Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമർശനങ്ങൾ കടുത്തപ്പോൾ മുഖ്യമന്ത്രിക്ക് വീണ്ടുവിചാരം; മൂന്നാറിലെ കയ്യേറ്റക്കാരുടെ തരംതിരിച്ചുള്ള പട്ടിക തയ്യാറാക്കാൻ നിർദ്ദേശം; മത നേതൃത്വങ്ങൾ ഉൾപ്പെട്ട സർവകക്ഷി യോഗത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുമെന്ന് സൂചന; വിവാദങ്ങൾക്ക ഒടുവിൽ പിണറായി ടച്ചിൽ മൂന്നാർ പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിന് സാധ്യത

വിമർശനങ്ങൾ കടുത്തപ്പോൾ മുഖ്യമന്ത്രിക്ക് വീണ്ടുവിചാരം; മൂന്നാറിലെ കയ്യേറ്റക്കാരുടെ തരംതിരിച്ചുള്ള പട്ടിക തയ്യാറാക്കാൻ നിർദ്ദേശം; മത നേതൃത്വങ്ങൾ ഉൾപ്പെട്ട സർവകക്ഷി യോഗത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുമെന്ന് സൂചന; വിവാദങ്ങൾക്ക ഒടുവിൽ പിണറായി ടച്ചിൽ മൂന്നാർ പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിന് സാധ്യത

തിരുവനന്തപുരം: അഴിമതിക്കെതിരെ മുദ്രാവാക്യം ഉയർത്തിയാണ് പിണറായി സർക്കാർ അധികാരത്തിൽ വന്നത്. ഇപ്പോൾ മൂന്നാർ വിഷയത്തിൽ പക്ഷേ കയ്യേറ്റങ്ങൾക്കെതിരായ നിലപാടുകളിൽ വീഴ്ചവന്നു എന്ന ആക്ഷേപം ശക്തമാകുന്നതിന് പിന്നാലെ അത് തിരുത്താൻ ഒരുങ്ങുകയാണ് സർക്കാരും സിപിഎമ്മും.

വിമർശനങ്ങൾ കടുത്തതോടെ മുഖ്യമന്ത്രിയും നിലപാട് മാറ്റി കയ്യേറ്റക്കാർക്കെതിരെ നിലപാട് കടുപ്പിക്കുന്നു. ഒരാഴ്ചയ്ക്കിടെ സർവകക്ഷിയോഗം വിളിച്ചിരിക്കുകയാണ് സർക്കാർ. മത മേലധ്യക്ഷന്മാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിൽ കയ്യേറ്റക്കാർക്കെതിരെ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ഉറച്ച നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമെന്നാണ് അറിയുന്നത്. ഇതോടെ എല്ലാ എതിർപ്പുകളും അടങ്ങുമെന്നും സിപിഎമ്മും കണക്കുകൂട്ടുന്നു. മാത്രമല്ല ഇത് വലിയ പ്രയോജനം ചെയ്യുമെന്നും വിലയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്.

ഇതോടെ മൂന്നാറിൽ കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സർക്കാർ തുടങ്ങിയേക്കുമെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്നാറിലെ ഭൂവിനിയോഗത്തെ സംബന്ധിച്ച് വിശദമായ റിപോർട്ട് നൽകാൻ റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ാെ. 7നു ചേരുന്ന സർവകക്ഷി യോഗത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ നീക്കം. മൂന്നാറിലെ ഭൂവിനിയോഗവും കൈയേറ്റവും സംബന്ധിച്ച് വിശദമായ റിപോർട്ട് തയ്യാറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നിർദ്ദേശം നൽകി.

മൂന്നാർ വിഷയത്തിൽ സർക്കാർ തലത്തിലും മുന്നണിക്കുള്ളിലും തർക്കങ്ങൾ രൂക്ഷമാണ്. റവന്യൂ വകുപ്പിന്റെ കൈയേറ്റമൊഴിപ്പിക്കലിന് മുഖ്യമന്ത്രിയുടെ പിന്തുണയില്ലെന്ന വിമർശനം ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഇടപെടലെന്നതും ശ്രദ്ധേയമാണ്. കൈയേറ്റങ്ങളുടെ വിവരങ്ങൾക്കൊപ്പം വീടുകൾ ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ, ഉടമസ്ഥാവകാശം, നിർമ്മാണത്തിന്റെ വിസ്തൃതി, കരം സ്വീകരിക്കുന്ന ഭൂമി തുടങ്ങിയ സമഗ്ര വിവരങ്ങൾ ശേഖരിക്കണം.

എത്ര വർഷമായി ഭൂമി കൈയേറിയിട്ടെന്നും നിർമ്മിച്ച കെട്ടിടങ്ങളുടെ പൂർണവിവരങ്ങളും നൽകാൻ നിർദേശമുണ്ട്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നതിന് ആരും തടസ്സം നിൽക്കരുതെന്ന വാദം സർക്കാർ ഉന്നയിക്കും. സർവകക്ഷി യോഗത്തിൽ ഇതിനെ എതിർക്കാനും ആർക്കുമാവില്ലെന്നാണ് വിലയിരുത്തൽ.

ചെറുകിട-വൻകിട കൈയേറ്റങ്ങൾ തരംതിരിച്ചാവണം റിപോർട്ട് നൽകേണ്ടത്. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലിനെതിരേ സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടുന്നുവെന്ന വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. സർവകക്ഷിയോഗം ചേരുന്ന 7നു മുമ്പ് റിപോർട്ട് നൽകാൻ റവന്യൂ മന്ത്രി ഇടുക്കി കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ നിർദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥർ വൻകിട കൈയേറ്റക്കാരുടെ അന്തിമ റിപോർട്ട് തയ്യാറാക്കുകയാണ്.

വൻകിട കൈയേറ്റക്കാരുടെ പ്രാഥമിക പട്ടികയിൽ വൈദ്യുതിമന്ത്രി എം എം മണിയുടെ സഹോദരൻ ലംബോദരനും സ്പിരിറ്റ് ഇൻ ജീസസും ഉൾപ്പെട്ടതായാണു വിവരം. ഇവർക്കെതിരെ തന്നെ നടപടി വരുന്നതോടെ എല്ലാ എതിർവാദങ്ങളുടേയും വായടയ്ക്കാനാകുമെന്നാണ് സർക്കാരും സിപിഎമ്മും വിലയിരുത്തുന്നത്. മാത്രമല്ല, ഇപ്പോൾ കയ്യേറ്റമൊഴിപ്പിക്കലിന് ഉദ്യോഗസ്ഥർക്കും അതിന് പിന്നാലെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐക്കും ആണ് കയ്യടി കിട്ടുന്നത്. സർക്കാർ ഇതിനെതിരെ ആണെന്ന ധാരണയും ശക്തമായി പ്രചരിപ്പിക്കപ്പെടുന്നു. ഇതിന് മാറ്റമുണ്ടാക്കാൻ തന്നെയാണ് പിണറായി ശക്തമായി നീങ്ങാൻ ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്.

ചിന്നക്കനാലിൽ ലംബോദരൻ 240 ഏക്കറും പാപ്പാത്തിച്ചോലയിൽ സ്പിരിറ്റ് ഇൻ ജീസസ് 300 ഏക്കറും സി.പി.എം ശാന്തൻപാറ ഏരിയാ കമ്മിറ്റിയംഗം 17 ഏക്കറും കൈയേറിയെന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ റിപോർട്ടിലുണ്ടെന്നാണു സൂചന. ചിന്നക്കനാൽ, ആനവിരട്ടി, കെഡിഎച്ച്, ബൈസൺവാലി എന്നിവിടങ്ങിലെ കൈയേറ്റങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോർട്ടുകൾ ചേർത്ത് അടുത്ത ദിവസം ഇടുക്കി കലക്ടർ വൻകിടക്കാരുടെ അന്തിമ പട്ടിക സർക്കാരിനു നൽകും. വൻകിട, ചെറുകിട കൈയേറ്റക്കാരെക്കുറിച്ചുള്ള റിപോർട്ടിന്മേൽ സർവകക്ഷിയോഗം ചർച്ചചെയ്ത് തുടർനടപടിയെടുക്കും.

സി.പി.എം നേതാക്കൾ ഉൾപ്പെട്ട കൈയേറ്റങ്ങളിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് ശ്രദ്ധേയം. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെ ചൊല്ലി സി.പി.എം-സിപിഐ പോര് രൂക്ഷമാണ്. എം എം മണിയോടും മറ്റു പാർട്ടിക്കാരോടും ആലോചിച്ചുള്ള ഒഴിപ്പിക്കലെന്ന മുഖ്യമന്ത്രിയുടെ മുൻ നിലപാട് സിപിഐ തള്ളിയിരുന്നു.

വൻകിട കൈയേറ്റങ്ങളുടെ പട്ടിക തയ്യാറാക്കാൻ റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മെയ് ഏഴിന് തിരുവനന്തപുരത്ത് ചേരുന്ന സർവകക്ഷി യോഗത്തിലേക്ക് രാഷ്ട്രീയ പ്രതിനിധികൾക്കൊപ്പം പരിസ്ഥിതിപ്രവർത്തകരെയും മാധ്യമപ്രതിനിധികളെയും ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പാപ്പാത്തിച്ചോലയിൽ കുരിശ് പൊളിച്ചത് വിവാദമായ സാഹചര്യത്തിൽ മതമേലധ്യക്ഷന്മാരെക്കൂടി യോഗത്തിലേക്കു ക്ഷണിക്കും. ഇവരുടെ കൂടി അനുമതി യോഗത്തിലുണ്ടാക്കി ആ സമവായത്തിന്റെ പശ്ചാത്തലത്തിൽ കയ്യേറ്റമൊഴിപ്പിക്കൽ ശക്തമായ നടത്താനാണ് സർക്കാർ തീരുമാനം ഉണ്ടാവുക. ഇതോടെ വിമർശകരുടെ വായടയ്ക്കാനാകുമെന്നും സർക്കാരിന്റെ പ്രതിച്ഛായ കൂട്ടാനാകുമെന്നും ആണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP