Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുസ്ലിംവേട്ടക്കെതിരെ ലീഗ് നടത്തുന്ന കാമ്പയിൻ സലഫി- വഹാബി ആശയക്കാരെ സംരക്ഷിക്കാൻ മാത്രം; പിന്തുണ നൽകുന്ന കാര്യത്തിൽ സമസ്തയിൽ രണ്ടഭിപ്രായം; ഇപ്പോൾ സംരക്ഷിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് 'ഐഎസ്: ഫാസിസം, സലഫിസം' വിരുദ്ധ കാമ്പയിൻ നടത്തിയതെന്നും ഒരു വിഭാഗത്തിന്റെ ചോദ്യം

മുസ്ലിംവേട്ടക്കെതിരെ ലീഗ് നടത്തുന്ന കാമ്പയിൻ സലഫി- വഹാബി ആശയക്കാരെ സംരക്ഷിക്കാൻ മാത്രം; പിന്തുണ നൽകുന്ന കാര്യത്തിൽ സമസ്തയിൽ രണ്ടഭിപ്രായം; ഇപ്പോൾ സംരക്ഷിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് 'ഐഎസ്: ഫാസിസം, സലഫിസം' വിരുദ്ധ കാമ്പയിൻ നടത്തിയതെന്നും ഒരു വിഭാഗത്തിന്റെ ചോദ്യം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുസ്ലിം വേട്ടക്കെതിരെ മുസ്ലിം ലീഗ് നടത്തുന്ന കാമ്പയിനിംങിനെ ചൊല്ലി സമസ്തയിൽ ഭിന്നത. ലീഗ് ഇപ്പോൾ നടത്തുന്ന റാലിയും കാമ്പയിനും സലഫികളെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും വഹാബി, സലഫി സംഘടനകൾക്കെതിരെ രൂപം കൊണ്ട പ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇതിന് പിന്തുണ നൽകേണ്ടെന്നുമാണ് സമസ്തയിലെ ഒരു വിഭാഗം പണ്ഡിതന്മാരുടെ നിലപാട്. എന്നാൽ മുസ്ലിം സമുദായത്തിൽപ്പെട്ടവരെ വേട്ടയാടുമ്പോൾ ലീഗ് നടത്തുന്ന കാമ്പയിനുകൾക്ക് പിന്തുണ നൽകണമെന്നാണ് ചില സമസ്ത നേതാക്കളുടെ നിലപാട്.

സലഫികളെ സംരക്ഷിക്കാൻ ലീഗ് കാണിക്കുന്ന താൽപര്യത്തിൽ സമസ്തയിലെ പണ്ഡിതന്മാർക്കിടയിൽ കടുത്ത അമർഷമുണ്ടെന്നത് വസ്തുതയാണ്. ലീഗ് കാമ്പയിനിങ് ശക്തിപ്പെടുത്തി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ വിയോജിപ്പ് പരസ്യപ്പെടുത്താനാണ് എതിർപ്പുള്ള സമസ്ത നേതാക്കളുടെ തീരുമാനം. സലഫികളോടുള്ള ലീഗിന്റെ അമിത താൽപര്യത്തിൽ പ്രതിഷേധിച്ച് സമസ്തയുടെ യുവജന, വിദ്യാർത്ഥി സംഘടനകളായ എസ്.വൈ.എസും എസ്.കെ.എസ്.എസ്.എഫും നേരത്തേ സമസ്ത നേതാക്കളോട് അതൃപ്തി അറിയിച്ചിരുന്നു.

മാത്രമല്ല, ഐസിസ് അടക്കമുള്ള ഭീകരവാദ സംഘടനകൾ പിൻപറ്റുന്ന വഹാബീ, സലഫി ആശയത്തിനെതിരെ മൂന്ന് മാസം മുമ്പ് സമസ്ത കാമ്പയിൻ നടത്തിയിരുന്നു. എന്നാൽ അന്ന് ഇ കെ സുന്നികൾ സംഘടിപ്പിച്ച 'ഐഎസ്: ഫാസിസം, സലഫിസം ' കാമ്പയിനിൽ നിന്നും സലഫിസം എന്ന പേര് എടുത്തുകളയണമെന്നാവശ്യപ്പെട്ട് ലീഗ് സമസ്തയുടെ മേൽ പിടിമുറുക്കിയത് ഏറെ വിവാദമായിരുന്നു. ലീഗിന്റെ കടിഞ്ഞാൺ മറികടന്ന് സമസ്ത പ്രസ്തുത കാമ്പയിനുമായി മുന്നോട്ടു പോകുകയായാരുന്നു. ഇതിനെ ചൊല്ലിയുണ്ടായ ഇ കെ സുന്നി ലീഗ് പോര് കെട്ടടങ്ങും മുമ്പാണ് വീണ്ടും ലീഗിന്റെ നിലപാടിൽ സമസ്തക്കുള്ളിൽ അമർഷം പുകയുന്നത്.

സമസ്ത ഇ.കെ വിഭാഗം മുസ്ലിം ലീഗിനൊപ്പം എക്കാലവും കൂടെ നിന്നവരായിരുന്നു. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃനിരയിൽ കാലങ്ങളായി പാണക്കാട് തങ്ങന്മാരും ഉണ്ടായിരുന്നു. അത് ഇന്നും നിലനിർത്തി പോരുന്നുണ്ട്. റാഡിക്കൽ സലഫിസവും ഈ ആശയത്തിൽ നിന്നും തീവ്രവാദ സംഘങ്ങളിലേക്കുള്ള ഒഴുക്കും ചൂണ്ടിക്കാട്ടി സമസ്ത എ പി വിഭാഗം കാലങ്ങളായി പരിപാടികളും കാമ്പയിനുകളും നടത്തി വരുന്നുണ്ട്. അതുകൊണ്ടുതന്നെ എപി സുന്നികളുമായി ലീഗ് എക്കാലവും അകൽച്ച പാലിച്ചു പോരുകയും ചെയ്തു.

മുസ്ലിം ലീഗ് അണികളിൽ തൊണ്ണൂറ് ശതമാനത്തിലധികം സുന്നികളാണെന്നിരിക്കെ സലഫികൾക്കു വേണ്ടി മുസ്ലിം വേട്ടയുണ്ടെന്ന് വരുത്തി തീർക്കുകയാണ് ലീഗ് ചെയ്യുന്നതെന്ന് ചില സമസ്ത നേതാക്കൾ തന്നെ രഹസ്യ സംഭാഷണങ്ങളിൽ തുറന്നടിക്കുന്നു. എന്നാൽ സലഫികൾക്കു വേണ്ടി ലീഗ് ശക്തമായി നിലകൊണ്ടിരിക്കെ ഈ നിലപാട് പരസ്യപ്പെടുത്തുന്നതിൽ പിന്നോട്ടടിച്ചു നിൽക്കുകയാണ് സമസ്ത നേതാക്കൾ.

സലഫി പണ്ഡിതനായവിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായതു മുതലാണ് മുസ്ലിം വേട്ട ആരോപിച്ച് മുസ്ലിം ലീഗ് സാക്കിർ നായിക്കിന് പരസ്യ പിന്തുണ നൽകി രംഗത്തെത്തിയത്. എന്നാൽ സാക്കിർ നായിക്ക് വിഷയത്തിൽ സലഫി ആശയം വച്ചു പുലർത്തുന്ന ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദും അമിതാവേശം കാണിച്ചുവെന്ന് പരക്കെ ആക്ഷേപമുയർന്നു. ഇതിനു പിന്നാലെ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം സാക്കിർ നായിക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷൻ (ഐ.ആർ.എഫ്)എന്ന സംഘടനക്ക് വിലക്കേർപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മതം മാറി ഐസിസിൽ ചേർന്ന മലയാളി ദമ്പതികളടക്കമുള്ളവർക്ക് ഐ.ആർ.എഫുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ തന്നെ നേരത്തെ പരാതിയിൽ പറഞ്ഞിരുന്നു. ഈ കേസുകളിൽ സാക്കിർ നായിക്കിന്റെ വലം കൈയായ എം.എം അക്‌ബറും നിരീക്ഷണത്തിലായിരുന്നു.

എം.എം അക്‌ബറിന്റെ പീസ് സ്‌കൂളിൽ മതസ്പർദ വളർത്തുന്ന പാഠഭാഗങ്ങൾ കണ്ടെത്തി കേസെടുത്ത സാഹചര്യത്തിലായിരുന്നു എം.എം അക്‌ബറിലേക്കും അന്വേഷണം കൂടുതൽ വ്യാപിച്ചത്. സാക്കിർ നായിക്കും എം.എം അക്‌ബറും വിദേശത്ത് ഒളിവിൽ കഴിയുന്നതായാണ് സൂചന. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് ഇവർക്ക് കൂടുതൽ പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ നായിക്ക് വിഷയത്തിൽ പാർട്ടി അമിതാവേശം കാണിച്ചുവെന്ന് ലീഗിനുള്ളിൽ തന്നെ സംസാരമുണ്ട്.

ഈയിടെ ഐക്യപ്പെട്ട മുജാഹിദ് ഇരു വിഭാഗങ്ങളിൽ ഔദ്യോഗികത വിഭാഗത്തിന്റെ നേതാവാണ് എം.എം അക്‌ബർ. ഐസിസ് ആശയം പ്രസംഗിച്ചതിന് യുഎപിഎ ചുമത്തി അന്വേഷണം നേരിടുന്ന ശംസുദ്ദീൻ പാലത്ത് സക്കരിയ സ്വലാഹിയുടെ നേതൃത്വത്തിലുള്ള സലഫി സംഘടനയിലും അന്വേഷണം നേരിടുന്ന മറ്റൊരു സലഫി പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി വിസ്ഡം ഗ്രൂപ്പിലുമാണുള്ളത്. ഈ സംഘടനകൾ ഐക്യപ്പെട്ട മുജാഹിദ് സംഘടനകൾക്ക് പുറത്താണ് ഇപ്പോഴുമുള്ളത്. എന്നാൽ ഈ പ്രഭാഷകർക്കെതിരെയുള്ള അന്വേഷണം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇ.ടിയും കെ പി എ മജീദും രംഗത്തെത്തിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ രണ്ട് തവണ കാണുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്കു കീഴിൽ മുസ്ലിം വേട്ട അവസനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് അഞ്ചിന് റാലി സംഘടിപ്പിക്കുന്നത്. തുടർന്നും കാമ്പയിൻ ശക്തിപ്പെടുത്താനാണ് ലീഗിന്റെ തീരുമാനം. എന്നാൽ കേരളത്തിലെ മത സ്ഥാപനങ്ങളും പ്രഭാഷകരും വേട്ടയാടപ്പെടുന്ന സാഹചര്യമില്ലെന്നും ഈ കാമ്പയിനുകളെല്ലാം സലഫികൾക്കു വേണ്ടിയാണെന്നുമാണ് സുന്നി പണ്ഡിതരുടെ വാദം. മുസ്ലിം സംഘടനകളെ ഒരുമിച്ച് കാമ്പയിൻ നടത്തുന്ന ലീഗിന് കൂടെയുള്ള സമസ്തയുടെ അമർഷം ഏറെ തലവേദന സൃഷ്ടിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP