Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിനോദ സഞ്ചാരികൾക്ക് കേരളം കാഴ്‌ച്ച വെയ്ക്കുന്ന ഈ അദ്ഭുതം ഇല്ലാതാകുമോ? സഞ്ചാരികളുടെ ബാഹുല്യവും അവർ പുറന്തള്ളുന്ന മാലിന്യകൂമ്പാരവും നീലക്കുറിഞ്ഞി വസന്തത്തെയും അപകടത്തിലാക്കുന്നു; കുടിവെള്ളത്തിനായി കുപ്പിവെള്ളം കാശുകൊടുത്തു വാങ്ങേണ്ടി വരുമോ എന്നാശങ്കപ്പെട്ട് മുന്നാർ ജനതയും

വിനോദ സഞ്ചാരികൾക്ക് കേരളം കാഴ്‌ച്ച വെയ്ക്കുന്ന ഈ അദ്ഭുതം ഇല്ലാതാകുമോ? സഞ്ചാരികളുടെ ബാഹുല്യവും അവർ പുറന്തള്ളുന്ന മാലിന്യകൂമ്പാരവും നീലക്കുറിഞ്ഞി വസന്തത്തെയും അപകടത്തിലാക്കുന്നു; കുടിവെള്ളത്തിനായി കുപ്പിവെള്ളം കാശുകൊടുത്തു വാങ്ങേണ്ടി വരുമോ എന്നാശങ്കപ്പെട്ട് മുന്നാർ ജനതയും

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികൾക്കു പന്ത്രണ്ടു വർഷത്തിലൊരിക്കൽ കേരളം കാഴ്‌ച്ച വെയ്ക്കുന്ന അദ്ഭുതമാണ് മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തം. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വിദേശരാജ്യങ്ങളിൽനിന്നും ഒട്ടനവധി സഞ്ചാരികളെയും പ്രകൃതിസ്‌നേഹികളെയും ആകർഷിക്കുന്ന ഈ വർണവിസ്മയം പ്രദേശവാസികൾക്കും ടൂറിസം മേഖലയ്ക്കും സർക്കാരിനും വലിയ വരുമാനവും നേടിക്കൊടുക്കുന്നു. കണക്കുകൾ പ്രകാരം അടുത്ത നീലക്കുറിഞ്ഞി വസന്തത്തിന് ഒരു വർഷം മാത്രമാണ് അവശേഷിക്കുന്നത്. വികസനത്തിനെന്ന പേരിലടക്കം ദുരമൂത്ത് മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകളും താങ്ങാവുന്നതിനപ്പുറം സഞ്ചാരികൾ എത്തിച്ചേരുന്നതും പ്രകൃതിയുടെ അദ്ഭുത പ്രതിഭാസം കേരളത്തിന് നഷ്ടമാക്കുമോയെന്ന ചോദ്യവും ഇതോടൊപ്പം ഉയരുകയാണ്.

2006ലായിരുന്നു ഇതിനുമുമ്പ് നീലക്കുറിഞ്ഞി പൂത്തത്. പന്ത്രണ്ടു വർഷം പൂർത്തിയാകുന്ന 2018ലാണ് അടുത്ത സീസൺ. ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു പ്രദേശത്ത് വ്യാപകമായി പൂത്തു നിൽക്കുമ്പോഴാണ് കണ്ണിനു വിരുന്നാകുന്നത്. മൂന്നാറിനു ചുറ്റുമുള്ള ഹൈറേഞ്ച് മലനിരകളെല്ലാം നീലനിറം പുതയ്ക്കുന്ന അദ്ഭുത കാഴ്ചയാണ് സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുന്നത്.

2006 ലെ സീസണിൽ ഇരവികുളം ദേശീയോദ്യാനത്തിൽ മാത്രം ദിവസേന 3500 സന്ദർശകർ എത്തിയെന്നാണു കണക്ക്. 2018 ലെ സീസണിൽ ഇതിന്റെ പത്തുമടങ്ങ് സഞ്ചാരികളെങ്കിലും എത്തിച്ചേരാൻ സാധ്യതയുണ്ടെന്നു കരുതപ്പെടുന്നു. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ കേരളത്തിനു കൂടുതൽ പ്രാമുഖ്യം ലഭിക്കുന്നതും മലയാളികളുടെ വർധിച്ചുവരുന്ന സെൽഫിപ്രേമവും എല്ലാം സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സോഷ്യൽ മീഡിയയിലെ മലയാളിയുടെ സജീവമായ ഇടപെടൽ മൂന്നാറിലേക്ക് സഞ്ചാരികളെ ഒഴുക്കുമെന്ന കാര്യത്തിൽ സംശയമില്ല. നീലക്കുറിഞ്ഞികൾക്കു മുന്നിൽനിന്നു സെൽഫിയെടുക്കാനായി ധാരാളം പേരായിരിക്കും എത്തുക.

ഇത്രയധികം സഞ്ചാരികളെ താങ്ങാനുള്ള ശേഷി മൂന്നാറിനുണ്ടോയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ബ്രിട്ടീഷ് ഭരണകാലത്ത് തെയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത മൂന്നാറിൽ മേഖലയ്ക്കു മൊത്തം 187 ചതുരശ്ര കിലോമീറ്റർ വലിപ്പമുണ്ട്. പക്ഷേ, വളരെ ചെറിയ ഒരു പട്ടണവും അതിനെചുറ്റിപ്പറ്റിയുള്ള മലനിരകളും ചേർന്നാണ് ടൂറിസം പ്രവർത്തനങ്ങൾ. സഞ്ചാരികളുടെ ബാഹുല്യവും അതോടൊപ്പം അവർ പുറന്തള്ളുന്ന മാലിന്യകൂമ്പാരവും നേരിടാൻ ഇപ്പോഴെങ്കിലും ഒരുക്കം തുടങ്ങേണ്ടിയിരിക്കുന്നു. അല്ലായെങ്കിൽ നീലക്കുറിഞ്ഞിയുടെ വർണവിസ്മയം മാല്യന്യകൂമ്പാരത്തിനുള്ളിൽ കാണേണ്ട ഗതികേടിലാകും വിനോദസഞ്ചാരികളെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മൂന്നാറും നീലക്കുറിഞ്ഞിയുമെല്ലാം ഭാവി തലമുറയ്ക്ക് പറഞ്ഞുകൊടുക്കാനുള്ള അനുഭവകഥകൾ മാത്രമായും മാറും.

സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ബാഗുകളുമൊക്കെ ഇപ്പോൾതന്നെ മൂന്നാറിനെ ഒരു ചവറ്റുകൊട്ടയായി മാറിക്കഴിഞ്ഞെന്ന വിലയിരുത്തലിലാണ് പ്രദേശവാസികൾ. താങ്ങാവുന്നതിലധികം സഞ്ചാരികൾ മൂന്നാറിലേക്കെത്തുന്നതു തന്നെയാണ് മാലിന്യം വർധിക്കാനുള്ള പ്രധാന കാരണം. സഞ്ചാരികൾ തള്ളുന്ന മാലിന്യം മൂന്നാറിന്റെ ഹരിതാഭമായ പ്രകൃതിയെ വലിയതോതിൽ മുറിപ്പെടുത്തുന്നു. ഇരുചക്ര വാഹനങ്ങളും നാലു ചക്ര വാഹനങ്ങളും വലിയ ബസ്സുകളുമെല്ലാം വന്ന് മൂന്നാർ നിറയുകയാണ്. വാഹനങ്ങൾ പാർക് ചെയ്യാനുള്ള സൗകര്യം പോലും ഇവിടെയില്ലെന്നതാണു സത്യം.

വിനോദസഞ്ചാരികൾക്കാവശ്യമായ അടിസ്ഥാനസൗകര്യ വികസനത്തിനെന്ന പേരിൽ കൂണുകൾ പോലെ റിസോർട്ടുകൾ പൊട്ടിമുളയ്ക്കുന്നത് യഥാർത്ഥത്തിൽ മൂന്നാറിനെ വീർപ്പുമുട്ടിക്കുകയാണ് ചെയ്യുന്നത്. അടിമാലിയിൽ നിന്ന് മൂന്നാറിലേക്കുള്ള റോഡും പിന്നെ, ചിന്നക്കനാൽ, സൂര്യനെല്ലി മേഖലകളും, മൂന്നാർ ടൗണും മാത്രം കേന്ദ്രീകരിച്ചാണ് ഈ ഹിൽസ്റ്റേഷന്റെ ടൂറിസം വികസനം. അടിമാലിയിൽനിന്നുള്ള റോഡിനു വീതിയില്ലെങ്കിലും റിസോർട്ടുകൾക്ക് യാതൊരു കുറവുമില്ല. മൂന്നാറിന്റെ വികസനത്തിനെന്നപേരിൽ സർക്കാർ നടത്തുന്ന നിർമ്മാണങ്ങൾ പോലും മലഞ്ചെരിവുകൾ അരിഞ്ഞുമാറ്റി തികച്ചും പ്രകൃതിവിരുദ്ധമായ രീതിയിലാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. മൂന്നു നില കെട്ടിടത്തിനു മുകളിലേക്ക് നിർമ്മാണാനുമതിയില്ലാത്ത സ്ഥലമാണു മൂന്നാർ. എന്നാൽ ഇന്ന് ഇവിടെ എട്ടു നിലക്കെട്ടിടങ്ങൾ വരെ ഉണ്ടെന്നതാണ് യാഥാർത്ഥ്യം.

വൃത്തിയുള്ള ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും പോലും മൂന്നാറിൽ ലഭ്യമല്ലെന്നാണു പ്രദേശവാസികൾ പറയുന്നത്. സഞ്ചാരികൾ കുപ്പിവെള്ളം കൊണ്ടു തൃപ്തിപ്പെടുമെങ്കിലും നാല്പതിനായിരത്തോളം വരുന്ന പ്രദേശവാസികൾ എന്തു ചെയ്യുമെന്ന ചോദ്യം ഉയരുന്നു. സമീപഭാവിയിൽ കുപ്പിവെള്ളം കാശുകൊടുത്തു മേടിക്കേണ്ടിവരുമെന്ന ആശങ്ക ഇപ്പോൾത്തന്നെ മൂന്നാർവാസികളെ ഗ്രസിച്ചുതുടങ്ങിയിരിക്കുന്നു.

മറ്റുപല ഹിൽസ്റ്റേഷനുകളേയും അപേക്ഷിച്ച് തികച്ചും വ്യത്യസ്തമാണ് മൂന്നാർ. മൂന്നാറുകാരെന്നു പറയുന്നവരൊന്നും മൂന്നാറുകാരല്ല. തോട്ടം മേഖലയിൽ പണിയെടുക്കുന്നവർ തമിഴ്‌നാട്ടിൽ നിന്നു വന്ന തൊഴിലാളികളാണ്. റിട്ടയർമെന്റായാൽ കുടുംബത്തിൽ മറ്റാരെങ്കിലും തോട്ടംപണിയിലേക്കിറങ്ങിയില്ലെങ്കിൽ അവർ ലയങ്ങളുപേക്ഷിച്ച് തിരികെപോകേണ്ടിവരും. ഇപ്പോൾ തോട്ടങ്ങളിൽ ബംഗാളിൽ നിന്നും അസമിൽ നിന്നും മറ്റുമുള്ള തൊഴിലാളികൾ പണി തുടങ്ങിക്കഴിഞ്ഞു. മൂന്നാർ കാണാനെത്തുന്നവർ പുറം നാട്ടുകാരാണ്. അവരെ മൂന്നാർ കാണിക്കുന്നതും അവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതും പുറംനാടുകളിൽ നിന്നു വന്നവരാണ്. റിസോർട്ടുകളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്നവരിലും ഏറെയും മറുനാട്ടിൽ നിന്നു വന്നവർ. അതുകൊണ്ടുതന്നെ മൂന്നാറിനെ കാലങ്ങളോളം കാത്തുസംരക്ഷിക്കേണ്ടത് അവരുടെയാരുടേയും ആവശ്യമല്ല.

2018 സീസണിലെ സഞ്ചാരികളുടെ ബാഹുല്യം മുൻകൂട്ടിക്കണ്ട് സർക്കാരും ഇതര ഏജൻസികളും ഇപ്പോൾ തന്നെ മുന്നിട്ടിറങ്ങി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മൂന്നാർവാസികൾ ആവശ്യപ്പെടുന്നു. പരിസ്ഥിതി നാശം, മാലിന്യനിർമ്മാർജനം, കുറുഞ്ഞികൾ പറിക്കുന്നത് തടയൽ, പുൽമേടുകൾ നശിപ്പിക്കൽ എന്നിവക്കെതിരെയുള്ള അവബോധന പരിപാടികളടക്കം കാലേകൂട്ടി ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP