Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൻകിട റിസോർട്ടുകാർക്ക് നോട്ടീസ് നൽകിയ തഹസിൽദാരെ തെറിപ്പിച്ച് റവന്യൂ വകുപ്പ്; മൂന്നാറിലെ റവന്യൂ സ്‌പെഷ്യൽ തഹസിൽദാർ എ ജെ തോമസിനെ തട്ടിയത് നെടുങ്കണ്ടത്തേക്ക്; അവിടെ ഒഴിവുള്ളതുകൊണ്ട് മാറ്റിയെന്ന് വിശദീകരണം; നടപടി സിപിഐയെ കൂട്ടാതെ സിപിഎമ്മിന്റെ സമരസമിതി നാളെ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ

വൻകിട റിസോർട്ടുകാർക്ക് നോട്ടീസ് നൽകിയ തഹസിൽദാരെ തെറിപ്പിച്ച് റവന്യൂ വകുപ്പ്; മൂന്നാറിലെ റവന്യൂ സ്‌പെഷ്യൽ തഹസിൽദാർ എ ജെ തോമസിനെ തട്ടിയത് നെടുങ്കണ്ടത്തേക്ക്; അവിടെ ഒഴിവുള്ളതുകൊണ്ട് മാറ്റിയെന്ന് വിശദീകരണം; നടപടി സിപിഐയെ കൂട്ടാതെ സിപിഎമ്മിന്റെ സമരസമിതി നാളെ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും എതിരെ ശക്തമായി നടപടി സ്വീകരിച്ചുവന്ന റവന്യൂ സ്‌പെഷ്യൽ തഹസിൽദാർക്ക് സ്ഥലംമാറ്റം. കയ്യേറ്റക്കാർക്കും അനധികൃത റിസോർട്ടുകൾക്കും വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യാതിരുന്ന തഹസിൽദാർ എജെ തോമസിനെയാണ് സ്ഥലംമാറ്റിയത്.

നെടുങ്കണ്ടം അഡീഷണൽ തഹസിൽദാർ ആയി സ്ഥലംമാറ്റിയാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. മുന്നാർ വിഷയത്തിൽ റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയും സിപിഎമ്മും രണ്ടുതട്ടിൽ നിന്ന് പരസ്പരം പോർവിളികൾ നടക്കുന്നതിനിടെ പൊടുന്നനെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് വലിയ ചർച്ചയായിരിക്കുകയാണ്.

പ്രദേശത്തെ വമ്പന്മാരുടെ അനധികൃത നിർമ്മാണങ്ങൾക്കും എൻഒസി ഇല്ലാത്ത പ്രവർത്തനങ്ങൾക്കും എതിരെ സബ്കളക്ടറുടെ നിർദേശ പ്രകാരം എജെ തോമസ് നോട്ടീസ് നൽകിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ റവന്യൂവകുപ്പ് നടപടികൾ കർശനമാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ ഈ ഉദ്യോഗസ്ഥനെ നെടുങ്കണ്ടത്തേക്ക് മാറ്റിയിരിക്കുന്നത്.

മാത്രമല്ല, വ്യവസായികൾക്കും റിസോർട്ടുകാർക്കും എതിരെ ഉദ്യോഗസ്ഥർ ആവശ്യമില്ലാതെ നടപടിയെടുക്കുകയാണ് എന്ന് ആരോപിച്ച് നാളെ സിപിഎമ്മിന്റെ നേതൃത്വത്തിൽ മുന്നണിയുണ്ടാക്കി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ സ്ഥലംമാറ്റം ഉണ്ടായിട്ടുള്ളത്. സിപിഐയെ ഒഴിവാക്കി പഴയ മൂന്നാർ സംരക്ഷണസമിതിയെ പുനരുജ്ജീവിപ്പിച്ചാണ് സി.പി.എം തന്നെ സർക്കാരിന് എതിരായ സമരത്തിന് ഇറങ്ങിയിട്ടുള്ളതെന്നതും ചർച്ചയായിട്ടുണ്ട്.

എന്നാൽ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിൽ ഇത്തരത്തിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്നാണ് ജില്ലാ കളക്ടർ നൽകുന്ന വിശദീകരണം. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും നെടുങ്കണ്ടത്ത് ഒഴിവുവന്നതിനാലാണ് സ്ഥലംമാറ്റിയതെന്നുമാണ് ജില്ലാ കളക്ടർ പറയുന്നത്. മൂന്നാറിൽ വമ്പൻ റിസോർട്ടുകൾക്ക് നോട്ടീസ് നൽകിയ ഉദ്യോഗസ്ഥനാണ് എ ജെ തോമസ്. തോമസിന്റെ സ്ഥലംമാറ്റത്തിന് പിന്നിൽ പ്രദേശത്തെ റിസോർട്ട് മാഫിയയുടെ ഇടപെടലാണെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.

കർശനമായി നിയമം നടപ്പാക്കിയിരുന്ന ഉദ്യോഗസ്ഥനെ മാറ്റിയതിൽ സിപിഐക്ക് പ്രതിഷേധമുണ്ടെന്നാണ് സൂചന. എൻഓസി ഇല്ലാതെ കെട്ടിടം നിർമ്മിച്ച റിസോർട്ടുകൾക്കാണ് നോട്ടീസ് നൽകിയത്. വ്യവസായികൾക്ക് അനാവശ്യമായി നോട്ടീസ് നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം റവന്യൂ വകുപ്പിന് എതിരെ സമരരംഗത്ത് ഉള്ളത്. പത്ത് പഞ്ചായത്തുകളിൽ നടത്താൻ ആഹ്വാനം ചെയ്ത ഹർത്താലിൽ നിന്ന് സിപിഐ വിട്ടുനിൽക്കുകയാണ്.

ഇതിനിടെയാണ് റവന്യൂ ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദമാകുകയാണ്. പ്രദേശത്ത് റവന്യൂ നടപടികൾക്ക് എതിരെ സി.പി.എം ആക്ഷേപങ്ങളുമായി എത്തിയതോടെ റവന്യൂ മന്ത്രി ചന്ദ്രശേഖരൻ ഇടുക്കി സന്ദർശിച്ചിരുന്നു. കൊട്ടക്കാമ്പൂരിൽ ജോയ്‌സ് ജോർജിന്റെ കയ്യേറ്റങ്ങൾ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കിയത് വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തഹസിൽദാർക്ക് സ്ഥലംമാറ്റം നൽകിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP