേറ്റം സംസ്ഥാന ശ്രദ്ധയാകർഷിച്ചതോടെയാണ് സബ് കളക്ടറെ നീക്കാനുള്ള അണിയറ കളികൾ പൊളിഞ്ഞത്. ഇക്കാര്യത്തിൽ സിപിഐയും ഒരുമിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും സിപിഐ നേതൃത്വവും മൂന്നാറിലെ വിഷയത്തിൽ സബ് കളക്ടർക്ക് പിന്തുണ നൽകി. കെട്ടിടങ്ങൾ പൊളിക്കാതെ തന്നെ കൈയേറ്റം പിടിച്ചെടുക്കാനായിരുന്നു തീരുമാനം. സബ് കളക്ടർ സ്വാധീനത്തിന് വഴങ്ങാത്തതിനാൽ ജനപ്രതിനിധികളടക്കമുള്ളവരുടെ വീടും ഭൂമിയും വീണ്ടും സർക്കാരിന്റേതാകുമെന്നും ഉറപ്പായി. ഈ സാഹചര്യത്തിലാണ് ദേവികുളം താലൂക്ക് ഓഫീസിലെ ജീവനക്കാരെ ലക്ഷ്യമിട്ടും ഭീഷണിപ്പെടുത്തിയും കാര്യസാധ്യത്തിന് സി.പി.എം നേതാക്കളെത്തിയത്. ദേവികളും ലോക്കൽ കമ്മറ്റി അംഗങ്ങളാണ് അക്രമം നടത്തിയത്.

മൂന്നാറിലെ കൈയേറ്റം ചർച്ചയാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാറിലുണ്ട്. സി.പി.എം നേതാക്കളുടെ കൈയേറ്റത്തിനിതിരെ അതിശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും മൂന്നാറിലെത്തി. ഇതോടെയാണ് സി.പി.എം അങ്കലാപ്പിലായത്. നിലപാട് മയപ്പെടുത്താത്ത സബ് കളക്ടർക്കെതിരെ പ്രത്യക്ഷ സമരം നടത്തിയും വിനയായി. ഇതോടെയാണ് ദേവികുളത്ത് കൈയാങ്കളി തുടങ്ങിയത്. താലൂക്ക് ഓഫീസിലെ സി.പി.എം നേതാക്കളുടെ രോഷ പ്രകടത്തിൽ പൊലീസ് കേസെടുത്തിട്ടുമില്ല. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവ് ഈ വിഷയത്തിലുണ്ടെന്ന ആരോപണും സജീവമാവുകയാണ്.

മൂന്നാർ ടൗണിലെ പത്തേക്കർ സർക്കാർ ഭൂമി സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവർ കയ്യേറി പാർട്ടി ഗ്രാമമാക്കിയെന്നാണു ആരോപണം. ഇക്കാനഗർ എന്നാണു പാർട്ടി ഗ്രാമം അറിയപ്പെടുന്നത്. പൊതുമരാമത്തു വകുപ്പിന്റെയും വൈദ്യുതി ബോർഡിന്റെയും സ്ഥലമാണു കയ്യേറിയത്. കോടികൾ വിലമതിക്കുന്നതാണ് ഈ ഭൂമി. മുൻ ഏരിയാ സെക്രട്ടറിയാണു കയ്യേറ്റത്തിനു വഴികാട്ടിയത്. പിന്നാലെ ലോക്കൽ സെക്രട്ടറിയും അണികളും സ്ഥലം കയ്യേറി. ഒടുവിൽ സ്ഥലം എംഎൽഎ എസ്.രാജേന്ദ്രനും സർക്കാർ ഭൂമിയുടെ 'അവകാശി'യായി മാറി. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെച്ചൊല്ലി സിപിഎമ്മും സിപിഐയും കൊമ്പുകോർത്തതോടെ വിഷയം വീണ്ടും സജീവമായി. ഇത് സബ് കളക്ടർക്ക് നടപടികളുമായി മുന്നോട്ട് പോകാനും സാഹചര്യമൊരുക്കി.

നാലുകാലിൽ മടങ്ങൽ വെല്ലുവിളി അണികൾ ഏറ്റെടുത്തോ?

ഇതിനിടെ സബ് കള്കടറെ ഭീഷണിപ്പെടുത്തി എംഎൽഎ എസ് രാജേന്ദ്രനും രംഗത്തുവന്നു. മൂന്നാറിൽ ഭൂമി കയ്യേറ്റക്കാരായ രാഷ്ട്രീയക്കാർക്കെതിരെ ഉൾപ്പെടെ ശക്തമായ നടപടികളുമായി ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നീങ്ങുന്നതോടെ അയാൾ നാലുകാലിലാകും മൂന്നാറിൽ നിന്ന് മടങ്ങുകയെന്ന ഭീഷണിയുമായി സി.പി.എം എംഎൽഎ എസ് രാജേന്ദ്രൻ രംഗത്തെത്തിയത് വലിയ ചർച്ചയായി മാറുന്നു. ഇതിനിടെയാണ് ദേവികുളം താലൂക്ക് ഓഫീസിലെ സി.പി.എം കൈയാങ്കളി. ഇത് എംഎൽഎയുടെ ഭീഷണിയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണെന്ന് സൂചനയുണ്ട്. പൊലീസും നിഷ്‌ക്രിയരാകുമ്പോൾ സി.പി.എം ഇംഗിതത്തിന് ഓഫീസിലെ ജീവനക്കാർ എല്ലാം വഴങ്ങും ഇതോടെ സബ് കളക്ടർ ഒറ്റപ്പെടുമെന്നാണ് വിലയിരുത്തൽ.

രാജേന്ദ്രൻ എംഎൽഎ നിലവിൽ താമസിക്കുന്നത് സുഹൃത്തിന്റേത് എന്ന് അവകാശപ്പെടുന്ന രേഖകളില്ലാത്ത സർക്കാർഭൂമിയിൽ പണിത വീട്ടിലാണ് (സർവേ നമ്പർ 922) എംഎൽഎ സ്വന്തം വീടുനിർമ്മാണം ആരംഭിച്ചിട്ടുള്ളത് സർക്കാർഭൂമി കയ്യേറിയാണെന്ന ആരോപണമാണ് കൂടെ ഉയർന്നിട്ടുള്ളത് (സർവേ നമ്പർ 912). ഇദ്ദേഹം രവീന്ദ്രൻപട്ടയം സമ്പാദിച്ചു കൈക്കലാക്കിയ ഭൂമി (സർവേ നമ്പർ 843) കെഎസ്ഇബി വകയാണെന്ന വിവരങ്ങളും പുറത്തുവരുന്നു. കൂടാതെ ഇടമലക്കുടി ഏലകൃഷിപ്രോത്സാഹന പദ്ധതിയുമായിബന്ധപ്പെട്ട് ഒന്നരക്കോടിരൂപയുടെ അഴിമതി ആരോപണം കേസായി എംഎൽഎയ്ക്കെതിരെ നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

മൂന്നാർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിനു മുന്നിലെ സർക്കാർ ഭൂമിയാണ് പാർട്ടിക്കാർ കയ്യേറി പാർട്ടിഗ്രാമമാക്കി മാറ്റിയത്. മുൻ ഏരിയാ സെക്രട്ടറിയാണ് സർക്കാർ ഭൂമി വളച്ചുകെട്ടി കയ്യേറ്റത്തിന് വഴികാട്ടിയത്. പിന്നാലെ ലോക്കൽ സെക്രട്ടറിയും അണികളും ഒടുവിൽ എംഎൽഎയും സർക്കാർ ഭൂമിയുടെ അവകാശികളായി. ഇവിടെ സുഹൃത്തിന്റെ ഭൂമിയിലാണ് വീടുവച്ചതെന്നാണ് എംഎൽഎയുടെ വാദം. ഇടുക്കി എംപി ജോയ്സ് ജോർജിനും കുടുംബങ്ങൾക്കും എസ് രാജേന്ദ്രൻ എംഎൽഎയ്ക്കുമെതിരെപ്പോലും ശക്തമായ നടപടിയുമായാണ് ശ്രീറാം നീങ്ങിയത്.

അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ദേവികുളം സബ് കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടാണ് കർഷക സംഘം മൂന്നാഴ്ചയായി ആർഡിഒ ഓഫീസിന് മുന്നിൽ സമരം നടത്തുന്നത്. നിയമം ലംഘിച്ചാണ് ഇവിടെ മൈക്ക് ഉപയോഗിച്ചുള്ള സമരം. വാഹനത്തിൽ മൈക്ക് ഉപയോഗിക്കാൻ മാത്രമെ അനുമതിയുള്ളൂ എന്നിരിക്കെ പൊതുയോഗ സ്ഥലത്തും മൈക്ക് ഉപയോഗിക്കുകയാണ്. നിയമലംഘനത്തിന് പൊലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണ്. സമരം മുന്നോട്ടുപോകുമ്പോഴും റവന്യൂവകുപ്പ് സമരത്തിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

മൂന്നാർ ഇക്കാ നഗറിൽ സി.പി.എം എംഎൽഎയുടെ വീട് പോലും കയ്യേറ്റഭൂമിയിലാണ് എന്ന വസ്തുത സി.പി.എം സംസ്ഥാന ഘടകത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. സി.പി.എം സ്ഥലം മാറ്റണമെന്നാവശ്യപ്പെടുന്ന ദേവികുളം സബ് കളക്ടറെ സംരക്ഷിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി തന്നെ പറഞ്ഞതോടെ സമരത്തിന്റെ പ്രസക്തി ഇല്ലാതായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP