Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയവരെ തിരിച്ചു കൊണ്ടുവരും; അച്ചടക്ക നടപടികൾ പിൻവലിക്കും; സസ്‌പെൻഡ് ചെയ്യപ്പെട്ടവർക്ക് 25 ശതമാനം ശമ്പളം നൽകും; ജീവനക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ നടപടി എടുക്കും; കോടികളുടെ നഷ്ടം ഉണ്ടായതോടെ മുത്തൂറ്റ് ജോർജ് പിടിവാശി ഉപേക്ഷിച്ചു; 17ാം ദിവസം സമരത്തിന് വിരാമം

കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയവരെ തിരിച്ചു കൊണ്ടുവരും; അച്ചടക്ക നടപടികൾ പിൻവലിക്കും; സസ്‌പെൻഡ് ചെയ്യപ്പെട്ടവർക്ക് 25 ശതമാനം ശമ്പളം നൽകും; ജീവനക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ നടപടി എടുക്കും; കോടികളുടെ നഷ്ടം ഉണ്ടായതോടെ മുത്തൂറ്റ് ജോർജ് പിടിവാശി ഉപേക്ഷിച്ചു; 17ാം ദിവസം സമരത്തിന് വിരാമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാന്യമായി ശമ്പളവും ജീവനക്കാർക്ക് മേൽ കൈക്കൊണ്ട പ്രതികാര നടപടികളും പിൻവലിക്കാൻ വേണ്ടി മുത്തൂറ്റ ഫിനാൻസ് ജീവനക്കാർ നടത്തിയ അനിശ്ചിതകാല സമരം ഒടുവിൽ വിജയം കണ്ടു. ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് കോടികളുടെ നഷ്ടമുണ്ടാകുകയും ഉപഭോക്താക്കൾ മറ്റ് സ്ഥാപനങ്ങളെ ലാക്കാക്കി പോകുകയും ചെയ്തതോടെയാണ് മാനേജ്‌മെന്ററ് സമരം ഒത്തു തീർത്തത്. മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ജീവനക്കാരുടെ പ്രധാന ആവശ്യങ്ങൾ മാനേജ്‌മെന്റ്് അംഗീകരിച്ചതോടെ സമരം തീർക്കാൻ പോംവഴി ഉണ്ടായത്. ഇതോടെ മുത്തൂറ്റ് ഫിനാൻസിന്റെ എല്ലാ സ്ഥാപനങ്ങളും തിങ്കളാഴ്ചമുതൽ പ്രവർത്തിക്കുമെന്ന് മാനേജ്‌മെന്റും തൊഴിലാളി യൂണിയനും അറിയിച്ചു.

ജീവനക്കാർക്കെതിരെ സ്വീകരിച്ച പ്രതികാരനടപടികൾ പിൻവലിക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതിനെതുടർന്നാണ് സമരം അവസാനിപ്പിച്ചത്. സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലംമാറ്റിയ ജീവനക്കാരെ സംസ്ഥാനത്ത് നിയമിക്കാൻ മാനേജ്‌മെന്റ് സമ്മതിച്ചു. സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാത്തതിന് ജീവനക്കാർക്കെതിരെയെടുത്ത നടപടികൾ പിൻവലിക്കും. സംസ്ഥാനത്ത് സ്ഥലംമാറ്റിയവർക്ക് നിലവിലെ മേഖലയ്ക്കകത്ത് നിയമനം നൽകും. സസ്‌പെൻഡ് ചെയ്യപ്പെട്ടവർക്ക് സബ്‌സിസ്റ്റന്റ്‌സ് അലവൻസിന് പുറമെ ശമ്പളത്തിന്റെ 25 ശതമാനംകൂടി നൽകാമെന്നും സമ്മതിച്ചു.

ക്രിമിനൽ കേസിൽപ്പെട്ട ജീവനക്കാർക്കെതിരെയുള്ള സസ്‌പെൻഷൻ പിൻവലിക്കും. മൂന്ന് ദിവസത്തെ പണിമുടക്കിന്റെപേരിൽ ജീവനക്കാരുടെ 10 ദിവസത്തെ ശമ്പളം പിടിച്ചെടുത്തതിൽനിന്ന് ഏഴ് ദിവസത്തെ ശമ്പളം തിരിച്ചുനൽകും. വ്യവസ്ഥകൾ ഒരുമാസത്തിനകം പ്രാബല്യത്തിൽ വരുത്തണം. ഇതുസംബന്ധിച്ച് ഇരുകക്ഷികളുടെയും അവലോകനയോഗം തൊഴിൽമന്ത്രിയുടെ സാന്നിധ്യത്തിൽ വിളിക്കാനും തീരുമാനമായി. ചർച്ചയിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, കെ പി സഹദേവൻ, കെ ചന്ദ്രൻപിള്ള, എം സ്വരാജ് എംഎൽഎ, എ സിയാവുദ്ദീൻ, സി സി രതീഷ്, നിഷ കെ ജയൻ, ആർ ബൈജു, മാനേജിങ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ഡയറക്ടർ ഈപ്പൻ അലക്‌സാണ്ടർ, ജോൺ വി ജോർജ്, സി വി ജോൺ എന്നിവരും പങ്കെടുത്തു.

നവംബർ 3 മുതലാണ് സമരം ആരംഭിച്ചത്. 17 ദിവസമാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. മുത്തൂറ്റ് ഫിനാൻസിൽ സിഐടിയുവിന്റെ യൂണിയൻ രൂപീകരിച്ചതിന്റെ പ്രതികാര നടപടിയായാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്. ഇതിനെതിരെ ആദ്യം സൂചന പണിമുടക്ക് നടത്തിയെങ്കിലും മാനേജ്‌മെന്റ് കടുംപിടുത്തും തുടർന്നു. ഇതോടൊണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്. സംസ്ഥാനത്തെ മുത്തൂറ്റ് ഫിനാൻസ് ശാഖകളിൽ മുഴുവൻ സമരം നടന്നു. നാട്ടിൻപുറം മുതൽ നഗരമേഖലകളിൽ വരെ സമരം ശക്തമായിരുന്നു. മുത്തൂറ്റ് ശാഖകൾ സംസ്ഥാന വ്യാപകമായി ഇന്നും അടഞ്ഞ് തന്നെ കിടന്നു. രാവിലെ മുതൽ തന്നെ സമരക്കാർ അതത് ബ്രാഞ്ചുകൾക്ക് മുമ്പിലെത്തിയിരുന്നു. സ്ഥാപനം തുറക്കാനെന്ന പേരിൽ മാനേജർമാർ മാത്രമാണ് വന്നത്. ജീവനക്കാരില്ലാത്തതിനാൽ ഒന്നും കാര്യമായ ചെയ്യാൻ സാധിക്കാതെ വന്നതോടെ പതിയെ സ്ഥലം വിടുകയാണ് ചെയ്തിരുന്നത്.

സിഐടിയുവിന്റെ നേതൃത്വത്തിൽ രാവിലെ 8 മണിയോടെ തന്നെ സമരക്കാർ മുത്തൂറ്റ് ഫിനാൻസിന്റെ ശാഖകൾക്ക് മുന്നിലേക്ക് ജാഥയായി തന്നെ എത്തിയാണ് സമരം നയിച്ചത്. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് സമരക്കാർ വിവിധ ബ്രാഞ്ചുകൾക്ക് മുന്നിൽ എത്തിയത്. മാനേജ്‌മെന്റിന്റെ പ്രവണതകൾക്ക് എതിരെ പ്രാദേശിക സിഐടിയു നേതാക്കൾക്കും മുത്തൂറ്റ് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്‌സ് ആൻഡ് ഫിനാൻസ് എംപ്ലോയീസ് യൂണിയൻ എന്നിവരും ചേർന്നാണ് ഇപ്പോൾ വിവിധ ബ്രാഞ്ചുകളിൽ സമരം നടത്തിയത്. സമരം പുരോഗമിക്കവേ സ്വർണ്ണപ്പണയം എടുക്കാനെത്തിയവരും ബുദ്ധിമുട്ടിലായിരുന്നു. സമരക്കാർ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുന്നോട്ടു പോകവേയാണ് വിഷയത്തിൽ സർക്കാർ ഇടപെട്ട് ചർച്ചയ്ക്ക് വിളിച്ചതും ഇപ്പോൾ ഒത്തുതീർപ്പാക്കിയതും.

പ്രധാനപ്പെട്ട ഒത്തുതീർപ്പ് വ്യവസ്ഥകൾ ഇങ്ങനെയാണ്:

1) സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലം മാറ്റപ്പെട്ട ജീവനക്കാരെ സംസ്ഥാനത്തിന് അകത്തേക്ക് മാറ്റുന്നതാണ്.
2) സ്ഥലം മാറ്റ ഉത്തരവ് അനുസരിക്കാത്തതിന്റെ പേരിൽ ജീവനക്കാർക്ക് എതിരെ സ്വീകരിച്ച നടപടികൾ പിൻവലിക്കും.
3) സസ്‌പെന്റ് ചെയ്ത ജീവനക്കാർക്ക് സബ്‌സിസ്റ്റൻസ് അലവൻസിന് പുറമെ ശമ്പളത്തിന്റെ 25% കൂടി നൽകുന്നതാണ്.
4) സംസ്ഥാനത്തിനകത്ത് സ്ഥലം മാറ്റപ്പെട്ടവർക്ക് അവരവരുടെ റീജിയനകത്ത് പോസ്റ്റിങ്ങ് നടത്തും.
5) ക്രിമിനൽ കേസിൽ ഉൾപ്പെട്ട ജീവനക്കാർക്ക് എതിരെയുള്ള സസ്‌പെൻഷൻ നടപടി പിൻവലിക്കും.
6) സമരം ചെയ്ത ജീവനക്കാർക്ക് എതിരെ പ്രതികാര നടപടികൾ ഒന്നും സ്വീകരിക്കില്ല.
7) കമ്പനിയുടെ എല്ലാ ഓഫീസുകളും തുറന്ന് പ്രവർത്തിക്കാൻ ജീവനക്കാർ പൂർണ്ണമായും സഹകരിക്കുന്നതാണ്.
8) സ്ഥാപനത്തിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി മേലധികാരികൾക്ക് അർഹമായ ബഹുമാനം നൽകിയും അച്ചടക്കം പാലിച്ചും ജീവനക്കാർ പ്രവർത്തിക്കുന്നതാണ്.
9) 72 മണിക്കൂർ പണിമുടക്കിന് 10 ദിവസത്തെ ശമ്പളം പിടിച്ചതിൽ നിന്നും പണിമുടക്കിയ ദിവസം ഒഴിച്ച് 7 ദിവസത്തെ ശമ്പളം തിരിച്ചു തരുന്നതാണ്.
10) ഒരു മാസത്തിനുള്ളിൽ ഈ ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പാക്കിയത് സംബന്ധിച്ച് ഇരു കക്ഷികളുടെയും ഒരു അവലോകന യോഗം ബഹുമാനപ്പെട്ട തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP